Image

രാമായണത്തിലെ സദാചാര ഗുണ്ടായിസം (സുധീര്‍ പണിക്കവീട്ടില്‍)

Published on 14 August, 2017
രാമായണത്തിലെ സദാചാര ഗുണ്ടായിസം (സുധീര്‍ പണിക്കവീട്ടില്‍)
"രാജ്ഞിയുടെ ശാരീരിക ശുദ്ധിയില്‍ ശങ്കയുണ്ട്. ഒരു വര്‍ഷം അന്യന്റെ വസതിയില്‍ താമസിച്ച ഒരുവള്‍ കളങ്കപ്പെട്ടിട്ടില്ലെന്നു പറയാന്‍ ആര്‍ക്കു കഴിയും.'' പറയുന്നത് ഒരു മണ്ണാന്‍. 

അയോദ്ധയുടെ സിംഹാസനത്തിലിരുന്നു ശ്രീരാമചന്ദ്രന്‍ എന്ന രാജാവ് ഒരു നിമിഷം തളര്‍ന്നുപോയി. സാകേത്പുരിയിലെ ജനങ്ങള്‍ പരസ്പരം മുഖത്തോടു മുഖം നോക്കി. ഈ വിഷയം അവതരിപ്പിക്കാന്‍ മണ്ണാനു ഭയമുണ്ടായിരുന്നെങ്കിലും തന്റെ പ്രജകള്‍ക്ക് അഭിപ്രായ സ്വാതന്ത്ര്യവും പൗരാവകാശവും നല്‍കുന്നുവെന്ന രാജാവിന്റെ ഉറപ്പിന്മേല്‍ മന്ത്രിമാരും, പൗരാവലിയും എല്ലാവരും സന്നിഹിതരായ സഭയില്‍ മണ്ണാന്‍ തന്റെ കുലതൊഴിലായ വിഴുപ്പലക്ക് പോലെ അയാള്‍ക്ക് തോന്നിയത് അലക്കി. 

അയാളുടെ ഭാര്യ വഴക്കിട്ട് അയല്‍പക്കത്ത് വീട്ടില്‍ പോയി രണ്ടു ദിവസം താമസിച്ച് വന്നപ്പോള്‍ അവളെ സ്വീകരിക്കാന്‍ അയാള്‍ തയ്യാറായില്ല. നിന്നെ സ്വീകരിക്കാന്‍ ഞാന്‍ ശ്രീരാമനല്ലെന്നു അയാള്‍ അലറികൊണ്ട് ആക്രോശിച്ചു. ഒരു പക്ഷെ പവിത്രമായ ഭാരതഭൂമിയിലെ ആദ്യത്തെ സദാചാര ഗുണ്ടയായിരിക്കും ഈ മണ്ണാന്‍. സദാചാരം പ്രസംഗിക്കുന്നവര്‍ അതു പാലിക്കുന്നില്ലെന്നുള്ളത് അറിയാവുന്ന ജനം വീര്‍പ്പടക്കി നിന്നു. 

"ആരവിടെ, ഇവനെ പിടിച്ച് കെട്ടി, കഴുത്തറുത്ത് കൊല്ലുക'' ശ്രീരാമചന്ദ്രന്‍ അങ്ങനെ കല്‍പ്പിക്കുമെന്നു ജനം വിശ്വസിച്ചു. പക്ഷെ രാജന്‍ ആലോചനാനിമഗ്നനായിരുന്നു. നാട്ടുകാര്‍ തന്റെ ഭരണത്തെക്കുറിച്ച് എന്തു പറയുന്നു എന്നറിയാന്‍ ഏല്‍പിച്ച രഹസ്യ ദൂതന്മാരാണ് ഈ മണ്ണാനെ കൊട്ടാരത്തില്‍ കൊണ്ടു വന്നത്. മണ്ണാന്  കൂസല്‍ ഒന്നുമുണ്ടായിരുന്നില്ല. അയാള്‍ സദാചാരത്തെക്കുറിച്ച് പറയുകയാണ്.

സനാതന ധര്‍മ്മം  പുരുഷാര്‍ത്ഥം ധര്‍മ്മം, അര്‍ത്ഥം, കാമം, മോക്ഷം എന്നീ നാലു കാര്യങ്ങള്‍ അടങ്ങുന്നതാണു. ഇതില്‍ ധര്‍മ്മമാണു പ്രധാനം. ധര്‍മ്മനുസരിച്ചാണ് നമ്മള്‍ കര്‍മ്മങ്ങള്‍ ചെയ്യേണ്ടത്.. അതു നമ്മുടെ സദാചാരബോധത്തെ നിയന്ത്രിക്കുന്നു. 

ഇവിടെ വിവരംകെട്ട മണ്ണാന്‍ അവനറിയുന്ന ചില സദാചാര ചിട്ടകളില്‍ ഊന്നി നിന്നുകൊണ്ട് രാജ്ഞിയെ കുറ്റപ്പെടുത്തുകയാണു. രാജഭരണമെങ്കിലും പ്രജകള്‍ക്ക് സ്വാതന്ത്ര്യമനുവദിച്ചിട്ടുള്ളത്‌ കൊണ്ട് മണ്ണാന്‍ അവന്റെ അഭിപ്രായത്തില്‍ ഉറച്ച് നില്‍ക്കുന്നു. മണ്ണാനോട് ശ്രീ രാമന്‍ സൗമ്യമായി പറയുന്നു. ലങ്കയില്‍ നിന്നും പോരുന്നതിനു മുമ്പ് സീതാദേവി അഗ്നിപരീക്ഷയില്‍ ജയിച്ചിട്ടുണ്ട്. അതുകൊണ്ട് നിങ്ങളാക്ഷേപിക്കുന്ന കുറ്റത്തിനു ദേവി വിധേയയല്ല. മണ്ണാനു സീതാദേവിയോട് ഏതോ മുജന്മ പ്രതികാരമുണ്ടെന്നു തോന്നുമാറു മണ്ണാന്‍ പറഞ്ഞു. "ആ പരീക്ഷ ഞങ്ങള്‍ അയോദ്ധ്യവാസികള്‍ കണ്ടിട്ടില്ല.'' 

ഇവിടെ മണ്ണാന്റെ ധാര്‍ഷ്ട്യം ശ്രദ്ധിക്കുക. അഗ്നിപരീക്ഷ ജയിച്ച കുലീന നാരിയായ സ്ര്തീയേയും തന്റെ ഭാര്യയേയും ഒരെ പോലെ അയാള്‍ കാണുന്നു. സദാചാര ഗുണ്ടകള്‍ പരദൂഷണ വീരന്മാരുടെ മാതാപിതാക്കളാണ്. മറ്റുള്ളവരുടെ സദാചാര ശീലത്തെപ്പറ്റി അപവാദം പറഞ്ഞു നടക്കുന്നു ഈ കൂട്ടര്‍. വാല്‍മികി എഴുതിയതല്ലെന്നു പറയുന്നെങ്കിലും മണ്ണാനെ കുറിച്ച് ചിലയിടത്തൊക്കെ പരാമര്‍ശങ്ങള്‍ ഉണ്ട്. അയാള്‍  അടുത്ത യുഗത്തില്‍ അതായ്ത് ദ്വാപുര യുഗത്തില്‍ വീണ്ടും മണ്ണാനായി ജനിച്ചുവത്രെ. അവിടെ വച്ച് ഭഗവാന്‍ ക്രുഷ്ണനുമായി വഴക്കുണ്ടാക്കുകയും ഭഗവാന്‍ അവന്റെ തലമണ്ട തല്ലിതകര്‍ക്കയും ചെയ്തു. അധര്‍മ്മം വളരുമ്പോള്‍ ധര്‍മ്മസംസ്ഥാപനാര്‍ത്ഥം ഭഗവാന്‍ ജനിക്കുന്നുവെന്നല്ലോ ഭക്തര്‍ കരുതുന്നത്. പക്ഷെ മണ്ണാന്‍ വീണ്ടും മലയാളിയായി ജനിച്ച് അവന്റെ പരദൂഷണം തുടരുന്നു.

പത്മപുരാണത്തിലെ ഒരു കഥപ്രകാരം ഈ മണ്ണാന്‍ കഴിഞ്ഞ ജന്മത്തില്‍ (സത്യയുഗത്തില്‍) ഒരു തത്തയായിരുന്നുവത്രെ. മുട്ടയിടാറായ തന്റെ ഇണയോടൊപ്പം കളിക്കുമ്പോള്‍ അവിടെയുണ്ടായിരുന്ന ബാലികയായ സീത അവരെ തടഞ്ഞ് വച്ചു. അവസാനം ആണ്‍തത്തയോട് പറന്നു പൊയ്‌കൊള്ളാന്‍ പറഞ്ഞു. പക്ഷെ പെണ്‍തത്തയെ വിട്ടുകൊടുക്കാന്‍ ആണ്‍തത്ത  തയ്യാറായില്ല. പെണ്‍തത്ത ചത്തുപോയി. അപ്പോള്‍ ആണ്‍തത്ത ശപിച്ചുവത്രെ. അടുത്ത ജന്മത്തില്‍ നീ ഗര്‍ഭിണിയായിരിക്കുമ്പോള്‍ നിന്നെ ഞാന്‍ ഭര്‍ത്താവില്‍ നിന്നു പിരിക്കും. മരണ സമയത്ത് ചീത്ത കാര്യം നിരൂപിച്ചത്‌കൊണ്ട് തത്ത മണ്ണാനായി ജനിച്ചുവെന്നു വിശ്വാസം.

മണ്ണാന്റെ ആരോപണം ശ്രീരാമന്‍ ചര്‍ച്ചക്കായി എടുത്തു. അലക്കുകാരുടെ സമൂഹത്തില്‍ സീതയെപ്പറ്റി നല്ല അഭിപ്രായമില്ല. അവരെ മുഴുവന്‍ കൊലചെയ്യാന്‍ പ്രയാസമാണു. ആയിരം കുടത്തിന്റെ വായ കെട്ടാം ഒരു മനുഷ്യന്റെ വായ കെട്ടാന്‍ പറ്റില്ലെന്ന ചൊല്ലു ശ്രീരാമന്‍ ശരി വയ്ക്കുന്നു. അദ്ദേഹത്തിനറിയാം സീത കളങ്കരഹിതായാണെന്നു. പക്ഷെ അദ്ദേഹം രാജാവാണ്. പ്രജകളുടെ ആവശ്യങ്ങള്‍ നിറവേറ്റേണ്ടവനാണ് , അവരുടെ പ്രതീക്ഷകള്‍ക്കൊപ്പം ജീവിക്കെണ്ടവനാണ് 
, മാത്രുകയാകേണ്ടവനാണ് 

ശ്രീരാമന്‍ സീതാ ദേവിയെ ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. അങ്ങനെ മര്യാദപുരുഷോത്തമനായ രാമന്‍ ഗര്‍ഭിണിയും നിരാലംബയുമായ തന്റെ രാജ്ഞിയെ കാട്ടില്‍ കൊണ്ടു വിടാന്‍ കല്‍പ്പനയിട്ടു. എന്നാല്‍ ഈ കഥ വാല്‍മികി എഴുതിയിട്ടില്ലെന്ന് പണ്ഡിതരുടെ ഇടയില്‍ അഭിപ്രായമുണ്ടു.പുരുഷോത്തമനായ ഒരാളെയാണ് വാല്‍മികി രാമനില്‍ കണ്ടത്. അതുകൊണ്ട് അദ്ദേഹം രാമനില്‍ ഇത്തരം വീഴ്ച്ചകള്‍ വരുത്തില്ലെന്ന് വിശ്വസിക്കുന്നവര്‍ ഉണ്ട്. മേല്‍പറഞ്ഞ കഥ വാല്‍മികി രാമായണത്തില്‍ ഇല്ലെന്നും അതു പിന്നീടു കൂട്ടിച്ചേര്‍ത്തതാണെന്നും വാദിക്കുന്നവരുണ്ടു. അതിനു തക്ക കാരണങ്ങളും അവര്‍ നിരത്തുന്നുണ്ട്.

വാല്‍മികി രാമായണം യുദ്ധകാണ്ഡത്തോടെ അവസാനിക്കുന്നു. എല്ലാ പുണ്യഗ്രന്ഥങ്ങളും അവസാനിക്കുന്നത് "ഫലശ്രുതിയെപ്പറ്റി'' പറഞ്ഞുകൊണ്ടാണു. വാല്‍മീകിയും അതു തന്നെ ചെയ്തിരിക്കുന്നു. അതുകൊണ്ട് ഫലശ്രുതിയോടെ ഗ്രന്ഥം അവസാനിച്ചുവെന്നുവേണം കരുതാന്‍. രാമായണം വായിച്ചാല്‍ ലഭിക്കുന്ന നന്മകളെക്കുറിച്ച് വാല്‍മികി വിവരിക്കുന്നു. എഴുത്തഛന്റെ അദ്ധ്യാത്മരാമായണത്തിലും ഇതു തന്നെ പറയുന്നു.

മൈത്രീകരം ധനധാന്യ വ്രുദ്ധിപ്രദം
ശത്രുവിനാശനമാരോഗ്യവര്‍ദ്ധനം.

സൗഖ്യപ്രദം സകലാഭീഷ്ടസാധകം
ഭക്ത്യാ പഠിക്കലും ചൊല്ലിലും തല്‍ക്ഷണേ

മുക്തനായീടും മഹാപാതകങ്ങളാല്‍
അര്‍ത്ഥാഭിലാഷി ലഭിക്കും മഹാധനം
പുത്രാഭിലാഷി സുപുത്രനേയും തഥാ..

ഇങ്ങനെയൊക്കെ പറഞ്ഞു അവസാനം ഇങ്ങനെ കൂട്ടിചേര്‍ക്കുന്നു.
......
നിത്യവും ശുദ്ധബുദ്ധ്യാ ഗുരുഭക്തിപൂ-
ണ്ടദ്ധ്യയനം ചെയ്കിലും മുദാ കേള്‍ക്കിലും
സിദ്ധിക്കുമെല്ലാമഭീഷ്ടമെന്നിങ്ങനെ
ബദ്ധമോദം പരമാര്‍ത്ഥമിതൊക്കവെ... (അദ്ധ്യാത്മരാമായണം യുദ്ധകാണ്ഡത്തില്‍ നിന്നു)

ഈ വരികള്‍ തന്നെ വ്യക്തമാക്കുന്നത് രാമകഥ പറഞ്ഞു കഴിഞ്ഞു ഇനി നിങ്ങള്‍ അതു വായിച്ച് അനുഗ്രഹം പ്രാപിക്കുവിന്‍ എന്നാണു. തന്നെയുമല്ല യുദ്ധകാണ്ഡത്തില്‍ ശ്രീരാമന്റെ ഭരണത്തെക്കുറിച്ച് പറയുന്നുണ്ട്. അതില്‍ നിന്നും മനസ്സിലാകുന്നത് പ്രജകളെല്ലാം സന്തുഷ്ടരായിരുന്നുവെന്നാണു. 

പിന്നെ എങ്ങനെ ഈ മണ്ണാന്‍ ഉദയം ചെയ്തു. രാമന്‍ രാജ്യം ഭരിക്കുമ്പോള്‍ ജനങ്ങളുടെ സംസാരം രാമനില്‍ കേന്ദ്രീകരിച്ച് മാത്രമായിരുന്നു, രാമ, രാമ എന്നു ജപിക്കും പോലെ. രാമരാജ്യം എന്ന പേരു അങ്ങനെ വന്നു. രാമരാജ്യം ഒരു ഹിന്ദു രാജാവിന്റെ ഭരണമായി ഇപ്പോള്‍ നാനവിധ മതങ്ങളുള്ള ഭാരതത്തില്‍ തെറ്റിദ്ധരിക്കപ്പെടുന്നുണ്ടെങ്കിലും അതു അര്‍ത്ഥമാക്കുന്നത് പ്രജകളുടെ ക്ഷേമം നോക്കി ഭരിച്ച ഒരു രാജവിനെപ്പറ്റിയാണു. രാമന്റെ ഭരണത്തെക്കുറിച്ച് വാല്‍മികി പറഞത് തന്നെ എഴുത്തഛഛനും എഴുതിയിരിക്കുന്നു. എഴുത്തഛന്റെ മലയാള വിവര്‍ത്തനം വായിക്കുക.

വിശ്വപവിത്രയാം കീര്‍ത്തിയും പൊങ്ങിച്ചു
നിശ്ശേഷ സൗഖ്യം വരുത്തി പ്രജകള്‍ക്ക്
വിശ്വമെല്ലാം പരിപാലിച്ചരുളിനാന്‍.
വൈധവ്യ ദുഃഖം വനിതമാര്‍ക്കില്ലൊരു
വ്യാധിഭയവുമൊരുത്തര്‍ക്കുമില്ലല്ലോ
ബാലമരണമകപ്പെടുമാറില്ല
കാലേ വരിഷിക്കുമല്ലോ ഘനങ്ങളും
.....
സാകേതവാസികളായ ജനങ്ങള്‍ക്ക്
ലോകാന്തരസുഖമെന്തോന്നിതില്‍പ്പരം
വൈകുണ്ഠലോകഭോഗത്തിനു തുല്യമായ്
ശോകമോഹങ്ങളകന്നു മേവീടിനാര്‍

അപവാദവുമായി മണ്ണാന്‍ വരുന്നതും, സീതപരിത്യാഗവും, ശംബുക വധവും തുടങ്ങി പലതും വാല്‍മീകി രാമയണത്തോട് കൂട്ടിച്ചേര്‍ത്തുവെന്ന് (പ്രക്ഷിപ്തം=ദ്ധ ന്ധനുത്സണ്മഗ്നരൂപ ന്റന്ധദ്ധഗ്ന ) വിശ്വസിക്കതക്കവിധമുള്ള വാദഗതികള്‍ സൂക്ഷ്മമായി രാമയണം വായിക്കുമ്പോള്‍ അറിയുന്നു. ഒരു പക്ഷെ ബ്രാഹ്മണ മേധാവിത്വം നിലനിര്‍ത്താന്‍ വേണ്ടി എഴുതി ചേര്‍ത്തതാവാം. എന്നാല്‍ അവയൊന്നും യുക്തിക്ക് നിരക്കുന്നവയല്ല. 

ചില ഉദാഹരണങ്ങള്‍ മാത്രം നോക്കാം. രാമന്‍ ഭരിക്കുമ്പോള്‍ പ്രജകള്‍ ആയിരം വര്‍ഷം വരെയൊക്കെ ജീവിച്ചിരുന്നുവെന്നു വാല്‍മികി എഴുതുന്നു. അന്നു ബാലമരണങ്ങള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ഉത്തരകാണ്ഡത്തില്‍ ഒരു ബ്രാഹ്മണ ശിശു മരിച്ചുവെന്നും അതിനു കാരണം മോക്ഷ പ്രാപ്തിക്കയി ഒരു ശൂദ്രന്‍ തപസ്സു ചെയ്യുന്നത്‌ . വിവരം ശ്രീരാമനെ ധരിപ്പിച്ചപ്പോള്‍ അദ്ദേഹം ശംബൂകന്‍ എന്ന ആ ശൂദ്രനെ വധിച്ചതായി പറയുന്നുണ്ട്. ബ്രഹ്മണനെക്കാള്‍ മഹത്വം ഒരു ക്ഷത്രിയ രാജാവിനു വേണ്ടെന്ന് തോന്നിയ ഏതൊ ബ്രഹ്മണന്റെ കുബുദ്ധിയില്‍ നിന്നുമുണ്ടായ ഒരു ആശയമായിരിക്കാമിതു. അത്തരം കഥകള്‍ കുത്തികയറ്റിയവര്‍ വായനകാരെ വിശ്വസിപ്പിക്കാവുന്ന അടവുകള്‍ ഉപയോഗിക്കുന്നുണ്ട്. ശൂദ്രന്‍ തപസ്സ് ചെയ്തത് ഇന്ദ്ര ലോകം കരസ്ഥമാക്കാനാണ്. അതു ശരിയല്ല. അപ്പോള്‍ അവന്‍ മരണശിക്ഷക്ക് അര്‍ഹനാണ്.

വാല്‍മികി വളരെ വ്യക്തമായി പറയുന്നുണ്ട്. രാമന്‍ ഭരിക്കുമ്പോള്‍ എല്ലാ ജീവജാലങ്ങളും സന്തുഷ്ടരായിരുന്നു. എല്ലാവരും നന്മ മാത്രമേ ചിന്തിച്ചിരുന്നുള്ളു.പരസ്പരം ഹിംസ ചെയ്തിരുന്നില്ല. എല്ലാവരും രാമനെ മാത്രം ധ്യാനിച്ച് നടന്നു. അങ്ങനെയുള്ള ഒരു രാജ്യത്ത് എങ്ങനെ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നു എന്നു ന്യായമായി സംശയിക്കാവുന്നതാണ്. ഒരു പക്ഷെ സദാചാര ഗുണ്ടായിസവും, പരദൂഷണവുമൊക്കെ ഒരു രാജ്ഞിക്ക് അവരുടെ സ്ഥാനമാനങ്ങള്‍ നഷ്ടമാകാന്‍ കാരണമായി, അവരുടെ ഭര്‍ത്താവ് വിരഹ ദുഃഖവും പേറി കാലം കഴിച്ചു, മര്യാദപുരുഷോത്തമന്‍ എന്ന പേരിനു അര്‍ഹനല്ലെന്ന വാദത്തിനു ഇരയായി, മുഴുവന്‍ അയോദ്ധ്യപുരിയും ഇത്തരം സംസാര വിഷയങ്ങള്‍ കൊണ്ട് മലിനമായി എന്നൊക്കെ ജനങ്ങളെ ധരിപ്പിക്കാന്‍ ചേര്‍ത്ത സംഭവങ്ങളായിരിക്കാം.

 അല്ലെങ്കില്‍ എല്ലാ നന്മകളും ലഭിച്ചാലും മനുഷ്യര്‍ അവരില്‍ കുടികൊള്ളുന്ന കുടിലത പുറത്തെടുത്ത് തന്റേയും മറ്റുള്ളവരുടേയും ജീവിതം ദുസ്സഹമാക്കുമെന്ന സൂചന തരുകയുമാകാം.

ശ്രീരാമചന്ദ്രനെക്കുറിച്ച് എത്രയോ കഥകള്‍ നിറഞ്ഞ് കിടക്കുന്നു. എഴുത്തഛന്‍ എഴുതിയപോലെ "കഥയ മമ കഥയ മമ കഥകളതിസാദരം , കാകുല്‍സ്ഥ ലീലകള്‍ കേട്ടാല്‍ മതിവരാ''.

പുരാണങ്ങളിലും ഇതിഹാസങ്ങളിലുമെല്ലാം സ്വാര്‍ത്ഥതല്‍പ്പരര്‍ പലതും കൂട്ടിചേര്‍ത്തിയിട്ടുണ്ടു. അതെല്ലാം മനസ്സിലാക്കാനും അതെപ്പറ്റി ചിന്തിക്കാനും ഈ രാമായണമാസം എല്ലാവര്‍ക്കും വിവേകം നല്‍കട്ടെ എന്നു ആശിക്കുന്നു.

ശുഭം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക