Image

മാതൃകാ സംസ്ഥാനത്തെ കരിവാരിത്തേക്കുമ്പോള്‍ നാം വേദനിക്കണം: മുഖ്യമന്ത്രി പിണറായി വിജയന്‍

Published on 09 August, 2017
മാതൃകാ സംസ്ഥാനത്തെ കരിവാരിത്തേക്കുമ്പോള്‍ നാം വേദനിക്കണം: മുഖ്യമന്ത്രി പിണറായി വിജയന്‍
കുറച്ചുവര്‍ഷങ്ങള്‍ക്കുമുമ്പ് യുണൈറ്റഡ് നേഷന്‍സ് ഡെവലപ്മെന്റ് പ്രോഗ്രാമും ഡല്‍ഹിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ് സ്റ്റഡീസും ചേര്‍ന്ന് മനുഷ്യവികസന അന്താരാഷ്ട്രകേന്ദ്രത്തിന് തുടക്കമിട്ടപ്പോള്‍ ആ ചടങ്ങില്‍ സംസാരിച്ച ലോകപ്രശസ്ത സാമ്പത്തികവിദഗ്ധനും നൊബേല്‍ സമ്മാനജേതാവുമായ അമര്‍ത്യസെന്‍ പറഞ്ഞു; 'ഗുണമേന്മയുള്ള ജീവിതം പ്രദാനം ചെയ്യുന്ന കാര്യത്തില്‍ കേരളത്തില്‍നിന്ന് ഒരുപാട് പഠിക്കാനുണ്ട്'' എന്ന് 'കേരള വികസന മാതൃക'യ്ക്കുവേണ്ടി വാദിച്ച സെന്‍ അവിടെ നിരത്തിയ വസ്തുതകള്‍ നമ്മുടെ സംസ്ഥാനം സാമൂഹ്യസൂചകങ്ങളില്‍ മറ്റ് സംസ്ഥാനങ്ങളേക്കാള്‍ വളരെ മുന്നിലാണെന്ന് തെളിയിക്കുന്നതായി.

കുറച്ചുവര്‍ഷങ്ങള്‍ക്കുമുമ്പാണ് സെന്‍ ഇക്കാര്യം പറഞ്ഞതെന്നും ഇപ്പോള്‍ സ്ഥിതിയാകെ മാറിയിരിക്കുന്നുവെന്നും വേണമെങ്കില്‍ വാദിക്കാം. ഞാന്‍ ഈ വാദത്തെ അംഗീകരിക്കുന്നു. കൂടുതല്‍ മെച്ചപ്പെടുകയെന്ന മാറ്റമാണ് സംഭവിച്ചതെന്നുമാത്രം. തുടര്‍ന്ന് ഐക്യരാഷ്ട്രസംഘടന മനുഷ്യവികസനസൂചികയില്‍ രാജ്യത്തെ ഏറ്റവും മുന്നിലെത്തിയ ഏകസംസ്ഥാനം കേരളമാണെന്ന് പ്രഖ്യാപിച്ചു.

അടുത്തയിടെ പ്രത്യേകിച്ചും കഴിഞ്ഞ 15 മാസത്തിനിടയ്ക്ക് ക്രമസമാധാനപാലനകാര്യത്തില്‍ രാജ്യത്തെ ഒന്നാമത്തെ സംസ്ഥാനമാണ് കേരളമെന്ന് ഇന്ത്യാടുഡെ വിധിച്ചു. രാജ്യത്ത് അഴിമതി തീരെ കുറഞ്ഞ സംസ്ഥാനമായി സെന്റര്‍ ഫോര്‍ മീഡിയ സ്റ്റഡീസ് വിലയിരുത്തിയത് കേരളത്തെയാണ്. പൊതുകാര്യസൂചികയിലും രാജ്യത്തെ ഒന്നാമത്തെ സംസ്ഥാനം കേരളമാണെന്ന് പബ്ളിക് അഫയേഴ്സ് സെന്ററിന്റെ പഠനം വ്യക്തമാക്കി. ഇതേകാലത്തുതന്നെ കോപ്സ് ടുഡേ ഇന്റര്‍നാഷണലിന്റെ മികച്ച പൊലീസ് സേനയ്ക്കുള്ള പുരസ്‌കാരം കേരള പൊലീസിന് നല്‍കുകയും ചെയ്തു.

സാക്ഷരതയുടെ കാര്യത്തില്‍ രാജ്യത്തിന് ഇന്നും മാതൃക കേരളംതന്നെയാണ്. ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തില്‍ വന്നതോടെ വിവിധ മേഖലകളില്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് വഴികാട്ടിയാകുന്ന അസൂയാവഹങ്ങളായ നേട്ടങ്ങള്‍ക്കാണ് സംസ്ഥാനം സാക്ഷിയായത്. ജനസാന്ദ്രത ഏറ്റവും ഉയര്‍ന്നതായിട്ടും കേരളമാണ് പരസ്യ മലമൂത്രവിസര്‍ജന മുക്ത സംസ്ഥാനമെന്ന പദവി നേടിയത്. നൂറുശതമാനം വൈദ്യുതീകരണം പൂര്‍ത്തിയാക്കിയ ആദ്യസംസ്ഥാനവും കേരളംതന്നെ.

ജനസംഖ്യാനുപാതികമായി പട്ടികജാതി- വര്‍ഗ വിഭാഗങ്ങള്‍ക്ക് സംസ്ഥാന ബജറ്റ് വിഹിതം നീക്കിവച്ച ഏക സംസ്ഥാനവും കേരളംതന്നെ. ഇവര്‍ക്ക് നീക്കിവച്ച തുകയുടെ ശതമാനം രാജ്യത്തെ മറ്റേതൊരു സംസ്ഥാനം നീക്കിവച്ചതിനേക്കാളും കൂടുതലാണുതാനും. ഇന്റര്‍നെറ്റ് ഉപയോഗം ഓരോ പൌരന്റെ അവകാശമാക്കുന്നതിലേക്കുകൂടി കേരളം മുന്നേറി.

കേരളം കൈവരിച്ച പ്രഥമസ്ഥാനങ്ങളുടെ പട്ടിക വളരെ നീണ്ടതാണ്. ട്രാന്‍സ്ജന്‍ഡര്‍ നയം പ്രഖ്യാപിച്ച ആദ്യസംസ്ഥാനമാണ് കേരളം. ലൈംഗികാതിക്രമം നടത്തുന്നവരുടെ രജിസ്ട്രിക്ക് തുടക്കംകുറിച്ച ആദ്യസംസ്ഥാനവും കേരളംതന്നെ. ശിശുമരണനിരക്ക് ഏറ്റവും കുറഞ്ഞ സംസ്ഥാനം, ഉയര്‍ന്ന ലിംഗ അനുപാതം, ഉയര്‍ന്ന ആരോഗ്യം, ആയുസ്സ്, ഉയര്‍ന്ന വിദേശനാണ്യവരുമാനം, ഏറ്റവും കൂടുതല്‍ വിനോദസഞ്ചാരികള്‍ എത്തുന്ന സംസ്ഥാനം, മെച്ചപ്പെട്ട ഗ്രാമീണ റോഡുകള്‍, സൌജന്യവിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി ആ പട്ടിക നീളുന്നു.

വനിതകള്‍ക്ക് പ്രത്യേക വകുപ്പ് രൂപീകരിച്ചെന്നുമാത്രമല്ല, ലിംഗബജറ്റിനും തുടക്കമിട്ടു. സംസ്ഥാന ബജറ്റിന്റെ 16 ശതമാനം സ്ത്രീകള്‍ക്കായി നീക്കിവച്ചു. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന മിനിമംകൂലി കേരളത്തിലാണെന്നതുകൊണ്ടുതന്നെ അന്യസംസ്ഥാന തൊഴിലാളികള്‍ ഇവിടേക്ക് ആകര്‍ഷിക്കപ്പെടുകയാണ്. ഇവര്‍ക്കായി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിക്കും സംസ്ഥാനം തുടക്കമിട്ടു.

കൊച്ചി മെട്രോയില്‍ ട്രാന്‍സ്ജന്‍ഡറുകള്‍ക്ക് തൊഴില്‍ നല്‍കിയപ്പോള്‍ ഭിന്നശേഷിക്കാര്‍ക്ക് ഉന്നതവിദ്യാഭ്യാസത്തിനും ജോലിക്കും കൂടുതല്‍ സംവരണം ഏര്‍പ്പെടുത്തുകയും ചെയ്തു. ക്രമസമാധാനനില പൊതുവെ സമാധാനപരമാണ്. കുറ്റകൃത്യങ്ങളില്‍ ശിക്ഷ ഉറപ്പാക്കുന്ന കാര്യത്തില്‍ സിബിഐയേക്കാളും മുന്നിലാണ് കേരള പൊലീസ്്. കേന്ദ്ര ആഭ്യന്തരമന്ത്രി രേഖാമൂലംതന്നെ കേരളത്തിലെ ക്രമസമാധാനനിലയില്‍ സംതൃപ്തി പ്രകടിപ്പിക്കുകയുണ്ടായി.

എങ്കിലും ചിലരൊക്കെ കേരളത്തില്‍ ഉയര്‍ന്ന കുറ്റകൃത്യനിരക്കാണെന്ന് വാദിക്കുന്നുണ്ട്. അവര്‍ മനസ്സിലാക്കേണ്ട കാര്യം ചെറിയ കുറ്റകൃത്യങ്ങള്‍പോലും റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും കുറ്റവാളികളെ അറസ്റ്റ് ചെയ്യുകയും ചെയ്യുന്ന സംസ്ഥാനമാണ് കേരളമെന്നതാണ്. ഇക്കാര്യത്തില്‍ പൊലീസ് മെച്ചപ്പെട്ട പ്രവര്‍ത്തനമാണ് നടത്തുന്നത് എന്നതിന്റെ തെളിവുകൂടിയാണിത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഗുരുതരമായ കുറ്റകൃത്യങ്ങള്‍പോലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ലെന്നതാണ് യാഥാര്‍ഥ്യം. കേരളത്തിലേതുപോലെ പൊതുജനങ്ങള്‍ക്ക് പൊലീസിലുള്ള ഉയര്‍ന്ന വിശ്വാസം ഈ ഭാഗങ്ങളില്‍ ഇല്ലെന്നുവേണം കരുതാന്‍.

വര്‍ത്തമാനകേരളത്തെക്കുറിച്ചാണ് ഇതുവരെ പരാമര്‍ശിച്ചത്. ചരിത്രപരമായും സംസ്ഥാനത്തിന് സമ്പന്നമായ ഒരു പൈതൃകമുണ്ട്. റോം, ചൈന തുടങ്ങിയ പ്രദേശങ്ങളുമായിപ്പോലും ഊര്‍ജസ്വലമായ വ്യാപാരബന്ധങ്ങള്‍ കേരളത്തിനുണ്ടായിരുന്നു. ഈ ബന്ധത്തിന്റെ ഫലമായി വിവിധ മേഖലകളിലും മതത്തിലും സംസ്‌കാരത്തിലും പെട്ടവര്‍ സംസ്ഥാനത്തെത്തി.

ജൈനരും ബുദ്ധരും ജൂതരും ക്രിസ്ത്യാനികളും മുസ്ളിങ്ങളും സഹവര്‍ത്തിത്വത്തോടെ നൂറ്റാണ്ടുകളായി ഇവിടെ ജീവിക്കുന്നു. നമ്മുടെ സുഗന്ധവ്യഞ്ജനങ്ങള്‍ക്ക് യൂറോപ്പില്‍ വന്‍ ആവശ്യക്കാരുണ്ടായി. ഭാഷയിലും വേഷത്തിലും ഭക്ഷണത്തിലും വാസ്തുശില്‍പ്പത്തിലും മറ്റും സാംസ്‌കാരികവിനിമയത്തിന്റെ അടയാളങ്ങള്‍ ഇന്നും കാണാം.

അടുത്തയിടെ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു ബ്ളോഗില്‍ എഴുതി; 'ഇന്ത്യയുടെ ചെറുപതിപ്പാണ് കേരളം. കേരളീയരാണ് യഥാര്‍ഥ ഇന്ത്യക്കാര്‍' എന്ന്. അതേസമയംതന്നെ പ്രസിദ്ധ നടനായ കമല്‍ഹാസന്‍ പറഞ്ഞത്, അയല്‍സംസ്ഥാനങ്ങള്‍ക്ക് ഒരു മാതൃകയാണ് കേരളമെന്നാണ്. ഇന്ത്യയുടെ ചെറുപതിപ്പാണ് കേരളം എന്ന പ്രസ്താവന തീര്‍ത്തും ശരിയാണ്.

മതസൌഹാര്‍ദത്തിന്റെ കാര്യത്തില്‍ കേരളം മറ്റുള്ളവര്‍ക്ക് മാതൃകയുമാണ്. ശ്രീനാരായണഗുരുവും ചട്ടമ്പിസ്വാമികളും അയ്യന്‍കാളിയും മക്തി തങ്ങളും മറ്റും നയിച്ച നവോത്ഥാനത്തിന്റെ മഹത്തായ പാരമ്പര്യത്തില്‍ കേരളം ഇന്നും അഭിമാനംകൊള്ളുന്നു. ഇവര്‍ ഏത് മതക്കാരാണെന്ന് നോക്കാതെ കേരളീയര്‍ ഇവരെ ബഹുമാനിക്കുന്നു.

ഈ നവോത്ഥാനപ്രസ്ഥാനത്തോടൊപ്പം വളര്‍ന്നുവന്ന പുരോഗമനപ്രസ്ഥാനങ്ങള്‍ സ്വാതന്ത്യ്രസമരത്തിന്റെ മുന്‍നിരയില്‍ നിലയുറപ്പിച്ചു. കര്‍ഷകരുടെ, തൊഴിലാളികളുടെ ശബ്ദങ്ങള്‍ക്ക് അവര്‍ നാവുനല്‍കി. ഭൂമിയും അതില്‍ അവകാശവും അവര്‍ക്ക് നേടിക്കൊടുത്തു. രാജ്യത്തിന്റെ പല ഭാഗത്തെയും ജനങ്ങള്‍ക്ക് ഇതൊക്കെ ഇന്നും സ്വപ്നം മാത്രമാണ്.

വിദ്യാഭ്യാസമേഖലയിലേക്ക് കണ്ണോടിച്ചാല്‍, മാറിമാറി വന്ന പുരോഗമന സര്‍ക്കാരുകള്‍ മലയാളികളാണ് ഏറ്റവും മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭിച്ചവരെന്ന് ഉറപ്പുവരുത്താനായി യത്നിച്ചു. രാഷ്ട്രനിര്‍മാണത്തിലും മലയാളികളുടെ പങ്ക് പതിഞ്ഞുകാണാം. രാജ്യത്തെ ഏറ്റവും ഉന്നതപദവി അലങ്കരിക്കാന്‍ അധഃസ്ഥിതവിഭാഗങ്ങളില്‍ തെരഞ്ഞെടുക്കപ്പെട്ട ആദ്യവ്യക്തിയും കേരളത്തില്‍നിന്നാണെന്ന് മറന്നുകൂടാ.

രാജ്യം ഏറെ സ്നേഹിക്കുന്ന മെട്രോമാനും മലയാളിതന്നെ. ബഹിരാകാശശാസ്ത്രത്തിന്റെ പ്രാഥമിക ആശയങ്ങള്‍ അങ്കുരിച്ചതും കേരളത്തില്‍തന്നെ. കേരളത്തിന്റെ വിവിധ മേഖലകളിലുള്ള കേരളീയരായ എന്‍ജിനിയര്‍മാരും നേഴ്സുമാരും ഡോക്ടര്‍മാരും രാജ്യത്തിന് അഭിമാനിക്കാന്‍ വകനല്‍കുന്നു. രാജ്യത്തിന് ഏറ്റവും കൂടുതല്‍ വിദേശനാണ്യം നേടിത്തരുന്നതും കേരളമാണ്. മനുഷ്യവിഭവങ്ങളും സുഗന്ധവ്യഞ്ജനങ്ങളും കശുവണ്ടിയും റബറും വഴിയാണ് ഈ നേട്ടം.

രാജ്യത്ത് അസമത്വം അതിന്റെ ഉച്ചാവസ്ഥയിലാണെങ്കില്‍ കേരളത്തില്‍ അത് ഏറ്റവും താഴ്ന്നനിലയിലാണ്. നമ്മുടെ പുരോഗമനപരമായ നയങ്ങള്‍ക്ക് നന്ദി പറയണം. കാരണം രാജ്യത്ത് മറ്റൊരിടത്തും ഇല്ലാത്തവിധം തൊഴിലാളികള്‍ക്ക് ഉയര്‍ന്ന കൂലി ലഭിക്കുന്നത് കേരളത്തിലാണ്.

കഴിഞ്ഞവര്‍ഷം നേഴ്സുമാര്‍, അങ്കണവാടി പ്രവര്‍ത്തകര്‍, കയര്‍- കൈത്തറി തൊഴിലാളികള്‍, കശുവണ്ടി- തോട്ടം തൊഴിലാളികള്‍ എന്നിവരുടെ കൂലി പുതുക്കിനിശ്ചയിച്ചു. ദിവസക്കൂലിയും വര്‍ധിപ്പിച്ചു. സ്ത്രീത്തൊഴിലാളികള്‍ക്കാണ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടായത്. ഇതിനുപുറമെ കേരളത്തിലെ വനിതകളാണ് രാജ്യത്തെ മികച്ച സ്പോര്‍ട്സ് താരങ്ങള്‍. രാജ്യത്തെ വനിതകളേക്കാള്‍ ആയുസ്സും കേരളത്തിലെ വനിതകള്‍ക്കുണ്ട്. സാര്‍വത്രിക ആരോഗ്യസുരക്ഷ ഉറപ്പാക്കുന്ന നയത്തിനാണ് ഇക്കാര്യത്തില്‍ നന്ദി പറയേണ്ടത്.

സംസ്ഥാനത്ത് അടുത്തയിടെ ചേര്‍ന്ന സര്‍വകക്ഷിയോഗത്തില്‍ രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങള്‍ മാറ്റിവച്ച് എല്ലാവരും സമ്മതിച്ച കാര്യം, രാജ്യത്ത് സാമൂഹ്യ- സാമ്പത്തിക സൂചികയിലും പ്രത്യേകിച്ച് ക്രമസമാധാനപാലനത്തിലും മെച്ചപ്പെട്ട സംസ്ഥാനമാണ് കേരളമെന്നാണ്. രാജ്യത്തിന് മാതൃകയായ പ്രതീക്ഷയുടെ ഈ വെളിച്ചത്തെയാണ് ഏതാനും ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ കരിവാരിത്തേക്കാന്‍ ശ്രമമുണ്ടാകുന്നത്. അതേസമയം, മറ്റിടങ്ങളില്‍ ആയിരങ്ങള്‍ കൊല്ലപ്പെടുകയും ബലാത്സംഗം ചെയ്യപ്പെടുകയും ആയിരക്കണക്കിന് കുട്ടികള്‍ മരിച്ചുവീഴുകയും ചെയ്യുന്നു. ഇന്ത്യന്‍ പൌരന്മാര്‍ എവിടെയാണോ കഷ്ടപ്പെടുന്നത് അതില്‍ നമുക്കും വേദനയുണ്ട്

അതുപോലെതന്നെ ചില നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ മാതൃകാ സംസ്ഥാനത്തെ കരിവാരിത്തേക്കുമ്പോള്‍ അതിലും നാം വേദനിക്കണം. ഇന്ത്യന്‍ ചെറുപതിപ്പായ സംസ്ഥാനത്തെ സംരക്ഷിക്കാനായി എല്ലാ വിഭാഗീയശക്തികള്‍ക്കെതിരെയും നമുക്ക് നിലകൊള്ളാം. അതുവഴി രാജ്യത്തിന് വീണ്ടും കീര്‍ത്തിയും പ്രശസ്തിയും സമ്മാനിക്കാം
Join WhatsApp News
ഡോ.ശശിധരൻ 2017-08-09 17:46:30
മുഖ്യമന്ത്രിയുടെ മുഗദ്ധമായ ഈ പ്രസ്താവന എഴുതിയുണ്ടാക്കാൻ  അദ്ദേഹത്തിന്റെ  മാധ്യമ  ഉപദേഷ്ടാക്കൾക്ക്  ഒരു മംഗലപാഠകന്റെ പരിവേഷംകെട്ടി  മണ്ഡനം ചെയ്യാൻ അല്പം അദ്ധ്വാനം ആവശ്യമായി  വന്നിട്ടുണ്ട് .അമൃത്യസെൻ പറയാതെ തന്നെ കേരളത്തിലെ പ്രൈമറി സ്കൂളിലെ  കൊച്ചു കുട്ടികൾക്ക് പോലും  ഒട്ടും ആശങ്കയില്ലാതെ അറിയാവുന്നതാണ്  കേരളത്തിന്റെ ഇന്നത്തെ പുരോഗമനായ നേട്ടങ്ങളെ കുറിച്ച്.ഇതേ അമർത്യസെൻ തന്നെ അമേരിക്കയിലെ ഒരു യൂണിവേഴ്സിറ്റി സെമിനാറിൽ വെച്ച് അത്യന്തം വേദനാജനകമായ രീതിയിൽ ഇന്ത്യയിലെ ദോഷങ്ങൾ വളരെ പെരുപ്പിച്ചു പറയുന്നതും നേരിട്ട് കേട്ടിട്ടുണ്ട് (അമ്പതുശതമാനം പെൺകുട്ടികൾക്ക്  രാത്രി നടക്കാൻ കഴിയാത്ത രാജ്യം , വിവേചനം ,ജാതീയത , അമ്പതു ശതമാനം വടക്കേ ഇന്ത്യയിലെ സ്കൂളുകളിലും പഠിപ്പിക്കിൽ നടക്കുന്നില്ല ,അമ്പതു ശതമാനം കുട്ടികൾക്ക് പോഷഹാകാരം ലഭിക്കുന്നില്ല ..തുടങ്ങി വിഗതിയുടെ സ്വരങ്ങൾ) .ശ്രീ ഉമ്മൻ‌ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ കേരളത്തിലെ  ഒരുപാട്  വികസന പ്രവർത്തനങ്ങളെ അധർമ്മ്യമായി അവഗണിച്ചു സരിതയെയും ,മാതാ അമൃതാന്ദമയി ,അഴിമതി തുടങ്ങി ദോഷങ്ങളെ മാത്രം പെരുപ്പിച്ചു  എത്ര മാത്രം വ്യഥ ,മാനക്കേട് മാധ്യമങ്ങൾ കേരളത്തിന് വരുത്തി വെച്ചു! ദേശീയ തലത്തിലും അന്തർദേശിയ തലത്തിലും എത്രയോ അഗാധമായ മന്യൂ കേരളത്തിന് മാധ്യമങ്ങൾ വരുത്തി വെച്ചു .അതിൽ ദോഷങ്ങളെ ആഘോഷമാക്കി പെരുപ്പിച്ചതിൽ ഒന്നാമതായിരുന്ന് താങ്കളുടെ പാർട്ടി ചാനലായ കൈരളി .ആ ദോഷങ്ങളെ പെരുപ്പിച്ചതിന്റെ പ്രസന്നതായാണ് ഇന്നത്തെ  ഈ മുഖ്യമന്ത്രിയുടെ അധികാരത്തിന്റെ  കനകസിംഹാസനം തന്നെ.
കേരളം അത്യന്തം അഴുക്കുള്ള ഭരണാധികാരികളുടെ നാടാണ് എന്ന് തോന്നതക്ക വിധത്തിൽ വാർത്തകളെ മാധ്യമങ്ങളിലൂടെ ലോകം മുഴുവൻ പ്രചരിപ്പിക്കുമ്പോൾ എന്താണ് നമുക്ക് നഷ്ട്ട പെടുന്നതെന്ന ബോധം  ഇപ്പോഴെങ്കിലും മാധ്യ്മ ഉപദേഷ്ടാക്കൾക്കു വിലയിരുത്താൻ തോന്നിയത് എന്തുകൊണ്ടും പ്രശംസനീയമാണ്. അങ്ങേയറ്റത്തെ അസഹിഷ്ണതയുടെ നാടായിരുന്ന കേരളം എത്രപെട്ടെന്നാണ്  സഹിഷ്ണതയുടെ നാടായി മാറിയതെന്ന മാധ്യ്മ ഉപദേഷ്ടാക്കുളുടെ ഉല്ലേഖനം  വളരെ  ഉത്‌കൃഷ്ടം തന്നെ!നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ മാതൃകാ സംസ്ഥാനത്തെ   കാപഥത്തിന്റെ കാളിമയോടെ കരിവാരിത്തേക്കുമ്പോള്‍  ഇപ്പ്പോഴെങ്കിലും മുഖ്യമന്ത്രിക്കും, മാധ്യമ ഉപദേഷ്ടാക്കൾക്കും മനോവേദന തോന്നിയത് കേരളത്തിന്റെ മഹാഭാഗ്യം!
(ഡോ.ശശിധരൻ)
 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക