Image

ഒന്നര വര്‍ഷമായി ശമ്പളമില്ല; നഴ്‌സുമാര്‍ എംബസിയുടെ സഹായം തേടി

Published on 06 March, 2012
ഒന്നര വര്‍ഷമായി ശമ്പളമില്ല; നഴ്‌സുമാര്‍ എംബസിയുടെ സഹായം തേടി
റിയാദ്‌: ശമ്പളവും ഇഖാമയുമില്ലാതെ 18 മാസമായി ദുരിതത്തില്‍ കഴിയുന്ന മലയാളികളുള്‍പ്പടെയുള്ള നഴ്‌സുമാര്‍ ഇന്ത്യന്‍ എംബസിയുടെ സഹായം തേടി. റിയാദിലെ ഒരു പോളിക്‌ളിനിക്കിലെ സ്റ്റാഫ്‌ നഴ്‌സുമാരായ അമ്പിളി ഗോപാലകൃഷ്‌ണന്‍, ശോശാമ്മ ഡാനിയേല്‍ എന്നീ മലയാളികളും ആന്ധ്രപ്രദേശ്‌ സ്വദേശി ബുശ്‌റ ബീഗവുമാണ്‌ റിയാദിലെ പീസ്‌ ഇന്ത്യ പ്രവര്‍ത്തര്‍ മുഖേനെ പരാതിയുമായി എംബസിയെ സമീപിച്ചത്‌.

ഹൈദരാബാദിലെ പവര്‍ലൈന്‍ എന്ന ഏജന്‍സി മുഖാന്തിരം റിക്രൂട്ട്‌ ചെയ്‌ത്‌ സൗദിയിലെത്തിയ ഇവര്‍ക്ക്‌ ഇതുവരെ താമസ വിസയുള്‍പ്പെടെയുള്ള ഔദ്യോഗിക രേഖകളൊന്നും നല്‍കിയിട്ടില്ല. ഇഖാമ, വര്‍ക്ക്‌ പെര്‍മിറ്റ്‌, ഹെല്‍ത്ത്‌ ഇന്‍ഷുറന്‍സ്‌ ഇവയാണ്‌ കിട്ടാത്തത്‌. മാസങ്ങളായി ശമ്പളവും കിട്ടിയിട്ടില്ലെന്ന്‌ ഇവര്‍ പരാതിയില്‍ പറയുന്നു. ഒട്ടും സുരക്ഷിതമല്ലാത്തതും വൃത്തിഹീനവുമായ സ്ഥലത്താണ്‌ പാര്‍പ്പിച്ചിരിക്കുന്നതെന്നും ഭയപ്പാടോടെയാണ്‌ കഴിഞ്ഞുകൂടുന്നതെന്നും ഇവര്‍ പരാതിപ്പെടുന്നു. ഇഖാമയുള്‍പ്പെടെയുള്ള ഔദ്യോഗിക രേഖകളില്ലാത്തതിനാല്‍ സൗദി തൊഴില്‍ കോടതിയെ സമീപിക്കാനും കഴിയുന്നില്ല. താല്‍ക്കാലിക തിരിച്ചറിയല്‍ രേഖ അനുവദിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ എംബസി തൊഴില്‍കാര്യ വിഭാഗത്തിന്‌ അപേക്ഷയും നല്‍കി.

തങ്ങളെ റിക്രൂട്ട്‌ ചെയ്‌ത ഏജന്‍സിക്കെതിരെ നടപടിയാവശ്യപ്പെട്ട്‌ പ്രൊട്ടക്ടര്‍ ജനറല്‍ ഓഫ്‌ എമിഗ്രന്റ്‌സിനും പരാതി അയച്ചു. ആന്ധ്രാപ്രദേശ്‌ മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡി, കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്നിവര്‍ക്കും പ്ലീസ്‌ ഇന്ത്യ പരാതി അയച്ചിട്ടുണ്ട്‌. പ്ലീസ്‌ ഇന്ത്യ ലീഗല്‍ കസള്‍ട്ടന്റ്‌ അഡ്വ. വിക്രമന്‍, അഡ്വ. ബി. സുരേഷ്‌ കുമാര്‍, കോര്‍ഡിനേറ്റര്‍ ലത്തീഫ്‌ തെച്ചി എന്നിവരാണ്‌ സഹായവുമായി രംഗത്തുള്ളത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക