Image

മലയാളി ബിനോയ് ജോബ് ആഗോള യുവനേതാക്കളുടെ പട്ടികയില്‍

Published on 08 March, 2012
മലയാളി ബിനോയ് ജോബ് ആഗോള യുവനേതാക്കളുടെ പട്ടികയില്‍
ജനീവ: പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങിന്റെ ഓഫീസിലെ മാധ്യമവിഭാഗം ഡയറക്ടറും മലയാളിയുമായ ബിനോയ് ജോബ് ലോക സാമ്പത്തിക ഫോറം തയ്യാറാക്കിയ ആഗോള യുവനേതാക്കളുടെ പട്ടികയില്‍. മാധ്യമങ്ങളെ സാമൂഹിക മാറ്റത്തിന് ഉപയോഗച്ചതിന്റെ പേരിലാണ് ആലപ്പുഴ ജില്ലയിലെ കൈനകരി സ്വദേശിയായ ജോബ് പട്ടികയില്‍ സ്ഥാനം നേടിയത്. ഇന്ത്യക്കാരായ മറ്റു പത്തു പേരും പട്ടികയിലുണ്ട്.

വികസനോന്മുഖ മാധ്യമപ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരുന്ന ജോബ് 2009ലാണ് പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥനാകുന്നത്. എന്‍.ഡി.ടി.വി.യില്‍ ഡെപ്യൂട്ടി എഡിറ്ററായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ലോകത്തെ വലിയ വികസനോന്മുഖ വാര്‍ത്താ പോര്‍ട്ടലുകളിലൊന്നായി കണക്കാക്കുന്ന ഡെവലപ്‌മെന്റ് ചാനല്‍ സ്ഥാപിച്ചു. 

യുവാക്കളുടെ നേതൃത്വപരിശീലനം ലക്ഷ്യമിട്ട് ആരംഭിച്ച സംഘടനയായ ലീഡേഴ്‌സ് ഫോര്‍ ടുമോറോ ഫൗണ്ടേഷന്‍, മീഡിയാ ഫോറമായ ടെലിവിഷന്‍ ഫോര്‍ സോഷ്യല്‍ ചെയ്ഞ്ച്, വികസനോന്മുഖ മാധ്യമപ്രവര്‍ത്തന പരിശീലനസ്ഥാപനമായ ഐകോര്‍ഡ് തുടങ്ങി ഒട്ടേറെ കൂട്ടായ്മകള്‍ക്ക് ജോബ് തുടക്കംകുറിച്ചു. 2010ല്‍ ഏഷ്യാ സൊസൈറ്റി ഭൂഖണ്ഡത്തിലെ 21 യുവനേതാക്കളില്‍ ഒരാളായി തിരഞ്ഞെടുക്കപ്പെട്ടു.

കര്‍ഷക കുടുംബത്തില്‍ ജനിച്ച ജോബ് കൈനകരി ലിറ്റില്‍ ഫ്‌ലവര്‍ സ്‌കൂള്‍, തൃക്കോടിത്താനം ഗവ. ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലാണ് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ജേണലിസത്തിലും ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ നിന്ന് ലീഡര്‍ഷിപ്പ് ആന്‍ഡ് ഗ്ലോബലൈസേഷനിലും ബിരുദമെടുത്തു. ഐ.ബി.എം. ഉദ്യോഗസ്ഥയായ സ്വപ്നയാണ് ഭാര്യ. രണ്ടുകുട്ടികളുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക