Image

'പ്രഭുദയ' കസ്റ്റഡിയില്‍; മലയാളി ഓഫീസറെ ഒന്നാംപ്രതിയാക്കും

Published on 08 March, 2012
'പ്രഭുദയ' കസ്റ്റഡിയില്‍; മലയാളി ഓഫീസറെ ഒന്നാംപ്രതിയാക്കും
ചെന്നൈ: കേരളത്തിന്റെ തീരക്കടലില്‍ അപകടത്തിനിടയാക്കിയെന്ന് കരുതുന്ന 'എം.വി. പ്രഭുദയ' ചരക്ക് കപ്പല്‍ കേരള പോലീസ് ചെന്നൈ തുറമുഖത്ത് കസ്റ്റഡിയിലെടുത്തു. അപകടത്തിനിടയാക്കിയത് പ്രഭുദയ തന്നെയാണെന്നതിന് പ്രാഥമിക തെളിവ് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കപ്പല്‍ കസ്റ്റഡിയിലെടുത്തതെന്ന് പോലീസ് വ്യക്തമാക്കി. കുറ്റകരമായ നരഹത്യയ്ക്ക് പ്രഭുദയയിലെ സെക്കന്‍ഡ് ഓഫീസറായ തിരുവനന്തപുരം സ്വദേശി പ്രശോഭ് സുഗതനെ ഒന്നാംപ്രതിയാക്കി കേസെടുക്കാനും ആലോചിക്കുന്നുണ്ട്. അതിനിടെ കപ്പല്‍ ജീവനക്കാര്‍ക്ക് മുന്‍കൂര്‍ ജാമ്യത്തിനായി കപ്പലുടമ ശ്രമം തുടങ്ങി. 

കപ്പലിന്റെ കസ്റ്റഡി ചെന്നൈ പോര്‍ട്ടിലെ മറൈന്‍ പോലീസിന് കൈമാറിയിട്ടുണ്ട്. എമിഗ്രേഷന്‍ വകുപ്പിന്റെയും പോലീസിന്റെയും കോടതിയുടെയും അനുമതിയില്ലാതെ ജീവനക്കാര്‍ക്ക് കപ്പല്‍ വിട്ടു പോവാനാവില്ലെന്ന് പോലീസ് പറഞ്ഞു. കേസെടുത്തത് അമ്പലപ്പുഴയിലാണെന്നതിനാല്‍ കപ്പല്‍ കൊച്ചിയിലേക്ക് കൊണ്ടുപോവുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്. 

അതിനിടെ ഇലക്‌ട്രോണിക് ഡാറ്റയുടെ വിശകലനവും പ്രഭുദയ തന്നെയാണ് പ്രതിയെന്നാണ് വ്യക്ത മാക്കുന്നതെന്ന് ചെന്നൈ മര്‍ക്കന്റൈല്‍ വകുപ്പ് പ്രിന്‍സിപ്പല്‍ ഓഫീസര്‍ ഡോ. പി. മിശ്ര പറഞ്ഞു. പൂര്‍ണ റിപ്പോര്‍ട്ട് രണ്ടു ദിവസത്തിനുള്ളില്‍ കൊച്ചി എം.എം.ഡി. ക്ക് കൈമാറും. തുടര്‍ന്ന് ഇത് ഡി.ജി. ഷിപ്പിങ്ങിന് നല്‍കും ഡോ. മിശ്ര പറഞ്ഞു. 

കപ്പലിലെ ക്യാപ്റ്റന്‍ പെരേര ഗോര്‍ഡന്‍ ചാള്‍സിനെ അറസ്റ്റുചെയ്യാനും ആലോചിക്കുന്നുണ്ടെന്ന് കേരളത്തില്‍ നിന്നുള്ള പോലീസ് സംഘത്തെ നയിക്കുന്ന ഡി വൈ.എസ്.പി. കെ. മഹേഷ്‌കുമാര്‍ പറഞ്ഞു. അന്വേഷണസംഘവുമായി ക്യാപ്റ്റനും മറ്റ് ജീവനക്കാരും സഹകരിക്കുന്നില്ലെന്നും കസ്റ്റഡിയിലെടുത്ത് ഇവരെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നുമാണ് പോലീസിന്റെ നിലപാട്. 

ബുധനാഴ്ച വീണ്ടും കപ്പലിലെത്തിയാണ് കേരള പോലീസ് കപ്പല്‍ കസ്റ്റഡിയിലെടുത്ത വിവരം കപ്പിത്താനെ അറിയിച്ചത്. കപ്പിത്താനടക്കം കപ്പലിലുള്ള ജീവനക്കാരെയെല്ലാംതന്നെ പോലീസ് ബുധനാഴ്ചയും ചോദ്യം ചെയ്തു. ജീവനക്കാരുടെ വിവരണങ്ങളില്‍ വൈരുധ്യമുണ്ടെന്നും പ്രഭുദയ തന്നെയാണ് അപകടത്തിനിടയാക്കിയതെന്ന നിഗമനം തിരുത്തേണ്ട കാര്യമില്ലെന്നുമാണ് പോലീസ് പറയുന്നത്. 

അപകടസമയത്ത് കപ്പലിന്റെ നിരീക്ഷണ ച്ചുമതലയുണ്ടായിരുന്ന സെക്കന്‍ഡ് ഓഫീസര്‍ പ്രശോഭ് സുഗതന്‍ ട്രിങ്കൊമാലിയിലെ ആസ്?പത്രിയില്‍ ചികിത്സയിലാണ്. കപ്പലില്‍ നിന്ന് വീണതിനെത്തുടര്‍ന്നാണ് ഇദ്ദേഹത്തെ ആസ്?പത്രിയിലാക്കിയതെന്നാണ് പറയുന്നത്. സുഗതനെ ചോദ്യം ചെയ്യുന്നതിന് എത്രയും വേഗം കേരളത്തിലേക്ക് കൊണ്ടുവരുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് പറഞ്ഞു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക