Image

റോഹിംഗ്യന്‍ കണ്ണീരും ദുരിത പലായനവും; ഇന്ത്യ എന്ത് ചെയ്യണം? (എ.എസ് ശ്രീകുമാര്‍)

Published on 16 September, 2017
റോഹിംഗ്യന്‍ കണ്ണീരും ദുരിത പലായനവും; ഇന്ത്യ എന്ത് ചെയ്യണം? (എ.എസ് ശ്രീകുമാര്‍)
റോഹിംഗ്യ ഭാഷ സംസാരിക്കുന്നവരും ഇസ്ലാം മതം പിന്തുടരുന്ന ഭൂരിപക്ഷവും, ഹിന്ദു മത വിശാവസികളായ ന്യൂനപക്ഷവും ചേര്‍ന്ന മ്യാന്മാറിലെ ഒരു വംശീയ ജനവിഭാഗമാണ് റോഹിംഗ്യകള്‍. 

മ്യാന്‍മറിലെ റാഖൈന്‍ സംസ്ഥാനത്ത് നിന്ന് ജീവന്‍ രക്ഷാര്‍ഥം പലായനം ചെയ്യുന്ന റോഹിംഗ്യകള്‍ നേരിടുന്ന ജീവല്‍ പ്രശ്‌നങ്ങള്‍ ഇന്ന് ആഗോള തലത്തില്‍ ചര്‍ച്ചയാണ്. റാഖൈനിലെ റോഹിംഗ്യകളുടെ ദുരിതങ്ങള്‍ക്ക് ദശകങ്ങളുടെ പഴക്കമുണ്ട്. ഒരു രാജ്യവും അവരെ സ്വീകരിക്കുന്നില്ല. ഒരു രാജ്യത്തും അവര്‍ക്ക് പൗരത്വവുമില്ല. മ്യാന്‍മറില്‍ 13 ലക്ഷം റോഹിംഗ്യകളുണ്ടെന്നാണ് നേരത്തെയുള്ള കണക്ക്. മറ്റു അയല്‍ രാജ്യങ്ങളിലുള്ള റോഹിംഗ്യകളെ കൂടി ചേര്‍ത്താല്‍ 15 ലക്ഷം കവിയും. ഇന്ന് ഈ ജനത ലോകത്തിന് മുന്നില്‍ ഒരു വലിയ ചോദ്യചിഹ്നമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

ലോകത്ത് ഏറ്റവും കൂടുതല്‍ പീഡിപ്പിക്കപ്പെടുന്ന ജനവിഭാഗം റോഹിംഗ്യകളാണെന്ന് ഐക്യരാഷ്ട്ര സഭ തന്നെ അടിവരയിട്ട് പറയുന്നു. ഇന്ന് നിലനില്‍പ്പിനു വേണ്ടിയുള്ള പോരാട്ടത്തിലാണ് റോഹിംഗ്യകള്‍. നേരത്തെ തീവ്ര ബുദ്ധിസ്റ്റുകളാണ് റോഹിംഗ്യകള്‍ക്കെതിരേ ആക്രമണം നടത്തിയിരുന്നതെങ്കില്‍ ഇപ്പോള്‍ സൈന്യം തന്നെയാണ് കടുത്ത ആക്രമണം വിതയ്ക്കുന്നത്. റോഹിംഗ്യകളെ കൂട്ടക്കൊല ചെയ്ത സൈന്യം നിരവധി ഗ്രാമങ്ങള്‍ ചുട്ടെരിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. ഒറ്റതിരിഞ്ഞുള്ള ആക്രമണമാണ് തീവ്രവാദികള്‍ മുസ്‌ലിം ന്യൂനപക്ഷത്തിന് നേരെ നടത്തുന്നത്. വംശീയ ഉന്മൂലനമാണിത്. ആഗസ്റ്റ് 25ന് ഉണ്ടായ ആക്രമണത്തിന്റെ കണക്കുകള്‍ മുസ്ലിം വേള്‍ഡ് ലീഗ് എന്ന സംഘടന ശേഖരിച്ചിരുന്നു. ഇത് പ്രകാരം അന്ന് 6334 പേര്‍ കൊല്ലപ്പെട്ടു. പരിക്കേറ്റത് 8349 പേര്‍ക്ക്. സ്ത്രീകളും പെണ്‍കുട്ടികളുമുള്‍പ്പെടെ അഞ്ഞൂറിലധികം പേര്‍ ബലാത്സംഗത്തിനിരയായി. 103 ഗ്രാമങ്ങളും 23000ലേറെ വീടുകളും കത്തിച്ച് ചാമ്പലാക്കി. 250 പള്ളികള്‍ തകര്‍ത്തു. 80 സ്‌കൂളുകള്‍ നശിപ്പിച്ചു. രണ്ട് ലക്ഷത്തിലേറെ പേര്‍ അഭയകാത്ത് മ്യാന്മറിലുണ്ട്. 1,45,000 പേര്‍ ബംഗ്ലാദേശില്‍ അഭയം തേടിയിട്ടുണ്ട്. ഞെട്ടിക്കുന്നതാണ് ഈ കണക്കുകള്‍.

അതേസമയം, മ്യാന്‍മറില്‍ നിന്ന് രക്ഷപ്പെട്ട് ബംഗ്ലാദേശിലെത്തിയ വീട്ടമ്മമാര്‍ സൈന്യത്തിന്റെ ക്രൂരതകള്‍ വെളിപ്പെടുത്തി. മനസാക്ഷിക്ക് നിരക്കുന്നതല്ല അവരുടെ ചെയ്തികള്‍. നേരം ഇരുട്ടിയാല്‍ ഇവിടുത്തെ വീട്ടമ്മമാര്‍ക്ക് ഭയമാണ്. സുരക്ഷ ഒരുക്കാന്‍ ബാധ്യസ്ഥരായ നിയമപാലകര്‍ തന്നെയാണ് കാമവെറിയന്‍മാരാവുന്നത്. അവര്‍ക്ക് വേണ്ടത് സുന്ദരികളെ. അതും യുവത്വത്തിലേക്ക് കടന്ന പെണ്‍കുട്ടികളെ. വീടിന്റെ വാതില്‍ ചവിട്ടിത്തുറന്ന് സൈസികരും പോലീസുകാരും അകത്തേയ്ക്കിരമ്പിയെത്തും. മക്കളെ ഒളിപ്പിക്കാന്‍ പാടുപെടുന്ന അമ്മമാര്‍. ദയനീയമാണ് ഈ കാഴ്ച. പൊളിഞ്ഞു വീഴാറായ വീടുകളില്‍ സൈന്യത്തിന് കാണാത്ത ഇടങ്ങളില്ല. ഒടുവില്‍ അമ്മമാരുടെ മുന്നില്‍ വച്ച്, അല്ലെങ്കില്‍ പുറത്തേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി, പിച്ചി ചീന്തപ്പെട്ട എത്രയോ പെണ്‍കൊടികള്‍. നടുക്കുന്നതാണ് അവരുടെ വെളിപ്പെടുത്തലുകള്‍.

പെണ്‍കുട്ടികളെ വീട്ടമ്മമാര്‍ക്ക് മുമ്പിലിട്ട് പീഡിപ്പിച്ച നിരവധി സംഭവങ്ങളുണ്ടായി. പലരെയും വീട്ടില്‍ നിന്നി പിടിച്ചുകൊണ്ടുപോയി. അവരെ പിന്നീട് തലയറുത്ത് കൊന്ന നിലയില്‍ കാണപ്പെട്ടുവെന്നും കണ്ണീര്‍ വറ്റിയ അമ്മമാര്‍ പറയുന്നു. കൂട്ട ബലാല്‍സംഗത്തിന് ഇരയാക്കിയ ശേഷമായിരുന്നു മിക്ക പെണ്‍കുട്ടികളെയും കൊലപ്പെടുത്തിയത്. ഇതില്‍ സഹികെട്ടാണ് തങ്ങള്‍ മാതൃരാജ്യം വിട്ട് പലായനം ചെയ്തതെന്ന് ഒരു വീട്ടമ്മയായ ഹാമിദ പറയുന്നു. അവര്‍ക്കൊപ്പമുള്ള വീട്ടമ്മമാരും സമാന അനുഭവമുള്ളവരാണ്. ഭക്ഷണവും വെള്ളവുമില്ലാതെയായിരുന്നു ഹാമിദയും ബന്ധുക്കളും ദിവസങ്ങളോളം കാടുകളിലൂടെ അലഞ്ഞു നടന്നത്. പിന്നീട് ബംഗ്ലാദേശും മ്യാന്‍മറും തമ്മില്‍ അതിര്‍ത്തിയിടുന്ന നഫ് നദിക്കരയിലെത്തി. അഭയാര്‍ഥികളെ കടത്തുന്ന ബോട്ടില്‍ കയറിപ്പറ്റി. ഹാമിദയുടെ ഭര്‍ത്താവിനെ മ്യാന്‍മര്‍ സൈന്യം വെടിവച്ചിരുന്നു. ദേഹത്തു തുളഞ്ഞുകയറിയ വെടിയുണ്ട ദിവസങ്ങള്‍ക്ക് ശേഷമാണ് എടുത്തു കളഞ്ഞത്. തലനാരിഴക്കാണ് ഭര്‍ത്താവ് രക്ഷപ്പെട്ടതെന്ന് ഹാമിദ പറയുന്നു.

ഇതിനിടെ, ബംഗ്ലാദേശില്‍ കഴിയുന്ന റോഹിംഗ്യകള്‍ മാനസിക വിഭ്രാന്തിക്ക് അടിമപ്പെടുന്നതായി സന്നദ്ധ പ്രവര്‍ത്തകരുടെ വെളിപ്പെടുത്തലുമുണ്ടായി. സ്വന്തം നാട്ടില്‍ നിന്ന് ആട്ടിയോട്ടിക്കപ്പെട്ടതിന്റെ ആഘാതത്തില്‍ നിന്നും പലരും മോചിതരായിട്ടില്ല. കുട്ടികളിലാണ് മാനസിക വിഭ്രാന്തി കൂടുതല്‍ കാണപ്പെടുന്നത്. ദുരന്ത ഭൂമിയില്‍ നിന്ന് എല്ലാം ഉപേക്ഷിച്ച് അത്യന്തം അപകടകരമായ യാത്രയിലൂടെ ബംഗ്ലാദേശിലെത്തിയ റോഹിംഗ്യകളുടെ പുനരധിവാസം ചോദ്യചിഹ്നമായി തുടരുന്നതിനിടെയാണ് പുതിയ വെളിപ്പെടുത്തല്‍. പലായനം ചെയ്ത റോഹിംഗ്യന്‍ മുസ്ലിംകളില്‍ 60 ശതമാനവും കുട്ടികളാണെന്ന് യൂനിസെഫ് ചൂണ്ടിക്കാട്ടി. റാഖൈനിലെ 40 ശതമാനം റോഹിംഗ്യക്കാരും ബംഗ്ലാദേശിലേക്ക് പലായനം ചെയ്തതായും ഐക്യരാഷ്ട്രസഭ വ്യക്തമാക്കുന്നു. രണ്ട് ലക്ഷത്തി നാല്‍പതിനായിരം റോഹിംഗ്യന്‍ കുട്ടികളാണ് ബംഗ്ലാദേശിലേക്കെത്തിയതെന്നാണ് യു.എന്‍ കണക്കാക്കുന്നത്. ഇവരില്‍ 36,000 പേര്‍ ഒരു വയസ്സിന് താഴെയുള്ളവരും 92000 പേര്‍ അഞ്ച് വയസ്സിന് താഴെയുള്ളവരുമാണ്. ഇവര്‍ക്കാവശ്യമായ വെള്ളവും ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും എത്തിക്കാന്‍ യൂനിസെഫ് പരിശ്രമിക്കുന്നുണ്ട്. ഏകദേശം 70 ലക്ഷം ഡോളര്‍ ഇവരുടെ സഹായത്തിനായി ആവശ്യമാണത്രേ.

ഇതുവരെ അന്‍പതിനായിരത്തോളം റോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ ഇന്ത്യയിലെത്തിയിട്ടുണ്ടെന്നാണ് കണക്ക്. റോഹിംഗ്യന്‍ അഭയാര്‍ത്ഥി വരവ് തടയാനുള്ള ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളുടെ തീരുമാനം സമ്മിശ്ര പ്രതികരണങ്ങള്‍ ഉളവാക്കിയിട്ടുണ്ട്. റോഹിംഗ്യകളെ തിരിച്ചയക്കുമെന്ന കേന്ദ്ര നിലപാടിനെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ രംഗത്തെത്തിയിട്ടുണ്ട്. റോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ രാഷ്ട്ര സുരക്ഷക്ക് ഭീഷണിയാണെന്നും ഐ.എസ് പോലുള്ള ഭീകര സംഘടനകള്‍ അവരെ ഉപയോഗിച്ചേക്കാം എന്നുമാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ റോഹിംഗ്യകളെ തിരിച്ചയക്കുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നിലപടാറിയിക്കാന്‍ ഇരിക്കെയാണ് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളുടെ നടപടി. റോഹിംഗ്യന്‍ വരവ് തടയാന്‍ അതിര്‍ത്തിയില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് അസം, മണിപ്പൂര്‍ സര്‍ക്കാരുകള്‍ പോലീസിന് നല്‍കിയ നിര്‍ദ്ദേശം . അസം ബംഗ്ലാദേശുമായി പങ്കുവെക്കുന്ന 262 കിലോമീറ്ററോളം ദൂരം വരുന്ന അതിര്‍ത്തിയിലൂടെയാണ് റോഹിംഗ്യകള്‍ അധികവും ഇന്ത്യയിലെത്തുന്നത്.

റോഹിംഗ്യന്‍ മുസ്ലിങ്ങള്‍ ഇന്ത്യയ്ക്ക് സുരക്ഷാ ഭീഷണിയെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം സുപ്രീം കോടതി റോഹിംഗ്യന്‍ മുസ്ലിങ്ങളെ നാടുകടത്തുന്നതുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിച്ചപ്പോഴായിരുന്നു ഇന്ത്യ നിലപാടിലുറച്ചുനിന്നത്. റോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാണെന്നായിരുന്നു കേന്ദ്രം ചൂണ്ടിക്കാണിച്ചത്. റോഹിംഗ്യന്‍ മുസ്ലിങ്ങളെ അഭയാര്‍ത്ഥികളായി രാജ്യത്ത് നിലനിര്‍ത്താനാവില്ലെന്ന് വ്യക്തമാക്കിയ കേന്ദ്ര സര്‍ക്കാര്‍ അവരെ നാടുകടത്തുന്ന വിഷയം ഗൗരവമായി പരിഗണിക്കണമെന്നും കോടതിയില്‍ ആവശ്യപ്പെട്ടു. ഇന്ത്യയിലുള്ള റോഹിംഗ്യന്‍ മുസ്ലിം നേതാക്കള്‍ പാക് ഭീകരസംഘടനകളുമായി ബന്ധം പുലര്‍ത്തുന്നുണ്ടെന്ന ചില രഹസ്യ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതായി ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റോഹിംഗ്യന്‍ മുസ്ലിങ്ങള്‍ രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് കേന്ദ്രം സുപ്രീം കോടതിയിയെ ധരിപ്പിച്ചത്.

ഇന്ത്യയിലുള്ള റോഹിംഗ്യന്‍ മുസ്ലിങ്ങളെ മ്യാന്‍മറിലേയ്ക്ക് നാടുകടത്താനുള്ള ഇന്ത്യയുടെ തീരുമാനത്തെ ഐക്യരാഷ്ട്രസഭ വിമര്‍ശിച്ചിരുന്നുവെങ്കിലും ഇന്ത്യയ്ക്ക് സുരക്ഷാ ഭീഷണി കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് ഇന്ത്യയില്‍ നിന്നുള്ള യു.എന്‍ സ്ഥിരാംഗം ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍ റോഹിംഗ്യന്‍ മുസ്ലീം ജനങ്ങളെ തിരിച്ചയക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നു മനുഷ്യാവകാശ കമ്മീഷന്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കുമെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ എച്ച്.എല്‍ ദത്ത് പറഞ്ഞു. കേസ് തിങ്കളാഴ്ചയാണ് കോടതി പരിഗണിക്കുക. 
റോഹിംഗ്യന്‍ കണ്ണീരും ദുരിത പലായനവും; ഇന്ത്യ എന്ത് ചെയ്യണം? (എ.എസ് ശ്രീകുമാര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക