Image

നിയമന വിവാദം: അരുണ്‍കുമാര്‍ വീണ്ടും നിയമസഭാ സമിതിക്ക് കത്തു നല്‍കി

Published on 05 March, 2012
നിയമന വിവാദം: അരുണ്‍കുമാര്‍ വീണ്ടും നിയമസഭാ സമിതിക്ക് കത്തു നല്‍കി
തിരുവനന്തപുരം: നിയമന വിവാദത്തില്‍ അന്തിമ റിപ്പോര്‍ട്ട് തയാറാക്കുന്നതിന് മുന്‍പ് തന്റെ വിശദീകരണം കൂടി കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്റെ മകന്‍ വി.എ.അരുണ്‍കുമാര്‍ നിയമസഭാ സമിതിക്ക് വീണ്ടും കത്ത് നല്‍കി. നേരത്തെ ഇതേ ആവശ്യമുന്നയിച്ച് അരുണ്‍കുമാര്‍ രണ്ടു തവണ നല്‍കിയ കത്തുകള്‍ സമിതി തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് അന്തിമ റിപ്പോര്‍ട്ട് തയാറാക്കുന്നതിന് മുമ്പ് തന്റെ വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് അരുണ്‍കുമാര്‍ വീണ്ടും കത്തു നല്‍കിയത്.

വി.ഡി. സതീശന്‍ അധ്യക്ഷനായ നിയമസഭാ സമിതി മാര്‍ച്ച് എട്ടിനു റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കുകയാണ്. ആരോപണത്തില്‍ അന്വേഷണം നടത്തുന്ന സമിതി പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍, മുന്‍ മന്ത്രി എം.എ. ബേബി, വി.എ.അരുണ്‍കുമാര്‍, ഐടി വകുപ്പിന്റെ മുന്‍ സെക്രട്ടറിമാരായ ടി. ബാലകൃഷ്ണന്‍, ശ്രീനിവാസന്‍, കെ. സുരേഷ്‌കുമാര്‍, അജയകുമാര്‍, മുന്‍ ഉന്നതവിദ്യാഭ്യാസ സെക്രട്ടറി കുരുവിള ജോണ്‍, ഇപ്പോഴത്തെ സെക്രട്ടറി കെ.എം. ഏബ്രഹാം, ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ സയ്യിദ് അന്‍വര്‍ അലി, ഐഎച്ച്ആര്‍ഡി മുന്‍ ഡയറക്ടര്‍ ഡോ.വി. സുബ്രഹ്മണി തുടങ്ങിയവരില്‍ നിന്നു തെളിവെടുത്തിരുന്നു.

ഐസിടി അക്കാഡമി ഡയറക്ടറായി അരുണ്‍കുമാറിനെ വഴിവിട്ട് നിയമിച്ചത്, മതിയായ യോഗ്യതയില്ലാതെ ഐഎച്ച്ആര്‍ഡി അഡീഷണല്‍ ഡയറക്ടറായി അരുണ്‍കുമാറിനെ നിയമിച്ചത്, മോഡല്‍ ഫിനിഷിംഗ് സ്‌കൂളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, ഒരു സ്വകാര്യ സ്ഥാപനത്തിനു വഴിവിട്ടു നല്‍കിയ സഹായങ്ങള്‍ എന്നീ നാലു കാര്യങ്ങളാണ് കമ്മിറ്റി പരിശോധിക്കുന്നത്. വി.ഡി. സതീശന്‍ ചെയര്‍മാനായ സംയുക്ത നിയമസഭാ സമിതിയില്‍ ഭരണപക്ഷത്തു നിന്ന് കെ.ശിവദാസന്‍ നായര്‍, അബ്ദുറഹ്മാന്‍ രണ്ടത്താണി, എം.വി. ശ്രേയാംസ് കുമാര്‍, തോമസ് ഉണ്ണിയാടന്‍ എന്നിവരും, പ്രതിപക്ഷത്തു നിന്ന് പി.കെ. ഗുരുദാസന്‍, എസ്. ശര്‍മ, സി.കെ. നാണു, മുല്ലക്കര രത്‌നാകരന്‍ എന്നിവരും അംഗങ്ങളാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക