Image

കേരളത്തിലും ആത്മഹത്യ? കൊലയാളി 'ബ്ലൂവെയ്ല്‍' ഗെയിമിനെതിരെ ജാഗ്രത (എ.എസ് ശ്രീകുമാര്‍)

Published on 15 August, 2017
കേരളത്തിലും ആത്മഹത്യ?  കൊലയാളി 'ബ്ലൂവെയ്ല്‍' ഗെയിമിനെതിരെ  ജാഗ്രത (എ.എസ് ശ്രീകുമാര്‍)
തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്ത പതിനാറുകാരനെ മരണത്തിലേക്കു തള്ളിവിട്ടത് ബ്ലൂ വെയ്ല്‍ ഗെയിം ആണെന്ന് കുട്ടിയുടെ അമ്മ മനോരമ ന്യൂസിനോട് വെളിപ്പെടുത്തി. ഇതിന് ഔദ്യോഗിക സ്ഥിരീകരണമില്ലെങ്കിലും കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഇത്തരത്തിലുള്ള ആദ്യ സംഭവമാണിത്.

ഇക്കഴിഞ്ഞ ജൂലൈ ഇരുപത്താറിനാണു പ്ലസ് വണ്‍ വിദ്യാര്‍ഥിയായ മനോജ് വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. ഒന്‍പതുമാസം മുന്‍പ് മനോജ് ബ്ലൂ വെയ്ല്‍ ഗെയിം ഡൗണ്‍ലോഡ് ചെയ്തിരുന്നുവെന്ന് മാതാപിതാക്കള്‍ പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു. മകനെ ഇതില്‍നിന്നു പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ലെന്നും ഇരുവരും പരാതിയില്‍ വ്യക്തമാക്കി.
 

അന്‍പത് ദിവസം കൊണ്ട് കുട്ടികളെയും കൗമാരക്കാരെയും ആത്മഹത്യയിലേയ്ക്ക് തള്ളിവിടുന്ന ബ്ലൂവെയ്ല്‍ ഗെയിം കേരളത്തില്‍ രണ്ടായിരത്തിലധികം പേര്‍ ഡൗണ്‍ലോഡ് ചെയ്തിരിക്കുന്നുവെന്ന ഞെട്ടിപ്പിക്കുന്ന വാര്‍ത്തയെ തുടര്‍ന്ന് ഇതിനെതിരെയുള്ള കാമ്പെയ്ന്‍ ശക്തമാക്കി. ഫേസ്ബുക്ക് വാട്ട്‌സ്ആപ്പ് തുടങ്ങിയ സമൂഹ മാധ്യമങ്ങള്‍ വഴിയാണ് കേരളത്തിലെ തീവ്ര കാമ്പെയ്ന്‍. ഓണ്‍ലൈന്‍ സൈറ്റുകളില്‍ പരസ്യം നല്‍കുന്ന ഏജന്‍സികളാണ് കേരളത്തിലും സൂയിസൈഡ് ഗെയിം ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടെന്ന വിവരം പോലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. ഇതിനിടെ അടിയന്തിരമായി ബ്ലൂവെയ്ല്‍ ലിങ്കുകള്‍ നീക്കണമെന്നാവശ്യപ്പെട്ട് ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്‌സ്ആപ്പ്, ഗൂഗിള്‍, മൈക്രോസോഫ്റ്റ്, യാഹൂ എന്നിവക്ക് സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കി. ഇന്ത്യയില്‍ ബ്ലൂവെയ്ല്‍ ഗെയിമുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ മരണമടഞ്ഞതോടെയാണ് സര്‍ക്കാരിന്റെ ഇടപെടല്‍. ബ്ലൂവെയ്ല്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം കത്തയച്ചിരുന്നു.

കൊല്‍ക്കത്തയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്ത ഒരു വാര്‍ത്ത ഭയപ്പെടുത്തുന്നതാണ്. അതിങ്ങനെ...'ബ്ലൂവെയ്‌ലിന്റെ സ്വാധീനത്തിലകപ്പെട്ട പത്താം ക്ലാസുകാരന്‍ ആത്മഹത്യക്ക് ശ്രമിച്ചു. പശ്ചിമ ബംഗാളിലെ മിഡ്‌നാപ്പൂരിലാണ് സംഭവം. സ്വയം ശ്വാസം മുട്ടിച്ച് മരിക്കാന്‍ ശ്രമിക്കുകയായിരുന്നു. ബ്ലൂവെയ്‌ലിന്റെ 50-ാമത്തെ സറ്റേജിലായിരുന്നു അന്‍ങ്കന്‍ ഡേ എന്ന പത്താം ക്ലാസുകാരന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കുളിമുറിയില്‍ കയറിയ അന്‍ങ്കന്‍ ഡേയെ ഏറെസമയം കഴിഞ്ഞിട്ടും പുറത്തിറങ്ങാത്തതിനാല്‍ കുളിമുറിയുടെ കതക് പൊളിച്ച് അകത്ത് കടന്നപ്പോഴാണ് രക്ഷിതാക്കള്‍ സംഭവമറിയുന്നത്. മുഖവും കഴുത്തും പ്ലാസ്റ്റിക്കുകൊണ്ട് വരിഞ്ഞ് മൂടി മൂക്കില്‍ പഞ്ഞി വെച്ച് നിലത്ത് കിടക്കുന്ന രീതിയിലായിരുന്നു കുട്ടിയെ കണ്ടെത്തിയത്. സഹപാഠിയാണ് അന്‍ങ്കന്‍ ബ്ലൂവെയ്ല്‍ ഗെയിം കളിച്ചിരുന്നുവെന്ന കാര്യം വ്യക്തമാക്കിയത്...'

മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നിന്നും സമാന സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഗെയിമിന്റെ ഒടുവിലത്തെ സ്റ്റേജ് പൂര്‍ത്തിയാക്കുന്നതിനായി വിദ്യാര്‍ത്ഥി സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടാന്‍ ശ്രമിച്ചു. എന്നാല്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് വിദ്യാര്‍ത്ഥിയെ രക്ഷപ്പെടുത്തുകയായിരുന്നു. ഇന്‍ഡോറിലെ ചമേലി ദേവി പബ്ലിക് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഗെയിമിന്റെ 50-ാമത്തെ ഘട്ടം പൂര്‍ത്തീകരിക്കുന്നതിന് വേണ്ടിയായിരുന്നു ഇത്.

ബ്ലൂവെയ്ല്‍ ഗെയിമിന്റെ അവസാനത്തെ സ്റ്റേജ് വരെ കളിച്ച് ആത്മഹത്യ ചെയ്യുന്ന കുട്ടികളുടെ എണ്ണം വര്‍ധിച്ചതോടെയാണ് ഈ കൊലക്കളിയുടെ വ്യാപനം തടയുന്നതിനുള്ള കേന്ദ്ര നീക്കം. ഓരോ പ്ലാറ്റ്‌ഫോമില്‍ നിന്നും ഗെയിമിന്റെ ലിങ്കുകള്‍ നീക്കം ചെയ്തുവെന്ന് ഉറപ്പുവരുത്താണ് ഗൂഗിളുള്‍പ്പെടെയുള്ള കമ്പനികള്‍ക്ക് കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐ.ടി മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുള്ളത്. ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ വഴിയാണ് ഗെയിം കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കുമിടയില്‍ വ്യാപകമായി പ്രചരിക്കുന്നത്. അതിനാല്‍ കുട്ടികള്‍ക്കിടയിലേയ്ക്കുള്ള ഗെയിം ലിങ്കിന്റെ പ്രചാരണം തടയുകയാണ് മന്ത്രാലയത്തിന്റെ ലക്ഷ്യം. ഗെയിമിനെ പിന്തുണയ്ക്കുന്നവരെക്കുറിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികള്‍ക്ക് വിവരം നല്‍കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിക്കുന്നു.

ആത്മഹത്യയുമായി ബന്ധപ്പെട്ടുകിടക്കുന്ന 'ബീച്ചെഡ് വെയ്ല്‍സ്' എന്ന വാക്കില്‍ നിന്നാണ് 'ബ്ലുവെയ്ല്‍' എന്ന ഗെയിം രൂപകല്‍പന ചെയ്തത്. 'ഡെത്ത് ഗ്രൂപ്പ്' എന്നറിയപ്പെടുന്ന 'വികോണ്‍ടാക്ടെ' എന്ന സോഷ്യല്‍ നെറ്റ്‌വര്‍ക്കിന്റെ ഭാഗമായി 2013ല്‍ റഷ്യയിലാണ് ബ്ലൂവെയ്ല്‍ ആദ്യമായി എത്തുന്ന്. 2015ലാണ് ഗെയിമിനോടനുബന്ധിച്ചുള്ള ആദ്യത്തെ ആത്മഹത്യ നടന്നത്. ഫിലിപ്പ് ബുദെക്കിന്‍ എന്ന ഫിസിയോളജി വിദ്യാര്‍ത്ഥിയാണ് ഗെയിം നിര്‍മ്മിച്ചതത്രേ. യൂണിവേഴ്‌സിറ്റിയില്‍ നിന്നും പുറത്താക്കിയതിലുള്ള പ്രതികാരമാണിതിന് പിന്നിലെന്ന് പറയപ്പെടുന്നു. മൂല്യമില്ലാത്തവരെ ലോകത്തില്‍ നിന്നും തുടച്ചു മാറ്റുക എന്നതാണ് ഈ ഗെയിമിന്റെ ലക്ഷ്യമെന്ന് ബുദെക്കിന്‍ പറയുന്നു. ഒരു പതിനാറുകാരിയുടെ ആത്മഹത്യയെതുടര്‍ന്ന് ബുദിക്കിനിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ ഇപ്പോഴും ജയിലിലാണ്.

റഷ്യയിലെ ഒരു മാധ്യമപ്രവര്‍ത്തകന്‍ ബ്ലുവെയ്‌ലിനെക്കുറിച്ചും, അതിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ചും എഴുതിയ ലേഖനത്തെതുടര്‍ന്ന് കൗമാരക്കാരിലേക്ക് ഇത് കൂടുതല്‍ എത്തിപ്പെടാന്‍ കാരണമായി. 2016ല്‍ ബ്ലുവെയ്ല്‍ കൗമാര പ്രായക്കാര്‍ക്കിടയില്‍ സുപരിചിതമായി. 2015-16ല്‍ അമേരിക്ക, റഷ്യ, ഇംഗ്ലണ്ട്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലായി ബ്ലൂവെയ്ല്‍ 130 പേരുടെ ജീവനെടുത്തു. റഷ്യയില്‍ തന്നെയുള്ള രണ്ടു പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്ത വിവരം സോഷ്യല്‍ മീഡിയയില്‍ അപ് ലോഡ് ചെയ്തപ്പോഴാണ് മരണക്കളിയുടെ തീവ്രത ലോകം മനസിലാക്കിയത്. തുടര്‍ന്ന് ലോകമെമ്പാടും ബ്ലൂവെയ്‌ലിനെക്കുറിച്ച് ബോധവല്‍ക്കരണങ്ങള്‍ നടത്തി. ചൈനയില്‍ സ്വന്തം കൈകളില്‍ കീറി രൂപങ്ങള്‍ വരയ്ക്കുന്ന പ്രവണതക്കും ബ്ലുവെയ്ല്‍ തന്നെയാണ് കാരണമെന്ന് കരുതപ്പെടുന്നു. ലോകത്ത് ഇതിനോടകം 530 പേര്‍ ഗെയിമിന് ഇരയായതായി റിപ്പോര്‍ട്ടുകളുണ്ട്.

അന്‍പത് ദിവസം നീളുന്നതാണ് ഗെയിം. തുടക്കം മുതല്‍ വിചിത്രമായ ഘട്ടങ്ങളാണ് ബ്ലൂവെയ്‌ലിലുള്ളത്. രാത്രിയിലും പുലര്‍ച്ചയുമാണ് ബ്ലൂവെയ്ല്‍ ഗെയിം കളിക്കേണ്ടത്. ആദ്യം ഘട്ടത്തില്‍ തന്നെ ചോര പൊട്ടിച്ച് കൈകളില്‍ ടാറ്റു വരയ്ക്കും. പ്രേത സിനിമകള്‍ ഒറ്റക്കിരുന്നു കാണുന്നതിന്റെ വീഡിയോകള്‍ അയച്ചു കൊടുക്കണമെന്നുള്ളതാണ് മറ്റൊരു ഘട്ടം. ഗെയിമിന്റെ 15-ാമത്തെ ഘട്ടത്തിലെത്തുമ്പോള്‍ത്തന്നെ തന്നെ കളിക്കുന്നയാള്‍ ഗെയിമിന്റെ അടിമയാകും. പിന്നീടുള്ള കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് ഗെയിം മാസ്റ്ററായിരിക്കും. ഇതിനകം തന്നെ ഗെയിം മാസ്റ്ററുടെ ആജ്ഞകള്‍ മാത്രം അനുസരിച്ചു പ്രവര്‍ത്തിക്കുന്ന വെറുമൊരു പാവയായി കളിക്കുന്നവര്‍ മാറിക്കഴിഞ്ഞിരിക്കും. 27-ാം ദിവസം കൈയില്‍ മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് നീലത്തിമിംഗലത്തിന്റെ ചിത്രം വരച്ച് സൈറ്റില്‍ അപ് ലോഡ് ചെയ്യണം. 50 ദിവസമാകുമ്പോഴേക്കും കളിക്കുന്നയാള്‍ ആത്മഹത്യ ചെയ്യുമെന്നതാണ് ഗെയിമിന്റെ ബീഭല്‍സമായ രീതി.

കൗമാരക്കാരെ ലക്ഷ്യം വെച്ചുള്ള ഗെയിമിന് അകപ്പെട്ടുപോകുന്നവരില്‍ അധികവും 10നും 20 വയസിനും ഇടയിലുള്ള, സ്മാര്‍ട്ട് ഫോണുകളും ഇന്റര്‍നെറ്റ് സാങ്കേതിക വിദ്യയും ഹരമാക്കിക്കഴിഞ്ഞവരാണ്. ഗെയിമിന്റെ മരണ രീതി മനസിലാക്കാതെയാണ് കുട്ടികള്‍ ഇതിലകപ്പെടുന്നത്. എന്നാല്‍ ഇടയ്ക്കു വച്ച് ഗെയിം അവസനിപ്പിക്കാനോ പിന്‍വലിയാനോ സാധിക്കില്ല എന്നത് പലരേയും ഗെയിമിന്റെ വരുതിയിലാക്കുന്നു. തങ്ങളുടെ ഫോണിലുളള വിവരങ്ങള്‍ ചോര്‍ത്തി ഭീക്ഷണിപ്പെടുത്തുകയാണ് ഇവരുടെ രീതി. ഈ ആപ്പിലൂടെ മെബൈലിലെ എല്ലാം വിവരങ്ങളും ഹാക്ക് ചെയ്യാന്‍ സാധിക്കും. അവസാനം ഗെയിം മാസ്റ്ററുടെ ഭീക്ഷണിയില്‍ തുടര്‍ന്ന് കളിച്ചുകൊണ്ടിരിക്കുന്നവര്‍ ആത്മഹത്യ ചെയ്യുന്നു. അവസാനത്തെ സ്റ്റേജിലാണ് ഗെയിം കൊലയാളിയാവുന്നത്. സൈലന്റ് ഹൗസ്, സീ ഓഫ് വെയ്ല്‍സ് എന്നീ പേരുകളിലും ഗെയിം അറിയപ്പെടുന്നുണ്ട്. ഒരിക്കല്‍ ഇന്‍സ്റ്റാള്‍ ചെയ്ത് കഴിഞ്ഞാല്‍ അണ്‍ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡിലീറ്റ് ചെയ്യാനോ സാധിക്കില്ല എന്നതാണ് ഗെയിമിന്റെ ദൂഷ്യം. 
കേരളത്തിലും ആത്മഹത്യ?  കൊലയാളി 'ബ്ലൂവെയ്ല്‍' ഗെയിമിനെതിരെ  ജാഗ്രത (എ.എസ് ശ്രീകുമാര്‍)കേരളത്തിലും ആത്മഹത്യ?  കൊലയാളി 'ബ്ലൂവെയ്ല്‍' ഗെയിമിനെതിരെ  ജാഗ്രത (എ.എസ് ശ്രീകുമാര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക