Image

എംബസിയില്‍ സ്വദേശി അഭിഭാഷകരെ പരിഗണിക്കുന്നു

Published on 05 March, 2012
എംബസിയില്‍ സ്വദേശി അഭിഭാഷകരെ പരിഗണിക്കുന്നു
റിയാദ്: സൗദി അറേബ്യയിലെ ജയിലുകളില്‍ അകപ്പെട്ട ഇന്ത്യക്കാരെ സഹായിക്കുന്നതിനായി സ്വദേശി നിയമ വിദഗ്ദ്ധരെ എംബസിയില്‍ നിയമിക്കുന്ന കാര്യം പരിഗണയിലാണെന്നും അതിന് ഒട്ടേറെ കടമ്പകള്‍ ഇനിയും കടക്കാനുെണ്ടന്നും ഇന്ത്യന്‍ അംബാസഡര്‍ ഹമീദ് അലി റാവു റിയാദില്‍ പറഞ്ഞു. ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അംബാസഡര്‍. ഇതിനായി ഫണ്ട് കണ്ടെത്തുകയാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തില്‍ നിന്നുള്ള അനുമതി നേടുന്നതിനൊപ്പം എംബസിക്ക് ചെയ്യാനുള്ളത്. 

ഫ്രീവിസ പോലുള്ള അനധികൃത മാര്‍ഗ്ഗങ്ങളില്‍ രാജ്യത്ത് ജോലി ചെയ്യുന്നവരാണ് നിയമം കര്‍ശനമാക്കിയപ്പോള്‍ ബുദ്ധിമുട്ടിലായത്. സ്‌പോണ്‍സര്‍മാരെക്കുറിച്ച് കേട്ടുകേള്‍വി പോലുമില്ലാതെ വര്‍ഷങ്ങള്‍ സൗദി അറേബ്യയില്‍ കഴിഞ്ഞവരെയാണ് പലപ്പോഴും സ്‌പോണ്‍സര്‍ ഹുറൂബിന്റെ വലയത്തിലാക്കുന്നത്. ഇതിന് കാരണക്കാര്‍ ഒരു പരിധിവരെ ഇന്ത്യക്കാരടങ്ങുന്ന ഏജന്റുമാരാണ്. ഇതിനെതിരെ ബോധവത്ക്കരണം നടത്താന്‍ സാമൂഹ്യ പ്രവര്‍ത്തകര്‍ മുന്നോട്ടു വരണം.
പാസ്‌പോര്‍ട്ട് ലഭിക്കാന്‍ സമയം വൈകുന്നതായ പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പക്ഷേ ഇപ്പോഴും ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലര്‍ വിഭാഗത്തെപ്പോലെ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന ഒരു എംബസിയും ഇല്ലെന്നതാണ് വാസ്തവം. നൂറു കണക്കിന് പാസ്‌പോര്‍ട്ടുകളാണ് ഈ വിഭാഗത്തില്‍ ദിവസവും കൈകാര്യം ചെയ്യുന്നത്. മതിയായ ഉദ്യോഗസ്ഥരില്ലാത്തത് എംബസിയില്‍ എന്നും നടപടികള്‍ക്ക് കാലതാമസം നേരിടുന്നതിന് കാരണമായിട്ടുണ്ട്.

എംബസി എല്ലാ മാസവും നടത്തുന്ന ഓപ്പണ്‍ ഹൗസിന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. ഈ മാസം 22 ന് അടുത്ത ഓപ്പണ്‍ ഹൗസ് നടക്കും. അംബാസഡറും എല്ലാ വിഭാഗത്തിലേയും ഉദ്യോഗസ്ഥരും നേരിട്ടു പങ്കെടുക്കുന്നതിനാല്‍ മിക്ക പരാതികള്‍ക്കും അവിടെ വെച്ചു തന്നെ തീര്‍പ്പാക്കാന്‍ കഴിയും. എംബസിയുടെ വെബ്‌സൈറ്റും കൂടുതല്‍ ലളിതവും ഉപകാരപ്രദവുമാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതായും അംബാസഡര്‍ പറഞ്ഞു. കൂടിക്കാഴ്ചയില്‍ അംബാസഡറോടൊപ്പം ഡപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ മനോഹര്‍ റാം, ധര്‍മ്മേന്ദ്ര ഭാര്‍ഗ്ഗവ, ഫസ്‌ററ് സെക്രട്ടറിമാരായ അശോക് വാര്യര്‍, ടി.സി ബാരുബാല്‍ വിവിധ വകുപ്പ് സെക്രട്ടറിമാരായ സുരീന്ദര്‍ ഭഗത്, ദീപക് ഭലാനി, റഫീഖ് അലി തുടങ്ങയവരും സംബന്ധിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക