Image

വിവാദ എം.എല്‍.എക്ക് കൂടരഞ്ഞി പഞ്ചായത്തിന്റെയും സംരക്ഷണം (എ.എസ് ശ്രീകുമാര്‍)

Published on 19 August, 2017
വിവാദ എം.എല്‍.എക്ക് കൂടരഞ്ഞി പഞ്ചായത്തിന്റെയും സംരക്ഷണം (എ.എസ് ശ്രീകുമാര്‍)
നിലമ്പൂര്‍: നിയമലംഘന വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ക്ലീന്‍ ചിറ്റ് നല്‍കിയ പി.വി അന്‍വര്‍ എം.എല്‍.എയെ കൂടരഞ്ഞി പഞ്ചായത്തും കൈവിടില്ല. കക്കാടംപൊയിലില്‍ എം.എല്‍.എയുടെ ഉടമസ്ഥതയിലുള്ള വാട്ടര്‍ തീം പാര്‍ക്കിനുള്ള അനുമതി പിന്‍വലിക്കേണ്ടതില്ലെന്നാണ്് കൂടരഞ്ഞി പഞ്ചായത്തിന്റെ തീരുമാനം. പഞ്ചായത്ത് ഭരണസമിതിയുടെ യോഗത്തിലാണ് ഏകകണ്ഠമായയ ഈ തീരുമാനം. അന്‍വറിന്റെ പാര്‍ക്ക് നിയമങ്ങള്‍ ലംഘിച്ചതായി പഞ്ചായത്തിന് ബോധ്യപ്പെട്ടിട്ടില്ല. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതി പിന്‍വലിച്ച കാര്യം പഞ്ചായത്തിന് അറിയില്ലെന്നും ഭരണസമിതി നിലപാടെടുത്തു. വാട്ടര്‍ തീം പാര്‍ക്കുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നിട്ടുള്ള വിഷയങ്ങള്‍ അന്വേഷിക്കാന്‍ പഞ്ചായത്ത് ഉപസമിതിയെ നിശ്ചയിച്ചിട്ടുണ്ട്. ഈ മാസം 31ന് മുമ്പ് ഉപസമിതി വിഷയങ്ങള്‍ പരിശോധിക്കും. അതിന് ശേഷം മാത്രമെ എന്തെങ്കിലും നടപടികള്‍ വേണമോ എന്ന കാര്യം ആലോചിക്കേണ്ടതുള്ളുവെന്നാണ് ഭരണസമിതിയുടെ നിലപാട്.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ നിലമ്പൂരില്‍ സി.പി.എം സ്വതന്ത്രനായി അന്‍വര്‍ മത്സരിച്ചപ്പോള്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ ശക്തമായ എതിര്‍പ്പുണ്ടായിരുന്നു. എങ്കിലും പതിറ്റാണ്ടുകള്‍ക്ക് ശേഷം നിലമ്പൂര്‍ തിരിച്ച് പിടിക്കാന്‍ സി.പി.എമ്മിന് സാധിച്ചു. ആ നന്ദിയാണ് ഇപ്പോള്‍ സി.പി.എമ്മും മുഖ്യമന്ത്രിയും അന്‍വറിനോട് കാണിക്കുന്നതെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. അന്‍വര്‍ നടത്തിയ നിയമലംഘനങ്ങളെ അത്ര ലാഘവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്. എന്നാല്‍ യു.ഡി.എഫ് ഭരിക്കുന്ന കൂടരഞ്ഞി പഞ്ചായത്ത് ഉപസമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് എം.എല്‍.എയുടെ വാട്ടര്‍ തീം പാര്‍ക്കിന് അനുമതി നല്‍കിയത്. പാര്‍ക്കിന് ആവശ്യമായ രേഖകളുണ്ടെന്നും നാടിന് ഗുണകരമായ പദ്ധതിയാണെന്നും ഉപസമിതി കണ്ടെത്തിയിരുന്നു. സി.പി.എം, കോണ്‍ഗ്രസ് പ്രതിനിധികള്‍ ഉള്‍പ്പെട്ട ഉപസമിതി റിപ്പോര്‍ട്ടിന്റെ പകര്‍പ്പും പുറത്തു വന്നിട്ടുണ്ട്. വാട്ടര്‍ തീം പാര്‍ക്ക് നിര്‍മ്മാണത്തില്‍ നിയമ ലംഘനം നടന്നതായി വിവരാവകാശരേഖയും പുറത്തുവന്നു.

പഞ്ചായത്ത് ഭരണസമിതിയുടെ ഇന്നത്തെ യോഗത്തിന് തൊട്ടുമുമ്പ് വാട്ടര്‍ തീം പാര്‍ക്ക് പൂട്ടേണ്ട കാര്യമില്ലെന്ന് പഞ്ചായത്ത് സെക്രട്ടറി പറയുകയുണ്ടായി. ഈ സമയം അന്‍വര്‍ ആ പരിസരത്ത് ഉണ്ടായിരുന്നുവെന്നത് ശ്രദ്ധേയമാണ്. പരിസ്ഥിതി ലോല മേഖലയില്‍ ചട്ടങ്ങള്‍ ലംഘിച്ച് വാട്ടര്‍ തീം പാര്‍ക്ക് നിര്‍മിച്ചതുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണങ്ങളാണ് എം.എല്‍.എയ്‌ക്കെതിരെ ഉയര്‍ന്നിട്ടുള്ളത്. കക്കാടംപൊയിലില്‍ അന്‍വറിന്റെ പി.വി.ആര്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ നേതൃത്വത്തിലാണ് വാട്ടര്‍ തീം പാര്‍ക്ക് നിര്‍മിച്ചത്. ഗുരുതരമായ നിരവധി നിയമലംഘനങ്ങളാണ് ചൂണ്ടിക്കാണിക്കപ്പെട്ടിരിക്കുന്നത്. പഞ്ചായത്തിന്റെ അനുമതി കിട്ടും മുമ്പ് തന്നെ പാര്‍ക്കിന്റെ നിര്‍മാണ ജോലികള്‍ തുടങ്ങിയിരുന്നു. പാര്‍ക്ക് പ്രവര്‍ത്തിച്ച് തുടങ്ങിയപ്പോഴും നിയമ ലംഘനം തുടര്‍ന്നു. പഞ്ചായത്തിന്റെ അനുമതിയില്ലാതെ ആയിരുന്നു ടിക്കറ്റ് വില്‍പന നടത്തിയത്. പിന്നീട് ഇതില്‍ പിഴയടച്ച് രക്ഷപ്പെടുകയായിരുന്നു. ഇതുപോലെ പല ക്രമക്കേടുകള്‍ക്കും പിഴയടച്ചിട്ടുണ്ട്.

താത്കാലിക കെട്ടിട നിര്‍മാണത്തിനായിരുന്നു അഗ്‌നിശമന സേനയുടെ സമ്മതിപത്രം ലഭിച്ചത്. എന്നാല്‍ ഇതുവച്ചാണ് പാര്‍ക്കിലെ മുഴുവന്‍ നിര്‍മാണം പ്രവര്‍ത്തനങ്ങളും നടത്തിയത്. പഞ്ചായത്തില്‍ നിന്ന് ഒരു കെട്ടിട നമ്പര്‍ കിട്ടണം എങ്കില്‍ എത്ര കഷ്ടപ്പെടണം എന്ന് നാട്ടുകാര്‍ക്കറിയാം. അപ്പോഴാണ് അനുമതിയില്ലാതെ നിര്‍മിച്ച പാര്‍ക്കിലെ കെട്ടിടങ്ങള്‍ക്കെല്ലാം തന്നെ പഞ്ചായത്ത് കെട്ടിട നമ്പര്‍ അനുവദിച്ചത്. രണ്ട് മലകള്‍ ഇടിച്ചു നിരത്തിയാണ് വാട്ടര്‍ തീം പാര്‍ക്ക് നിര്‍മിച്ചത്. ഇതിന് ജിയോളജി വകുപ്പിന്റെ അനുമതിയും ലഭിച്ചിരുന്നില്ലത്രെ. പുഴയില്‍ ചെക്ക് ഡാം നിര്‍മിച്ചാണ് പാര്‍ക്കിലേക്ക് ആവശ്യമായ വെള്ളം എത്തിക്കുന്നത്. ഇത് ക്രിമിനല്‍ കുറ്റമാണ്. ആദിവാസികള്‍ ഉള്‍പ്പെടെയുള്ളവരുടെ കുടിവെള്ളത്തെ പോലും ബാധിക്കുന്ന കാര്യം. ഇക്കാര്യത്തില്‍ വനംവകുപ്പിന്റെ അന്വേഷണം തുടങ്ങിയിട്ടുണ്ട്. പാര്‍ക്കിലെ റസ്റ്റോറന്റ് നിര്‍മാണത്തിന് ജില്ലാ കളക്ടര്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. എന്നാല്‍ ഇത് തീര്‍ത്തും അവഗണിച്ച് റസ്‌റ്റോറന്റ് നിര്‍മാണവും നടത്തി.

പാര്‍ക്കിനോടനുബന്ധിച്ച് റോപ്പ് വേയും നിര്‍മിച്ചിട്ടുണ്ട്. ഇതിനും മുന്‍കൂര്‍ അനുമതി വാങ്ങിയിട്ടുണ്ടായിരുന്നില്ല. പാര്‍ക്ക് നിര്‍മാണത്തിന് ടൗണ്‍ പ്ലാനറുടെ അനുമതി അത്യാവശ്യമാണ്. എന്നാല്‍ ഇതൊന്നും ചെയ്യാതെ ആണ് കോടികള്‍ മുടക്കി പാര്‍ക്ക് കെട്ടിപ്പൊക്കിയത്. 20 ഡിഗ്രിയില്‍ കൂടുതല്‍ ചരിവുള്ള സ്ഥലത്ത് ഇത്തരം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പാടില്ല. ആ നിബന്ധനയും കാറ്റില്‍ പറത്തിയാണ് രണ്ടരലക്ഷം ലിറ്റര്‍ ലെള്ളം കെട്ടിനിര്‍ത്തിയിരിക്കുന്നത്. എന്നാല്‍ മലിനീകരണ നിയന്ത്രണത്തിന് അവശ്യമായ സംവിധാനങ്ങളും ഇവിടെ ഇല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അന്‍വറിനെതിരെ ഇത്രയേറെ തെളിവുകള്‍ കിട്ടിയിട്ടും സര്‍ക്കാര്‍ നടപടിയെടുക്കാന്‍ എന്തിനാണ് ഭയക്കുന്നത് എന്നത് വളരെ നിര്‍ണായകമായ ചോദ്യമാണ്. ഒന്നും അറിഞ്ഞിരുന്നില്ലെന്ന് പറയുന്നതില്‍ ഒരു അര്‍ത്ഥവും ഇല്ല. എന്നാല്‍ ആരോപണങ്ങള്‍ക്ക് പിന്നില്‍ ആര്യാടന്‍ മുഹമ്മദിന്റെ ബിനാമി ആണ് എന്നാണ് പിവി അന്‍വറിന്റെ ആരോപണം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ആര്യാടന്‍ മുഹമ്മദിന്റെ മകന്‍ ആര്യാടന്‍ ഷൗക്കത്തിനെ ആയിരുന്നു നിലമ്പൂരില്‍ അന്‍വര്‍ പരാജയപ്പെടുത്തിയത്.

അതേസമയം മലപ്പുറം കളക്ടര്‍ ശക്തമായ നടപടിയെടുത്തിരിക്കുകയാണ്. അന്‍വര്‍ കക്കാടം പൊയിലില്‍ അനധികൃതമായി നിര്‍മ്മിച്ച ചെക്ക് ഡാം പൊളിക്കാനാണ് മലപ്പുറം ജില്ലാ കളക്ടറുടെ ഉത്തരവ്. സംഭവവുമായി ബന്ധപ്പെട്ട് ഇറിഗേഷന്‍ വിഭാഗത്തിന് ഡാം പൊളിക്കാന്‍ നിര്‍ദ്ദേശം നല്‍കിയെന്ന് കളക്ടര്‍ അമിത് മീണ വ്യക്തമാക്കി. എട്ടുമാസം മുമ്പ് കളക്ടര്‍ നല്‍കിയ ഉത്തരവ് മുട്ടാപ്പോക്ക് ന്യായം പറഞ്ഞ് പൊതുമരാമത്ത് വകുപ്പ് വൈകിപ്പിക്കുകയായിരുന്നെന്നാണ് പരാതിയുണ്ടായിരുന്നു. ഡാം പൊളിക്കാന്‍ മുന്‍ ജില്ലാ കളക്ടര്‍ ടി. ഭാസ്കരന്‍ ആണ് ആദ്യം ഉത്തരവിട്ടത്. ഡാം പൊളിക്കാനുള്ള സാങ്കേതിക ശേഷിയില്ലെന്ന് പി.ഡബ്ല്യൂ.ഡി അധികൃതര്‍ വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് ഡാം പൊളിക്കാനുള്ള ചുമതല ഇറിഗേഷന്‍ ഡിപ്പാര്‍മെന്റിനെ ഏല്‍പ്പിച്ചിരിക്കുന്നത്. അന്‍വര്‍ അനധികൃതമായി നിര്‍മ്മിച്ച അമ്യൂസ്‌മെന്റ് പാര്‍ക്ക് വിവാദമായതിനിടെയാണ് കളക്ടറുടെ ഉത്തരവ് പുറത്തുവന്നിരിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക