Image

കാമുകന്‍ ജീവനൊടുക്കി: നടി അല്‍ഫോന്‍സ ആത്മഹത്യക്കു ശ്രമിച്ചു

Published on 06 March, 2012
കാമുകന്‍ ജീവനൊടുക്കി: നടി അല്‍ഫോന്‍സ ആത്മഹത്യക്കു ശ്രമിച്ചു
ചെന്നൈ: കാമുകന്‍ തൂങ്ങിമരിച്ചത് കണ്ട ചലച്ചിത്രനടി അല്‍ഫോന്‍സ ആത്മഹത്യക്കു ശ്രമിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് അല്‍ഫോന്‍സയുടെ കാമുകനെന്നു പറയപ്പെടുന്ന കല്‍പ്പാക്കം പുതുപ്പട്ടണം സ്വദേശിയും ചലച്ചിത്ര നര്‍ത്തകനുമായ വിനോദ്കുമാര്‍ ആത്മഹത്യ ചെയ്തത്. ഇതിനു തൊട്ടു പിന്നാലെ അല്‍ഫോന്‍സ ഉറക്കഗുളിക കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇവരെ വടപളനിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

നേരത്തേ വിവാഹിതയായ അല്‍ഫോന്‍സ ഭര്‍ത്താവുമായുള്ള ബന്ധം വേര്‍പെടുത്തിയശേഷം കഴിഞ്ഞ ഒരു വര്‍ഷമായി വിനോദ്കുമാറിനൊപ്പം വിരുഗംപാക്കം ആര്‍ക്കോട്ട് റോഡിലുള്ള ശ്യാമള ഗാര്‍ഡന്‍ ഫ്‌ലാറ്റിലായിരുന്നു താമസം. സ്‌റ്റേജ് ഷോയില്‍ പങ്കെടുക്കാനായി ദുബായില്‍ പോയിരുന്ന അല്‍ഫോന്‍സ തിങ്കളാഴ്ച പുലര്‍ച്ചെയാണ് ഫ്‌ലാറ്റിലെത്തിയത്. 

ഇതിനു ശേഷം വിനോദ്കുമാറും അല്‍ഫോന്‍സയും തമ്മില്‍ വഴക്കു നടന്നതായി പറയുന്നു. ഏതാനും മണിക്കൂറുകള്‍ക്കു ശേഷം മുറിയിലേക്കു ചെന്നപ്പോഴാണ് വിനോദ്കുമാറിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. തുടര്‍ന്ന് അല്‍ഫോന്‍സ തന്നെ വിരുംഗംപാക്കം പോലീസില്‍ പരാതി നല്‍കി.

വിനോദ്കുമാറിന്റെ മരണകാരണവുമായി ബന്ധപ്പെട്ട് അല്‍ഫോന്‍സയെ പോലീസ് ചോദ്യം ചെയ്തു. ഇതില്‍ മനം നൊന്ത അവര്‍ ഫ്‌ലാറ്റില്‍ തിരിച്ചെത്തി ഉറക്കഗുളിക കഴിച്ച് ആത്മഹത്യക്കൊരുങ്ങുകയായിരുന്നു. അബോധാവസ്ഥയില്‍ കണ്ടെത്തിയ അല്‍ഫോന്‍സയെ സമീപവാസികളാണ് ആശുപത്രിയിലാക്കിയത്. 

ഇവരുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. വിനോദിന്റെ മൃതദേഹം റോയപ്പേട്ട സര്‍ക്കാര്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്ക് കൈമാറി. വിനോദ് ആത്മഹത്യ ചെയ്തതല്ലെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നും ബന്ധുക്കള്‍ ആരോപിച്ചു. എന്നാല്‍ അല്‍ഫോന്‍സ ഈ ആരോപണം നിഷേധിച്ചതായി പോലീസ് വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക