Image

കൊളമ്പസിന്റെ പ്രതിമകള്‍ക്കും ഭീഷണി: ഏബ്രഹാം തോമസ്

ഏബ്രഹാം തോമസ് Published on 29 August, 2017
കൊളമ്പസിന്റെ പ്രതിമകള്‍ക്കും ഭീഷണി: ഏബ്രഹാം തോമസ്
ന്യൂയോര്‍ക്ക്: അമേരിക്ക കണ്ടുപിടിച്ചത് ക്രിസ്റ്റഫര്‍ കൊളമ്പസാണെന്ന് ചിലര്‍ വാദിച്ചിരുന്നു. താന്‍ കണ്ടെത്തിയത് ഇന്ത്യയാണെന്ന് വിശ്വസിച്ച് കൊളമ്പസ് മരിച്ചുവെന്നും പിന്നീട് അമേരിഗോ വെസ്പൂച്ചിയാണ് ഇത് മറ്റൊരു രാജ്യമാണെന്ന് കണ്ടെത്തിയതെന്നും മറ്റൊരു വിഭാഗം വാദിക്കുന്നു.

സംഗതി എന്തായാലും ന്യൂയോര്‍ക്കിലും കാലിഫോര്‍ണിയയിലെ സാന്‍ഹോസേയിലും കൊളമ്പസിനെ സ്മരിക്കുന്നത് തന്നെ നിഷിദ്ധമായേക്കും. ഈ രണ്ട് നഗരങ്ങളിലുമുള്ള കൊളമ്പസിന്റെ പ്രതിമകള്‍ തകര്‍ക്കുകയോ മാറ്റുകയോ ചെയ്യണമെന്നാണ് ഒരു വിഭാഗത്തിന്റെ വാദം. ഭാഗ്യത്തിന് മറ്റ് കണ്‍ഫെഡറേറ്റ് സ്മാരക ശിലകള്‍ മാറ്റണമെന്ന് വാദിക്കുന്നവരുടെ അത്രയും വീറ് ഈ വിഭാഗം ഇതുവരെ പ്രകടിച്ചിട്ടില്ല.

ന്യൂയോര്‍ക്കിലെ കൊളമ്പസ് പ്രതിമക്ക് 76 അടി ഉയരമുണ്ട്. പ്രതിമ മാറ്റുകയോ തകര്‍ക്കുകയോ ചെയ്തുകഴിഞ്ഞാല്‍ അത് സ്ഥാപിച്ചിട്ടുള്ള കൊളമ്പസ് സര്‍ക്കിളിന് എന്ത് സംഭവിക്കും. ഒരു ദേശീയ ഒഴിവ് ദിനമായി മാനിക്കുന്ന കൊളമ്പസ് ഡേ വേണ്ടേന്ന് വയ്ക്കണോ എന്ന വലിയ ചോദ്യവും ഉയരുന്നു. കണ്‍ഫെഡറേറ്റ് സ്മാരകങ്ങള്‍ തകര്‍ക്കണമെന്ന മുറവിളി ചില കോണുകളില്‍ നിന്ന് ഉയരുന്നുണ്ട്. ഏതൊക്കെ സ്മാരകങ്ങള്‍ തകര്‍ക്കണം ഏതൊക്കെ നിലനിര്‍ത്തണം എന്ന കുഴപ്പിക്കുന്ന ചോദ്യവും ഉയരുന്നു. ഒരു റോബര്‍ട്ട് ഇ ലീലയുടേയും സ്‌റ്റോണ്‍വാള്‍ ജോക്‌സന്റേയും പ്രതിമകള്‍ മാത്രമല്ല തകര്‍ക്കേണ്ടത്, മറ്റ് പല പ്രതിമകളും തകര്‍ക്കണം എന്നാണ് വാദം. കൊളമ്പസ് അമേരിക്കയുടെ ആദിമ നിവാസികളായ അമേരിക്കന്‍ ഇന്ത്യാക്കാര്‍ക്കെതിരെ കൊടും ക്രൂരത നടത്തി എന്നവര്‍ വിശ്വസിക്കുന്നു. കൊളമ്പസിനെതിരെ അവര്‍ക്ക് കടുത്ത എതിര്‍പ്പും അമര്‍ഷവും ഉണ്ട്. ബോസ്റ്റണിലെ ഫെനുയില്‍ ഹാള്‍ അടിമക്കച്ചവടം നടത്തിയിരുന്ന ആളിന്റെ പേരിലാണുള്ളത്, ഹാള്‍ തകര്‍ക്കണമെന്നും വാദമുണ്ട്. അന്ധമായ മതഭ്രാന്ത് ഉണ്ടായിരുന്നതായി ആരോപിക്കപ്പെടുന്ന മുന്‍ ഫിലാഫെല്‍ഫിയ മേയര്‍ ഫ്രാങ്ക് റീസോയുടെ പേരിലുള്ള സ്മാരകങ്ങള്‍ തകര്‍ക്കണമെന്നും ആവശ്യമുണ്ട്.

'പ്രതിമാമൂല്യം' ആര്‍ക്കാണ് ഉള്ളത് എന്ന് നിശ്ചയിക്കുക ദുഷ്‌കരമാണെന്ന് ഒരു വാര്‍ത്താ ഏജന്‍സിചരിത്രകാരന്മാരില്‍ നടത്തിയ സര്‍വേ കണ്ടെത്തി, ഒരു ചരിത്ര സ്മാരകം തകര്‍ക്കാന്‍ ഒരു ഞൊടിയിടയില്‍ തീരുമാനിക്കുകയും തകര്‍ക്കുകയും അല്ല വേണ്ടതെന്ന് അവര്‍ അഭിപ്രായപ്പെട്ടു.'ഇങ്ങനെ ചെയ്താല്‍ പിന്നീട് നമുക്ക് പശ്ചാതപിക്കേണ്ടി വരും', യേല്‍ യൂണിവേഴ്‌സിറ്റിയിലെ ഹിസ്‌റ്റോറിയനും അടിമത്ത പഠന വിദഗ്ദ്ധനുമായ ഡേവിസ് ബ്ലൈറ്റ് പറഞ്ഞു. കണ്‍ഫെഡറേറ്ററും അല്ലാത്തതുമായ സ്മാരകങ്ങള്‍ നീക്കം ചെയ്യുന്നതിന് മുമ്പ് സമഗ്രമായ പഠനവും ചര്‍ച്ചകളും ആവശ്യമാണെന്ന്  ചരിത്രകാരന്മാര്‍ അഭിപ്രായപ്പെട്ടു. എന്ന്, എപ്പോള്‍, എങ്ങനെയാണ് പ്രതിമ സ്ഥാപിച്ചത്, പ്രതിമാകാരന്‍ സമൂഹത്തിന് നല്‍കിയ സംഭാവനകള്‍ എന്തൊക്കെയാണ് വിശകലനം ചെയ്യണമെന്ന് ചരിത്രകാരന്മാര്‍ പറയുന്നു. അതോടൊപ്പം ഈ വ്യക്തി(കള്‍) സമൂഹത്തിന്മേല്‍ നടത്തിയ അത്യാചാരങ്ങളും പരിഗണിക്കണം, പ്രതിമയുടെ കലാമൂല്യവും വിസ്മരിക്കുവാന്‍ പാടില്ല.

പൊതു സ്ഥലത്ത് നില്‍ക്കുന്ന ഒരു പ്രതിമയ്ക്ക് വിദ്യാഭ്യാസത്തിന് സഹായകമാവുന്ന വിവരങ്ങള്‍ നല്‍കാനാവും. പ്രതിമ മാറ്റിയാല്‍ ഈ സാധ്യത ഉണ്ടാവില്ലെന്നും ചില ചരിത്രകാരന്മാര്‍ അഭിപ്രായപ്പെട്ടു. കൊളമ്പസ് ചിലര്‍ക്ക് പ്രിയംകരനാണ്, പ്രത്യേകിച്ച് ഇറ്റാലിയന്‍ വംശജര്‍ക്ക്. എന്നാല്‍ കൊലപാതകിയായ കോളനി അധിനിവേശക്കാരനായി അമേരിക്കന്‍ ഇന്ത്യാക്കാര്‍ വിശേഷിപ്പിക്കുന്നു. കൊളമ്പസിന്റെ സ്മാരകങ്ങള്‍ വേണ്ട എന്ന വാദം ശ്കതിപ്പെട്ടാല്‍ ഒരു തീരുമാനം എടുക്കുക പ്രയാസമായിരുക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക