Image

കോട്ടയം വഴിയുള്ള ട്രെയിനുകള്‍ ചൊവ്വാഴ്ച മുതല്‍ തടസപ്പെടും

Published on 05 March, 2012
കോട്ടയം വഴിയുള്ള ട്രെയിനുകള്‍ ചൊവ്വാഴ്ച മുതല്‍ തടസപ്പെടും
കോട്ടയം: മാവേലിക്കര - ചെങ്ങന്നൂര്‍ പാത ഇരട്ടിപ്പിക്കലിന്റെയും പ്ലാറ്റ്‌ഫോം ഉയര്‍ത്തലിന്റെയും ഭാഗമായി ചൊവ്വാഴ്ച മുതല്‍ 17 വരെ കോട്ടയം റൂട്ടില്‍ വിവിധ ട്രെയിനുകള്‍ റദ്ദാക്കുന്നതോടെ യാത്രാദുരിതം വര്‍ധിക്കും. ട്രെയിന്‍ ടിക്കറ്റ് നിരക്കിനെക്കാള്‍ നാലിരട്ടി ബസ് ചാര്‍ജ് കൂടുതലായതിനാല്‍ ദീര്‍ഘദൂര യാത്രക്കാര്‍ക്കു പണച്ചെലവും കൂടും.

കോട്ടയം-കൊല്ലം, കൊല്ലം-കോട്ടയം പാസഞ്ചറുകള്‍ പൂര്‍ണമായി റദ്ദാക്കും. കോട്ടയം വഴിയുള്ള കോഴിക്കോട് തിരുവനന്തപുരം ജനശതാബ്ദി, ന്യൂഡല്‍ഹി- തിരുവനന്തപുരം കേരള എക്‌സ്പ്രസ്, ബാംഗളൂര്‍ കന്യാകുമാരി ഐലന്‍ഡ് എക്‌സ്പ്രസ്, മംഗലാപുരം-തിരുവനന്തപുരം പരശുറാം എക്‌സ്പ്രസ്, ഹൈദരാബാദ്- തിരുവനന്തപുരം ശബരി എക്‌സ്പ്രസ്, കന്യാകുമാരി-മുംബൈ ജയന്തി ജനത, തിരുവനന്തപുരം-ചെന്നൈ സെന്‍ട്രല്‍ എക്‌സ്പ്രസ് എന്നിവ ആലപ്പുഴ വഴി മാറ്റിവിടും. ഇതോടെ കോട്ടയം, ഇടുക്കി ജില്ലയില്‍നിന്നുള്ള യാത്രക്കാര്‍ക്ക് എറണാകുളത്തോ ആലപ്പുഴയിലോ എത്തി ദീര്‍ഘദൂര യാത്ര നടത്തണം. ലഗേജുകളുമായി ടാക്‌സിയില്‍ ഇവിടെവരെ യാത്രചെയ്യേണ്ടിവരുന്നവര്‍ക്കു ചെലവ് ഏറെയായിരിക്കും. 

ആറാം തീയതി ഗരീബ്‌രഥ് എക്‌സ്പ്രസ് ഒരു മണിക്കൂറും ഗാന്ധിധാം എക്‌സ്പ്രസ് അര മണിക്കൂറും തിരുവനന്തപുരം-ചെന്നൈ സുപ്പര്‍ എക്‌സ്പ്രസ് 20 മിനിറ്റും വഞ്ചിനാട് 15 മിനിറ്റും മാവേലിക്കരയില്‍ നിറുത്തിയിടും. ഏഴു മുതല്‍ 17 വരെ അമൃത എക്‌സ്പ്രസ്, കോര്‍ബ എക്‌സ്പ്രസ്, പരശുറാം എക്‌സ്പ്രസ്, ഡഹ്‌റാഡുണ്‍ എക്‌സ്പ്രസ്, ജനശതാബ്ദി, ബിക്കാനീര്‍, വെരാവല്‍, ഗാന്ധിധാം, ഭാവ്‌നഗര്‍, ഷാലിമാര്‍, ജമുതാവി, യശ്വന്ദ്പൂര്‍, ദില്‍ബര്‍ഗ, ചെന്നൈ സെന്‍ട്രല്‍, വഞ്ചിനാട്, മലബര്‍, മുംബൈ, കൊച്ചുവേളി, ശബരി, വേണാട്, ഗോഹട്ടി എക്‌സ്പ്രസുകള്‍ വൈകും. ചില വണ്ടികള്‍ രണ്ട് മണിക്കൂര്‍വരെ വൈകും. തെക്കോട്ടുള്ള വണ്ടികള്‍ ആലപ്പുഴയിലാകും പിടിച്ചിടുക. എറണാകുളം-കോട്ടയം, കോട്ടയം-കൊല്ലം പാസഞ്ചറുകളും ഈ ദിവസങ്ങളില്‍ വൈകും. 

തിരക്കേറിയ ഈ സീസണില്‍ ഇത്ര ദീര്‍ഘകാലം ട്രെയിനുകള്‍ തടസപ്പെടുക വഴി യാത്രക്കാര്‍ക്ക് ഏറെ ദുരിതങ്ങളാണ് നേരിടേണ്ടിവരിക. ഒരാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാക്കാവുന്ന ജോലിക്ക് 10 ദിവസം വണ്ടികള്‍ റദ്ദാക്കിയത് റെയില്‍വെയുടെ അനാസ്ഥ മൂലമാണെന്ന് യാത്രക്കാര്‍ പറയുന്നു.ട്രെയിനുകള്‍ റദ്ദാക്കപ്പെടുന്നതോടെ പകരം സര്‍വീസിന് കെഎസ്ആര്‍ടിസി സൗകര്യം ഏര്‍പ്പെടുത്തിയിട്ടില്ല. തിരക്കുവേളകളില്‍ അധികമായി ഓടിക്കാന്‍ ബസുകളും ജീവനക്കാരുമില്ലെന്നാണു കെഎസ്ആര്‍ടിസി പറയുന്നത്. ഉത്സവം, പരീക്ഷ, തീര്‍ഥാടനം എന്നിവുമായി ബന്ധപ്പെട്ട് യാത്രക്കാരുടെ തിരക്ക് വര്‍ധിച്ചിരിക്കെയാണു തീവണ്ടിയോട്ടം നിലയ്കുന്നത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക