Image

യുവാക്കളെ ഭീഷണിപ്പെടുത്തി കവര്‍ച്ച: രണ്ടുയുവതികള്‍ അറസ്‌ററില്‍

Published on 08 March, 2012
യുവാക്കളെ ഭീഷണിപ്പെടുത്തി കവര്‍ച്ച: രണ്ടുയുവതികള്‍ അറസ്‌ററില്‍
കാസര്‍കോട്: യുവാക്കളെ മൊബൈല്‍ ഫോണില്‍ വിളിച്ചു വരുത്തി ഭീഷണിപ്പെടുത്തി പണവും മൊബൈലും കവര്‍ന്ന സംഭവത്തില്‍ രണ്ടു സ്ത്രീകളെ കാസര്‍കോട് സി.ഐ. ബാബു പെരിങ്ങേത്തും സംഘവും അറസ്റ്റ് ചെയ്തു. കുഞ്ചത്തൂര്‍ ഉദ്യാവര്‍ മാടയിലെ ഖദീജ മന്‍സിലില്‍ സീനത്ത് ബാനു (27), ചട്ടഞ്ചാല്‍ കനിയാംകുണ്ട് സ്വദേശിയും തച്ചങ്ങാട് സ്‌കൂളിനു സമീപം വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരിയുമായ പി.കെ.ജസീല (30) എന്നിവരാണ് അറസ്റ്റിലായത്. 

നീലേശ്വരം മാര്‍ക്കറ്റിലെ ബേക്കറിയുടമയും, ചിറമ്മല്‍ സ്വദേശിയുമായ ഷംസുദ്ദിന്‍, സുഹൃത്ത് തൈക്കടപ്പുറത്തെ പി.വി.ഷംസുദ്ദിന്‍ എന്നിവരെ കാസര്‍കോട്ടേക്ക് വിളിച്ചുവരുത്തി ബ്ലാക്ക് മെയില്‍ ചെയ്ത സംഭവത്തിലാണ് അറസ്റ്റ്. മാര്‍ച്ച് ഒന്നിനാണ്‌സംഭവം. മൊബൈല്‍ ഫോണില്‍ പരിചയപ്പെട്ട യുവതികള്‍ യുവാക്കളെ കാസര്‍കോട്ടേക്ക് വിളിച്ചുവരുത്തി. കാറില്‍ കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍ എത്തിയ യുവാക്കള്‍ യുവതികളുമായി കാറില്‍ മണിക്കൂറുകളോളം ചുററിക്കറങ്ങി. അതിന് ശേഷം, നഗരത്തിനു പുറത്ത് ഒരുവീടുണ്ടെന്നും അവിടെ പോകണമെന്നും യുവതികള്‍ പറഞ്ഞു. 

വിജനമായ സ്ഥലത്തെത്തിയപ്പോള്‍ യുവതികള്‍ കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടു. കാര്‍ നിര്‍ത്തി യുവതികള്‍ക്കൊപ്പം രണ്ടുപേരും നടക്കുന്നതിനിടയില്‍ മൂന്നംഗ സംഘം ചാടിവീണ് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടു. ചോദിച്ച പണം തരാനില്ലെന്ന് യുവാക്കള്‍ പറഞ്ഞതോടെ അവരുടെ മൊബൈല്‍ ഫോണുകളും 2,500 രൂപയും തട്ടിയെടുത്തു. പിന്നീട്, കാറില്‍ ഉളിയത്തടുക്ക ഭാഗത്തേക്ക് പോയി. ഷംസുദ്ദീന്റെ എ.ടി.എം. കാര്‍ഡ് ഉപയോഗിച്ച് ഉളിയത്തടുക്കയിലെ എ.ടി.എം. കൗണ്ടറില്‍ നിന്ന് 5000 രൂപ പിന്‍വലിച്ചു. പിന്നീട് യുവതികളുമായി സംഘം രക്ഷപ്പെട്ടു. കാസര്‍കോട് ടൗണ്‍ സ്‌റ്റേഷനിലാണ് ഷംസുദ്ദിന്‍ പരാതി നല്‍കിയത്. മറ്റുള്ളവരെ പിടികിട്ടാനുണ്ടെന്ന് സി.ഐ. പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക