Image

കണ്ണൂര്‍ സ്‌പെഷാലിറ്റി നഴ്‌സുമാരുടെ സമരത്തിന് എസ്.എഫ്.ഐ. പിന്തുണ

Published on 08 March, 2012
കണ്ണൂര്‍ സ്‌പെഷാലിറ്റി നഴ്‌സുമാരുടെ സമരത്തിന് എസ്.എഫ്.ഐ. പിന്തുണ
കണ്ണൂര്‍: താണ സ്‌പെഷാലിറ്റി ആസ്പത്രിയില്‍ നഴ്‌സുമാരുടെ സമരം തുടരുന്നു. പിരിച്ചുവിട്ട നാല് നഴ്‌സുമാരെ തിരിച്ചെടുക്കുക, നിശ്ചിതയോഗ്യതയില്ലാത്ത വ്യാജ നഴ്‌സുമാരെ നിര്‍ബന്ധിച്ച് ജോലി ചെയ്യിക്കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഞായറാഴ്ചയാണ് സ്റ്റാഫ് നഴ്‌സസ് അസോസിയേഷന്‍ ഓഫ് കേരളയുടെ നേതൃത്വത്തില്‍ സമരം തുടങ്ങിയത്. സമരംചെയ്ത നഴ്‌സുമാരെ ചൊവ്വാഴ്ച വൈകിട്ട് പോലീസ് അറസ്റ്റുചെയ്ത് നീക്കിയിരുന്നു.

ഈ സാഹചര്യത്തില്‍ ബുധനാഴ്ച സമരം കൂടുതല്‍ ശക്തമായി. അറസ്റ്റില്‍ പ്രതിഷേധിച്ച് കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളില്‍ നഴ്‌സുമാര്‍ ബുധനാഴ്ച കരിദിനം ആചരിച്ചു. കറുത്ത ബാഡ്ജ് ധരിച്ചാണ് നഴ്‌സുമാര്‍ ജോലിക്കെത്തിയത്. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും സമരപ്പന്തലില്‍ നിന്ന് നഴ്‌സുമാരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചും എസ്.എഫ്.ഐ. ആസ്പത്രിയിലേക്ക് മാര്‍ച്ച് നടത്തി.

ആസ?പത്രി കവാടത്തിലെത്തിയ എസ്.എഫ്.ഐ.മാര്‍ച്ച് പോലീസ് തടഞ്ഞെങ്കിലും പ്രവര്‍ത്തകര്‍ ഉള്ളിലേക്ക് തള്ളിക്കയറി. പിന്നീട് നേതാക്കള്‍ ഇടപെട്ട് ഇവരെ പിന്തിരിപ്പിച്ചു. പ്രവര്‍ത്തകര്‍ ആസ്പത്രി മുറ്റത്ത് കുത്തിയിരുന്ന് മുദ്രാവാക്യം മുഴക്കി. എസ്.എഫ്.ഐ. ജില്ലാ സെക്രട്ടറി വി.കെ.സനോജ് ഉദ്ഘാടനം ചെയ്തു. 

പ്രസിഡന്റ് ബി.ഷംസുദീന്‍, നഴ്‌സിങ് സബ് കമ്മിറ്റി ചെയര്‍മാന്‍ രാഹുല്‍ ചക്രപാണി, റോബര്‍ട്ട് ജോര്‍ജ്, കെ.ലിജിത്ത്, എം.ഷാജര്‍, സരിന്‍ ശശി എന്നിവര്‍ സംസാരിച്ചു. മഞ്ജു തോമസ്, വി.സി.ഷീല, പി. അഖില്‍, കെ. രാഹുല്‍, അപര്‍ണ, നയന എന്നിവര്‍ നേതൃത്വം നല്‍കി.
സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ജില്ലയിലെ വിവിധ ആസ്പത്രികളിലെ നഴ്‌സുമാര്‍ സമരപ്പന്തലില്‍ ഒത്തുകൂടി സ്‌റ്റേഡിയം കോര്‍ണറിലേക്ക് പ്രകടനം നടത്തി. 

കെ.ജി.എന്‍.എ. സംസ്ഥാന പ്രസിഡന്റ് ഒ. എസ്. മോളി ഉദ്ഘാടനം ചെയ്തു. എസ്.എന്‍.എ.കെ. സംസ്ഥാന സെക്രട്ടറി പി.ഷിനോജ്, സംസ്ഥാന ട്രഷറര്‍ എസ്. ശ്രീനാഥ്, സ്‌പെഷാലിറ്റി യൂണിറ്റ് സെക്രട്ടറി ജെറിന്‍ ടി. ജോര്‍ജ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സമരം ഒത്തുതീര്‍പ്പാക്കാന്‍ ജില്ലാ ലേബര്‍ ഓഫീസര്‍ വ്യാഴാഴ്ചയും ഇരുകൂട്ടരെയും ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. ചൊവ്വാഴ്ചത്തെ ചര്‍ച്ച പരാജയപ്പെട്ടിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക