കൊച്ചി: സീറോ മലബാര്‍ സഭയ്ക്ക് പുതിയ രൂപത. ഡല്‍ഹി അടക്കമുള്ള പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ഫരീദാബാദ് രൂപതയാണ് പുതുതായി നിലവില്‍ വരുന്നത്. മോണ്‍. കുര്യാക്കോസ് ഭരണികുളങ്ങരയാണ് പുതിയ രൂപതയുടെ പ്രഥമ മെത്രാന്. ജര്‍മനിയിലെ വത്തിക്കാന്‍ ന്യണ്ഷ്യേച്ചറില് സെക്രട്ടറിയായി സേവനം ചെയ്തുവരവെയാണ് മോണ്‍. കുര്യാക്കോസ് ഭരണികുളങ്ങര പുതിയ ചുമതലയില്‍ നിയമിതനാകുന്നത്.
ഹരിയാനയിലെ ഫരീദാബാദിലെ ക്രിസ്തുരാജ ദേവാലയമായിരിക്കും പുതിയ രൂപതാ കത്തീഡ്രല്‍. സീറോ മലബാര്‍ സഭാ ആസ്ഥാനമായ മൗണ്ട് സെന്റ് തോമസില്‍ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയാണ് നിയമന വാര്‍ത്ത അറിയിച്ചത്. ഇതേസമയത്തുതന്നെ വത്തിക്കാനിലും നിയമന ഉത്തരവ് വായിക്കപ്പെട്ടു.
ഹരിയാന, പഞ്ചാബ്, ഡല്‍ഹി, ജമ്മു -കാഷ്മീര്‍, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 9.5 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്തെ സീറോ മലബാര്‍ വിശ്വാസികളാണ് പുതിയ രൂപതയ്ക്കു കീഴില്‍ വരുക. ഈ പ്രദേശത്തെ ഒരു ലക്ഷം സഭാവിശ്വാസികളുടെ ഇടയനായാണ് മോണ്‍. കുര്യാക്കോസ് ഭരണികുളങ്ങരയെ നിയമിച്ചിരിക്കുന്നതെന്ന് മാര്‍ ആലഞ്ചേരി അറിയിച്ചു. രൂപതയുടെ അധ്യക്ഷനാണെങ്കിലും വത്തിക്കാന്‍ നയതന്ത്ര കാര്യാലയത്തിന്റെ ചുമതല വഹിച്ചിരുന്നയാളായതിനാല് ആര്ച്ചുബിഷപ്പായിട്ടാകും കുര്യാക്കോസ് ഭരണികുളങ്ങര അറിയപ്പെടുക.
റോമിലെ പൊന്തിഫിക്കല്‍ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് പൗരസ്ത്യ കാനോന്‍ നിയമത്തില്‍ ഡോക്ടറേറ്റ് നേടിയിട്ടുള്ള മോണ്‍. കുര്യാക്കോസ് ഭരണികുളങ്ങര എറണാകുളം - അങ്കമാലി അതിരൂപതയിലെ മൂഴിക്കുളം കരിപ്പാശേരി ഇടവകാംഗമാണ്. കഴിഞ്ഞ 18 വര്‍ഷമായി വത്തിക്കാന്റെ വിവിധ നയതന്ത്ര കാര്യാലയങ്ങളില്‍ സേവനം ചെയ്തുവരുകയാണ് അദ്ദേഹം.
കരിപ്പാശേരി ഭരണികുളങ്ങര ആന്റണി - ഏല്യ ദമ്പതികളുടെ പുത്രനായ കുര്യാക്കോസ് ഭരണികുളങ്ങര 1983 -ല്‍ മാര്‍ സെബാസ്റ്റ്യന്‍ മങ്കുഴിക്കരിയില്‍ നിന്നാണ് വൈദികപട്ടം സ്വീകരിച്ചത്. തൃപ്പൂണിത്തുറ ഫൊറോനാപ്പള്ളിയില് അസി. വികാരിയായാണ് വൈദിക ജീവിതം ആരംഭിച്ചത്. തുടര്‍ന്ന് സത്യദീപം അസോസിയേറ്റ് എഡിറ്റര്‍, വിമലഗിരി പള്ളി വികാരി, വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ നാമകരണത്തിനുള്ള അസി. വൈസ് പോസ്റ്റുലേറ്റര്‍ എന്നി നിലകളിലും സേവനം ചെയ്തു. തുടര്‍ന്നാണ് വത്തിക്കാന്റെ കാര്യാലയങ്ങളിലേക്കുള്ള നിയമനം. തായ്ലാന്ഡ്, കാമറൂണ്‍, ഇറാക്ക്, വെനിസ്വേല, കോംഗോ, ഗബോണ്‍, ന്യൂയോര്‍ക്കിലെ യുഎന്‍ ആസ്ഥാനം എന്നിവടങ്ങളിലെ വത്തിക്കാന്‍ പ്രതിനിധി കാര്യാലയങ്ങളില്‍ മോണ്‍. കുര്യാക്കോസ് ഭരണികുളങ്ങര സേവനം ചെയ്തു.