Image

അബ്‌ദുള്ളപ്പ അവാര്‍ഡ്‌ ജോണ്‍ തോമസിന്‌

അനില്‍ കുറിച്ചിമുട്ടം Published on 06 March, 2012
അബ്‌ദുള്ളപ്പ അവാര്‍ഡ്‌ ജോണ്‍ തോമസിന്‌
ദമാം : കഴിഞ്ഞ ഒരു പതിറ്റാണ്‌ട്‌ കാലമായി ദമാം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിനും ഇന്ത്യന്‍ സമൂഹത്തിനും നല്‍കിയ സേവനങ്ങളും വിദ്യാഭ്യാസ പുരോഗതിക്കു നല്‍കിയ സംഭാവനകളും പരിഗണിച്ച്‌ പ്രശസ്‌ത സാമൂഹിക പ്രവര്‍ത്തകനും ചിന്തകനും ശാസ്‌ത്രജ്‌ഞനുമായിരുന്ന അബ്‌ദുള്ളപ്പയുടെ നാമധേയത്തിലുള്ള അബ്‌ദുള്ളപ്പ അവാര്‍ഡ്‌ ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ ജോണ്‍ തോമസിന്‌ നല്‍കുമെന്ന്‌ ഹെറിറ്റേജ്‌ ഇന്ത്യ ഭാരവാഹികള്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമന്‍ രൂപകല്‍പ്പന ചെയ്‌ത ഫലകവും പ്രശസ്‌തി പത്രവുമടങ്ങുന്ന അവാര്‍ഡ്‌. ഏപ്രില്‍ ആദ്യവാരം സമര്‍പ്പിക്കുമെന്ന്‌ അവാര്‍ഡ്‌ദാന ചടങ്ങില്‍ ഇന്ത്യന്‍ അംബാസഡര്‍ പറഞ്ഞു. കേന്ദ്ര, കേരള മന്ത്രിമാര്‍, പ്രവാസി വ്യവസായ പ്രമുഖര്‍ തുടങ്ങിയവര്‍ സംബന്‌ധിക്കുമെന്ന്‌ സംഘാടകര്‍ അറിയിച്ചു.

പത്തനംതിട്ട അടൂര്‍ സ്വദേശി മണ്ണിക്കരോട്ട്‌ തോമസിന്റെയും കുഞ്ഞമ്മ തോമസിന്റെയും മകനായ ജോണ്‍ തോമസ്‌ 24 വര്‍ഷമായി സൗദി അറേബ്യയില്‍ കണ്‍സള്‍ട്ടന്റ്‌ എന്‍ജിനീയറായി ജോലി ചെയ്യുന്നു. ഭാര്യ ഷീബാ ജോണ്‍ അല്‍ കോബാര്‍ അല്‍- മന ജനറല്‍ ആശുപത്രിയില്‍ സീനിയര്‍ ഗൈനക്കോളജിസ്‌റ്റാണ്‌. രണ്‌ട്‌ പെണ്‍കുട്ടികളുണ്‌ട്‌.

ദമാം ഇന്ത്യന്‍ സ്‌കൂളിന്റെ സ്‌ഥാപകനും മുന്‍ ചെയര്‍മാനും കെ.എഫ്‌.യു.പി.എം ല്‍ ശാസ്‌ത്രജ്‌ഞനുമായിരുന്ന അബ്‌ദുള്ളപ്പ 2001 ഏപ്രില്‍ 17നാണ്‌ നിര്യാതനായത്‌. രണ്‌ട്‌ പതിറ്റാണ്‌ടു കാലം ജീവകാരുണ്യ, സാമൂഹിക, സാംസ്‌കാരിക, വിദ്യഭ്യാസ പ്രവര്‍ത്തനങ്ങള്‍ പ്രചരണങ്ങളുടെയും, ആള്‍ക്കൂട്ടങ്ങളുടെയും ആരവങ്ങളില്ലാതെ തന്റെ സമയവും അധ്വാനവും സ്വയം സമര്‍പ്പിച്ച്‌ സൗദിയിലെ കിഴക്കന്‍ പ്രവിശ്യയില്‍ ഇന്ത്യന്‍ സമൂഹത്തിന്‌ ദിശാബോധം നല്‍കിയ ഒരു മഹത്‌ വ്യക്‌തിത്ത്വമായിരുന്നു അബ്‌ദുള്ളപ്പ. ഹെറിറ്റേജ്‌ ഇന്ത്യയുടെ സ്‌ഥാപകന്‍ കൂടിയായ അദ്ദേഹത്തിന്റെ പേരില്‍ ആദ്യമായാണ്‌ ഒരു അവാര്‍ഡ്‌ ഏര്‍പ്പെടുത്തിയിരിക്കുന്നത്‌.
അബ്‌ദുള്ളപ്പ അവാര്‍ഡ്‌ ജോണ്‍ തോമസിന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക