Image

ന്യൂയോര്‍ക്കിലെ സമ്പന്ന ഇടങ്ങളിലൂടെ...(പകല്‍ക്കിനാവ്- 64 : ജോര്‍ജ് തുമ്പയില്‍)

ജോര്‍ജ് തുമ്പയില്‍ Published on 13 August, 2017
ന്യൂയോര്‍ക്കിലെ സമ്പന്ന ഇടങ്ങളിലൂടെ...(പകല്‍ക്കിനാവ്- 64 : ജോര്‍ജ് തുമ്പയില്‍)
പാഞ്ഞു പോകുന്ന സ്‌പോര്‍ട്‌സ് ലക്ഷ്വറി കാറുകള്‍. വന്‍ ബംഗ്ലാവുകള്‍. എവിടെയും സമ്പന്നതയുടെ ലക്ഷണം. അത്തരത്തില്‍ പെട്ട നൂറോളം സ്ഥലങ്ങള്‍ ന്യൂയോര്‍ക്കിനു ചുറ്റുമുള്ള കൗണ്ടികളില്‍ കാണാം. അവിടെ താമസിക്കുന്ന സെലിബ്രേറ്റികളില്‍ പലരും ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ ആരാധകരുള്ള പോപ്പ് ഗായകരോ, അഭിനേതാക്കളോ, ശാസ്ത്രജ്ഞരോ, എഴുത്തുകാരോ ഒക്കെയാവും. അതില്‍ ചില സ്ഥലങ്ങളെക്കുറിച്ച് കഴിഞ്ഞ ദിവസം ഒരു വെളിപ്പെടുത്തല്‍ ഉണ്ടായി. അമേരിക്കയിലെ സാമൂഹികമേഖലയില്‍ നടത്തിയ സര്‍വ്വേയിലാണ് ഈ ഫലം പുറത്തു വന്നത്. അതു പലരും അത്ഭുതപ്പെടുത്തുന്നതാണ്. സമ്പത്തിന്റെ ഉത്തുംഗശൃംഖത്തില്‍ നില്‍ക്കുന്ന ഈ സ്ഥലങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പോലും രസകരമാണ്.

ന്യൂയോര്‍ക്കില്‍ സമ്പന്നര്‍ ഏറ്റവും കൂടുതല്‍ താമസിക്കുന്ന സ്ഥലമേതായിരിക്കും എന്ന അന്വേഷണം ഒരു പക്ഷേ എത്തിച്ചേരുക നസ്യൂ കൗണ്ടിയിലായിരിക്കും. കഴിഞ്ഞ വര്‍ഷത്തെ ഫോബ്‌സ് മാഗസിന്റെ കണക്കു പ്രകാരവും അമേരിക്കന്‍ കമ്മ്യൂണിറ്റി സര്‍വ്വേയുടെ കണക്കു പ്രകാരവും അമേരിക്കന്‍ ഐക്യനാടുകളില്‍ ഏറ്റവും സമ്പന്നമായ കൗണ്ടിയാണിത്. അമേരിക്കയിലെ എറ്റവും ചെലവേറിയ സ്ഥലവും ഇതു തന്നെ. പ്രതിശീര്‍ഷ വരുമാനം കണക്കിലെടുത്താലും നസ്യൂ കൗണ്ടിയുടെ തൊട്ടടുത്തെങ്ങും വരാന്‍ മറ്റൊരു കൗണ്ടിയുമില്ല. ഇവിടെ 71 ശതമാനം പേരും വെള്ളക്കാരാണ്. കറുത്ത വര്‍ഗ്ഗക്കാര്‍ വെറും 11 ശതമാനം. അതില്‍ ഏഷ്യക്കാരാവട്ടെ 7.6 ശതമാനവും. മറ്റുള്ളവരെല്ലാം കൂടി ചേര്‍ത്താല്‍ പത്തു ശതമാനത്തിലും താഴെ. 52 ശതമാനം പേരും കാത്തലിക്ക് വിശ്വാസികളാണ്. ജൂതന്മാര്‍ 16 ശതമാനവും ഏഴു ശതമാനം പ്രോട്ടസ്റ്റന്റുകളുമായി ഇവര്‍ ഒതുങ്ങുന്നു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ പിന്തുണയ്ക്കുന്ന കൗണ്ടിയിലെ സമാധാന അന്തരീക്ഷം മാത്രമല്ല, പ്രകൃതിഭംഗി, ജീവിക്കാനുതകുന്ന അന്തരീക്ഷവുമെല്ലാം സമ്പന്നരെ ഇവിടേക്ക് ആകര്‍ഷിക്കുന്ന ഘടകങ്ങള്‍ തന്നെ. അത്‌ലാന്റിക്കിനോടു ചേര്‍ന്നു കിടക്കുന്ന ഈ നഗരത്തിന് പറയാന്‍ സമ്പന്നതയുടെ കഥകള്‍ മാത്രമാണുള്ളത്. ഒട്ടനവധി സെലിബ്രിറ്റികളാണ് ഇവിടെ താമസിക്കുന്നത്. ലിന്‍ഡ്‌സേ ലോഹന്‍, ജെന്നിഫര്‍ ലോപ്പസ്, സൂസന്‍ ലൂസി, സ്റ്റീവ് ഗുട്ടന്‍ബര്‍ഗ് തുടങ്ങിയവര്‍ അവരില്‍ ചിലര്‍ മാത്രം. അങ്ങനെ തുടങ്ങിയ അന്വേഷണം ഈ രീതിയിലെ ഏറ്റവും മികച്ച പത്തു കൗണ്ടികളെക്കുറിച്ചായിരുന്നു. നസ്യൂ കൗണ്ടിയില്‍ തന്നെ അപ്പര്‍ ബ്രൂക്‌വിലി എന്ന സ്ഥലമാണ് അമേരിക്കയിലെ ഏറ്റവും സമ്പന്നമായ ഇടം. ഇവിടെ താമസിക്കുന്ന 462 താമസക്കാരുടെ പ്രതിശീര്‍ഷ വാര്‍ഷിക വരുമാനം 250,000 ഡോളറിനു മുകളിലാണ്. ഇന്ത്യന്‍ രൂപയില്‍  കണക്കെടുത്താല്‍ ഏതാണ്ട്, ഒന്നരക്കോടിക്കു മുകളില്‍ !

ഇതില്‍ നസ്യൂ കൗണ്ടി കഴിഞ്ഞാല്‍ തൊട്ടടുത്തു നില്‍ക്കുന്നത്  വെസ്റ്റ്‌ചെസ്റ്റര്‍ കൗണ്ടിയാണ്. അവിടുത്തെ സ്‌കാര്‍സ് ഡെയ്ല്‍ എന്ന സ്ഥലത്ത് താമസിക്കുന്ന 5500 പേരുടെ വരുമാനം എത്രയെന്നോ, ഏതാണ്ട് 242,782 ഡോളര്‍. മൂന്നാം സ്ഥാനം സഫ്‌ഫോക്ക് കൗണ്ടിയിലെ ഓള്‍ഡ് ഫീല്‍ഡ് എന്ന സ്ഥലത്തിനാണ്. ഇവിടുത്തെ 312 പ്രതിവര്‍ഷം സമ്പാദിക്കുന്നത് 208,750 ഡോളറാണ്. സമ്പത്തിന്റെ നിറകുടമാണ് ഈ മൂന്നു സ്ഥലങ്ങളും. ധനികരെല്ലാം ഒരുമിച്ചു താമസിക്കുന്നയിടം. ആഢംബരത്തിന്റെ അത്യുന്നമേഖലയാണിവിടെ. സാധാരണക്കാര്‍ക്ക് സ്വപ്നം കാണാനാവാത്ത സൗകര്യങ്ങള്‍ക്ക് നടുവിലാണ് ഇവിടെ ആളുകള്‍ വസിക്കുന്നത്.

സമ്പത്തിന്റെ കാര്യത്തില്‍ നാലാം സ്ഥാനത്തേക്കുള്ള അന്വേഷണം എത്തി നിന്നത് ഡച്ചസ് കൗണ്ടിയിലെ മെറിറ്റ് പാര്‍ക്കിലായിരുന്നു. എന്നാല്‍ മറ്റു മൂന്നു സ്ഥാനക്കാരും ഇവരും തമ്മിലുള്ള വ്യത്യാസം ഏതാണ്ട് അമ്പതിനായിരം ഡോളറിന്റേതായിരുന്നുവെന്നതാണ് അത്ഭുതപ്പെടുത്തുന്നത്. ഇവിടെ താമസിക്കുന്ന 594 പേരുടെ സാമ്പത്തിക വരുമാനം പ്രതിവര്‍ഷശരാശരി ഏതാണ്ട് 147, 808 ഡോളറിന്റേതാണ്.

അഞ്ചാം സ്ഥാനത്തു നില്‍ക്കുന്നത് റോക്ക്‌ലാന്‍ഡ് കൗണ്ടിയിലെ മൗണ്ട്‌ബെലോ ഗ്രാമമാണ്. ഇവിടെ താമസിക്കുന്ന 1517 പേരുടെ വാര്‍ഷിക വരുമാനം ഏതാണ്ട് 132614 ഡോളറിന്റേതാണ്. അതായത് 85 ലക്ഷം ഇന്ത്യന്‍ രൂപയുടേത്. ഓറഞ്ച് കൗണ്ടിയിലെ വുഡ്ബറി എന്ന സ്ഥലമാണ് ആറാം സ്ഥാനത്ത് നില്‍ക്കുന്നത്. ഇവിടെ 127,660 ഡോളറാണ് 3389 പേരുടെ വാര്‍ഷികവരുമാനമായി കണ്ടെത്തിയിരിക്കുന്നത്. ഏഴാം സ്ഥാനത്ത് നില്‍ക്കുന്നത് ഷെനക്റ്റഡി കൗണ്ടിയിലെ ഡ്വയ്ന്‍ ലേക്കിലേതാണ്. ഇവിടെ 158 പേരുടെ വരുമാനം ഏതാണ്ട് 115,441 ഡോളറിന്റേതാണ്. പുട്‌നം കൗണ്ടിയിലെ പീച്ച് ലേക്കാണ് എട്ടാം സ്ഥാനത്ത് നില്‍ക്കുന്നത്. ഇവിടെ 547 പേരുടെ വാര്‍ഷിക വരുമാനം 113,375 ഡോളറിന്റേതാണ്. ഒമ്പതാമുള്ളത് ഉള്‍സ്റ്റര്‍ കൗണ്ടിയിലെ അക്കോര്‍ഡിനാണ്. ഇവിടെ 186 താമസക്കാരുടെ വരുമാനം 112,083 ഡോളറാണ്. ഇന്ത്യന്‍ രൂപയായി മൂല്യപ്പെടുത്തിയാല്‍ 71 ലക്ഷം ഡോളര്‍ ഓരോരുത്തരും സമ്പാദിക്കുന്നു. പത്താം സ്ഥാനത്തുള്ള ഏരി കൗണ്ടിയിലെ ക്ലാരന്‍സ് സെന്ററിലെ 769 പേര്‍ മാത്രം 111,250 ഡോളര്‍ വാര്‍ഷികസമ്പാദ്യത്തിന് ഉടമകളാണ്.

ഇങ്ങനെ പോകുന്ന കണക്കില്‍ ഏതാണ്ട് 25-ാം സ്ഥാനത്തുള്ള സ്ഥലമൊന്നു നോക്കി. ഗ്രീനി കൗണ്ടിയിലെ ലീഡ്‌സ് എന്ന സ്ഥലമാണത്. ഇവിടെ ലീഡ്‌സ് ഹാംലെറ്റിലെ 97 പേരുടെ വാര്‍ഷിക വരുമാനം 82,159 ഡോളറാണ്. അതായത് 52 ലക്ഷം ഇന്ത്യന്‍ രൂപയ്ക്ക് മുകളില്‍. അമ്പതാം സ്ഥാനത്തുള്ള ക്യൂന്‍സ് കൗണ്ടിയിലെ ക്യൂന്‍സ് എന്ന സ്ഥലത്തെ 780644 പേരുടെ വരുമാനം ഇന്ത്യന്‍ രൂപ 36 ലക്ഷത്തിനു മുകളില്‍ വരും. കൃത്യമായി പറഞ്ഞാല്‍ 57,720 ഡോളര്‍. ഇതാണ് അമേരിക്കയിലെ സമകാലിക ധനികരുടെ അവസ്ഥ. അങ്ങനെ അമേരിക്കന്‍ ധനാഢ്യരുടെ സമ്പന്ന മേഖലയിലൂടെ ഒരു ഓട്ടപ്രദക്ഷിണം നടത്തുമ്പോള്‍ മനസ്സിലാവും, നാമൊക്കെ അവരെ വച്ചു നോക്കുമ്പോള്‍ എത്ര നിസ്സാരന്മാരാണ്. ലോക സമ്പന്മാരില്‍ ആദ്യ നാലു പേര്‍ ഉള്ളത് അമേരിക്കയില്‍ നിന്നാണ്. ഇതില്‍ മൂന്നാം സ്ഥാനത്തുണ്ടായിരുന്ന ആമസോണ്‍ സിഇഒ ജെഫ് ബിസോസ് ഇപ്പോള്‍ ഒന്നാമത് എത്തി നില്‍ക്കുന്നു. ജെഫിന്റെ വരുമാനം 90.6 ബില്യണ്‍ ഡോളറാണ്. ജൂലൈ 27-ന് ഫോബ്‌സ് പുറത്തു വിട്ടു കണക്കാണിത്. ബില്‍ ഗേറ്റ്‌സിന്റെ 86 ബില്യണിനെയാണ് ജെഫ് മറികടന്നത്. വാരന്‍ ബഫറ്റിനു പോലും 75 ബില്യന്‍ ആണുള്ളതെന്ന് ഓര്‍ക്കണം. സക്കര്‍ബര്‍ഗ് എന്ന ഫേസ്ബുക്ക് സ്ഥാപകന് 56 ബില്യന്‍ ആസ്തിയാണുള്ളത്. ഇവരെല്ലാം വാഴുന്ന അമേരിക്കയില്‍ നിന്ന് ഇനിയും ഈ ലിസ്റ്റിലേക്ക് കൂടുതല്‍ ആളുകള്‍ എത്തിയാലും അത്ഭുതപ്പെടേണ്ടതില്ല.

ന്യൂയോര്‍ക്കിലെ സമ്പന്ന ഇടങ്ങളിലൂടെ...(പകല്‍ക്കിനാവ്- 64 : ജോര്‍ജ് തുമ്പയില്‍)
Join WhatsApp News
sudhir panikkaveetil 2017-08-14 04:42:21
ഓരോ വിഷയത്തെക്കുറിച്ചുള്ള താങ്കളുടെ കുറിപ്പുകൾ സശ്രദ്ധം വായിക്കാറുണ്ട്. വളരെ വിവരണ ആത്മകവും ക്രിയാത്മകവുമാണവ. കുട്ടികളെ ആകർഷിക്കയും കൊലപ്പെടുത്തുകയും ചെയ്യുന്ന "ബ്ലൂ വെയിൽ ഗെയിമിനെ" കുറിച്ചും താങ്കൾ എഴുതുമെന്ന് പ്രതീക്ഷിക്കുന്നു. അഭിനന്ദനങ്ങൾ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക