Image

അരുണ്‍കുമാര്‍ വിവാദം: അന്വേഷണ റിപ്പോര്‍ട്ട് ഇന്നു നിയമസഭയില്‍

Published on 08 March, 2012
അരുണ്‍കുമാര്‍ വിവാദം: അന്വേഷണ റിപ്പോര്‍ട്ട് ഇന്നു നിയമസഭയില്‍
തിരുവനന്തപുരം: പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്റെ മകന്‍ വി.എ. അരുണ്‍കുമാറിനെതിരായ ആരോപണങ്ങള്‍ അന്വേഷിക്കുന്ന നിയമസഭാസമിതി അന്തിമ റിപ്പോര്‍ട്ട് ഇന്നു നിയമസഭയില്‍ സമര്‍പ്പിക്കും. 

ഐ.സി.ടി. അക്കാദമി ഡയറക്ടറായും ഐ.എച്ച്.ആര്‍.ഡി. അഡീഷണല്‍ ഡയറക്ടറായുമുള്ള അരുണ്‍കുമാറിന്റെ നിയമനങ്ങള്‍ ക്രമവിരുദ്ധമാണെന്നാണു വി.ഡി. സതീശന്‍ അധ്യക്ഷനായ സമിതിയുടെ കണ്ടെത്തല്‍. 

എന്നാല്‍, അരുണിനെതിരേ ഐ.എച്ച്.ആര്‍.ഡി. ഫിനിഷിംഗ് സ്‌കൂളുമായി ബന്ധപ്പെട്ടുയര്‍ന്ന ആരോപണങ്ങളില്‍ കഴമ്പില്ലെന്നു സമിതി കണ്ടെത്തിയിരുന്നു.

അന്തിമ റിപ്പോര്‍ട്ട് തയാറാക്കാന്‍ കഴിഞ്ഞദിവസം ചേര്‍ന്ന സമിതിയോഗത്തില്‍ കടുത്ത അഭിപ്രായഭിന്നത ഉയര്‍ന്നതോടെ ഇന്നു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കഴിയില്ലെന്ന സ്ഥിതിയുണ്ടായിരുന്നു. ഇന്നുതന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കണന്നെ വാദത്തെ പ്രതിപക്ഷ അംഗങ്ങള്‍ എതിര്‍ത്തതിനേത്തുടര്‍ന്നു സമിതി വോട്ടെടുപ്പിലേക്കു നീങ്ങി.

അധ്യക്ഷന്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ റിപ്പോര്‍ട്ടിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയപ്പോള്‍ നാലു പ്രതിപക്ഷാംഗങ്ങളും എതിര്‍ത്തു. 

ഭൂരിപക്ഷ വോട്ടനുസരിച്ച് അംഗീകരിച്ച റിപ്പോര്‍ട്ടില്‍ തങ്ങളുടെ വിയോജനക്കുറിപ്പ് ഉള്‍പ്പെടുത്തണമെന്ന പ്രതിപക്ഷാവശ്യവും സമിതി തള്ളി.

അരുണ്‍കുമാറിന്റെ നിയമനകാര്യത്തില്‍ അന്നു മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദനും വിദ്യാഭ്യാസമന്ത്രിയായിരുന്ന എം.എ. ബേബിയും കുറ്റക്കാരാണെന്ന കണ്ടെത്തല്‍ റിപ്പോര്‍ട്ടിലുള്ളതായാണു സൂചന. 

ബേബിയുടെ മൊഴിയാണ് ഈ കണ്ടെത്തലിലേക്കു സമിതിയെ നയിച്ചത്. സഭയില്‍ വയ്ക്കുന്ന റിപ്പോര്‍ട്ടിന്മേല്‍ ആരെങ്കിലും ആവശ്യപ്പെട്ടാലേ ചര്‍ച്ചയ്ക്കു സാധ്യതയുള്ളൂ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക