Image

നാശം നാവ് നീട്ടുന്നു! (കവിത- ജയന്‍ വര്‍ഗീസ്)

Published on 14 September, 2017
നാശം നാവ് നീട്ടുന്നു! (കവിത- ജയന്‍ വര്‍ഗീസ്)
ശൂന്യമാക്കുന്ന മ്ലേച്ഛത 
വിശുദ്ധ സ്ഥലത്തിരിക്കുന്നു!
നാഗരികതയുടെ വിഷപ്പുറ്റുകളില്‍ 
നാശം നാക്കു നീട്ടുന്നു!

ജീവിതം ആഘോഷിക്കുന്നവര്‍ 
ജീര്‍ണ്ണത നാക്കുന്നു!
അടിച്ചു പൊളിക്കുന്നവര്‍ 
അഴുക്കു ചാലില്‍ ഇഴയുന്നു!

നാക്കു കൊണ്ടും, തോക്കു കൊണ്ടും 
നാഗരികത പുളക്കുന്നു!
ബൗദ്ധിക അധിനിവേശം 
ചിന്തയുടെ വരിയുടക്കുന്നു!

ജന്തുവാക്കി ഇര പിടിപ്പിക്കുന്നു, 
വന്യമാക്കി ഇണയെ നീട്ടുന്നു!
ആഗോളവല്‍ക്കരണത്തിന്റെ അന്തിച്ചന്തയില്‍ 
അറുപത്തി ഒന്പതിന് ബഹുമാന്യത?

പരസ്യ വായാടികള്‍ 
കൊടും വിഷം തീറ്റിക്കുന്നു 
യദുകുല വായാടിത്തം 
ഇരുന്പുലക്ക പ്രസവിപ്പിക്കുന്നു!
രാഗിത്തീര്‍ക്കുന്ന അഹങ്കാരം 
കോരപ്പുല്ലുകളില്‍ ചോര കിനിയിക്കുന്നു!

അഥീനിയന്‍ ഡെമോക്രസി 
വിഷക്കോപ്പകള്‍ നിറക്കുന്നു!
കുറ്റമില്ലാത്ത രക്തങ്ങള്‍ 
കുരിശുകളില്‍ ഒഴുകുന്നു!

നന്മയുടെ തൂണുകളിന്മേല്‍ 
പ്രപഞ്ചം നില നില്‍ക്കുന്നു!
അധര്‍മ്മം പെരുകുന്‌പോള്‍ 
അടിത്തറ ഇളകുന്നു!

കടല്‍ത്തിര മാലകള്‍ 
കരയിലേക്ക് വരുന്നു!
കാറ്റിന്റെ ചിറകുകളില്‍ 
മരണം പറക്കുന്നു!

ഭൂഖണ്ഡങ്ങള്‍ വിറ കൊള്ളിച്ചു 
ഭൂകന്പങ്ങള്‍ മുരളുന്നു!
കരച്ചിലും പല്ലുകടിയും 
ദിഗന്തങ്ങള്‍ നടക്കുന്നു!

ശൂന്യമാക്കുന്ന മ്ലേച്ഛത 
വിശുദ്ധ സ്ഥലത്തിരിക്കുന്‌പോള്‍, 
നാശം നാവ് നീട്ടുന്നു, 
വായിക്കുന്നവന്‍ ചിന്തിച്ചു കൊള്ളട്ടെ?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക