Image

ഉഴവൂരിന്റെ മരണം, ചാണ്ടിയുടെ കൈയ്യേറ്റം, എന്‍.സി.പിയുടെ പിളര്‍പ്പ് (എ.എസ് ശ്രീകുമാര്‍)

Published on 16 August, 2017
ഉഴവൂരിന്റെ മരണം, ചാണ്ടിയുടെ കൈയ്യേറ്റം, എന്‍.സി.പിയുടെ പിളര്‍പ്പ് (എ.എസ് ശ്രീകുമാര്‍)
നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി എന്ന എന്‍.സി.പിയുടെ പ്രസിഡന്റ് ഉഴവൂര്‍ വിജയന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന വെളിപ്പെടുത്തലും ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കൈയ്യേറ്റവും ചേര്‍ത്തു വായിക്കുമ്പോള്‍ എന്‍.സി.പി ഒരു പിളര്‍പ്പിലേക്ക് അടുക്കുകയാണെന്ന് മനസ്സിലാക്കാം. ഉഴവൂര്‍ വിജയന്റെ ദുരൂഹ മരണം സംബന്ധിച്ച് ഡി.ജി.പി ലോക് നാഥ് ബെഹ്‌റയുടെ ഉത്തരവു പ്രകാരം ഇപ്പോള്‍ ക്രൈം ബ്രാഞ്ച് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. അദ്ദേഹത്തിന്റെ മരണത്തിനിടയാക്കിയ സാഹചര്യങ്ങളെക്കുറിച്ചാണ് ക്രൈം ബ്രാഞ്ച് ഐ.ജി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണം. ഉഴവൂര്‍ വിജയന്റെ മരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് എന്‍.സി.പി കോട്ടയം ജില്ലാ കമ്മറ്റി പരാതി നല്‍കിയിരുന്നു.

എന്‍.സി.പി സംസ്ഥാന സെക്രട്ടറി സുള്‍ഫിക്കര്‍ മയൂരി ഉഴവൂരിനെതിരെ കൊലവിളി നടത്തുന്നതിന്റെ ടെലിഫോണ്‍ സംഭാഷണങ്ങള്‍ ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് പുറത്ത് വന്നിരുന്നു. ഭീഷണിയും അശ്ലീല പദപ്രയോഗങ്ങളും കലര്‍ന്നതായിരുന്നു സുള്‍ഫിക്കര്‍ മയൂരിയുടെ വര്‍ത്തമാനം. അഗ്രോ ഇന്‍ഡസ്ട്രീസ് മുന്‍ ചെയര്‍മാനാണ് ഇയാള്‍. പാര്‍ട്ടി നേതാവ് മുജീബ് റഹ്മാനോടാണ് സുള്‍ഫിക്കര്‍ ഉഴവൂരിനെതിരെ കൊലവിളി നടത്തിയിരിക്കുന്നത്. ""അവന് അടിയും കൊടുക്കും, മുണ്ടും വലിക്കും. വേണമെങ്കില്‍ കൊല്ലും. ഒരു കോടിയോ രണ്ടു കോടിയോ മുടക്കുന്നതിന് ബുദ്ധിമുട്ടില്ലാത്തവനാണ് ഞാന്‍. ഉഴവൂര്‍ രാജി വയ്ക്കണം. ഇക്കാര്യം ആലപ്പുഴ ജില്ലാ കമ്മിറ്റിയോട് ആവശ്യപ്പെടും...'' ഇങ്ങനെ പോകുന്നു സുള്‍ഫിക്കറിന്റെ ഭീഷണിപ്പെടുത്തല്‍. തന്നെ വിളിച്ചതിനു ശേഷം സുള്‍ഫിക്കര്‍ മയൂരി ഉഴവൂരിനെയും വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ഉഴവൂരിന്റെ സന്തത സഹചാരിയായ സതീഷ് നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു. ഇതോടെ ഉഴവൂര്‍ മാനസികമായി തകര്‍ന്നു പോയെന്ന് സതീഷ് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

ജൂലായ് 23-നാണ് ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഉഴവൂര്‍ വിജയന്‍ അന്തരിച്ചത്. ആശുപത്രിയില്‍ എത്തിക്കും മുമ്പ് അദ്ദേഹത്തിന്റെ മരണം സംഭവിച്ചിരുന്നു. മരണത്തിന്റെ അടുത്ത നാളുകളില്‍ ഉഴവൂര്‍ കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്ന് അദ്ദേഹത്തോട് അടുപ്പമുള്ളവര്‍ പറയുകയുണ്ടായി. പാര്‍ട്ടിക്കുള്ളില്‍ നിന്നും പാര്‍ട്ടിയിലെ ചില നേതാക്കളില്‍ നിന്നും ഉഴവൂര്‍ നേരിട്ടിരുന്ന മാനസിക പീഡനങ്ങളെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയനും പിണറായിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി എം.വി ജയരാജനും അറിയാമായിരുന്നുവെന്ന് നാഷണലിസ്റ്റ് യൂത്ത് കോണ്‍ഗ്രസ് നേതാവ് മുജീബ് റഹ്മാന്‍ വിവിധ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അതുപോലെ തന്നെ മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റത്തെക്കുറിച്ചും മുജീബ് റഹ്മാന്‍ കടുത്ത ആരോപണങ്ങള്‍ ചാനലുകളിലൂടെ ഉന്നയിക്കുകയുണ്ടായി. ഈ വെളിപ്പെടുത്തലുകളുടെ അനന്തര ഫലങ്ങള്‍ എന്തായാലും അതനുഭവിക്കാന്‍ താന്‍ തയ്യാറാണെന്നും മുജീബ് പറഞ്ഞു. സുള്‍ഫിക്കര്‍ മയൂരി കൊലവിളി നടത്തിയതിനെക്കുറിച്ച് ഉഴവൂര്‍ വിജയന്‍ പറഞ്ഞിരുന്നതായി കായംകുളത്തെ വ്യവസായിയായ നൗഷാദ് ഖാനും സ്ഥിരീകരിക്കുന്നു.

ആലപ്പുഴയിലെ പാര്‍ട്ടി നേതാവാണ് സുള്‍ഫിക്കര്‍ മയൂരി. അദ്ദേഹത്തിന് കുട്ടനാട് എം.എല്‍.എയും മന്ത്രിയുമായ തോമസ് ചാണ്ടിയുമായി അടുത്ത ബന്ധമാണുള്ളത്. അതുകൊണ്ടു തന്നെ ഉഴവൂര്‍ വിജയന്റെ മരണവുമായി ബന്ധപ്പെട്ട ആരോപണങ്ങളുടെ കുന്തമുന നീളുന്നത് തോമസ് ചാണ്ടിയിലേക്കാണെന്നാണ് വ്യക്തമാകുന്നത്. തോമസ് ചാണ്ടി മന്ത്രിയാവുന്നതിനോട് ഉഴവൂരിന് വലിയ താത്പര്യമുണ്ടായിരുന്നില്ല. പാര്‍ട്ടിക്ക് രണ്ട് എം.എല്‍.എമാര്‍ മാത്രം ഉള്ളതിനാല്‍ ഉഴവൂരിന്റെ മുന്നില്‍ മറ്റ് മാര്‍മില്ലായിരുന്നു. ആലപ്പുഴയിലെ ലേക്ക് പാലസ് റിസോര്‍ട്ടിന്റെ ഉടമയാണ് തോമസ് ചാണ്ടി. തോമസ് ചാണ്ടി വ്യാപകമായി കായല്‍ കൈയേറിയിട്ടുണ്ടെന്നും റിസോര്‍ട്ടിലേക്ക് അനധികൃതമായി റോഡ് നിര്‍മിച്ചെന്നും സ്ഥാപിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ ചാനലുകളില്‍ ബ്രേക്കിങ് ന്യൂസുകള്‍ ഉണ്ടായിരുന്നു. ഈ പശ്ചാത്തലത്തില്‍ പാര്‍ട്ടിയിലെ എട്ടു ജില്ലാ പ്രസിഡന്റുമാര്‍ കൊച്ചിയില്‍ ചേര്‍ന്ന യോഗത്തില്‍, തോമസ് ചാണ്ടിക്കെതിരെ ഉയരുന്ന ആരോപണങ്ങളില്‍ അന്വേഷണം വേണമെന്നും അദ്ദേഹം രാജി വയ്ക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളും മാധ്യമ വാര്‍ത്തകളും തോമസ് ചാണ്ടി പാടെ നിഷേധിച്ചു. ഇത്തരം പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും തന്റെ റിസോര്‍ട്ടിലും പരിസരത്തും യാതൊരു വിധ നിയമലംഘനവും നടന്നിട്ടില്ലെന്നും ഒരു സെന്റ് ഭൂമി പോലും കൈയേറിയിട്ടില്ലെന്നും തോമസ് ചാണ്ടി വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമ ചര്‍ച്ചകള്‍ക്ക് വിധേയമായ ഈ വിഷയത്തില്‍ ഇന്നാണ് (ഓഗസ്റ്റ് 16) മന്ത്രി പ്രതികരിച്ചത്. അതേ സമയം തോമസ് ചാണ്ടി നടത്തിയ നിയമലംഘനങ്ങള്‍ പാര്‍ട്ടിയും സര്‍ക്കാരും പരിശോധിച്ച് മന്ത്രിക്കെതിരെ നടപടി എടുത്തില്ലെങ്കില്‍ തങ്ങള്‍ സ്വന്തം വഴിക്ക് നീങ്ങുമെന്ന് എട്ട് ജില്ലാ പ്രസിഡന്റുമാര്‍ നേതൃത്വം നല്‍കുന്ന വിമതപക്ഷം മുന്നറിയിപ്പ് നല്‍കുന്നു. ഇത് പാര്‍ട്ടിയെ പിളര്‍പ്പിലേക്ക് നയിക്കുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. എന്നാല്‍ എന്‍.സി.പി അഖിലേന്ത്യാ അദ്ധ്യക്ഷന്‍ ശരത് പവാര്‍ തോമസ് ചാണ്ടിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചിരിക്കുന്നു എന്നാണ് അറിയാന്‍ കഴിഞ്ഞത്.

ഹണിട്രാപ്പില്‍ പെട്ട് എ.കെ ശശീന്ദ്രന്‍ രാജി വച്ച ഒഴിവിലാണ് തോമസ് ചാണ്ടി ഗതാഗത മന്ത്രിയായത്. ശശീന്ദ്രന്‍ കുറ്റവിമുക്തനായാല്‍ സ്ഥാനം ഒഴിയുമെന്ന് തോമസ് ചാണ്ടി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. മംഗളം ടെലിവിഷന്റെ ബ്രേക്കിങ് ന്യൂസാണ് ശശീന്ദ്രന്റെ കസേര തെറിപ്പിച്ചത്. ഇപ്പോള്‍ തോമസ് ചാണ്ടി ഭൂമി കൈയേറ്റക്കുരുക്കില്‍ അകപ്പെട്ട സാഹചര്യത്തില്‍ മംഗളം മാനേജ്‌മെന്റ് ശശീന്ദ്രനെതിരായ നിലപാട് മയപ്പെടുത്തിയിരിക്കുന്നുവെന്നാണ് സൂചന. ശശീന്ദ്രനെതിരെ തിരുവനന്തപുരം കോടതിയിലുള്ള കേസ് പിന്‍വലിച്ചാല്‍ അദ്ദേഹത്തിന് മന്ത്രിസ്ഥാനത്ത് തിരികെയെത്താനുള്ള വഴി സുഗമമാകും. തോമസ് ചാണ്ടിക്ക് മന്ത്രിമന്ദിരത്തിന് പുറത്തേക്കുള്ള വഴിയും...
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക