Image

മുകേഷിന് മധുരപ്പിറന്നാള്‍

Published on 05 March, 2012
മുകേഷിന് മധുരപ്പിറന്നാള്‍
മലയാളത്തിന്റെ പ്രിയതാരം മുകേഷിന് മാര്‍ച്ച് 5 പ്രാധാന്യമേറിയ ദിനമാണ്. അന്നാണ് അദ്ദേഹത്തിന്റെ് പിറന്നാള്‍. ഒരു മനുഷ്യന്‍ ജീവിതത്തില്‍ കടന്നുപോകാന്‍ സാധ്യതയുളവ എല്ലാ അവസ്ഥകളും സ്‌ക്രീനില്‍ ഭംഗിയായി അവതരിപ്പിക്കാന്‍ പ്രാപ്തിയുളള ചുരുക്കം ചില അഭിനേതാക്കളില്‍ പ്രമുഖനാണ് മുകേഷ്. ഈ നടനെ സ്‌ക്രീനില്‍ കാണുമ്പോഴേ ചിരിയുടെ തോരാത്ത പെരുമഴ പ്രതീക്ഷിക്കും പ്രേക്ഷകര്‍. ഏതുനിമിഷവും പെയ്തുതുടങ്ങാം എന്ന മട്ടില്‍ സാകൂതം നോക്കിയിരിക്കുന്നവരെ നിരാശപ്പെടുത്താറുമില്ല ഒ.മാധവന്റെ മകന്‍ മുകേഷ്. മുകേഷ് വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെട്ടാല്‍ അതുവരെയില്ലാത്തൊരു ഉണര്‍വും ഉന്‍മേഷവുമാണ്. 

ജീവിക്കാന്‍ വേണ്ടി തരികിടയുമായി ഇറങ്ങിയ ചെറുപ്പക്കാരന്‍. ആളെ പറ്റിക്കലും ആള്‍മാറാട്ടവും. ഒടുവില്‍ തടികേടാകാതെ രക്ഷപ്പെടലും. ഈയൊരു ഫോര്‍മുല യുണ്ടെങ്കില്‍ നിങ്ങള്‍ക്കും ഒരു സിനിമയെടുക്കാം. സിനിമ വിജയിക്കണമെങ്കില്‍ ഫോര്‍മുലയിലേക്ക് ഒരു ചേരുവ കൂടി വേണം. നായകന്‍ മുകേഷായിരിക്കണം. ഒരേ കഥാതന്തുവില്‍ ഇത്രയധികം സിനിമയില്‍ നായകനായ മറ്റൊരു നടന്‍ മലയാളത്തില്‍ ഉണ്ടാകില്ല. എന്നാല്‍ ഈ ചിത്രങ്ങളുടെയൊക്കെ പ്രത്യേകത, അതെല്ലാം നിര്‍മാ താവിന് ധനലാഭം ഉണ്ടാക്കികൊടുത്തിരിക്കുമെന്നതാണ്. 

1982 ജനുവരി ഏഴിന് ബലൂണ്‍ എന്ന ചിത്രത്തിലൂടെയാണ് വെളളിത്തിരയില്‍ വന്നതെങ്കിലും മൂന്നു വര്‍ഷ ശേഷം റിലീസ് ചെയ്ത മുത്താരംകുന്ന് പിഒ എന്ന സിബിമലയില്‍ ചിത്രത്തിലൂടെയാണ് ഒ.മാധവന്‍ എന്ന നാടകാചാര്യന്റെ മകന്‍ മുകേഷ് മലയാള സിനിമയില്‍ സ്വന്തം സ്ഥാനമുറപ്പിക്കുന്നത്. ജഗദീഷിന്റെ കഥയില്‍ ശ്രീനിവാസന്‍ തിരക്കഥയെഴുതിയ ചിത്രത്തില്‍ മുത്താരംകുന്നില്‍ ജോലിക്കെത്തിയ പോസ്റ്റ്മാസ്റ്ററുടെ റോളിലൂടെ മുകേഷ് മലയാളികളുടെ പ്രിയതാരമായി. പിന്നീട് നായകനായും സഹനടനായും ഇന്നുവരെ സജീവമായി മുകേഷ് ഉണ്ട്. നായകനായും സഹനടനായും അഭിനയിക്കുന്ന അപൂര്‍വം ചില നടന്‍മാരിലൊരാളായി. സിനിമയില്‍ ഇത്രയധികം ആഘോഷത്തോടെ ജീവിക്കുന്ന നടന്‍ വേറെയുണ്ടാകില്ല. അളിയാ എന്ന സ്‌നേഹപൂര്‍വമായ വിളിയില്‍ വീഴാത്തവരാരുണ്ട്? ആ വിളിയിലെ അടുപ്പം തന്നെയാണ് മുകേഷ് ചിത്രങ്ങള്‍ നമ്മള്‍ ഇഷ്ടപ്പെടാനും കാരണം.

പ്രിയദര്‍ശന്റെ ആദ്യകാല കോമഡി ചിത്രങ്ങളിലെല്ലാം മുകേഷ് ഒഴിവാക്കാനാവാത്ത ഘടകമായിരുന്നു. പൊന്നുംകുടത്തിനു പൊട്ട്, അക്കരെ നിന്നൊരു മാരന്‍, ബോയിങ് ബോയിങ്, ഓടരുതമ്മാവാ ആളറയാം എന്നിവയിലെയൊക്കെ തുടര്‍ ഹാസ്യ സീനുകളില്‍ മുകേഷിന്റെ അമളികള്‍ നാം കണ്ടു ചിരിച്ചു. ഇപ്പോഴും ഈ ചിത്രങ്ങള്‍ ടെലിവിഷന്‍ ചാനലുകളില്‍ മടുപ്പില്ലാതെ കണ്ടുകൊണ്ടിരിക്കുന്നു. എന്നാല്‍ സിദ്ദീഖ് ലാല്‍ എന്ന ഇരട്ട സംവിധായകരുടെ വരവോടെയാണ് മുകേഷിന്റെതായ നാളുകള്‍ മലയാളത്തില്‍ എത്തിയത്. റാംജി റാവ് സ്പീക്കിങ് സിദ്ദീഖ് ലാലിനെന്നപോലെ മുകേഷിനും ബ്രേക്കായി. പിന്നീടങ്ങോട്ട് ഹാസ്യചിത്രങ്ങളുടെ പ്രളയമായിരുന്നു. എല്ലാ ചിത്രങ്ങളിലും കഥാതന്തു ഒന്നുതന്നെയായിരിക്കും. 

ജീവിക്കാന്‍ വേണ്ടി കോമാളി വേഷം കെട്ടുകയോ തട്ടിപ്പിനിറങ്ങുകയോ ചെയ്യുന്ന അവിവാഹിതനായ ചെറുപ്പക്കാരന്‍. കലൂര്‍ ഡെന്നീസിന്റെ തിരക്കഥയുണ്ടെങ്കില്‍ മുകേഷിനെയോ സിദ്ദീഖിനെയോ ജയറാമിനെയോ നായകരാക്കി ഹാസ്യ ചിത്രമൊരുക്കാമായിരുന്നു. കലൂര്‍ ഡെന്നീസ് വര്‍ഷത്തില്‍ എഴുതുന്ന 15 തിരക്കഥകളില്‍ പകുതിയും മുകേഷ് ആയിരിക്കും നായകന്‍. സംവിധായകര്‍ തുളസീദാസ്, പി.ജി. വിശ്വംഭരന്‍, വിജി തമ്പി, കമല്‍ എന്നിവരില്‍ ആരെങ്കിലും. മിണ്ടാപൂച്ചക്കു കല്യാണം, കൗതുക വാര്‍ത്തകള്‍, ചെറിയ ലോകവും വലിയ മനുഷ്യരും, പോസ്റ്റ് ബോക്‌സ് നം. 27, പാരലല്‍ കോളജ്, മൂക്കില്ലാ രാജ്യത്ത്, ഇരിക്കൂ എംഡി അകത്തുണ്ട്, ഗാനമേള, എഴുന്നള്ളത്ത്, ഇന്നത്തെ പ്രോഗ്രാം, ചെപ്പുകിലുക്കണ ചങ്ങാതി. പൂച്ചയ്ക്കാരു മണികെട്ടും, മാന്യന്‍മാര്‍, എന്നോടിഷ്ടം കൂടാമോ എന്നിങ്ങനെ തൊണ്ണൂറുകളുടെ പകുതി വരെ മുകേഷ് ചിത്രങ്ങളുടെ ബഹളമായിരുന്നു.

സിദ്ദീഖ് ലാല്‍ ചിത്രങ്ങളുടെ നെടുംതൂണായിരുന്നു മുകേഷ്. റാംജി റാവുവിനു ശേഷം ഇന്‍ ഹരിഹര്‍ നഗര്‍, ഗോഡ്ഫാദര്‍, ഹിറ്റ്‌ലര്‍, ഫ്രണ്ട്‌സ്, ക്രോണിക് ബാച്ചിലര്‍, ടു ഹരിഹര്‍ നഗര്‍ വരെ സംവിധായകര്‍ ഒന്നിച്ചപ്പോഴും വേര്‍പിരിഞ്ഞപ്പോഴും മുകേഷു ണ്ടായിരുന്നു. ഹാസ്യം കൈകാര്യം ചെയ്യാനുള്ള മുസകേഷിന്റെ കഴിവായിരുന്നു ഈ ചിത്രങ്ങളുടെയൊക്കെ വിജയവും. മിനിമം ഗ്യാരണ്ടിയുള്ള നടന്‍ അക്കാലത്ത് മുകേഷ് മാത്രമായിരുന്നു. ഏതു ചിത്രമാണെങ്കിലും കുറഞ്ഞത് 50 ദിവസമെങ്കിലും കാണാന്‍ ആളുണ്ടാകും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക