Image

ദിലീപ് അനുകൂല-പ്രതികൂല വായ്ത്താരികള്‍ക്കിടയില്‍ പഴുതടച്ച് പോലീസ് (എ.എസ് ശ്രീകുമാര്‍)

Published on 12 September, 2017
ദിലീപ് അനുകൂല-പ്രതികൂല വായ്ത്താരികള്‍ക്കിടയില്‍ പഴുതടച്ച് പോലീസ് (എ.എസ് ശ്രീകുമാര്‍)
ആലുവ സബ്ജയിലിലെ സിമന്റ് തറയില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന നടന്‍ ദിലീപിനെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായ പ്രകടനം നടത്തുന്നവരുടെ എണ്ണം ഇക്കഴിഞ്ഞ ദിവസങ്ങളില്‍ കൂടിയിട്ടുണ്ട്. ദിലീപിനെ ജയിലില്‍ സന്ദര്‍ശിക്കുന്നവരുടെ എണ്ണം ഭയങ്കരമായി കൂടിയതോടെ അക്കാര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തിലാണ് സോഷ്യല്‍ മീഡിയയിലെ പോസ്റ്റുകളുടെ രൂപത്തിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലെ ലേഖനങ്ങളുടെ പരുവത്തിലും ചാനല്‍ ചര്‍ച്ചകളിലും ഒക്കെ ദിലീപ് അനുകൂല-പ്രതികൂല നിലപാടുകളുമായി പലരും എത്തുന്നത്. ദിലീപ് ജയിലിലായിട്ട് രണ്ടു മാസം കഴിഞ്ഞിരിക്കുന്നു. ഇപ്പോഴാണ് നടന്‍ ശ്രീനിവാസനും, മാധ്യമ പ്രവര്‍ത്തകനും നിരീക്ഷകനും അഭിഭാഷകനും ഒക്കെയായ സെബാസ്റ്റ്യന്‍ പോളിനും ജയറാമിനും ഗണേശ് കുമാറിനുമെല്ലാം ദിലീപ് കുറ്റക്കാരനല്ല എന്ന വെളിപാട് ഉണ്ടായിരിക്കുന്നത്.

""നല്ല എതിര്‍ വിസ്താരം നടത്തിയാല്‍ പൊളിഞ്ഞു വീഴുന്ന കേസാണിത്. പോലീസിനെ വിശ്വസിച്ച് ഒരാളെ നിഗ്രഹിക്കുന്നത് ശരിയല്ല. ഞാന്‍ ഇരയ്ക്ക് എതിരല്ല. പി.ഡി.പി നേതാവ് അബ്ദുള്‍ നാസര്‍ മദനിയെപ്പോലെ പോലീസ് ഭീകരതയുടെ ഇരയാണ് ദിലീപ്. വീഴുന്നവനെ ചവിട്ടുന്നതാണ് സമൂഹം...'' ഇടത് സഹയാത്രികനും മുന്‍ എം.പിയുമായ അഡ്വ. സെബാസ്റ്റ്യന്‍ പോളിന്റെ ഈ പ്രതികരണം യുക്തിയില്ലാത്തതും നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നതുമാണ് എന്നാണ് ആക്ഷേപം. ദിലീപിന്റെ റിമാന്‍ഡ് തടവിനെയും മദനിയുടെ വിചാരണ തടവിനെയും സമന്വയിപ്പിക്കുന്നതായിരുന്നു ഈ നിരീക്ഷണം. ദിലീപിന്റെ കടുത്ത അനകൂലികളായ ഗണേഷ്കുമാര്‍ എം.എല്‍.എയും നിര്‍മാതാവ് സജി നന്ത്യാട്ടും സംവിധായകന്‍ ശാന്തിവിള ദിനേശും ചാനലുകളില്‍ നടത്തുന്ന വിടുവായിത്തത്തിന് തുല്യമായിപ്പോയി പരിണിതപ്രജ്ഞനായ സെബാസ്റ്റ്യന്‍ പോളിന്റെ അഭിപ്രായം.

ഇവിടെ നിയമത്തിന്റെ കൃത്യമായ പ്രോസസുകള്‍ ഉണ്ട്. കൊടും കുറ്റവാളികളായ പ്രതികളെ, അല്ലെങ്കില്‍ പ്രതികള്‍ എന്നു സംശയിക്കുന്നവരെ 90 ദിവസം വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വയ്ക്കാന്‍ അന്വേഷണ സംവിധാനത്തിന് നിയമപരമായ അവകാശമുണ്ട്. സാക്ഷികളെ സ്വാധീനിക്കാനും അന്വേഷണത്തെ അട്ടിമറിക്കാനും തെളിവുകള്‍ നശിപ്പിക്കാനുമുള്ള സാധ്യതകള്‍ കണക്കിലെടുത്തുകൊണ്ടാണ് ഇത്രയും ദിവസം പ്രതികളെയോ പ്രതികള്‍ എന്നു സംശയിക്കുന്നവരെയോ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്യുന്നത്. അതേ സമയം റിമാന്‍ഡ് തടവുകാര്‍ക്ക് ജാമ്യത്തിനായി കോടതികളെ സമീപിക്കാനും അവകാശമുണ്ട്. ഇവിടെ കോടതി തന്നെയാണല്ലോ അന്തിമ തീരുമാനം എടുക്കുക. ദിലീപിന്റെ കാര്യത്തില്‍ അദ്ദേഹത്തിന്റെ അഭിഭാഷകരുടെ ന്യായവാദങ്ങളൊന്നും സമ്മതിച്ചു കൊടുക്കാതെ പ്രഥമ ദൃഷ്ട്യാ കേസുണ്ടെന്ന് നിരീക്ഷിച്ചുകൊണ്ടാണ് മജിസ്‌ട്രേറ്റ് കോടതി ഒരു തവണയും ഹൈക്കോടതി രണ്ടു വട്ടവും ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയത്.

ഈ ആഴ്ച തന്നെ ദിലീപ് മറ്റൊരു ജാമ്യാപേക്ഷ നല്‍കും. പക്ഷേ 90 ദിവസത്തെ കാലാവധിക്കകം കുറ്റപത്രം സമര്‍പ്പിച്ച് വിചാരണ തുടങ്ങിയില്ലെങ്കില്‍ ദിലീപിന് സ്വാഭാവികമായ ജാമ്യം കിട്ടുകയും ചെയ്യും. ഇതാണ് വസ്തുത. ഈ സാഹചര്യത്തിലാണ് ദിലീപിന്റെയും മദനിയുടെയും ജയില്‍ വാസത്തെ ഒരേ രീതിയില്‍ വ്യാഖ്യാനിച്ചുകൊണ്ടുള്ള സെബാസ്റ്റ്യന്‍ പോളിന്റെ, അന്വേഷണ ഉദ്യോഗസ്ഥരെ വിമര്‍ശിക്കുന്ന അഭിപ്രായം. കടുത്ത മുസ്ലീം തീവ്രവാദത്തിന്റെ തീതുപ്പുന്ന വാക്കും പ്രവര്‍ത്തിയുമായിരുന്നു മദനിയുടേത്. അദ്ദേഹത്തിന്റെ ഒരു കാല്‍ നഷ്ടപ്പെടാനുള്ള സാഹചര്യമൊരുക്കിയതും അത്തരം ഭീകരവാദ നിലപാടുകളെ തുടര്‍ന്നുള്ള സംഘര്‍ഷമാണ്. അതിനാല്‍ ഇരുവരുടെ തടവിനെ ഒരേപോലെ കണ്ട് ദിലീപിന്റെ മോചനത്തിനായി വാദിക്കുന്നത് യുക്തിസഹമല്ല. ഡല്‍ഹിയില്‍ ഓടുന്ന ബസ്സില്‍ ബലാല്‍സംഗത്തിന് ഇരയായി ജീവന്‍ വെടിഞ്ഞ നിര്‍ഭയ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ രൂപം കൊടുത്ത നിയമത്തിലും ഇത്തരം ഇടപെടലുകള്‍ കുറ്റകരവും ശിക്ഷാര്‍ഹവുമാണെന്ന് സുവ്യക്തമാക്കിയിട്ടുണ്ട്.

ദിലീപിന്റെ ജുഡീഷ്യല്‍ കസ്റ്റഡി രണ്ടു മാസം കഴിഞ്ഞിരിക്കെ പഴുതുകള്‍ അടച്ചുള്ള കുറ്റപത്രം സമര്‍പ്പിക്കാനുള്ള പോലീസ് നടപടികള്‍ വേഗത്തിലായി എന്നാണ് മനസ്സിലാക്കുവാന്‍ സാധിക്കുന്നത്. നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് നടനും സംവിധായകനുമായ ശ്രീനിവാസന്‍ പറഞ്ഞത് ""ദിലീപ് ഇങ്ങനെയൊരു മണ്ടത്തരം ചെയ്യുമെന്ന് വിശ്വസിക്കുന്നില്ല...'' എന്നാണ്. ഇത്തരം കമന്റുകളില്‍ നിന്നും മനസ്സിലാക്കേണ്ടത് അന്വേഷണ ഉദ്യോഗസ്ഥരുടെ തലയില്‍ കളിമണ്ണാണ് എന്നല്ലേ...? ദിലീപിനെ അനുകൂലിച്ചുകൊണ്ടുള്ള പ്രമുഖ ചലച്ചിത്ര താരങ്ങളുടെയും മറ്റും പ്രസ്താവനകള്‍ സാക്ഷികളെ സ്വാധീനിക്കുന്ന തരത്തിലുള്ളതാണെന്ന് അന്വേഷണ സംഘവും വിശ്വസിക്കുന്നു. അതുകൊണ്ടു തന്നെയാണ് ദിലീപിനെ ജയിലില്‍ സന്ദര്‍ശിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്താനും ദിലീപ് അനുകൂല കമന്റുകള്‍ ഒഴിവാക്കാനും പോലീസ് സംഘം കോടതിയോട് അഭ്യര്‍ത്ഥിച്ചത്.

ഏറ്റവും പുതിയ സംഭവവികാസം എന്താണെന്നു വച്ചാല്‍, പള്‍സര്‍ സുനിയുടെ നിര്‍ണായക വെളിപ്പെടുത്തലാണ്. നാദിര്‍ഷാ തനിക്ക് മുപ്പതിനായിരും രൂപ തന്നുവെന്നും ദിലീപ് പറഞ്ഞിട്ടാണ് പണം നല്‍കിയതെന്നും പള്‍സര്‍ സുനി ഇന്ന് വെളിപ്പെടുത്തി. നടിയെ ആക്രമിക്കുന്നതിനു മുമ്പ് "കട്ടപ്പനയിലെ ഋത്വിക് റോഷന്‍' എന്ന സിനിമയുടെ തൊടുപുഴയിലെ സെറ്റിലെത്തിയാണ് താന്‍ പണം വാങ്ങിയതെന്നും പള്‍സര്‍ പറയുന്നു. സുനി തൊടുപുഴയിലെത്തിയതിന് മൊബൈല്‍ ടവറില്‍ തെളിവുണ്ട്. കഴിഞ്ഞ ദിവസം നാദിര്‍ഷയെ ചോദ്യം ചെയ്യാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ആലുവ പോലീസ് ക്ലബിലേക്ക് വിളിപ്പിച്ചിരുന്നു. എന്നാല്‍ നെഞ്ചുവേദനയെ തുടര്‍ന്ന് നാദിര്‍ഷ ആശുപത്രിയില്‍ അഡ്മിറ്റായി. കോടതി ശിക്ഷിക്കുമ്പോഴും പോലീസ് അറസ്റ്റ് ചെയ്യുമെന്ന ഘട്ടത്തിലെത്തുമ്പോഴും ഇത്തരത്തിലുള്ള കൃത്രിമ നെഞ്ചുവേദന പലര്‍ക്കും ഉണ്ടാവാറുണ്ട്. എന്നാല്‍ നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി വന്ന ശേഷം ചോദ്യം ചെയ്താല്‍ മതിയെന്ന നിലപാടിലാണ് പോലീസ്.

പള്‍സര്‍ സുനിയുടെ മൊഴി നാദിര്‍ഷായെ സംബന്ധിച്ചിടത്തോളം ഇടിത്തീയാണ്. അതുപോലെ തന്നെ നടന്‍ അനൂപ് ചന്ദ്രന്‍ പോലീസിന് നല്‍കിയ മൊഴി ദിലീപിനും ഗുണകരമല്ല. "മോസ് ആന്‍ഡ് ക്യാറ്റ്' എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ച് ദിലീപ് തന്നെ ഭീഷണിപ്പെടുത്തിയെന്നും പിന്നീട് അന്‍പതോളം സിനിമയില്‍ തന്റെ അവസരം നഷ്ടപ്പെടുത്തിയെന്നുമാണ് അനൂപ് ചന്ദ്രന്റെ ശക്തമായ മൊഴി. ഇതിനിടെ നടി കാവ്യാമാധവന്റെ കൊച്ചിയിലെ ലക്ഷ്യ വില്ലയിലെ സന്ദര്‍ശക രജിസ്റ്റര്‍ നശിച്ചു പോയതിലും ദുരൂഹതയുണ്ട്. കാവ്യയുടെ വില്ലയില്‍ താന്‍ പോയിട്ടുണ്ടെന്നും തന്റെ പേരും ഫോണ്‍ നമ്പറും രജിസ്റ്ററില്‍ കുറിച്ചിട്ടുണ്ടെന്നും പള്‍സര്‍ സുനി അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു. നടിയെ ആക്രമിച്ച സംഭവത്തിനു മുമ്പും ശേഷവുമുള്ള രജിസ്റ്ററാണ് നശിച്ചത്. വെള്ളം വീണാണ് നശിച്ചതത്രേ. രജിസ്റ്റര്‍ മനപ്പൂര്‍വം നശിപ്പിച്ചതാണോ എന്ന് പോലീസ് സംശയിക്കുന്നു.

ഏതായാലും ദിലീപ് അനുകൂല-പ്രതികൂല അഭിപ്രായ പ്രകടനങ്ങള്‍ അരങ്ങ് കൊഴുപ്പിക്കുന്നുണ്ടെങ്കിലും കുറ്റപത്രം ഉടന്‍ തന്നെ കോടതിയില്‍ സമര്‍പ്പിക്കും. ഇതിനിടയില്‍ ദിലീപും ജാമ്യ ഹര്‍ജി നല്‍കും. നാദിര്‍ഷായുടെ ജാമ്യ ഹര്‍ജിയും പരിഗണിക്കപ്പെടാന്‍ പോവുകയാണ്. ലക്ഷ്യയിലെ സന്ദര്‍ശക രജിസ്റ്റര്‍ നശിപ്പിച്ച സംഭവത്തില്‍ കാവ്യയും വീണ്ടും ചോദ്യം ചെയ്യപ്പെട്ടേക്കാം. കോടതി നടപടികള്‍ നിര്‍ണായകമാകുന്ന ദിവസങ്ങളാണ് വരാന്‍ പോകുന്നത്. ദിലീപിന് ശിക്ഷ വാങ്ങിക്കൊടുക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ വളരെ സൂക്ഷ്മമായിട്ടാണ് അന്വേഷണ സംഘത്തിന്റെ നടപടികള്‍ പുരോഗമിക്കുന്നത്. വേട്ടക്കാര്‍ക്കല്ല ഇരകള്‍ക്കാണ് ആത്യന്തികമായി നീതി ലഭിക്കേണ്ടത്. ഇരകള്‍ക്കു വേണ്ടിത്തന്നെയാകണം അഭിപ്രായ സ്വാതന്ത്ര്യം വിനിയോഗിക്കപ്പെടേണ്ടതും. വേട്ടക്കാരുടെ മനുഷ്യാവകാശങ്ങളല്ല, ഇരകളുടെ ജീവിക്കുവാനുള്ള അവകാശമാണ്, സ്വാതന്ത്ര്യമാണ് എക്കാലത്തും സംരക്ഷിക്കപ്പെടേണ്ടത്.
Join WhatsApp News
ജിജ്ഞാസു 2017-09-12 12:09:21

അന്വേഷണ സംഘത്തെ ചീത്തവിളിച്ചും ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞു നടക്കുന്ന ഒരു എം (മ..) എൽ എ ഇവിടെ വന്നു കറങ്ങി നടപ്പുണ്ട്. ഇവിടുത്തെ വിവരംകെട്ട മലായാളികൾ അയാളെ തലയിൽ വച്ച് കൊണ്ട് നടക്കുന്നു . അവർക്കുവേണ്ടി കേരളത്തിലെ പ്രബുദ്ധരായ മലയാളികളോട് മാപ്പ് ചോദിക്കുന്നു. ഏഴാറ്റിൽ കുളിച്ചാൽ നാറ്റം പോവാത്തതാണ് വായിൽ നിന്ന് വരുന്നത്. എന്തായാലും അയാൾ നാട്ടിൽ തിരിച്ചു വരുമ്പോഴേക്കും വനിതാ കമ്മീഷൻ വിലങ്ങുമായി നിൽപ്പുണ്ടായിരിക്കും എന്ന് കരുതുന്നു. എനിക്ക് മനസിലാകത്ത ഒരു കാര്യം എന്തെന്ന് വച്ചാൽ ഈ ദിലീപിന്റെ അരമന രഹസ്യം ജോർജ്ജിന് എങ്ങനെ അറിയാം? ഒരു പക്ഷെ ഒളിഞ്ഞു നോക്കുന്നതായിരിക്കും.  എന്തായാലും നിങ്ങളുടെ ലേഖനം വളരെ നന്നായിരിക്കുന്നു. കൂടുതൽ വിവരം കിട്ടുമ്പോൾ ങ്ങങ്ങളെ അറിയിക്കുക.  ഒരു ശുദ്ധികലശം എന്തായാലും ആവശ്യമാണ്. ഇതുപോലെയൊക്കെ കാണിച്ചു രക്ഷപ്പെടാം എന്ന് ചിന്തിക്കുന്നവർ ചെവിയിൽ നുള്ളിക്കൊള്ളുക (മുള്ളുകയല്ല നുള്ളുകയാണ്) .


truth and justice 2017-09-13 08:48:32
I still cannot understand the politicians in Kerala as well as Film stars and social media workers are running their mouth.There were so many poor innocent people got arrested and where were these leaders for their support.Dileep is a movie star and popular and rich and that is why these Villains are playing their role in there.

It is time to comfort the attacked girl and not the culprits.
വിദ്യാധരൻ 2017-09-13 09:32:27

അല്ലയോ സത്യവാനും നീതിമാനുമേ

നിന്റെ ദുഃഖം ഞാൻ മനസിലാക്കുന്നു.  നീ താഴെ കൊടുത്തിരിക്കുന്ന മന്ത്രം ജപിച്ച് സമാധാനപ്പെടുക

ആത്മവിദ്യാലയമേ അവനിയില്‍
ആത്മവിദ്യാലയമേ
അഴിനിലയില്ലാ ജീവിതമെല്ലാം
ആറടി മണ്ണില്‍ നീറിയൊടുങ്ങും
(ആത്മവിദ്യാലയമേ)

തിലകം ചാര്‍ത്തി ചീകിയുമഴകായ്‌
പലനാള്‍ പോറ്റിയ പുണ്യ ശിര‍സ്സേ
ഉലകം വെല്ലാന്‍‍ ഉഴറിയ നീയോ
വിലപിടിയാത്തൊരു തലയോടായീ
(ആത്മവിദ്യാലയമേ)

ഇല്ലാ ജാതികള്‍ ഭേദവിചാരം
ഇവിടെ പുക്കവര്‍ ഒരുകൈ ചാരം
മന്നവനാട്ടെ യാചകനാട്ടെ
വന്നിടുമൊടുവില്‍ വൻ ചിത നടുവില്‍
(ആത്മവിദ്യാലയമേ)

സിനിമ ഹരിചന്ദ്ര
പാടിയത് കമുകറ പുരുഷോത്തമൻ
എഴുതിയത് ലക്ഷമണനു മാധവൻ നായരും

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക