Image

സീറോ മലബാര്‍ കത്തീഡ്രലില്‍ ദുക്‌റാന തിരുനാളിന്‌ കൊടികയറി

ജോയിച്ചന്‍ പുതുക്കുളം Published on 27 June, 2011
സീറോ മലബാര്‍ കത്തീഡ്രലില്‍ ദുക്‌റാന തിരുനാളിന്‌ കൊടികയറി
ഷിക്കാഗോ: ഷിക്കാഗോ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ രൂപതയുടെ ഭദ്രാസന ദേവാലയമായ ബല്‍വുഡ്‌ സീറോ മലബാര്‍ കത്തീഡ്രല്‍ ഇടവകയില്‍ ജൂണ്‍ 26 മുതല്‍ ജൂലൈ 4 വരെ നടത്തപ്പെടുന്ന വി. തോമാശ്ശീഹായുടെ ദുക്‌റാന തിരുനാളിന്‌ കൊടികയറി.

ജൂണ്‍ 26-ന്‌ ഞായറാഴ്‌ച രാവിലെ 11 മണിക്ക്‌ കത്തീഡ്രല്‍ ദേവാലയത്തില്‍ നടന്ന ആഘോഷമായ ദിവ്യബലിയില്‍ താമരശ്ശേരി രൂപതയുടെ മെത്രാന്‍ മാര്‍ റെമിജിയൂസ്‌ മരിയാ പോള്‍ ഇഞ്ചനാനിയില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. വികാരി ജനറാള്‍ റവ.ഡോ. ജോര്‍ജ്‌ മഠത്തിപ്പറമ്പില്‍, കത്തീഡ്രല്‍ വികാരി റവ.ഫാ. ആന്റണി തുണ്ടത്തില്‍, രൂപതാ ചാന്‍സലര്‍ ഫാ. വിനോദ്‌ മഠത്തിപ്പറമ്പില്‍, ഫാ. റ്റോം പാലക്കുന്നേല്‍, ഫാ. ജോര്‍ജ്‌ പനയ്‌ക്കല്‍, ഫാ. ജോസഫ്‌ മുട്ടത്ത്‌, ഫാ. ഇമ്മാനുവേല്‍ മടുക്കക്കുഴി, റവ.ഡോ. ജോണ്‍ കുടിയിരുപ്പില്‍, ഫാ. മാര്‍ട്ടിന്‍ കാളാപറമ്പില്‍ എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു.

കുര്‍ബാന മധ്യേ അഭിവന്ദ്യ മാര്‍ റെമിജിയൂസ്‌ പിതാവ്‌ വചന സന്ദേശം നല്‍കി. വി. കുര്‍ബാനയ്‌ക്കും ലദീഞ്ഞിനും ശേഷം പെരുന്നാളിനോടനുബന്ധിച്ച്‌ ഉയര്‍ത്താനുള്ള കൊടി പ്രസുദേന്തി ജോസ്‌ - സൂസന്‍ ചാമക്കാലയും, കുടുംബാംഗങ്ങളും വഹിച്ചുകൊണ്ട്‌, ബഹുമാനപ്പെട്ട വൈദീകരും, ആയിരക്കണക്കിന്‌ വിശ്വാസികളും ഘോഷയാത്രയായി കൊടിമരച്ചുവട്ടിലേക്ക്‌ നീങ്ങി. വികാരി ജനറാള്‍ റവ.ഡോ. ജോര്‍ജ്‌ മഠത്തിപ്പറമ്പില്‍ കൊടി ഉയര്‍ത്തിയതോടെ തിരുനാളിന്‌ തുടക്കംകുറിച്ചു.

കേരളത്തില്‍ നിന്നും എത്തിയ ദൃശ്യമനോഹരമായ ദീപാലങ്കാരങ്ങള്‍, പ്രശസ്‌ത വചനപ്രഘോഷകരുടെ പ്രസംഗങ്ങള്‍, കേരളത്തിലെ ദേവാലയ പ്രദക്ഷിണങ്ങളെ വെല്ലുന്ന പ്രൗഡിയില്‍ മുത്തുക്കുടകളുടേയും വാദ്യമേളങ്ങളുടേയും അകമ്പടിയോടെ നടത്തപ്പെടുന്ന പ്രദക്ഷിണം, പ്രശസ്‌ത കലാകാരന്മാര്‍ അണിയിച്ചൊരുക്കുന്ന വര്‍ണ്ണാഭമായ കലാപരിപാടികള്‍ എന്നിവ വരുംദിനങ്ങളില്‍ നടത്തപ്പെടും.

തിരുനാളിന്റെ മുന്നോടിയായി പ്രശസ്‌ത വചനപ്രഘോഷകന്‍ റവ.ഫാ. ജോര്‍ജ്‌ പനയ്‌ക്കലിന്റെ നേതൃത്വത്തില്‍ ജൂണ്‍ 23-ന്‌ വ്യാഴാഴ്‌ച മുതല്‍ 26 ഞായറാഴ്‌ച വരെ നടത്തപ്പെട്ട കുടുംബനവീകരണ കണ്‍വെന്‍ഷനിലൂടെ ലഭിച്ച ആത്മീയ പ്രസരിപ്പും, ഉണര്‍വ്വോടുംകൂടി ഈവര്‍ഷത്തെ തിരുനാള്‍ സമുചിതമായി ആഘോഷിക്കുവാന്‍ ഇടവകസമൂഹം ഒരുങ്ങിക്കഴിഞ്ഞു.

മൂവാറ്റുപുഴ ചാമക്കാല കുടുംബാംഗമായ ജോസ്‌-സൂസന്‍ ദമ്പതികളാണ്‌ ഈവര്‍ഷത്തെ തിരുനാള്‍ ഏറ്റെടുത്ത്‌ നടത്തുന്നത്‌.

തിരുനാളില്‍ പങ്കെടുക്കുവാന്‍ എത്തുന്നവര്‍ക്കായി അതിവിപുലമായ പാര്‍ക്കിംഗ്‌ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. സെന്റ്‌ ചാള്‍സ്‌ റോഡിലുള്ള ഫ്രിഫേര്‍ഡ്‌ മീല്‍സിസ്റ്റത്തിന്റെ പാര്‍ക്കിംഗ്‌ സൗകര്യവും, അവിടെനിന്നുമുള്ള ഷട്ടില്‍ സൗകര്യവും ഉപയോഗിക്കാവുന്നതാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ബന്ധപ്പെടേണ്ട നമ്പര്‍ 708 544 7250. www.smchicago.org എന്ന വെബ്‌സൈറ്റ്‌ സന്ദര്‍ശിക്കുക.
സീറോ മലബാര്‍ കത്തീഡ്രലില്‍ ദുക്‌റാന തിരുനാളിന്‌ കൊടികയറി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക