Image

യു.പിയില്‍ എസ്.പി, പഞ്ചാബില്‍ അകാലി ദള്‍ സഖ്യം

Published on 06 March, 2012
യു.പിയില്‍ എസ്.പി, പഞ്ചാബില്‍ അകാലി ദള്‍ സഖ്യം
ലക്‌നൗ: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോള്‍ യു.പിയില്‍ ഒരു കക്ഷിക്കും ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം കിട്ടില്ലെന്ന് ഉറപ്പായി. യു.പി നിയമസഭയില്‍ സമാജ്‌വാദി പാര്‍ട്ടി ഏറ്റവും വലിയ ഒറ്റകക്ഷിയാകും. നിലവിലെ ലീഡ് നില പ്രകാരം 170 ലധികം സീറ്റ് എസ്.പിക്ക് ലഭിച്ചേക്കാം. 50 ഓളം സീറ്റുകളില്‍ ജയിക്കാന്‍ സാധ്യതയുള്ള കോണ്‍ഗ്രസിന്റെ പിന്തുണയോടെ എസ്.പിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരുണ്ടാകാനാണ് എല്ലാ സാധ്യതയും. ഭരണകക്ഷിയായ ബി.എസ്.പി യു.പിയില്‍ പ്രതിപക്ഷത്തിരിക്കേണ്ടി വരുമ്പോള്‍ ബി.ജെ.പി നില മെച്ചപ്പെടുത്തി.

രാഹുല്‍ മാജിക് പ്രതീക്ഷിച്ച കോണ്‍ഗ്രസിന് പക്ഷേ വോട്ടിങ്ങില്‍ അത് അത്രകണ്ട് പ്രതിഫലിച്ചിട്ടില്ലെന്നാണ് ഫലം വ്യക്തമാക്കുന്നത്. എങ്കിലും കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് കോണ്‍ഗ്രസിന് ഇരട്ടിയിലേറെ സീറ്റുകള്‍ നേടാനുമായി. പഞ്ചാബ് രാഷ്ട്രീയത്തില്‍ അകാലിദള്‍-ബി.ജെ.പി സഖ്യം ചരിത്രം കുറിച്ച് വീണ്ടും ഭരണം ഉറപ്പാക്കി. 1972 ന് ശേഷം ഇതാദ്യമായാണ് പഞ്ചാബില്‍ തുടര്‍ഭരണമുണ്ടാകുന്നത്. കോണ്‍ഗ്രസ് ഉറപ്പായും ഭരിക്കാനുള്ള ഭൂരിപക്ഷം പ്രതീക്ഷിച്ച സംസ്ഥാനമായിരുന്നു പഞ്ചാബ്.


ലീഡ് നില മാറിമറിയുന്ന ഉത്തരാഖണ്ഡില്‍ ഏത് കക്ഷി അധികാരത്തിലെത്തുമെന്ന് ഇനിയും വ്യക്തമായിട്ടില്ല. 70 അംഗ സഭയില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാകുമ്പോഴു പക്ഷേ ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിച്ചേക്കില്ല. നാല് സീറ്റ് നേടിയ ബി.എസ്.പിയുടെ നിലപാട് ഇവിടെ നിര്‍ണായകമാകും.


മണിപ്പൂരില്‍ വീണ്ടും അധികാരത്തിലെത്താമെന്നത് മാത്രമാണ് കോണ്‍ഗ്രസിന് ആശ്വാസം നല്‍കുന്ന ഫലം. ശക്തമായ മത്സരം നടക്കുന്ന ഗോവയിലും ഭരണകക്ഷിയായ കോണ്‍ഗ്രസിനെ പിന്തള്ളി ബി.ജെ.പി ബഹുദൂരം മുന്നിലാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക