Image

ഗോഡ്‌സ് ഓണ്‍ കണ്‍ട്രി ? (കവിത: ജയന്‍ വര്‍ഗീസ്)

Published on 07 August, 2017
ഗോഡ്‌സ് ഓണ്‍ കണ്‍ട്രി ? (കവിത: ജയന്‍ വര്‍ഗീസ്)
ഇവിടെയീ ധന്യമാം
സ്‌നേഹത്തിന്‍ തീരത്തി
ലൊരു കാലമുണ്ടായിരുന്നു!

സഹസ്രാബ്ദ മോഹങ്ങള്‍
ചിറകടിച്ചുഷസിന്റെ
നെറുകയില്‍ മുത്തം ചൊരിഞ്ഞും,

മനുഷ്യാഭിലാഷങ്ങള്‍
ഇതള്‍ വിരിച്ചൊരുപാട്
നിറമുള്ള കനവുകള്‍ തീര്‍ത്തും,

മലനാടിന്‍ മണമുള്ള
മനുഷ്യന്റെ മനസിലെ
വിനയവും, ശുദ്ധിയും പൂത്തും,

നറുമുല്ലക്കാറ്റിന്റെ
മടികളില്‍ നിറവിന്റെ
മലരുകള്‍ പൊട്ടി വിരിഞ്ഞും,

വയലേലയതിരിട്ട
യരുവിയില്‍ തുള്ളുന്ന
പരലുകള്‍ തത്തിക്കളിച്ചും,

മനസിന്റ താരാട്ടില്‍
നിറയുമീ ഹരിതാഭം
കണി കാണാനെത്തി ഞാന്‍ വീണ്ടും.

ഒരുവേള വഴിതെറ്റി
യെത്തിയോ ? എവിടെയെന്‍
കരളിന്റെ കുളിരായ ഭൂമി?

അമറുന്ന രാക്ഷ്ട്രീയ
ക്കുതിരകള്‍ തേരോടി
ച്ചതയുന്ന, പിടയുന്ന മണ്ണില്‍,

അടിപൊളി പ്രേതങ്ങ
ലലയുന്ന വേതാള
ക്കലകളാല്‍ മുടിയുമീ നാട്ടില്‍,

മതമെന്ന മതിലിന്റെ
മറപറ്റി മനുഷ്യന്റെ
തലകൊയ്തു തള്ളുന്ന നാട്ടില്‍,

അപമാന ഭാരത്താല്‍
കുനിയുന്ന ശിരസുമായ്
തിരുനാമം മായ്ക്കുന്നു ദൈവം!
Join WhatsApp News
വിദ്യാധരൻ 2017-08-08 11:47:59

അറിയുന്നു കവി നിൻ 
അകതാരിൻ നൊമ്പരം
അറിയുന്നുണ്ടു ഞങ്ങൾ

സ്നേഹത്തിൻ തീരങ്ങൾ
തേടി നീ അലയേണ്ട
മണൽത്തീരം പോലുമില്ല

ദുരമൂത്ത കേരളം
മണൽമാന്തി മരംവെട്ടി
കുളംമാക്കി തറവാടാകെ

പണമെന്ന ജ്വരം കേറി
തിമിരമായി കൺകളിൽ
കൂടാതെ സ്വാർത്ഥതയും

തട്ടിപ്പ് വെട്ടിപ്പ് കുലപിന്നെ
പീഡനം പണമുണ്ടേൽ
സർവ്വതും സാദ്ധ്യമത്രെ
  
നാടായ നാടൊക്കെ
ക്ഷേത്രങ്ങൾ ദൈവങ്ങൾ
പണം വേണ്ടാത്ത ദൈവമേതാ? 

കൈക്കൂലി കിട്ടിയാൽ
അതിക്രമം കാട്ടുവാൻ
ദൈവവും കൂട്ടു നിൽക്കും

മതി മതി ഇല്ലിനി
ആ നാട്ടിലേക്കില്ലിനി
അതാണ് നരകം തീർച്ചതന്നെ.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക