Image

ഗള്‍ഫില്‍ മലയാളികളുടെ ആത്മഹത്യാ നിരക്ക്‌ കൂടുന്നതായി റിപ്പോര്‍ട്ട്‌

Published on 06 March, 2012
ഗള്‍ഫില്‍ മലയാളികളുടെ ആത്മഹത്യാ നിരക്ക്‌ കൂടുന്നതായി റിപ്പോര്‍ട്ട്‌
മനാമ: ഗള്‍ഫ്‌ മേഖലയില്‍ മലയാളികളുടെ ആത്മഹത്യാ നിരക്ക്‌ കൂടുന്നതായി റിപ്പോര്‍ട്ട്‌. ആത്മഹത്യയുടെ കാരണങ്ങള്‍ അന്വേഷിക്കുമ്പോള്‍ പലര്‍ക്കും പല കാരണങ്ങളാണ്‌ കണ്ടെത്താന്‍ കഴിയുന്നത്‌. ഇവയില്‍ പ്രധാനം സാമ്പത്തിക ബാധ്യതകളും കുടുംബ പ്രശ്‌നങ്ങളുമാണ്‌. ബഹ്‌റൈനിലെ ഇന്ത്യന്‍ കമ്യൂണിറ്റിക്കിടയില്‍ 34 മരണം റിപ്പോര്‍ട്ട്‌ ചെയ്‌തതില്‍ ഒമ്പതും ആത്മഹത്യയായിരുന്നു. രണ്ട്‌ മാസത്തിനിടെയാണ്‌ ഇത്രയും ആത്മഹത്യകളുണ്ടായിരിക്കുന്നത്‌. ഇതാണ്‌ പ്രശ്‌നത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നതും. സംഘടനകളും കൂട്ടായ്‌മകളും ഇതിനെതിരെ ബോധവത്‌കരണം നടത്തുകയും പരിഹാര നടപടികള്‍ ആവിഷ്‌കരിക്കുകയും ചെയ്യാന്‍ ഇനിയും അമാന്തിച്ചാല്‍ ഇത്തരം മരണങ്ങള്‍ വര്‍ധിക്കാന്‍ സാധ്യത ഏറെയാണെന്ന്‌ ചൂണ്ടിക്കാട്ടപ്പെടുന്നു.

ബഹ്‌റൈനില്‍ ജോലി ചെയ്യുന്നവരും അടുത്ത കാലത്ത്‌ എത്തിയവരും മരിച്ചവരില്‍ ഉള്‍പ്പെടും. ആത്മഹത്യയുടെ കാരണങ്ങള്‍ അന്വേഷിക്കുമ്പോള്‍ പലര്‍ക്കും പല കാരണങ്ങളാണ്‌ കണ്ടെത്താന്‍ കഴിയുന്നത്‌. ഇവയില്‍ പ്രധാനം സാമ്പത്തിക ബാധ്യതകളും കുടുംബ പ്രശ്‌നങ്ങളുമാണ്‌. ജോലി സ്ഥലത്തെ പീഡനവും ചിലരെ ആത്മഹത്യക്ക്‌ പ്രേരിപ്പിച്ചിട്ടുണ്ട്‌. ഏറ്റവും കൂടുതല്‍ പേര്‍ ആത്മഹത്യ ചെയ്‌തത്‌ സാമ്പത്തിക പ്രശ്‌നങ്ങളാലാണെന്ന്‌ കാണാന്‍ കഴിയും. അഞ്ച്‌ ആത്മഹത്യകളുടെ കാരണങ്ങള്‍ അന്വേഷിച്ചപ്പോള്‍ മരണപ്പെട്ടവരുടെ സുഹൃത്തുക്കളും ബന്ധുക്കളും നല്‍കിയ വിവരമനുസരിച്ച്‌ ഇവിടെയും നാട്ടിലും വന്‍ കട ബാധ്യതയുള്ളവരാണിവര്‍. വന്‍ തുക പലിശക്ക്‌ കടം വാങ്ങി മുടിഞ്ഞതാണ്‌ ഇവരെ ജീവന്‍ അവസാനിപ്പിക്കാന്‍ പ്രേരിപ്പിച്ചത്‌. വാങ്ങിയ തുകയുടെ മൂന്ന്‌ ഇരട്ടിയോളം പലിശ നല്‍കിയിട്ടും ബ്ലേഡ്‌ മാഫിയ വേട്ടയാടിയപ്പോള്‍ ഇവര്‍ക്ക്‌ പിടിച്ചു നില്‍ക്കാനായില്ല. കിട്ടുന്നതിലേറെ ചെലവഴിച്ച്‌ കടം വരുത്തിവെച്ചവരും കൂട്ടത്തിലുണ്ട്‌. മദ്യപാനമാണ്‌ ഇവരുടെ ജീവിതം തുലച്ചത്‌. ദാമ്പത്യ പ്രശ്‌നങ്ങളും ആത്മഹത്യക്ക്‌ കാരണമാകുന്നുണ്ട്‌.

നാട്ടിലെപ്പോലെ പ്രശ്‌നങ്ങളും പ്രയാസങ്ങളും മറ്റുള്ളവരുമായി പങ്കുവെക്കാനുള്ള സാഹചര്യമില്ലാത്തതാണ്‌ പ്രവാസികള്‍ക്കിടയില്‍ ആത്മഹത്യ വര്‍ധിക്കാന്‍ കാരണമെന്ന്‌ മ:നശാസ്‌ത്ര വിദഗ്‌ധന്‍ ജോണ്‍ പനക്കല്‍ പറഞ്ഞു. ഇതിനുള്ള അവസരമില്ലാത്തവര്‍ക്ക്‌ സംഘടനകളും കൂട്ടായ്‌മകളും അതിനുള്ള അവസരമുണ്ടാക്കണം. പാശ്ചാത്യന്‍ നാടുകളില്‍ കൗണ്‍സലിങ്‌ സെന്ററുകളിലേക്ക്‌ ജനങ്ങളെ ക്ഷണിക്കുന്നതും അത്തരം കേന്ദ്രങ്ങളിലേക്ക്‌ പോകുന്നതും കുറവായി കാണുന്നില്ല. അതേസമയം, ഇത്തരം കേന്ദ്രങ്ങളിലേക്ക്‌ പോകുന്നവരെ ഭ്രാന്തന്മാരായി കാണുകയും കളിയാക്കുകയും ചെയ്യുന്ന നിലപാടാണ്‌ മലയാളികള്‍ സ്വീകരിക്കാറുള്ളത്‌. ഈ മനോഭാവം മാറ്റണമെന്ന്‌ അദ്ദേഹം അഭിപ്രായപ്പെട്ടു. ആത്മഹത്യയിലേക്ക്‌ പോകുന്നയാളെ പിറകില്‍നിന്ന്‌ ചെറുതായി തട്ടിവിളിച്ചാല്‍തന്നെ അവര്‍ ജീവിതത്തിലേക്ക്‌ തിരിച്ചുവരും. അതിനുള്ള സാഹചര്യമൊരുക്കലാണ്‌ പ്രധാനം. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കൂത്താടി വളരുന്നതുപോലെ മനസ്സ്‌ കൊട്ടിയടക്കപ്പെട്ടാല്‍ അരുതാത്ത ചിന്തകള്‍ വളരും. മനസ്സിനെ അലട്ടുന്ന പ്രശ്‌നങ്ങള്‍ കെട്ടഴിക്കാനുള്ള വേദി സൃഷ്ടിക്കപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക