Image

ഐഒസിയുടെ പ്ലാന്റുകള്‍ അടച്ചു; പാചകവാതക വിതരണം സ്തംഭിക്കുന്നു

Published on 07 March, 2012
ഐഒസിയുടെ പ്ലാന്റുകള്‍ അടച്ചു; പാചകവാതക വിതരണം സ്തംഭിക്കുന്നു
കൊച്ചി: ഒമ്പതു ദിവസമായി തുടരുന്ന ടാങ്കര്‍ സമരം മൂലം സ്റ്റോക്ക് തീര്‍ന്നതിനെ തുടര്‍ന്ന് ഉദയംപേരൂരിലെ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍(ഐഒസി)പ്ലാന്റിന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ചു. ഉദയംപേരൂരിലെ രണ്ട് ബോട്ടിലിംഗ് പ്ലാന്റിന്റേയും പ്രവര്‍ത്തനം ഇന്നലെ ഉച്ചയോടെ സ്തംഭിച്ചു. ഒരു പ്ലാന്റിന്റെ പ്രവര്‍ത്തനം തിങ്കളാഴ്ച മുതല്‍ നിര്‍ത്തി വച്ചിരുന്നു.

കൊച്ചിന്‍ റിഫൈനറീസില്‍ നിന്നെത്തുന്ന പാചകവാതകം ഉയോഗിച്ചാണ് ശേഷിച്ച പ്ലാന്റ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. സതേണ്‍ റീജിയണ്‍ ബള്‍ക്ക് എല്‍പിജി ട്രാന്‍സ്‌പോര്‍ട്ട് ഓണേഴ്‌സ് അസോസിയേഷനാണ് സമരത്തിലേര്‍പ്പെട്ടിരിക്കുന്നത്.രണ്ട് ദിവസത്തിനകം തന്നെ ഐഒസിയുടെ എല്‍പിജി വിതരണ ഏജന്‍സികളുടെ പക്കല്‍ സ്‌റ്റോക്കുള്ള സിലിണ്ടറുകളും വിതരണം ചെയ്തു കഴിയും.

ബുള്ളറ്റ് ടാങ്കറുകളിലായി ന്യൂമാംഗ്‌ളൂരില്‍ നിന്നും കേരളത്തിലേക്കുള്ള പാചകവാതക നീക്കമാണ് നിലച്ചിരിക്കുന്നത്. ചെന്നൈയില്‍ തമിഴ്‌നാട് സര്‍ക്കാരും ടാങ്കര്‍ ഉടമകളുടെ സംഘടനയുമായി കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയും അലസിയിരുന്നു. ടാങ്കര്‍ ഉടമകളുമായി കമ്പനികളുടെ കരാര്‍ കഴിഞ്ഞ ഒക്ടോബറില്‍ അവസാനിച്ചിരുന്നു. പിന്നീട് തുക പുതുക്കി നിശ്ചയിച്ചില്ല. കഴിഞ്ഞ ജനുവരിയില്‍ ടാങ്കര്‍ ഉടമകള്‍ സമരം പ്രഖ്യാപിച്ചിരുന്നതാണെങ്കിലും ഫെബ്രുവരിയില്‍ കരാര്‍ പുതുക്കാമെന്ന ഉറപ്പിന്മേല്‍ പിന്‍വലിക്കുകയായിരുന്നുവെന്നാണ് ടാങ്കര്‍ ഉടമകളുടെ സംഘടന പറയുന്നത്. ഐഒസിയ്ക്ക് കേരളത്തില്‍ 36.09 ലക്ഷം ഇടപാടുകാരുണെ്ടന്നാണ് കണക്ക്. മൊത്തം ഉപഭോക്താക്കളുടെ അമ്പതു ശതമാനം വരും ഇത്.

എല്‍പിജി ഇല്ലാത്തതിനെ തുടര്‍ന്ന് ഐഒസിയുടെ കൊച്ചി ഉദയംപേരൂര്‍, കൊല്ലം പാരിപ്പിള്ളി, കോഴിക്കോട് ചേളാരി എന്നിവിടങ്ങളിലെ ബോട്ട്‌ലിങ് പ്ലാന്റുകളാണ് പ്രവര്‍ത്തനം നിര്‍ത്തിയത്. മൂന്ന് പ്ലാന്റുകളില്‍ നിന്നുമായി 270 ലോഡ് എല്‍പിജി സിലിണ്ടറുകളാണ് പ്രതിദിനം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വിതരണത്തിനായി പോയിരുന്നത്. 306 സിലിണ്ടറുകളാണ് ഒരു ലോഡില്‍ ഉണ്ടാകാറുള്ളത്.

മംഗലാപുരം റിഫൈനറിയില്‍ നിന്നാണ് ഉദയംപേരൂരിലേയും ചേളാരിയിലേയും പ്ലാന്റുകളിലേക്ക് കൂടുതലായും എല്‍പിജി എത്തിച്ചിരുന്നത്. അമ്പലമുകളിലെ ബിപിസിഎല്‍, കൊച്ചി റിഫൈനറിയില്‍ നിന്ന് കൊല്ലം, ഉദയംപേരൂര്‍ പ്ലാന്റുകളിലേക്ക് എല്‍പിജി കൊണ്ടുവരുമായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക