Image

ആത്മീയ വ്യാപാരം: ആധിയ്‌ക്കും വ്യാധിയ്‌ക്കും സിദ്ധൗഷധം

അനില്‍ പെണ്ണുക്കര Published on 07 March, 2012
ആത്മീയ വ്യാപാരം: ആധിയ്‌ക്കും വ്യാധിയ്‌ക്കും സിദ്ധൗഷധം
ആത്മീയതയുടെ നനുത്ത മഞ്ഞറകളിലേക്കാണ്‌ ഇന്ന്‌ മനുഷ്യന്റെ പുതിയ താല്‌പര്യം. വേദനയും വേവലാതിയും വ്യര്‍ത്ഥമായ തിരക്കും മനുഷ്യജീവിതം ദുസ്സഹമാക്കുന്നു. തമ്മിലറിയാത്ത സൗഹൃദങ്ങളും രക്തബന്ധങ്ങളും പരസ്‌പരം ശപിക്കുന്ന മത്സരവും മാനവമനസ്സിനെ വല്ലാതെ അലയ്‌ക്കുന്നു. അന്യോന്യം നിദ്രാസുഖം കലക്കുന്ന ആത്മസുഖമാണ്‌ എവിടെയും. പണവും പദവിയും കൃത്രിമമായ പ്രതാപാഭാസങ്ങളും ആധുനിക മനുഷ്യന്റെ സ്വച്ഛതയെ വല്ലാതുലയ്‌ക്കുന്നു. സദാ തിരക്കുകൊണ്ട്‌ പ്രക്ഷുബ്‌ദമായ മനസ്സ്‌ വിശ്രമവേളകളില്‍പോലും ശാന്തമാകുന്നില്ല `അശാന്തസ്യകുതസുഖ:' എന്ന ഗീതാവചനം ഓര്‍ത്തുപോകുന്നു.

ആത്മീയതയുടെ മഞ്ഞറകളില്‍ മറഞ്ഞിരുന്ന്‌ മനുഷ്യന്‌ മനശ്ശാന്തി കൈവരുത്താം. അതിന്‌ എല്ലാ മതസ്ഥര്‍ക്കുമുണ്ട്‌ മാര്‍ഗ്ഗങ്ങള്‍. ആത്മീയതയുടെ വര്‍ണ്ണരഹിതമായ ലോകം മനസ്സിന്റെ എല്ലാ അലകളേയും അടക്കുന്നു. വികാരരഹിതമായ മനസ്സിന്‌ ധ്യാനത്തിലൂടെയും, ഈശ്വരചിന്തയിലൂടെയും പാപമോചനം ലഭിക്കുന്നു. പരമ്പരാഗതമായിരുന്നു ഈ മോക്ഷ-പാപവിമോചന മര്‍ഗ്ഗങ്ങള്‍. ഇന്ന്‌ അതും കച്ചവടവല്‌ക്കരിക്കപ്പെട്ടിരിക്കുന്നു.

ആഗോളവ്‌ക്കരണവും സാങ്കേതികരംഗത്തെ പുതിയ കുതിപ്പുകളും വ്യാപാരവല്‌ക്കരണവും ഈ മേഖലയെ ഇന്ന്‌ ലാഭമുള്ള ബിസ്സിനസ്സാക്കിയിരിക്കുന്നു. ആത്മീയത ലോകവും ധ്യാനവും മാര്‍ഗ്ഗവും ഇന്ന്‌ നമുക്ക്‌ ഫീസ്സടച്ച്‌ മറ്റെല്ലാ സുഖസൗകര്യത്തോടും ആസ്വദിക്കാം! വീടുകളിലിരുന്നും ആത്മീയത കൈവരിക്കാം. ടി.വി.യിലൂടെ ആത്മീയ പ്രഭാഷണങ്ങളും, ധ്യാനവും, രോഗശാന്തിയും യഥേഷ്‌ടം ഇന്നു ലഭ്യമാണ്‌. വന്‍ കച്ചവടമാണ്‌. ഇന്ന്‌ ഇന്ത്യയില്‍ ഇത്‌ ഏതാണ്‌ 2500 കോടി രൂപയുടെ ബിസ്സിനസ്സാണ്‌. ഈ രംഗത്ത്‌ ടി.വി. മാധ്യമങ്ങള്‍ വന്‍സാദ്ധ്യതകള്‍ മുന്നില്‍ കണ്ടുകൊണ്ടു സ്‌പോണ്‍സര്‍ പ്രോഗ്രാമുകള്‍ സംപ്രേഷണം ചെയ്യുന്നു.

ആത്മീയ ശാന്തിക്കും പാപവിമോചനത്തിനുമായി ഹിമാലയ സാനുക്കളും തീര്‍ത്ഥഘട്ടങ്ങളും തേടിയലഞ്ഞവര്‍ ഭാഗ്യദോഷികളാണ്‌. ഇന്നതെല്ലാം വീടുകളില്‍ ആവശ്യാനുസരണം എത്തിച്ചേരുന്നു. മക്കയും, ഗാഗുല്‍ത്തായും ഒന്നും തേടേണ്ട. ഹരിദ്വാറും, ഗംഗോത്രിയും, കാശിയും ഒന്നും വേണ്ട. ആത്മീയ വ്യാപാരം ഇന്ത്യയില്‍ വന്‍ മാറ്റങ്ങള്‍ക്കു വഴിവെച്ചിരിക്കുന്നു. പുതിയ പുതിയ ആചാര്യന്മാര്‍ സര്‍വ്വ പാപവിമോചന ഔഷധവും ആത്മീയ സാധനകളും പ്രത്യേക പാക്കേജികളായി എത്തിച്ചുതരുവാന്‍ വെമ്പുകയാണ്‌. പണത്തിന്റെ മാത്രയ്‌ക്കനുസരിച്ച്‌ പാപങ്ങള്‍ പോക്കാം, ആത്മശാന്തി പുല്‌കാം! പുതിയ വ്യാപാര തന്ത്രത്തിന്റെ ഭാഗമായി ആചാര്യന്മാര്‍ സമര്‍ത്ഥമായ ഒരു മാനേജുമെന്റ്‌ കണ്‍സള്‍ട്ടന്റിനെപ്പോലെ ഉപഭോക്താവിന്റെയും ചിന്തയുടെയും ആവശ്യാനുസരണം ഉയര്‍ന്നുകഴിഞ്ഞു.

പൊതുവെ ആത്മീയ ചിന്തകളും ധ്യാനാസനങ്ങളും ഇഷ്‌ടപ്പെടുന്നവരും ആ പാരമ്പര്യമുള്ളവരുമായ ഇന്ത്യക്കാരെ നല്ലൊരു മാര്‍ക്കറ്റായി ഈ ആചാര്യന്മാര്‍ തെരഞ്ഞെടുത്തതില്‍ അത്ഭുതപ്പെടാനില്ല. നിഗൂഢതകളേറെയുള്ള ഒരു സമൂഹമാണ്‌ ഭാരതം. നൂറ്റാണ്ടുകളിലൂടെ ഋഷീശ്വരന്മാര്‍ ആര്‍ജിച്ചെടുത്ത ആത്മസാധനകള്‍ ഇന്ന്‌ കച്ചവടച്ചരക്കായി വന്‍ ലാഭം നേടുന്നു.

പുതിയ ജീവിതസാഹചര്യങ്ങള്‍ മനുഷ്യരുടെ കുടുംബബന്ധങ്ങളില്‍ അപസ്വരങ്ങള്‍ തീര്‍ക്കുന്നു. ആഗോളവല്‌ക്കരണത്തിന്റെ ഭാഗമായ ഉപഭോഗസംസ്‌ക്കാരവും മത്സരവും ഒരു ചെറിയ വിഭാഗത്തിനു ഗുണമാകുന്നു. ലാഭാധിഷ്‌ഠിതമായ സംസ്‌ക്കാരവും മത്സരാധിഷ്‌ഠിതമായ തൊഴില്‍ രംഗങ്ങളും ജീവിതസാഹചര്യങ്ങളും ആധികളും പ്രശ്‌നങ്ങളും ഉണ്ടാക്കുന്നു. മാനസ്സികതകര്‍ച്ചയുടെ ശൂന്യതയില്‍ എത്തിച്ചേരുന്നവര്‍ വ്യക്തിമാര്‍ഗ്ഗങ്ങള്‍ക്കായി വഴികള്‍ തേടുന്നു. അവഗണിക്കപ്പെടുന്ന ഒരു വലിയ സമൂഹവും പുതിയ മോക്ഷവഴികള്‍ അന്വേഷിക്കുന്നു മോചനത്തിനായി പുതിയ വഴികള്‍ കാട്ടിക്കൊടുത്തുകൊണ്ടു പുതിയ പുതിയ ചാനലുകളും ആചാര്യന്മാരും രംഗപ്രവേശം ചെയ്യുന്നു. പ്രാദേശിക ഭാഷയില്‍, രുചിക്കുന്ന തരത്തില്‍ അവ സംവിധാനം ചെയ്യുന്നു. ഇന്ത്യയില്‍ ആത്മീയ ചാനലുകളുടെ എണ്ണം പെരുകുകയാണ്‌; പരിപാടികളുടേയും! എല്ലാം നല്ല റേറ്റിംഗ്‌ ഉള്ള പരിപാടികളായി മാറിയിരിക്കുന്നു. ഒപ്പം ചാനലുകളുടേയും പ്രായോജകരുടേയും ലാഭം പെരുകുകയും ചെയ്യുന്നു. മികച്ച സാമ്പത്തികനേട്ടമാണ്‌ ഇവര്‍ കൈവരിക്കുന്നത്‌.

വിവിധ പ്രായക്കാരെ ലക്ഷ്യം വച്ചാണ്‌ ഓരോ പരിപാടിയും ചാനലും നീങ്ങുന്നത്‌. അതില്‍ത്തന്നെ അവര്‍ ജനിച്ചുവളര്‍ന്ന സമുദായ സാമ്പത്തിക പരിസ്ഥിതി പരിഗണിക്കുകയും ചെയ്യുന്നു. മികച്ച വ്യാപാരതന്ത്രം!

ടി.വി.യിലൂടെ സംപ്രേഷണം ചെയ്യുന്ന ഷോകള്‍ക്കു പുറമേ, ഓഡിയോ വീഡിയോ, സീഡികളും ബുക്കുകളും, മാസികകളും പരമ്പരാഗതമായ പച്ചമരുന്നും, പ്രകൃതിചികിത്സയും മറ്റ്‌ ഉല്‌പന്നങ്ങളുമായി മികച്ച കച്ചവടവും ലാഭവും കൊയ്യുകയാണ്‌ അവര്‍. ആത്മാവിനു പങ്കാളിത്തമില്ലാത്ത പണത്തില്‍ മാത്രം (ഫീസ്സെന്നോ ദക്ഷിണയെന്നോ പേരു വിളിക്കാം) പങ്കാളിത്തമുള്ള ആത്മീയതയാണ്‌ ഇവിടെ! ഇവിടെ ധ്യാനവും ഈശ്വരപൂജയും മറ്റു സാധനകളും സമ്പത്തിന്റെ മാത്രകള്‍ക്കനുസരിച്ച്‌ വില്‍ക്കുന്നു. ആത്മമോചനവും, രോഗശാന്തിയും, മനശ്ശാന്തിയും പാപമോചനവും വാങ്ങാനായി പണവുമായി ആത്മീയ ഉപഭോക്താക്കള്‍ സദാ സന്നദ്ധരായി നില്‍ക്കുന്നു. എന്നായാലും നമ്മുടെ (ഭാരതീയരുടെ മാത്രമല്ല) പരമ്പരാഗത മോക്ഷമാര്‍ഗ്ഗങ്ങള്‍ ആധുനിക സാങ്കേതിക വിദ്യയുടെ മികവില്‍ മോക്ഷാര്‍ത്ഥികളില്‍ എത്തിക്കാന്‍ നമ്മുടെ മോക്ഷ കണ്‍സള്‍ട്ടന്റുമാര്‍ക്കു സാധിച്ചിരിക്കുന്നു.

വികടവിചാരം.

ഇനി ജപമാലയും വ്രതവും ഒന്നും വേണ്ട, ഒരു ടി.വി. വാങ്ങൂ, ആത്മീയ സുഖങ്ങള്‍ ആചരിക്കാം. ചാനലുകളിലൂടെ!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക