Image

മുരുകന്‍മാര്‍ പുനര്‍ജ്ജനിയ്ക്കില്ല എന്ന് നമുക്ക് ഈ സ്വാതന്ത്ര്യ ദിനത്തില്‍ സ്വയം പ്രതിജ്ഞ ചെയ്യാം (ജയ്ശങ്കര്‍ പിള്ള)

Published on 13 August, 2017
മുരുകന്‍മാര്‍ പുനര്‍ജ്ജനിയ്ക്കില്ല എന്ന് നമുക്ക് ഈ സ്വാതന്ത്ര്യ ദിനത്തില്‍ സ്വയം പ്രതിജ്ഞ ചെയ്യാം (ജയ്ശങ്കര്‍ പിള്ള)
മുരുകന്‍ നല്‍കുന്ന തിരിച്ചറിവുകള്‍ മലയാളികള്‍ക്ക് എന്നും ഒരു ഓര്‍മപ്പെടുത്തലും, പാഠവും കൂടി ആയിരിയ്ക്കണം. ചാനല്‍ ചര്‍ച്ചകള്‍ പെരുകുമ്പോള്‍ ദാരുണ സംഭവങ്ങള്‍ക്കോ, സ്ഥാപനങ്ങളുടെ രോഗികള്‍ക്ക് നേരെയുള്ള പ്രവര്‍ത്തിയിലോ, പ്രവണതയിലോ മാറ്റം വരുന്നുണ്ടോ? ഇല്ല എന്ന് തന്നെ ആണ് കേരളത്തിലെ മുരുകന് ശേഷം ഉള്ള സംഭവങ്ങളും സൂചിപ്പിക്കുന്നത്. കേരളത്തിലെ റോഡപകടങ്ങള്‍ മൂലം ഉണ്ടാകുന്ന അത്യാഹിതങ്ങള്‍, മറ്റു അതീവ പരിചരണങ്ങള്‍ ആവശ്യമുള്ള സംഭവങ്ങള്‍, ആശുപത്രിയ്ക്കകത്തു തീവ്ര പരിചരണം കിട്ടാതെ മരണപ്പെടുന്നവരുടെ ഒക്കെ അവസ്ഥയില്‍ എന്തെങ്കിലും ഒരളവില്‍ മാറ്റം വന്നതായി കാണുന്നില്ല.

കാരണങ്ങള്‍ പലതാണ്. മുരുകന്റെ മരണത്തിനുള്ള ഉത്തരവാദിത്വം ആശുപത്രികളുടെ മേല്‍ കെട്ടിവച്ചു നാം ചര്‍ച്ച ചെയ്തു റേറ്റിങ് നേടുമ്പോള്‍ എന്ത് കൊണ്ടാണ് ഇത് പോലുള്ള കാര്യങ്ങള്‍ സംഭവിക്കുന്നത്, എവിടെ നിന്നാണ് ഇത് ആരംഭിക്കുന്നത് എന്ന് കൂടി ചര്‍ച്ച ചെയ്തു സര്‍ക്കാര്‍ തലത്തില്‍ ഉടന്‍ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. സ്വകാര്യ മേഖലയിലെ ആതുരാലയങ്ങള്‍ അതി തീവ്ര പരിചരണ വിഭാഗങ്ങള്‍ പഴയ ബ്ലേഡ് ബാങ്ക് പരുവത്തില്‍ തുറന്നു വച്ചിരിയ്ക്കുന്നതിനു യാതൊരു വിധ നിയന്ത്രണങ്ങളും ഇല്ല.

റോഡപകടങ്ങള്‍ ഉണ്ടാകുന്നതില്‍ പൊതു ജനം അപകടത്തില്‍ പെടുന്നതില്‍ പൂര്‍ണ്ണമായ ഉത്തരവാദിത്വം സര്‍ക്കാരിന് തന്നെ ആണ്. അത് ഇടതു വലതു സര്‍ക്കാരുകളുടെ മേല്‍ കെട്ടി വയ്ക്കുകയല്ല. കേരളത്തിന്റെ കാലാവസ്ഥയ്ക്കു യോഗ്യമായ രീതിയില്‍ മെച്ചപ്പെട്ട റോഡുകള്‍, സിഗ്‌നല്‍ ടെക്‌നൊളജികള്‍, മഴ കൂടുതലായി ഉള്ള സംസ്ഥാനത്തു ഓടയുടെ നിര്‍മ്മാണം, അനുദിനമായി വര്‍ധിച്ചു വരുന്ന മാലിന്യം നിര്‍മാര്‍ജ്ജനം ചെയ്യാനുള്ള പദ്ധതികള്‍ എന്നിവയൊക്കെ ദീര്‍ഘകാല അടിസ്ഥാനത്തില്‍ നിലനില്‍ക്കുന്ന രീതിയില്‍ ഏതെങ്കിലും ഭരണകൂടം ഇതുവരെ ചെയ്തിട്ടുണ്ടോ?

റോഡുകളും, പാലങ്ങളും, ഓടകളും, മാലിന്യ നിര്‍മാര്‍ജ്ജന പദ്ധതികളും സര്‍ക്കാരുകള്‍ നടപ്പിലാക്കുന്നുണ്ട്. പക്ഷെ ഗുണനിലവാരം ഉള്ള രീതിയില്‍, ദീര്‍ഘകാലത്തേയ്ക് എന്നുള്ള എത്ര പദ്ധതികള്‍ കേരളത്തില്‍ വരുന്നുണ്ട്? ഒരു നഴക്കാലം പോലും ആയുസ്സു എത്താത്ത റോഡുകള്‍ ആണ് കേരളത്തില്‍, പാലിക്കപ്പെടാത്ത റോഡ് നിയമങ്ങള്‍, ആര്‍ സി ബുക്കില്‍ ഒളിപ്പിച്ച ഗാന്ധിയില്‍ തീരുന്ന ആര്‍ ടി ഓ ടെസ്റ്റുകളും, ഡ്രൈവിംഗ് സുരക്ഷാ നിയമലംഘനങ്ങളും ആണ് കേരളത്തില്‍ ഉള്ളത്.

മുരുകന്മാര്‍ ജനിയ്ക്കുന്നതു റോഡ് നിയമങ്ങള്‍ പാലിയ്ക്കാത്ത സാധാരണക്കാരില്‍ നിന്നാണ്. അത് കൈക്കൂലിയില്‍ പണിതീര്‍ത്ത റോഡുകളില്‍ വളരുകയും, പണത്തിനു മേല്‍ കണ്ണുള്ള ആതുരാലയങ്ങളില്‍ കാലനും, ബ്രഹ്മാവിനും ആയി വീതം വയ്ക്കപ്പെടുകയും ചെയ്യുന്നു.

ഇവിടെ സര്‍ക്കാര്‍ ആണോ, പ്രതിഭാഗത്ത്? അതോ വ്യക്തമായ നിയമങ്ങള്‍ പാലിയ്ക്കാത്ത സാധാരണ ജനങ്ങള്‍ ഉള്‍പ്പെടുന്ന സര്‍ക്കാര്‍ നിയമങ്ങള്‍ പാലിയ്ക്കാത്ത, കൈക്കൂലിയില്‍ മുങ്ങിയ ജീവനക്കാരും, കരാറുകാരും ആണോ? മാറി വരുന്ന സര്‍ക്കാരുകള്‍ നിയമ നിര്‍മ്മാണവും, പദ്ധതികളും നടപ്പില്‍ വരുത്തി ജനങ്ങള്‍ക്ക് വിഭാവനം ചെയ്യുമ്പോള്‍ അത് കാര്യക്ഷമമായി വിനിയോഗിക്കാനും, കാത്തു സൂക്ഷിക്കുവാനും ആരാണ് ബാധ്യസ്തര്‍, കഴിഞ്ഞ ഭരണകാലത്തെ ഉമ്മന്‍ ചാണ്ടി സര്‍ക്കാരോ, പിണറായി സര്‍ക്കാരോ അല്ല. നാം പൊതുജനം തന്നെ ആണ് തെറ്റ് തിരുത്തി മുന്നോട്ടു നീങ്ങേണ്ടത്.

'ആങ്ങള ചത്താലും നാത്തൂന്റെ കരച്ചില്‍ കാണണം' ഈ മാനസ്സീക സ്ഥിതിയോടെ ആണ് നമ്മുടെ കേരളത്തിലെ ജനങ്ങളുടെ നിയമപരിപാലനവും, മാലിന്യ നിര്‍മ്മാര്‍ജ്ജനവും, വിദ്യാഭ്യാസ ആരോഗ്യ പ്രശ്‌നങ്ങളോടുള്ള സമീപനവും.

മുരുകന്‍മാര്‍ വീണ്ടും വീണ്ടും ജന്മമെടുക്കുമ്പോള്‍ സ്വയം തിരിച്ചറിവും, മുന്‍കരുതലുകളും വേണ്ടത് നാം പൊതു ജനത്തിന് മാത്രമാണ്.
പല ചാനല്‍ ചര്‍ച്ചകളിലും, വിദേശ സന്ദര്‍ശനം നടത്തിയ ആരോഗ്യ വിദക്തര്‍ അവിടെ ഉള്ള സംവിധാനങ്ങളെ പുകഴ്ത്തിയും, അതെ ഉപകരണങ്ങള്‍ സ്ഥാപിയ്ക്കപ്പെട്ട ആധുനിക സൗകര്യങ്ങള്‍ ഉള്ള ആതുരാലയങ്ങള്‍ ഇന്ന് കേരളത്തിന് സ്വന്തമായി ഉണ്ടെന്നും വാദിക്കുന്നത് കാണുകയുണ്ടായി .

ശരിയായ വസ്തുതത തന്നെ. ചുരുങ്ങിയ ദിവസത്തേയ്ക്ക് അമേരിയ്ക്കയിലും, യൂറോപ്പിലും, സിംഗപ്പൂരും, ഗള്‍ഫിലും ഒക്കെ ആശുപത്രികളില്‍ പഠനം നടത്തിയ ഇവര്‍ പഠിക്കാത്തതോ, പഠിച്ചിട്ടു പുറത്തു പറയാത്തതോ ആയ ഒന്ന് കൂടി ഉണ്ട്. രോഗികളും ഡോക്റ്ററും, നേഴ്‌സും, മറ്റു അനുബന്ധ ജീവനക്കാരും തമ്മില്‍ ഉള്ള ആനുപാതം. അവര്‍ക്കു ലഭിക്കുന്ന സേവന വേതന വ്യവസ്ഥകള്‍, ഇന്ന് ഓരോ പ്രമുഖ ചാനലില്‍, പ്രധാന ഡോക്റ്റര്‍ പറഞ്ഞത് അമേരിക്കയിലും, കാനഡയിലും, യു കെ യിലും ഒക്കെ ഡോക്ടരും, നേഴ്‌സും തീവ്രപരിചരണ വിഭാഗത്തില്‍ രോഗികളെ സ്വാഗതം ചെയ്യാന്‍ തയ്യാര്‍ ആയി 24 മണിക്കൂറും നില്കുന്നു എന്നാണു.

ശരിയാണ്. അവര്‍ അവിടെ സുസജ്ജമായി തയ്യാര്‍ ആണ്. കേരളത്തില്‍ ഇതേ വിഭാഗത്തിലെ ഡോക്ടര്‍മാര്‍, നേഴ്സുമാര്‍ എന്നിവര്‍ ജോലി ചെയ്യുന്നത് ഓ പി വിഭാഗത്തിലും, അത്യാഹിത വിഭാഗത്തിലെ രോഗികള്‍ വരുമ്പോള്‍ അത്യാവശ്യമായി ഓടി വരുകയും ആണ് പതിവ് എന്ന് കൂടി പറയേണ്ടിയിരിയ്ക്കുന്നു .

കേരളത്തിലെ നേഴ്സുമാരുടെ വേതനത്തിന് വേണ്ടിയുള്ള സമരം കഴിഞ്ഞിട്ട് ദിവസങ്ങള്‍ മാത്രം ആണ് ആയിട്ടുള്ളത് എന്നും നാം മറക്കരുത്. ഇങ്ങനെ ഉള്ള സാഹചര്യത്തില്‍ ആര്‍ക്കു ആരോടാണ് ആത്മാര്ഥതയുണ്ട് എങ്കില്‍ പോലും അത് പാലിയ്ക്കപ്പെടുവാന്‍ കഴിയുന്നത്.

മാറിവരുന്ന ഭരണ കര്‍ത്താക്കളെ പഴിചാരി, താത്കാലിക മുട്ട് നിവര്‍ത്തികള്‍ നടത്തി കേരളം ചര്‍ച്ചകള്‍ പൊടി പൊടിയ്ക്കുമ്പോള്‍, പൊതുജനം സ്വയം തയ്യാറാവണം, സര്‍ക്കാര്‍ നടപ്പിലാക്കിയ സംവിധാനങ്ങളെ യഥാര്‍ത്ഥമായ രീതിയില്‍ അനുഭവിയ്ക്കുവാനും, പാലിയ്ക്കുവാനും. നിലനിര്‍ത്തുവാനും.

ഡെങ്കി പനി യ്ക്കു സൗജന്യ മരുന്ന് നല്‍കിയപ്പോള്‍ വരും തലമുറയ്ക്ക് കൂടി ഉള്ളത് പിന്‍വാതിലിലൂടെ സ്വന്തമാക്കുന്ന മലയാളിയുടെ രീതി മാറ്റി, നേരായ വഴിയില്‍ മാത്രം കാര്യങ്ങള്‍ ചെയ്യുകയുള്ളൂ എന്ന് സ്വയം തീരുമാനിച്ചാല്‍ കൈക്കൂലിയ്ക്കായി കൈനീട്ടുന്നവന് കൈനീട്ടം നല്‍കില്ല എന്ന് പ്രത്ഗജ്ഞയെടുത്താല്‍ നമ്മുടെ കേരളം എന്നും സുന്ദരവും, മലയാളി എന്നും സമന്മാരും ആയിരിയ്ക്കും.

ഒരു മേഖലയിലും സംരക്ഷണം ലഭിയ്ക്കപ്പെടാതിരിയ്ക്കുന്ന 'മുരുകന്‍മാര്‍' നമ്മുടെ കൊച്ചു കേരളത്തില്‍ ഉണ്ടാവുകയില്ല എന്ന് നമുക്ക് ഈ സ്വാതന്ത്ര ദിനത്തില്‍ സ്വയം പ്രതിജ്ഞ എടുക്കാം.

അരികു ചേര്‍ക്കപ്പെടുവാതിരിയ്ക്കുവാന്‍ നാം സ്വയം മുഖ്യധാരയിലേക്ക് ഇറങ്ങുകയാണ് വേണ്ടത് എന്ന് സ്വയം ബോധ്യപ്പെടുത്തേണ്ടിയിരിയ്ക്കുന്നു ഈ സുദിനത്തില്‍ 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക