Image

സര്‍ക്കാര്‍ പ്രഖ്യാപനങ്ങളില്ലെങ്കിലും പ്രതിബദ്ധത പ്രകടമാക്കി ഫോമാ കേരള കണ്‍വന്‍ഷന്‍ (എ.എസ് ശ്രീകുമാര്‍)

Published on 10 August, 2017
സര്‍ക്കാര്‍ പ്രഖ്യാപനങ്ങളില്ലെങ്കിലും പ്രതിബദ്ധത പ്രകടമാക്കി ഫോമാ കേരള കണ്‍വന്‍ഷന്‍ (എ.എസ് ശ്രീകുമാര്‍)
തിരുവനന്തപുരം: ഓഗസ്റ്റ് 12ന് നടക്കുന്ന വിഖ്യാതമായ നെഹ്‌റു ട്രോഫി വള്ളം കളിയില്‍ സാന്നിധ്യമറിയിക്കുന്നതോടെ അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫോമായുടെ ഫോമാ കേരള കണ്‍വന്‍ഷന്റെ ഭാഗമായുള്ള വിവിധ പരിപാടികള്‍ക്ക് സമാപനം കുറിക്കുകയാണ്. 2018 ജൂലൈയില്‍ ചിക്കാഗോയില്‍ നടക്കുന്ന ഫോമാ അന്താരാഷ്ട്ര കണ്‍വന്‍ഷന്‍ അവിസ്മരണീയമാക്കുന്നതിനുള്ള കര്‍മ പദ്ധതികള്‍ക്ക് കൂടുതല്‍ ഗതിവേഗം നല്‍കുന്നതിനായി സുതാര്യമായ പ്രവര്‍ത്തനങ്ങളിലേയ്ക്ക് സംഘടന സമയം ഒട്ടും പാഴാക്കാതെ കടക്കുകയാണെന്ന് നാഷണല്‍ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ ഉള്‍പ്പെടെയുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ അറിയിച്ചു.

അമേരിക്കന്‍ മലയാളി ഫെഡറേഷനുകളുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഫോമാ വലിയ ജനപങ്കാളിത്തത്തോടെ ഒരു കേരള കണ്‍വന്‍ഷന്‍ നടത്തുന്നത്. കഴിഞ്ഞ ഓഗസ്റ്റ് നാലാം തീയതി തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലില്‍, മലയാളത്തിന്റെ മണ്‍മറഞ്ഞ പ്രിയ കവി ഒ.എന്‍.വി കുറുപ്പ് നഗറില്‍ അരങ്ങേറിയ ഏകദിന കണ്‍വന്‍ഷനില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെ പ്രമുഖ രാഷ്ട്രീയ വ്യക്തിത്വങ്ങളെയും സാമൂഹിക-സാംസ്‌കാരിക മുഖങ്ങളെയും അണിനിരത്താന്‍ ഫോമായ്ക്ക് സാധിച്ചു.

അതേസമയം, അമേരിക്കന്‍ മലയാളികളുടെ, പിറന്ന നാടുമായുള്ള പൊക്കിള്‍ക്കൊടി ബന്ധം സുദൃഢമാക്കുന്ന കണ്‍വന്‍ഷനില്‍ അവര്‍ക്ക് എക്കാലവും ഗുണകരമാവുന്ന, അടിയന്തിര പ്രാധാന്യമുള്ള വിഷയങ്ങളില്‍ ചില പ്രഖ്യാപനങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുമെന്ന് ഏവരും പ്രതീക്ഷിച്ചിരുന്നു. പ്രത്യേകിച്ച് പ്രവാസി പ്രോപ്പര്‍ട്ടി പ്രൊട്ടക്ഷനെ കുറിച്ച്. പക്ഷേ, കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് ഏതാണ്ട് മുക്കാല്‍ മണിക്കൂറോളം വാചാലമായും വികാരപരമായും സംസാരിച്ച മുഖ്യമന്ത്രി ഇക്കാര്യങ്ങളൊന്നും പരാമര്‍ശിച്ചതേയില്ല. മറിച്ച്, പ്രവാസികളുടെ പണമാണ് നാടിന്റെ നട്ടെല്ലെന്നും അവര്‍ കേരളത്തില്‍ വീണ്ടും വീണ്ടും നിക്ഷേപം നടത്തണമെന്നുമുള്ള പതിവ് ആഹ്വാനം മാത്രമാണുണ്ടായത്.

പ്രഖ്യപനങ്ങളൊന്നുമുണ്ടാവാത്തതിനാല്‍ കണ്‍വന്‍ഷനില്‍ പങ്കെടുത്ത പലരും തങ്ങളുടെ അസംതൃപ്തി ഈ ലേഖകനോട് പങ്കുവയ്ക്കുകയുണ്ടായി. എന്നാല്‍ തങ്ങള്‍ക്ക് ഒന്നും ലഭിച്ചില്ലെങ്കിലും നാടിനുവേണ്ടി ഫോമായ്ക്ക് പലതും ചെയ്യാനുണ്ടെന്ന് ഈ സംഘടന മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ തെളിയിച്ചു. പത്തുലക്ഷം രൂപയുടെ ജീവകാരുണ്യ-പഠന സാഹായങ്ങളുടെ ചെക്കുകള്‍ ഏറ്റവും അര്‍ഹരായവര്‍ക്ക് കണ്‍വന്‍ഷന്‍ ഉദ്ഘാടന വേദിയില്‍ വിതരണം ചെയ്തു. ഇതില്‍ തിരുവനന്തപുരം കാട്ടാക്കടയിലുള്ള കിള്ളിയിലെ പ്രോവിഡന്‍സ് ഹോമിലെ ബുദ്ധിവികാസം പ്രാപിക്കാത്ത കുട്ടികള്‍ക്കുള്ള മൂന്നുലക്ഷം രൂപ, വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്, നിര്‍ധനരായ കായിക പ്രതിഭകളെ പ്രോല്‍സാഹിപ്പിക്കുന്നതിന് കോവളം ഫുട്‌ബോള്‍ ക്ലബിന് ഒരുലക്ഷം രൂപ എന്നിവ ഉള്‍പ്പെടുന്നു. ഇതിന് പുറമെ ഫോമാ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് നേടിയ, എയ്‌റോ കണ്‍ട്രോള്‍സ് യു.എസ്.എ ചെയര്‍മാന്‍ ജോണ്‍ ടൈറ്റസ് ഫോമായുടെ ചാരിറ്റി ഫണ്ടിലേയ്ക്ക് സംഭാവന നല്‍കി. വരും കാലഘട്ടങ്ങളില്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ വിപുലമാക്കുമെന്ന് ഫോമാ നേതാക്കള്‍ പ്രഖ്യാപിക്കുകയും ചെയ്തു.

അമേരിക്കയില്‍ നേഴ്‌സിങ് പോലുള്ള കോഴ്‌സുകള്‍ക്ക് കുറഞ്ഞ ഫീസ് നിരക്കില്‍ അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയില്‍ നാട്ടിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം ലഭ്യമാക്കുന്ന പദ്ധതിയെപ്പറ്റി പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ വിശദീകരിച്ചു. പത്തനംതിട്ട ജില്ലയിലെ റാന്നി, തോട്ടമണ്‍ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഓഗസ്റ്റ് ആറാം തീയതി നടന്ന ഹൃദയ പരിശോധനാ ക്യാമ്പ് റാന്നി എം.എല്‍.എ രാജു എബ്രഹാം ഉദ്ഘാടനം ചെയ്യുകയുണ്ടായി. ഫോമാ, പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രിയുമായി സഹകരിച്ച് നടത്തിയ ക്യാമ്പില്‍ വിവിധ പ്രായത്തിലുള്ള ഇരുന്നൂരിലേറെ പേര്‍ പങ്കെടുത്തു. പരുമല സെന്റ് ഗ്രിഗോറിയോസ് കാര്‍ഡിയോ-വാസ്‌കുലര്‍ സെന്ററിലെ ക്ലിനിക്കല്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. സജി ഫിലിപ്പ്, കാര്‍ഡിേയോളജിസ്റ്റ് ഡോ. കെ.ജി സുരേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘമാണ് പരിശോധന നടത്തിയത്. ഹൃദയ ശസ്ത്രക്രിയ ആവശ്യമുള്ളവര്‍ക്ക് ഫോമാ സഹായം ലഭ്യമാക്കുന്നതാണ്.

ഇതിനിടെ, വിവിധ ആവശ്യങ്ങളുന്നയിച്ച് ഫോമാ നാഷണല്‍ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും. പ്രവാസി പ്രോപ്പര്‍ട്ടി പ്രൊട്ടക്ഷന്‍, അമേരിക്കന്‍ മലയാളികള്‍ നാട്ടില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍, ഫോമായുടെ കേരളാ പ്രോജക്ടുകള്‍ തുടങ്ങിയ കാര്യങ്ങള്‍ ഫോമാ നേതാക്കള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തും.

കേരള കണ്‍വന്‍ഷന്റെ മുഖ്യ അജണ്ടയിലൊന്നായിരുന്നു പൊളിറ്റിക്കല്‍ ഫോറം ആന്റ് പ്രവാസി പ്രോപ്പര്‍ട്ടി പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ സെമിനാര്‍. ''നോര്‍ത്ത് അമേരിക്കയിലെയും കാനഡയിലെയും മലയാളികളുടെ പൗരാവകാശ സംരക്ഷണത്തിനും സാമൂഹിക ക്ഷേമത്തിനും വേണ്ടി പ്രതിജ്ഞാബദ്ധതയോടെ പ്രവര്‍ത്തിക്കുന്ന ഫോമായുടെ സുപ്രധാന ഘടകമാണ് പൊളിറ്റിക്കല്‍ ഫോറം. കര്‍മ ഭൂമിയിലും ജന്‍മ നാട്ടിലും അമേരിക്കന്‍ മലയാളി സമൂഹം നേരിടുന്ന പൗരാവകാശ പ്രശ്‌നങ്ങള്‍ ഇരു ദേശങ്ങളിലെയും ഭരണാധികാരികളുടെ സജീവ പരിഗണനയിലെത്തിച്ച് സത്വര പരിഹാരം കാണുന്നതുള്‍പ്പെടെയുള്ള ഉദ്ദേശ ലക്ഷ്യങ്ങളോടെയാണ് ഫോമാ പൊളിറ്റിക്കല്‍ ഫോറം രൂപീകരിക്കപ്പെട്ടിട്ടുള്ളത്. അമേരിക്കന്‍ മലയാളി സമൂഹത്തെ പൗരബോധത്തിലൂന്നി ശാക്തീകരിക്കുക, പ്രത്യേകിച്ച് പുതുതലമുറയില്‍പ്പെട്ടവരെ കര്‍മഭൂമിയിലെ മുഖ്യധാരാ രാഷ്ട്രീയത്തിലേയ്ക്ക് കൊണ്ടുവരുന്നതിന് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുക തുടങ്ങിയവയും ഈ ഫോറത്തിന്റെ കര്‍മ പദ്ധതികളിലുള്‍പ്പെടുന്നു...'' സെമിനാറില്‍ അധ്യക്ഷത വഹിച്ച പൊളിറ്റിക്കല്‍ ഫോറം ചെയര്‍മാന്‍ തോമസ് ടി ഉമ്മന്‍ പറഞ്ഞു.

വിദേശ എംബസികളും കോണ്‍സുലേറ്റുകളും മുഖേന ആധാര്‍ കാര്‍ഡ് ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് നിവേദനം സമര്‍പ്പിച്ചതായി തോമസ് ടി ഉമ്മന്‍ വ്യക്തമാക്കി. ഫോമായുടെ ജനകീയ മുന്നേറ്റ വിഭാഗമാണ് യഥാര്‍ത്ഥത്തില്‍ പൊളിറ്റിക്കല്‍ ഫോറം. സെമിനാറില്‍ ഇതുസംബ്ധിച്ച ആവശ്യം ഉയര്‍ന്നുകേട്ടു. പ്രവാസികളുടെ വോട്ടവകാശം സ്ഥാപിച്ചെടുക്കുക, മാതൃരാജ്യവുമായുള്ള ബന്ധം സുദൃഢമാക്കുക, കേരളത്തിലെയും ഇന്ത്യയിലെയും ഭരണാധികരികളുമായി ആരോഗ്യകരമായ ആശയവിനിമയം സാധ്യമാക്കിക്കൊണ്ട് തങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സര്‍ക്കാരിന്റെ പൊതുജന സേവന പട്ടികയിലെത്തിച്ച് പരിഹരിക്കുക തുടങ്ങിയവയും പൊളിറ്റിക്കല്‍ ഫോറം അടിയന്തിര പ്രാധാന്യത്തോടെ അജണ്ടയിലുള്‍പ്പെടുത്തിയിരിക്കുന്നു.

ഇത്തരത്തിലൊന്നാണ് ഒ.സി.ഐ (ഓവര്‍സീസ് സിറ്റിസണ്‍ഷിപ്പ് ഓഫ് ഇന്ത്യ) കാര്‍ഡുമായി ബന്ധപ്പെട്ടത്. പ്രസ്തുത കാര്‍ഡുള്ളവര്‍ക്ക് യഥാര്‍ത്ഥത്തില്‍ ഇരട്ട പൗരത്വത്തിന്റെ ഗുണഫലങ്ങള്‍ സമയബന്ധിതമായി ലഭ്യമാക്കാന്‍ പൊളിറ്റിക്കല്‍ ഫോറം കാലാകാലങ്ങളായി ശബ്ദമുയര്‍ത്തുന്നുണ്ട്. പ്രവാസി ഇന്ത്യാക്കാരുടെ ചിരകാലാഭിലാഷവും എക്കാലത്തെയും വലിയ അവകാശവുമാണ് ഇരട്ട പൗരത്വം. ജന്‍മനാടിന്റെ ജനാധിപത്യ പ്രക്രിയകളില്‍ ഇടപെട്ട് രാഷ്ട്രനിര്‍മാണത്തില്‍ പങ്കാളികളാവാന്‍ ഇരട്ട പൗരത്വം അനിവാര്യമാമെന്ന തിരിച്ചറിവോടെയാണ് ഫോമാ ഈ വിഷയത്തെ ഗൗരവത്തോടെ സമീപിക്കുന്നത്.

ഏതായാലും ഫോമായുടെ ജനപക്ഷ മുഖം കൂടുതല്‍ ദീപ്തമാക്കിക്കൊണ്ടാണ് കേരള കണ്‍വന്‍ഷന് കൊടിയിറങ്ങിയത്. ബാധ്യതയൊന്നുമില്ലാതെ കേരള കണ്‍വന്‍ഷന്‍ വിജയിപ്പിക്കാനായതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്ന് കണ്‍വന്‍ഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അഡ്വ. വര്‍ഗീസ് മാമ്മന്‍ പറഞ്ഞു. 2018 ജൂലൈയിലെ അന്താരാഷ്ട്ര കണ്‍വന്‍ഷനിലേയ്ക്ക് ഫോമാ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്. കണ്‍വന്‍ഷനിലെത്തി അമേരിക്കന്‍ മലയാളികളുടെ പ്രശ്‌നങ്ങളും പരാതികളും പ്രയാസങ്ങളും നേരിട്ട് മനസിലാക്കി സാധ്യമായതെല്ലാം ചെയ്യണമെന്നാണ് ഏവരുടെയും ഗൗവതരമായ ആവശ്യം. 
സര്‍ക്കാര്‍ പ്രഖ്യാപനങ്ങളില്ലെങ്കിലും പ്രതിബദ്ധത പ്രകടമാക്കി ഫോമാ കേരള കണ്‍വന്‍ഷന്‍ (എ.എസ് ശ്രീകുമാര്‍)സര്‍ക്കാര്‍ പ്രഖ്യാപനങ്ങളില്ലെങ്കിലും പ്രതിബദ്ധത പ്രകടമാക്കി ഫോമാ കേരള കണ്‍വന്‍ഷന്‍ (എ.എസ് ശ്രീകുമാര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക