Image

രണ്ടാംദിനം ഇറ്റാലിയന്‍ നാവികര്‍ മര്യാദക്കാരായി

Published on 08 March, 2012
രണ്ടാംദിനം ഇറ്റാലിയന്‍ നാവികര്‍ മര്യാദക്കാരായി
തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളെ വെടിവെച്ചു കൊന്ന കേസില്‍ വിചാരണത്തടവുകാരായി പൂജപ്പൂര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ഇറ്റാലിയന്‍ നാവികര്‍ രണ്ടാം ദിനം മര്യാദക്കാരായി. പൂജപ്പുര ചപ്പാത്തിയും വഴുതക്കാട്ടു നിന്ന് വരുത്തിയ ഇറ്റാലിയന്‍ പാസ്തയും കഴിച്ച് ലഘുവായനയുമായി ഇരുവരും ജയിലില്‍ ബുധനാഴ്ച കഴിച്ചുകൂട്ടി. 

ഇറ്റാലിയന്‍ നാവികരായ സാല്‍വത്തോറ ജിറോണിനേയും ലത്തോറെ മാസിമിലിയാനോയേയും ജയിലിലെ മെഡിക്കല്‍ ഓഫീസര്‍ പരിശോധിച്ചു. ആരോഗ്യത്തിന് ഒരു പ്രശ്‌നവുമില്ല. രാവിലെ തന്നെ വഴുതക്കാട്ടെ ഹോട്ടലില്‍ നിന്ന് പാസ്തയും കേക്കും ജ്യൂസുമെത്തി. ഉച്ചയ്ക്ക് ചപ്പാത്തിയും കുറുമയും. ഇരുവരും കുറച്ചുനേരം പുസ്തകം വായിച്ചു. സെല്ലിന് പുറത്ത് നടക്കുമ്പോള്‍ പട്ടാള യൂണിഫോം അണിയാന്‍ ജയിലധികൃതര്‍ ഇവര്‍ക്ക് അനുവാദം കൊടുത്തു. 

ജയില്‍ അധികൃതര്‍ക്ക് മുമ്പില്‍ ഇറ്റാലിയന്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ സമര്‍പ്പിച്ച നിവേദനത്തിലെ ഒരു കാര്യമിതായിരുന്നു. എന്നാല്‍ സെല്ലിനകത്ത്‌യൂണിഫോം ധരിക്കാനാവില്ല. ജയില്‍ വസ്ത്രം ധരിക്കുന്നതില്‍ നിന്നും ഒഴിവാക്കി. ടീ ഷര്‍ട്ടും നിക്കറുമാണ് സെല്ലിനുള്ളിലെ വേഷം. പ്രാതല്‍ കൊണ്ടുവന്ന ഉദ്യോഗസ്ഥനൊപ്പം ദ്വിഭാഷിയേയും ഇരുവരുടേയും അടുത്ത് പോകാന്‍ അധികൃതര്‍ അനുവദിച്ചിരുന്നു. ആര്‍. ബാലകൃഷ്ണപിള്ളയാണ് ഇതിനുമുമ്പ് ഈ സെല്ലില്‍ കഴിഞ്ഞിരുന്നത്. 

സെല്ലില്‍ ഇരുവര്‍ക്കും കട്ടില്‍ അനുവദിച്ചിട്ടുണ്ട്. പിള്ളയ്ക്ക് നല്‍കിയ കൊതുകുവലയും കൂളറും നാവികര്‍ക്ക് നല്‍കിയിട്ടില്ല. പിള്ളയെ 'എ' ക്ലാസ് തടവുകാരനായി പരിഗണിച്ചതിനാലാണ് കൂളര്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ നല്‍കിയിരുന്നത്. നാവികര്‍ക്ക് കൂടുതല്‍ സൗകര്യം വേണമെന്ന് ഇറ്റാലിയന്‍ പ്രതിനിധികള്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. 

നാവികരെ ജയിലിന് പുറത്തേക്ക് മാറ്റണമെന്നും പോലീസ് ക്ലബ്ബിലോ ഗസ്റ്റ് ഹൗസിലോ പാര്‍പ്പിക്കണമെന്നും കാണിച്ച് ഇറ്റാലിയന്‍ സഹമന്ത്രി സ്‌റ്റെഫാന്‍ ഡി മിസ്തുറ, കോണ്‍സല്‍ ജനറല്‍ ജിയാമ്പായോ കോര്‍ട്ടിലോ, നേവി അറ്റാഷെ പീറ്റര്‍ ഫെറാറെ എന്നിവര്‍ ചേര്‍ന്ന് ജയില്‍ എ.ഡി.ജി.പിക്ക് നിവേദനം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് സര്‍ക്കാരാണെന്ന് ജയില്‍ എ.ഡി.ജി.പി ഡോ.അലക്‌സാണ്ടര്‍ ജേക്കബ് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക