Image

വാഷിംഗ്‌ടണ്‍ ഡി.സിയില്‍ ഇന്‍ഡ്യയുടെ സാംസ്‌കാരിക കേന്ദ്രം സ്ഥാപിക്കും: മന്ത്രി കൃഷ്‌ണ

വര്‍ഗീസ്‌ പ്ലാമ്മൂട്ടില്‍ Published on 26 June, 2011
വാഷിംഗ്‌ടണ്‍ ഡി.സിയില്‍ ഇന്‍ഡ്യയുടെ സാംസ്‌കാരിക കേന്ദ്രം സ്ഥാപിക്കും: മന്ത്രി കൃഷ്‌ണ
ന്യൂജേഴ്‌സി: പ്രവാസി മലയാളികളുടെ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച്‌ സാമൂഹ്യപ്രവര്‍ത്തകനായ ടി.എസ്‌. ചാക്കോ കഴിഞ്ഞ മാര്‍ച്ചുമാസം ന്യൂഡല്‍ഹിയില്‍ വച്ച്‌ കേന്ദ്ര വിദേശകാര്യവകുപ്പു മന്ത്രി എസ്‌. എം. കൃഷ്‌ണയ്‌ക്ക്‌ സമര്‍പ്പിച്ച നിവേദനത്തിന്‌ രേഖാമൂലം ലഭിച്ച മറുപടിയില്‍ ഇന്‍ഡ്യന്‍ കോണ്‍സലേറ്റുകളിലെ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്‌ നടപടിയെടുത്തുവരുന്നുവെന്ന്‌ അറിയിച്ചു.

അമേരിക്കന്‍ നഗരങ്ങളില്‍ ഇന്‍ഡ്യയുടെ സാംസ്‌ക്കാരിക കേന്ദ്രങ്ങള്‍ സ്ഥാപിക്കണമെന്ന നിവേദനത്തിലെ ആവശ്യത്തെ പരാമര്‍ശിച്ച്‌ അത്തരം ഒരു കേന്ദ്രം വാഷിംഗ്‌ടണ്‍ ഡി.സിയില്‍ ആരംഭിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ന്യൂഡല്‍ഹിയിലെ ഇന്‍ഡ്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സ്‌ സജീവമായി ചെയ്‌തു വരുന്നുവെന്നും അതുപോലെയുള്ള ഉപകേന്ദ്രങ്ങള്‍ ന്യൂയേര്‍ക്കുപോലുള്ള നഗരങ്ങളിലും സ്ഥാപിക്കുവാനുള്ളനീക്കങ്ങളും നടന്നുവരുന്നുവെന്നും അറിയിക്കുകയുണ്ടായി.

ഇന്‍ഡ്യന്‍ കൗണ്‍സിലേറ്റുകളില്‍ വിദേശ ഇന്‍ഡ്യക്കാര്‍ അനുഭവിച്ചുവന്ന ബുദ്ധിമുട്ടുകള്‍ പരിഗണിച്ച്‌ വിസ,പാസ്‌പ്പോര്‍ട്ട്‌, ഒ.സി.ഐ. കാര്‍ഡ്‌ മുതലായ സേവനങ്ങള്‍ കൈകാര്യം ചെയ്യുവാന്‍ സ്വകാര്യ ഏജന്‍സികളെ ഉപയേഗപ്പെടുത്തിയതോടെ കൗണണ്‍സിലേറ്റുകളിലെ തിക്കും തിരക്കും കാലതാമസവും ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്നും തന്മൂലം കൗണ്‍സിലേറ്റുകളിലെ ജോലിക്കാരുടെ ജോലിഭാരത്തിലും അയവു വന്നിട്ടിട്ടുണ്ടെന്നും മറുപടിയില്‍ പറയുന്നു.

കൗണ്‍സിലേറ്റുകളുടെയും എംബസികളുടെയും സേവനങ്ങളെ സംബന്ധിച്ച്‌ ജനങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദശങ്ങളും സമന്വയിപ്പിക്കുന്നതിന്‌ ഒരു സ്ഥിരം അഡൈ്വസറി കൗണ്‍സില്‍ രൂപീകരിക്കണമെന്ന നിവേദനത്തിലെ ആവശ്യത്തെ പരാമിര്‍ശിച്ച്‌ എംബസികളിലും കോണ്‍സുലേറ്റുകളിലും ജനസമ്പര്‍ക്ക പരിപാടികള്‍ സംഘടിക്കപ്പെടാറുണ്ടെന്നും ജനപ്രതിനിധികളെ അത്തരം ചടങ്ങുകളില്‍ ക്ഷണിക്കാറുണ്ടെന്നുംം ഉദ്യോഗസ്ഥന്മാര്‍ കമ്മ്യൂണിറ്റി സംഘടിപ്പിക്കുന്ന ചടങ്ങുകളില്‍ പങ്കെടുക്കാറുണ്ടെന്നും അത്തരം അവസരങ്ങള്‍ ആശയവിനിമയത്തിനുവേണ്ടി ഉപയോഗിക്കാവുന്നതേയുള്ളുവെന്നും ചൂണ്ടിക്കാട്ടി.

മാര്‍ച്ച്‌ 11 ന്‌ ന്യൂഡല്‍ഹിയില്‍ പാര്‍ലമെന്‍റിലെ മന്ത്രിയുടെ ചേംബറില്‍ വച്ച്‌ ശ്രി ടി.എസ്‌. ചാക്കോയ്‌ക്ക്‌ അനുവദിച്ച കൂടിക്കാഴ്‌ചയുടെ അവസരത്തിലാണ്‌ അമേരിക്കന്‍ മലയാളികളെ പ്രതിനിധീകരിച്ച്‌ നിവേദനം നല്‍കിയത്‌. തദവസരത്തില്‍ മുന്‍ കേന്ദ്ര മന്ത്രിയും എം.പി.യുമായ പ്രൊഫസര്‍ പി.ജെ. കുര്യനും സന്നിഹിതനായിരുന്നു.

കേന്ദ്ര മന്ത്രിയുടെ പ്രതികരണത്തില്‍ താന്‍ സന്തുഷ്ടനാണെന്നും ഇതൊരു നല്ല തുടക്കം മാത്രമാണെന്നും വിദേശമലയാളികളുടെ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിന്‌ കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണെന്നും സംഘടനകള്‍ക്കതീതമായി ജനങ്ങളുടെ ആവശ്യങ്ങള്‍ക്കുവേണ്ടി എല്ലാവരും ഒത്തൊരുമിച്ച്‌ പ്രവര്‍ത്തിക്കണമെന്നും ശ്രി ടി.എസ്‌. ചാക്കോ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ടി.എസ്‌ ചാക്കോയുമായി ബന്ധപ്പെടാവുന്നതാണ്‌. (201) 262 5979.
വാഷിംഗ്‌ടണ്‍ ഡി.സിയില്‍ ഇന്‍ഡ്യയുടെ സാംസ്‌കാരിക കേന്ദ്രം സ്ഥാപിക്കും: മന്ത്രി കൃഷ്‌ണ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക