Image

ഇന്ത്യന്‍ തീരക്കടലില്‍ വെടിവെയ്ക്കരുതെന്ന് കപ്പലുകള്‍ക്ക് മുന്നറിയിപ്പ്

Published on 08 March, 2012
ഇന്ത്യന്‍ തീരക്കടലില്‍ വെടിവെയ്ക്കരുതെന്ന് കപ്പലുകള്‍ക്ക് മുന്നറിയിപ്പ്
തിരുവനന്തപുരം: ഇന്ത്യയുടെ തീരമേഖലയില്‍ കടല്‍ക്കൊള്ളക്കാരുടെ സാന്നിദ്ധ്യമില്ലെന്നും ഇതുവഴി സഞ്ചരിക്കുമ്പോള്‍ മുന്നറിയിപ്പു നല്‍കുന്നതിനായിപ്പോലും വെടിയുതിര്‍ക്കരുതെന്നും കോസ്റ്റ് ഗാര്‍ഡ് അന്താരാഷ്ട്ര തലത്തില്‍ മുന്നറിയിപ്പു നല്‍കി. വാണിങ് ഷോട്ട് ഉതിര്‍ക്കുകയാണെങ്കില്‍ അതു രാജ്യസുരക്ഷയ്ക്കു നേരെയുള്ള കടന്നുകയറ്റമായി കണക്കാക്കുമെന്നും ഇന്ത്യന്‍ നിയമം അനുസരിച്ചുള്ള നടപടി സ്വീകരിക്കുമെന്നും കോസ്റ്റ് ഗാര്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്. 

ഇറ്റാലിയന്‍ കപ്പലില്‍ നിന്നുള്ള വെടിയേറ്റ് മത്സ്യത്തൊഴിലാളികള്‍ മരിക്കാനിടയായ സംഭവത്തെത്തുടര്‍ന്നാണ് ഇതു സംബന്ധിച്ച നടപടികള്‍ക്ക് കോസ്റ്റ് ഗാര്‍ഡ് തുടക്കമിട്ടത്. ഇതിനു ശേഷം രണ്ടു തവണ കൂടി ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കപ്പലില്‍ നിന്ന് മീന്‍പിടിത്തക്കാര്‍ക്കു നേരെ വെടിയുണ്ടായി. 

ബുധനാഴ്ച രാവിലെ പത്തു മണിയോടെ കുളച്ചലില്‍ ഒരു കപ്പലില്‍ നിന്ന് രണ്ടുതവണ വെടിവെപ്പുണ്ടായി. ഇതൊരു മര്‍ച്ചന്റ് ഷിപ്പായിരുന്നുവെന്നും വാണിങ് ഷോട്ട് എന്ന നിലയിലാണ് വെടിവെപ്പുണ്ടായതെന്നും കോസ്റ്റ് ഗാര്‍ഡ് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ച കൊല്ലങ്കോട് ഭാഗത്തും കപ്പലില്‍ നിന്ന് മീന്‍പിടിത്ത ബോട്ടുകള്‍ക്കു നേരെ വെടിയുണ്ടായിരുന്നു. 

സോമാലിയ, എത്യോപ്യ തുടങ്ങിയ മേഖലയില്‍ കടല്‍ക്കൊള്ളക്കാരുടെ സാന്നിദ്ധ്യം വര്‍ദ്ധിച്ച സാഹചര്യത്തില്‍ സൂയസ് കനാല്‍ മുതല്‍ അറബിക്കടല്‍ ചുറ്റി ഇന്ത്യന്‍ മഹാസമുദ്രവും ബംഗാള്‍ ഉള്‍ക്കടലും ഉള്‍പ്പെടുന്ന മേഖല ലണ്ടന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ജോയിന്റ് വാര്‍ കമ്മിറ്റി യുദ്ധമേഖലയായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്റര്‍നാഷണല്‍ മാരിറ്റൈം ഓര്‍ഗനൈസേഷന്റെ ശുപാര്‍ശ പ്രകാരമാണ് ഈ നടപടിയുണ്ടായത്. ഇതുവഴി സഞ്ചരിക്കുന്ന കപ്പലുകളില്‍ ആയുധം കൊണ്ടു പോകുന്നതിന് ഐക്യരാഷ്ട്ര സഭ പ്രത്യേക അനുമതി നല്‍കുന്നുണ്ട്.

ഏതെങ്കിലും രാജ്യത്തിന്റെ നാവികസേന അല്ലാതെ മറ്റേതു കപ്പല്‍ ആയുധവുമായി കടലില്‍ ഇറങ്ങിയാലും അവരെ കടല്‍ക്കൊള്ളക്കാരായി പരിഗണിക്കണമെന്നാണ് അന്താരാഷ്ട്ര നിയമം. ഇതു മറികടക്കാനാണ് യു. എന്‍. അനുമതി നല്‍കുന്നത്. ഇന്ത്യന്‍ തീരത്തെ 'വാര്‍ സോണ്‍' വ്യാഖ്യാനത്തില്‍ നിന്നു മോചിപ്പിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. ഇതു സംബന്ധിച്ച നിര്‍ദേശവും കോസ്റ്റ് ഗാര്‍ഡ് പ്രതിരോധ മന്ത്രാലയത്തിനു കൈമാറിയെന്നറിയുന്നു. 

കപ്പല്‍ച്ചാലിലൂടെ കപ്പലുകള്‍ തെക്ക്‌വടക്ക് ദിശയിലാണ് സഞ്ചരിക്കുന്നത്. കടല്‍ക്കൊള്ളക്കാരെ ഭയന്ന് ഇവ തീരത്തോട് പരമാവധി ചേര്‍ന്നു പോകാന്‍ ശ്രമിക്കുന്നു. അതേസമയം കൊല്ലം മുതല്‍ കുളച്ചല്‍ വരെയുള്ള മേഖലയില്‍ കിഴക്ക്പടിഞ്ഞാറ് ദിശയിലാണ് മത്സ്യബന്ധന ബോട്ടുകള്‍ സഞ്ചരിക്കുക. ഈ മേഖലയില്‍ മീന്‍പിടിത്തക്കാരുടെ എണ്ണം കൂടുതലുമാണ്. 

ഇവര്‍ നിരുപദ്രവകാരികളാണെന്നും വെടിയുതിര്‍ക്കേണ്ട കാര്യമില്ലെന്നും കോസ്റ്റ് ഗാര്‍ഡിന്റെ മുന്നറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. തീരവുമായി ചേര്‍ന്നു പോകുമ്പോള്‍ മീന്‍പിടിത്ത ബോട്ടുകള്‍ക്ക് അപകടമുണ്ടാക്കാതെ പ്രത്യേകം ശ്രദ്ധിക്കണമെന്നും കോസ്റ്റ് ഗാര്‍ഡ് ആവശ്യപ്പെട്ടു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക