Image

ഖത്തര്‍ അമീര്‍ രണ്ടുമാസത്തിനകം ഇന്ത്യ സന്ദര്‍ശിക്കും

Published on 05 March, 2012
ഖത്തര്‍ അമീര്‍ രണ്ടുമാസത്തിനകം ഇന്ത്യ സന്ദര്‍ശിക്കും
ദോഹ: ഖത്തര്‍ അമീര്‍ ശൈഖ്‌ ഹമദ്‌ ബിന്‍ ഖലീഫ ആല്‍ഥാനി ഉടന്‍ ഇന്ത്യ സന്ദര്‍ശിക്കുമെന്ന്‌ സൂചന. വാതക കയറ്റുമതിയും നിക്ഷേപവുമായിരിക്കും അമീറിന്റെ സന്ദര്‍ശനവേളയില്‍ ന്യൂദല്‍ഹിയുമായുള്ള പ്രധാന ചര്‍ച്ചാവിഷയങ്ങളെന്ന്‌ കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിലെ ജോയിന്റ്‌ സെക്രട്ടറി (ഗള്‍ഫ്‌) ആര്‍. ഘനശ്യാമിനെ ഉദ്ധരിച്ച്‌ ഐ.എ.എന്‍.എസ്‌ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട്‌ ചെയ്‌തു.

ഖത്തര്‍ അമീറിന്റെ ഇന്ത്യാ സന്ദര്‍ശനം നേരത്തെ തന്നെ അജണ്ടയിലുണ്ടെന്നും രണ്ട്‌ മാസത്തിനകം സന്ദര്‍ശനമുണ്ടാകുമെന്നാണ്‌ പ്രതീക്ഷയെന്നും തീയതി ഉള്‍പ്പെടെ സന്ദര്‍ശനത്തിന്റെ വിശദാംശങ്ങള്‍ക്ക്‌ ഉടന്‍ അന്തിമരൂപമാകുമെന്നും ഘനശ്യാം പറഞ്ഞു. ഇന്ത്യാ സന്ദര്‍ശനത്തില്‍ ഉന്നതതല പ്രതിനിധി സഘവും അമീറിനെ അനുഗമിക്കും. സന്ദര്‍ശനവേളയില്‍ ഇന്ത്യയും ഖത്തറും തമ്മില്‍ ഏതാനും സുപ്രധാന കരാറുകള്‍ ഒപ്പുവെക്കും.

അമീറിന്റെ ഇന്ത്യാ സന്ദര്‍ശനം ന്യൂദല്‍ഹിയിലെ ഖത്തരി എംബസിയും സ്ഥിരീകരിച്ചതായി ഐ.എ.എന്‍.എസ്‌ റിപ്പോര്‍ട്ടിലുണ്ട്‌. സന്ദര്‍ശനം ഉടന്‍ ഉണ്ടാകുമെന്നും വിശദാംശങ്ങള്‍ തീരുമാനിക്കാനിരിക്കുന്നതേയുള്ളൂ എന്നും എംബസി അധികൃതര്‍ അറിയിച്ചു. അതേസമയം, അമീറിന്റെ ഇന്ത്യാ സന്ദര്‍ശനം സംബന്ധിച്ച്‌ ഖത്തറിലെ ഇന്ത്യന്‍ എംബസിക്ക്‌ ഇതുവരെ സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ലെന്ന്‌ ഫസ്റ്റ്‌ സെക്രട്ടറി എം.ആര്‍ ഖുറൈശി അറിയിച്ചു. സന്ദര്‍ശനം സംബന്ധിച്ച്‌ നേരത്തെ തന്നെ നിര്‍ദേശമുണ്ടായിരുന്നു. ന്യൂദല്‍ഹിയിലെ ഖത്തര്‍ എംബസി ഇക്കാര്യത്തില്‍ നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ടാകാമെന്നും ഖുറൈശി പറഞ്ഞു.

ഏഴ്‌ വര്‍ഷത്തിന്‌ ശേഷമാണ്‌ അമീറിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന്‌ വഴിയൊരുങ്ങുന്നത്‌. നേരത്തെ 1999ലും 2005ലും അമീര്‍ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്ന്‌ 2008 നവംബറില്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്‌ ഖത്തറിലും സന്ദര്‍ശനം നടത്തി. ഖത്തര്‍ സന്ദര്‍ശിച്ച ഏക ഇന്ത്യന്‍ പ്രധാനമന്ത്രി കൂടിയാണ്‌ ഡോ. മന്‍മോഹന്‍സിംഗ്‌.

രാജ്യത്തിന്റെ വര്‍ധിച്ചുവരുന്ന ഊര്‍ജാവശ്യങ്ങള്‍ നേരിടാന്‍ കൂടുതല്‍ ദ്രവീകൃത പ്രകൃതി വാതകം (എല്‍.എന്‍.ജി) അനുവദിക്കണമെന്ന്‌ ഇന്ത്യ നേരത്തെ തന്നെ ഖത്തറിനോട്‌ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ അമിറിന്റെ സന്ദര്‍ശനവേളയില്‍ അന്തിമതീരുമാനമുണ്ടാകുമെന്നാണ്‌ പ്രതീക്ഷ. ഇരു രാജ്യങ്ങളിലെയും നിക്ഷേപാവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതുസംബന്ധിച്ചും ഉഭയകക്ഷി ചര്‍ച്ചകള്‍ നടക്കും.
ഖത്തര്‍ അമീര്‍ രണ്ടുമാസത്തിനകം ഇന്ത്യ സന്ദര്‍ശിക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക