Image

ഗുജറാത്ത് രാജ്യസഭ തെരഞ്ഞെടുപ്പ് നല്‍കുന്ന പാഠം(ഡല്‍ഹികത്ത് : പി.വി.തോമസ് )

പി.വി.തോമസ് Published on 17 August, 2017
ഗുജറാത്ത് രാജ്യസഭ തെരഞ്ഞെടുപ്പ് നല്‍കുന്ന പാഠം(ഡല്‍ഹികത്ത്  : പി.വി.തോമസ് )
ഓഗസ്റ്റ് ആദ്യവാരത്തില്‍ ഗുജറാത്തില്‍ നിന്നുമുള്ള മൂന്ന് രാജ്യസഭ സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ഇന്‍ഡ്യന്‍ ജനാധിപത്യ രാഷ്ട്രീയ വ്യവസ്ഥയുടെ വികൃതമായ ഒരു മുഖം അനാവരണം ചെയ്യുന്നത് ആയിരുന്നു. സാധാരണഗതിയില്‍ രാജ്യസഭ തെരഞ്ഞെടുപ്പു യാതൊരു കൗതുകവും ഉണര്‍ത്താറില്ല. കാരണം വിജയിയെ തുടക്കത്തിലെ തന്നെ അറിയാം ഒരു പാര്‍ട്ടിയുടെ അംഗബലത്തിന്റെ അടിസ്ഥാനത്തില്‍. മൂന്നു സീറ്റുകളിലും മത്സരിച്ചത് ഹൈപ്രൊഫയില്‍ നേതാക്കന്മാര്‍ ആയിരുന്നനു: അമതി ഷാ, സ്മൃതി ഇറാനി(ബി.ജെ.പി.) അഹമ്മദ് പട്ടേല്‍ (കോണ്‍ഗ്രസ്). ഇതില്‍ ഷായുടെയും ഇറാനിയുടെയും വിജയം സുനിശ്ചിതം ആയിരുന്നു. കാരണം ബി.ജെ.പി. സംസ്ഥാന നിയമ സഭയില്‍ ആവശ്യമായ അംഗബലം ഉണ്ട്. പട്ടേലിന്റെ തെരഞ്ഞെടുപ്പ് അവസാനം വരെ നാടകീയത നിറഞ്ഞതായിരുന്നു. ഇതിനെ നെയ്ല്‍ ബയിറ്റിംങ്ങ് ഫിനീഷിംഗ് എന്നോ ക്ലിഫ് ഹാങ്ങര്‍  എന്നോ ഒക്കെ വിശേഷിപ്പിക്കാവുന്നതാണ്. തെരഞ്ഞെടുപ്പിന്റെ മേരില്‍ നടന്നതാകട്ടെ കുതിരക്കച്ചവടവും എം.എല്‍.എ.മാരെ വിലക്കു വാങ്ങലും. ഒരു എം.എല്‍.എ.യുടെ വില 15 കോടി ആയിരുന്നുവെന്നാണ് കമ്പോള വിവരം! ഇത് കൊടുക്കുവാന്‍ തയ്യാറായി നില്‍ക്കുന്നത് അഴിമതിക്കെതിരെ ലോക മഹായുദ്ധം പ്രഖ്യാപിച്ചിരിക്കുന്ന ഒരു പാര്‍ട്ടിയും(ബി.ജെ.പി.). ഇത് വാങ്ങുവാനായി കച്ചകെട്ടി നില്‍ക്കുന്നതാകട്ടെ ദേശീയതയുടെയും മതനിരപേക്ഷതയുടെയും പരിവേഷമുള്ള ഒരു പാര്‍ട്ടിയുടെ ടിക്കറ്റില്‍(കോണ്‍ഗ്രസ്) തെരഞ്ഞെടുപ്പ് ജയിച്ച സാമാജികത്വം! എന്തിനാണ് ബി.ജെ.പി. ഈ രാഷ്ട്രീയ അധാര്‍മ്മികതയ്ക്ക് മുതിര്‍ന്നത്? എന്തിനാണ് ബി.ജെ.പി.യും കോണ്‍ഗ്രസും ഈ മൂന്നാം സീറ്റ് ഒരു അഭിമാനപ്രശ്‌നം ആക്കിയത്? ബി.ജെ.പിക്കും അമിത്ഷാക്കും സോണിയാഗാന്ധിയുടെ രാഷ്ട്രീയ ഉപദേശകനായ പട്ടേലിനെ തോല്‍പിക്കണം. തെരഞ്ഞെടുപ്പിന് മുമ്പായി ഷാ പറഞ്ഞുവത്രെ അദ്ദേഹം ആദ്യമായി പ്രവേശിക്കുന്ന ഉപരിസഭയില്‍ അഞ്ചുപ്രാവശ്യം ജയിച്ച പട്ടേല്‍ ഉണ്ടായിരിക്കരുതത്രെ. എന്ത് ധാര്‍ഷ്ട്യം! എന്ത് അഹങ്കാരം! കോണ്‍ഗ്രസിനാണെങ്കില്‍ പാര്‍ട്ടി അദ്ധ്യക്ഷയുടെ രാഷ്ട്രീയ ഉപദ്ദേഷ്ടാവ് ജയിക്കുകയും വേണം. ഇതിനായിട്ടാണ് പാര്‍ട്ടി 44 ജനപ്രതിനിധികളെ കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണ്ണാടകയിലെ(ബാംഗ്ലൂര്‍) ഒരു പാര്‍ട്ടി മന്ത്രിയുടെ റിസോര്‍ട്ടിലേക്ക് രാക്ക് രാമാനം വിമാനം കയറ്റിയത്. എന്താണ് ഇതിന്റെ ഒക്കെ സാമ്പത്തീക ചിലവ്? എന്തിനുവേണ്ടിയാണ് ഈ വന്‍ ദുര്‍വ്യയങ്ങള്‍? ബി.ജെ.പി. ആകട്ടെ ആദായ വകുപ്പിനെ ഉപയോഗിച്ച് ഈ റിസോര്‍ട്ട് രാഷ്ട്രീയത്തിന്റെ നേതാവായ മന്ത്രിയുടെ ബാംഗ്ലൂരിലെയും ദല്‍ഹിയിലെയും വസതികള്‍ റെയ്ഡ് ചെയ്തു. സി.ബി.ഐ. യെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെയും ആദായ നികുതി വിഭാഗത്തെയും രാഷ്ട്രീയ പകപോക്കലിനായി കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടി ദുരുപയോഗപ്പെടുത്തുന്നത് ഇത് ആദ്യമായിട്ടല്ല. അതുകൊണ്ട് പ്രസ്തുത കര്‍ണ്ണാടക കോണ്‍ഗ്രസ് മന്ത്രി പുണ്യവാളന്‍ ആണെന്ന് ഇവിടെ വാദം ഇല്ല.

 ഇവിടത്തെ ചോദ്യം എന്തിനാണ് ഒരു രാജ്യസഭ തെരഞ്ഞെടുപ്പിന്റെ പേരില്‍ ഈ വക കോലാഹലങ്ങള്‍? എന്തിനാണ് ആദ്യം ചോദിച്ചതുപോലെ ഈ റിസോര്‍ട്ട് രാഷ്ട്രീയം?  എന്തുകൊണ്ട് ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക്  സ്വന്തം എം.എല്‍.എ.മാരെ വിശ്വാസം ഇല്ല? എന്തുകൊണ്ട് മറ്റൊരു രാഷ്ട്രീയ പാര്‍ട്ടി ആളുപിടിത്തത്തിനായി ചാക്കും കെട്ടുകണക്കിന് പണവുമായി ഇറങ്ങിതിരിക്കുന്നു? എവിടെ നിന്നും വരുന്നു ഈ കോടികള്‍? എന്തുകൊണ്ട് ഇത് നല്‍കുന്നവര്‍ക്കും വാങ്ങിക്കുന്നവര്‍ക്കും എതിരെ ഒരു റെയ്ഡ് നടത്തുന്നില്ല? എം.എല്‍.എ.യെ. വാങ്ങലിന്റെയും ക്രോസ് വോട്ടിംങ്ങിന്റെയും രാഷ്ട്രീയ ധാര്‍മ്മികത് എന്ത് ആണ്? എന്തുകൊണ്ടാണ് രാജ്യസഭ തെരഞ്ഞെടുപ്പ് കോടികള്‍ കൈമാറുന്ന കച്ചവട കമ്പോളം ആയി അധഃപതിക്കുന്നത്? എന്തിനാണ് മോഡിയും ഷായും ഇതിന് കൂട്ടു നില്‍ക്കുന്നത്? എന്തുകൊണ്ടാണ് സോണിയഗാന്ധിക്കും രാഹുല്‍ഗാന്ധിക്കും പാര്‍ട്ടി സാമാജികരെ ഒപ്പം നിറുത്തുവാന്‍ സാധിക്കാത്തത്? എന്തുകൊണ്ടാണ് ശങ്കര്‍സിന്‍ വഗേലക്ക് പാര്‍ട്ടിസാമാജികരെ(7 പേര്‍) അടര്‍ത്തി എടുക്കുവാന്‍ സാധിച്ചത്? എന്തുകൊണ്ടാണ് റിസോര്‍ട്ട് രാഷ്ട്രീയത്തിന്റെ തടവുകാരായ 44 സാമാജികരില്‍ ഒരാളെങ്കിലും ക്രോസ്വോട്ട് ചെയ്തത്? എന്തുകൊണ്ട് രണ്ട് കോണ്‍ഗ്രസ് വിമത സാമാജിക വിധേയര്‍ വോട്ടിനി ശേഷം ബാലററ് പേപ്പര്‍ പൊക്കി പിടിച്ച് ഷായെയും മറ്റും കാണിച്ച് ബോദ്ധ്യപ്പെടുത്തി വിധേയത്വം പ്രകടിപ്പിച്ച് ചട്ടലംഘനം നടത്തിയത്? ഇതെല്ലാം ഇന്‍ഡ്യന്‍ ജനാധിപത്യത്തിന്റെ ഇന്നത്തെ ദുരവസ്ഥയെ അടിവരയിട്ട് കാണിക്കുന്നതല്ലേ? ബി.ജെ.പി.യുടെ കുത്സിത രാഷ്ട്രീയവും കോണ്‍ഗ്രസിന്റെ കൗടല്ല്യ തന്ത്രങ്ങളും സ്വന്തം പാര്‍ട്ടി സാമാജികരെ ഒപ്പം നിര്‍ത്തുന്നതിലുള്ള പരാജയവും ആണ് ഇത് തുറന്ന് കാട്ടുന്നത്. ഇത് രാജ്യസഭതെരഞ്ഞെടുപ്പിന്റെ പവിത്രതയെ കളങ്കപ്പെടുത്തിയിരിക്കുകയാണ്. രാജ്യസഭ അത്യുന്നതമായ ഒരു ജനാധിപത്യവേദി ആണ്. അതിനെ ഉപരിസഭയെന്നും കൗണ്‍സില്‍ ഓഫ് സ്റ്റെയിറ്റ്‌സ് എന്നും ഹൗസ് ഓഫ് എല്‍ഡേഴ്‌സ് എന്നും ഒക്കെ വിളിച്ച് ആദരിക്കുന്നത് ആണ്. അതിനെയാണ് അമിത് ഷായും അഹമ്മദ് പട്ടേലും അവഹേളിച്ചിരിക്കുന്നത്. അഹമ്മദ് പട്ടേലിനെ തോല്‍പിക്കുക, രാജ്യസഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷി ആവുക എന്ന ബി.ജെ.പി.യുടെ ലക്ഷ്യം ആയിരുന്നു ഇതിന്റെ പിന്നില്‍. അഹമ്മദ് പട്ടേലിനെ തോല്‍പിക്കുവാന്‍ ആയില്ല ഷാക്ക്. പണം കൊടുത്തു വാങ്ങിയ കോണ്‍ഗ്രസ് വിമത സാമാജികരുടെ അത്യത്സാഹപരമായ അതിവിധേയകത്വം മൂലം അവരുടെ വോട്ടുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അസാധുവാക്കി. അങ്ങനെ തികച്ചും സാങ്കേതികത്വത്തിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് വിജയിച്ചു. ഇത് കോണ്‍ഗ്രസിന്റെ വിജയം അല്ല അതിനാല്‍. അത് ബി.ജെ.പി.യുടെ പരാജയവും അല്ല. ജനാധിപത്യത്തിന്റെ പരാജയം ആണ്.
ഒരു കണക്കിന് ഈ രാഷ്ട്രീയ അധാര്‍മ്മികത, കുതിരകച്ചവടം ബി.ജെ.പി.യുടെ വിജയം ആണ്. അതിന് ഗുജറാത്ത് കോണ്‍ഗ്രസിനെ പിളര്‍ത്തുവാന്‍ സാധിച്ചു. കോണ്‍ഗ്രസ് സാമാജികരെ കോടികള്‍ മുടക്കി വിലക്ക് വാങ്ങിക്കുവാന്‍ സാധിച്ചു. കോണ്‍ഗ്രസ് അദ്ധ്യക്ഷയുടെ വക്കുവരെ എത്തിക്കുവാന്‍ സാധിച്ചു. കോണ്‍ഗ്രസിനെ റിസോര്‍ട്ട് രാഷ്ട്രീയത്തിലേക്ക് തള്ളിവിട്ട് കോടികള്‍  മുടക്കുവാന്‍ ഇടവരുത്തി. കോണ്‍ഗ്രസ് മന്ത്രിയെ റെയ്ഡു ചെയ്യുവാനും സാധിച്ചു. ഇതിലെല്ലാം ബി.ജെ.പി.യും ഷായും വിജയിച്ചു. കൗടല്ല്യ രാഷ്ട്രീയത്തില്‍ ഇതൊക്കെ വലിയവിജയങ്ങള്‍ തന്നെ ആണ്.
 കോണ്‍ഗ്രസ് അനിത സാധാരണമായ ഒരു ഉണര്‍വ്വും കാര്യക്ഷമതയും ഒന്നൊരുമിപ്പും പ്രകടിപ്പിച്ചു. സോണിയയോടും പട്ടേലിനോടും ഉള്ള വിധേയത്വം തന്നെ പ്രധാന കാരണം. എം.എല്‍.എ.മാരെ കടത്തി സംരക്ഷിച്ചു. അവരുടെ പിന്തുണ ഉറപ്പിച്ചു. ഗുജറാത്തിലെ റിട്ടേണിങ്ങ് ഓഫീസര്‍ രണ്ട് വിമതര്‍ ബാലറ്റ് പേപ്പര്‍ പൊക്കിപ്പിടിച്ച് വിധേയത്വം മറ്റും ആഘോഷിച്ചതിനെ ദല്‍ഹിയിലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുമ്പാകെ പി.ചിദംബരവും കപില്‍ സിബലും അടങ്ങിയ സംഘത്തിലൂടെ ചോദ്യം ചെയ്യുവാനും വിജയിക്കുവാനും സാധിച്ചു. ഇത് അടുത്തിയിടെ കോണ്‍ഗ്രസ് കാണിച്ച വലിയ ഒരു സാഹസികത ആയിരുന്നു. സത്യം പറഞ്ഞാല്‍ ഗുജറാത്ത് രാജ്യസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി.യും കോണ്‍ഗ്രസും ഇന്‍ഡ്യന്‍ ജനാധിപത്യത്തെ നാണം കെടുത്തിയെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആ നാണം രക്ഷിച്ചു.

ഗുജറാത്ത് രാജ്യസഭ തെരഞ്ഞെടുപ്പിലെ സാങ്കേതികത്വ വിജയം കോണ്‍ഗ്രസ് മതിമറന്ന് ആഘോഷിക്കുകയാണ്. വര്‍ഷാവസാനം നടക്കുവാന്‍ പോകുന്ന സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള ഒരു ചൂണ്ട് പലകയായിട്ടും അതിനെ കൊട്ടിഘെഷിക്കുകയാണ്. ചുമ്മാതെയാണ്. ഇത് വിജയം അല്ല. ഭാഗ്യം ആണ്. നിയമസഭ തെരഞ്ഞെടുപ്പ് മറ്റൊരു പോരാട്ടം ആണ്. അതില്‍ കോണ്‍ഗ്രസിനെ വിജയത്തിലേക്ക് നയിക്കുവാന്‍ പട്ടേലിന് സാധിക്കുമോ? ഇല്ല തന്നെ. ഇതുവരെ എന്താണ് അദ്ദേഹത്തിന്റെ സംഭാവന കോണ്‍ഗ്രസിന്? കാര്യമായിട്ട് ഒന്നും ഇല്ല. അദ്ദേഹത്തിന്റെ കണ്‍മുമ്പില്‍ നേതൃത്വത്തില്‍ അല്ലേ കോണ്‍ഗ്രസ് തുടര്‍ച്ചയായി മൂന്നുപ്രാവശ്യം നിയമസഭ തെരഞ്ഞെടുപ്പില്‍ തോറ്റ് തുന്നം പാടിയത്? അദ്ദേഹത്തിന് എന്ത് ചെയ്യുവാനായി. അങ്ങനെ അക്കമിട്ട് നിരത്തുവാന്‍ വളരെയുണ്ട്. ഒട്ടേറെ ജനപ്രിയ നായകന്മാരുടെ തിരോധാനം ഉള്‍പ്പെടെ. അതിന് തല്‍ക്കാലം മുതിരുന്നില്ല.

ഗുജറാത്ത് രാജ്യസഭ തെരഞ്ഞെടുപ്പ് നല്‍കുന്ന പാഠം(ഡല്‍ഹികത്ത്  : പി.വി.തോമസ് )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക