Image

എല്ലാ പ്രവാസികളെയും വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തും: മന്ത്രി വയലാര്‍ രവി

Published on 05 March, 2012
എല്ലാ പ്രവാസികളെയും വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തും: മന്ത്രി വയലാര്‍ രവി
ദുബായ്‌: മുഴുവന്‍ പ്രവാസി ഇന്ത്യക്കാരെയും വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ തുടങ്ങിയതായി പ്രവാസികാര്യ മന്ത്രി വയലാര്‍ രവി വ്യക്തമാക്കി. തൊഴിലാളികളും വിദ്യാര്‍ഥികളുമടക്കം വിദേശത്ത്‌ കഴിയുന്ന 18 വയസ്സ്‌ പൂര്‍ത്തിയായ മുഴുവന്‍ ഇന്ത്യക്കാരെയും വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്താനാണ്‌ നീക്കമെന്നും അദ്ദേഹം പറഞ്ഞു. ഗള്‍ഫ്‌ രാജ്യങ്ങളില്‍ നടത്തുന്ന സന്ദര്‍ശനത്തിനിടെ ദുബൈയിലെത്തിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു.

ആറ്‌ മാസം ഇന്ത്യക്ക്‌ പുറത്ത്‌ താമസിക്കുന്നവരെ വോട്ടര്‍പട്ടികയില്‍ നിന്ന്‌ നീക്കം ചെയ്യുന്ന രീതിയാണ്‌ നിലവിലുള്ളത്‌. ഇതിന്‌ മാറ്റം വരുത്തുന്നതിനുള്ള നിയമം കൊണ്ടുവന്നിട്ടുണ്ട്‌. വിദ്യാര്‍ഥികളടക്കമുള്ള മുഴുവന്‍ പ്രവാസികള്‍ക്കും വോട്ടവകാശം ഉറപ്പുവരുത്താനാണ്‌ ശ്രമം. നയതന്ത്ര കാര്യാലയങ്ങളോ കലക്ടറേറ്റുകളോ തെരഞ്ഞെടുപ്പ്‌ കമീഷന്‍ ഓഫിസുകളോ മുഖേന ഇതിന്റെ രജിസ്‌ട്രേഷന്‌ അവസരമൊരുക്കും. എന്നാല്‍ നടപടിക്രമങ്ങളുടെ വിശദാംശങ്ങള്‍ തീരുമാനിച്ചിട്ടില്ല. വോട്ടര്‍പട്ടികയില്‍ പേര്‌ ചേര്‍ക്കുന്ന പ്രക്രിയ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്‌ പ്രവാസി സംഘടനകളുടെ പങ്കാളിത്തവും സഹകരണവും ആവശ്യമുണ്ട്‌. ഇതിന്‌ അവരുമായി കൂടിക്കാഴ്‌ച നടത്തുകയാണ്‌ തന്റെ ഗള്‍ഫ്‌ സന്ദര്‍ശനത്തിന്റെ ഉദ്ദേശ്യമെന്നും വയലാര്‍ രവി പറഞ്ഞു.

ജയ്‌പൂരില്‍ നടന്ന പ്രവാസി ഭാരതീയ ദിവസില്‍ പ്രഖ്യാപിക്കപ്പെട്ട പ്രവാസി പെന്‍ഷന്‍ പദ്ധതിയുടെ നടപടിക്രമങ്ങളും പുരോഗമിക്കുകയാണ്‌. സാധാരണക്കാരായ പ്രവാസികളെയാണ്‌ പദ്ധതിയില്‍ അംഗങ്ങളാക്കുക. ഇ.സി.ആര്‍ പാസ്‌പോര്‍ട്ട്‌ ഉടമകളായ മുഴുവന്‍ സാധാരണക്കാര്‍ക്കും ഇതിന്റെ പ്രയോജനം ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. ഇന്ത്യന്‍ അംബാസഡര്‍ എം.കെ ലോകേഷ്‌, കോണ്‍സല്‍ ജനറല്‍ സഞ്‌ജയ്‌ വര്‍മ, നയതന്ത്ര കാര്യാലയം ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
എല്ലാ പ്രവാസികളെയും വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തും: മന്ത്രി വയലാര്‍ രവി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക