Image

സൂപ്പര്‍ ചൊവ്വ' കനിഞ്ഞില്ല; റോംനിക്കു മത്സരം ബാക്കി

Published on 08 March, 2012
സൂപ്പര്‍ ചൊവ്വ' കനിഞ്ഞില്ല; റോംനിക്കു മത്സരം ബാക്കി
വാഷിങ്ടണ്‍: നവംബറില്‍ നടക്കുന്ന യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയെ കണ്ടെത്തുന്നതിനുള്ള പ്രാഥമിക (പ്രൈമറി) വോട്ടെടുപ്പുകളില്‍ മിറ്റ് റോംനി മുന്നേറ്റം തുടരുന്നു. പത്തു സംസ്ഥാനങ്ങളില്‍ നടന്ന 'സൂപ്പര്‍ ചൊവ്വ' വോട്ടെടുപ്പില്‍ ആറെണ്ണം റോംനി നേടി. ഫിബ്രവരിയിലോ മാര്‍ച്ച് ആദ്യമോ ഒരു ചൊവ്വാഴ്ച വലിയൊരുഭാഗം സംസ്ഥാനങ്ങളില്‍ ഒരുമിച്ചു 'പ്രൈമറികള്‍ നടത്തുന്നതിനെയാണ് 'സൂപ്പര്‍ ചൊവ്വ'എന്നു വിശേഷിപ്പിക്കുന്നത്.

സാധാരണഗതിയില്‍ 'സൂപ്പര്‍ ചൊവ്വ' വോട്ടെടുപ്പുകളില്‍ സ്ഥാനാര്‍ഥിയെ ഏറെക്കുറെ ഉറപ്പിക്കാന്‍ സാധിക്കാറുണ്ടെങ്കിലും ഇത്തവണ അതുണ്ടായില്ല. സ്ഥാനാര്‍ഥിത്വമുറപ്പിക്കാന്‍ വേണ്ടത്ര വിജയങ്ങള്‍ ഈ 'സൂപ്പര്‍ ചൊവ്വ' യില്‍ സ്വന്തമാക്കാന്‍ മിറ്റ് റോംനിക്കു സാധിക്കാത്തതാണു കാരണം. ആ നിലയ്ക്ക് മറ്റു സംസ്ഥാനങ്ങളിലെ പ്രൈമറി കളുമായി മുന്നോട്ടുപോവുകയേ ഇനി റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കു നിവൃത്തിയുള്ളൂ. ആഗസ്തില്‍ നടക്കുന്ന പാര്‍ട്ടി കണ്‍വെന്‍ഷനിലാണു സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുക. ഡെമോക്രാറ്റിക്ക് പാര്‍ട്ടി സ്ഥാനാര്‍ഥി പ്രസിഡന്റ് ബരാക് ഒബാമ തന്നെയാണ്. 

'സൂപ്പര്‍ ചൊവ്വ'വോട്ടെടുപ്പില്‍ ഒഹായോ, അയ്‌ഡെഹോ, മസാചുസെറ്റ്‌സ്, വെര്‍ജീനിയ, വെര്‍മോണ്ട്, അലാസ്‌ക സംസ്ഥാനങ്ങളാണു റോംനിയെ തുണച്ചത്. മുഖ്യ എതിര്‍സ്ഥാനാര്‍ഥി റിക്ക് സാന്‍േറാറം ടെന്നസി, ഓക്‌ലഹാമ, നോര്‍ത്ത് ഡക്കോട്ട സംസ്ഥാനങ്ങളില്‍ വിജയം നേടി. മുന്‍ ജനപ്രതിനിധിസഭാ സ്പീക്കര്‍ ന്യൂട്ട് ഗിന്‍ഗ്രിച്ച് മാതൃസംസ്ഥാനമായ ജോര്‍ജിയയില്‍ ജയിച്ചു. 

നേരത്തേ നടന്ന 'പ്രൈമറി'കളില്‍ റോംനി എട്ടിടത്തും സാന്‍േറാറം നാലിടത്തും ഗിന്‍ഗ്രിച്ച് ഒരിടത്തും വിജയം നേടിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക