Image

ദിലീപ് കേസ്: കെ.ആര്‍. മീര പറഞ്ഞത്‌

Published on 07 August, 2017
ദിലീപ് കേസ്: കെ.ആര്‍. മീര പറഞ്ഞത്‌
നടിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച കേസില്‍ നായകനടനായ ദിലീപ് അറസ്റ്റിലാകുമ്പോള്‍ അതു സമൂഹത്തിനു നല്‍കുന്ന പാഠങ്ങള്‍ വളരെ നിര്‍ണായകമാണ്. സ്ത്രീപീഡനം ഒരു ക്രമിനല്‍ കുറ്റമാണെന്നും എത്ര വമ്പനായാലും നിയമത്തിനു മുന്നില്‍ രക്ഷയില്ലെന്നും ശക്തമായ സന്ദേശം ഈ സംഭവം നല്‍കുന്നു. ആക്രമിക്കപ്പെടുന്നവള്‍ക്കല്ല, അക്രമിക്കാണു യഥാര്‍ഥത്തില്‍ മാനഭംഗം സംഭവിക്കുന്നതെന്ന് ഇതു തെളിയിക്കുന്നു. പേടിച്ചോടുന്നതിനു പകരം തിരിഞ്ഞു നില്‍ക്കുമ്പോള്‍, അക്രമത്തെ അക്രമം എന്ന് ഉറക്കെ വിളിക്കുമ്പോള്‍, പരാതിപ്പെടുമ്പോള്‍, ആക്രമിക്കപ്പെടുന്നവളുടെ മാനം വര്‍ധിക്കുകയാണ് എന്നു വ്യക്തമാകുന്നു.

ഈ അനുഭവങ്ങള്‍ കേരളത്തിനും മലയാളികള്‍ക്കും പുതിയതാണ്. നാം നമ്മുടെ സമൂഹത്തെ ഇതുവരെ പരിശീലിപ്പിച്ചിരുന്ന കാഴ്ചപ്പാടുകള്‍ ഇതോടെ പാടേ മാറുന്നു. കേരള പോലീസിന്റെ നിഷ്പക്ഷത തെളിയിക്കാനും അതുവഴി സാധാരണക്കാര്‍ക്കു നിയമവ്യവസ്ഥയിലുള്ള വിശ്വാസം വീണ്ടെടുക്കാനും ഈ സംഭവം കാരണമായി. കാല്‍നൂറ്റാണ്ടിനിടയില്‍ ഇവിടെ സംഭവിച്ച ക്രൂരമായ സ്ത്രീപീഡനങ്ങളില്‍ ഈ വിധം ശക്തമായ നടപടികള്‍ സ്വീകരിക്കപ്പെട്ടിരുന്നെങ്കില്‍ വളരെ മുന്‍പു തന്നെ മാറ്റം സാധ്യമാകുമായിരുന്നു. സൂര്യനെല്ലി, വിതുര, തോപ്പുംപടി, പന്തളം സംഭവങ്ങളൊക്കെ നമുക്ക് ഒഴിവാക്കാമായിരുന്നു. ശാരിയും അനഘയും ഷൈനിയും പോലെ അസംഖ്യം ഇരകളുടെ ആത്മഹത്യകള്‍ ഒഴിവാക്കാമായിരുന്നു. ഒരുപക്ഷേ, സൗമ്യയുടെയും ജിഷയുടെയും, റിപ്പോര്‍ട്ട് ചെയ്യപ്പെട്ടും ചെയ്യപ്പെടാതെയും മണ്‍മറഞ്ഞ എണ്ണമറ്റ മറ്റു സ്ത്രീകളുടെയും ദാരുണകൊലപാതകങ്ങളും ഒഴിവാക്കാമായിരുന്നു.

സ്ത്രീയുടെ തുല്യപൗരത്വം സംബന്ധിച്ച് ഇന്നും വിദ്യാസമ്പന്നര്‍ക്കുപോലും ആശയക്കുഴപ്പമുണ്ട്. സ്ത്രീ പുരുഷനെ അനുസരിച്ചും അവനു കീഴ്‌പെട്ടും ജീവിക്കേണ്ടവളാണെന്നും അവള്‍ ത്യാഗങ്ങളിലൂടെ കുടുംബത്തെ നിലനിര്‍ത്താന്‍ ബാധ്യതപ്പെട്ടവളാണെന്നുമുള്ള പാഠങ്ങള്‍ തിരുത്തിയെഴുതാന്‍ ഇക്കാലത്തും നമ്മുടെ സമൂഹം സന്നദ്ധമല്ല. ഈ രാജ്യത്തെ നിയമവ്യവസ്ഥ അനുസരിച്ച് സ്ത്രീയും പുരുഷനും ട്രാന്‍സ് ജെന്‍ഡറുകളും തുല്യരായ പൗരന്‍മാരാണ് എന്നു പറയുമ്പോഴും അതു നാം ഉള്‍ക്കൊള്ളുകയോ, അതനുസരിച്ചു പ്രവര്‍ത്തിക്കുകയോ ചെയ്യുന്നില്ല. ലോക ജനസംഖ്യയില്‍ പകുതിയോളം സ്ത്രീകളാണ്. ഈ ലോകത്തെ ഭൂമിയിലും വെള്ളത്തിലും അധികാരത്തിലും പകുതി അവര്‍ക്ക് അവകാശപ്പെട്ടതാണ്. അവളുടെ ശാരീരികവും മാനസികവുമായ അധ്വാനമാണ് ബാക്കി പകുതിയുടെ സുഖസൗകര്യങ്ങളുടെയും അധികാരത്തിന്റെയും അടിത്തറ. അവള്‍ ഭക്ഷണം പാകം ചെയ്തില്ലെങ്കില്‍, അടിച്ചു വാരിയില്ലെങ്കില്‍, വസ്ത്രങ്ങള്‍ അലക്കിയില്ലെങ്കില്‍, കുഞ്ഞുങ്ങളെയും രോഗികളെയും പരിചരിച്ചില്ലെങ്കില്‍, വൈകാരിക പിന്തുണ നല്‍കിയില്ലെങ്കില്‍ ഇല്ലാതാകുന്നതാണു നാം തിമര്‍ക്കുന്ന ഈ ലോകത്തിന്റെ സര്‍വ അഹങ്കാരവും.

സിനിമയിലെ ഒരു നായകനടന്‍ ഇത്തരമൊരു ക്രൂര പീഡന കേസില്‍ ഗൂഢാലോചനയ്ക്ക് അറസ്റ്റിലാകുമ്പോള്‍ ഒരു യുഗം അസ്തമിക്കുകയാണ്. ആ യുഗം ആണ്‍മേല്‍ക്കോയ്മയുടേതാണ്. സിനിമയ്ക്കു പുറത്ത് ആ യുഗം കുറെക്കാലം മുന്‍പുതന്നെ അസ്തമിച്ചു തുടങ്ങി. എന്നിട്ടും സിനിമാലോകത്ത് അതു നിലനിന്നു. സിനിമയുടെ കഥയില്‍, അവതരണത്തില്‍, അഭിനേതാക്കളുടെ തിരഞ്ഞെടുപ്പില്‍, ഡയലോഗുകളില്‍, പാട്ടുകളില്‍, വസ്ത്രാലങ്കാരങ്ങളില്‍ ഒക്കെ ആണ്‍മേല്‍ക്കോയ്മയുടെയും സ്ത്രീവിരുദ്ധതയുടെയും ആ യുഗം നീട്ടിക്കൊണ്ടു പോകാന്‍ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ നിഷ്‌കര്‍ഷിച്ചു. പ്രേക്ഷകര്‍ അതിനു സര്‍വാത്മനാ സഹകരിച്ചു. സ്‌ക്രീനിലും പുറത്തും സ്വന്തം ഇഷ്ടാനിഷ്ടങ്ങളും സ്ഥിരം സേവകവൃന്ദവും അന്തഃപുര നാരിമാരുമുള്ള പഴയ നാട്ടുരാജാക്കന്‍മാരായി പുരുഷ താരങ്ങള്‍ വാണരുളി. അവരുടെ മേല്‍ക്കോയ്മ അംഗീകരിച്ചു തുല്യവേതനമോ തുല്യപദവിയോ ഇല്ലാതെ രണ്ടാംകിടക്കാരായി തുടരാന്‍ നടിമാരും തയ്യാറായി.

പക്ഷേ, ആ കാലം മാറുകയാണ് എന്നതാണ് ഈ സംഭവത്തിന്റെ ശുഭോദര്‍ക്കമായ പാര്‍ശ്വഫലം. ഇനി മലയാള സിനിമയില്‍ പഴയതുപോലെ സ്ത്രീവിരുദ്ധത കൊണ്ടാടാന്‍ സാധ്യമല്ല. സ്‌ക്രീനിലും ലൊക്കേഷനിലുമുള്ള സ്ത്രീവിരുദ്ധതയും വിവേചനവും കൊടുംകുറ്റകൃത്യങ്ങളാണെന്നു തിരിച്ചറിയപ്പെടുന്നു. അതിനെതിരെ പ്രതികരിക്കാന്‍ യുവാക്കളുടെ നിര മുന്നോട്ടു വരുന്നു. ചരിത്രത്തിലാദ്യമായി മലയാളത്തില്‍ നടിമാര്‍ സംഘടിക്കുകയും സ്വന്തമായ ഒരു സംഘടന രൂപവല്‍ക്കരിക്കുകയും ചെയ്യുന്നു. അവര്‍ക്കു സമൂഹം പിന്തുണ നല്‍കുന്നു. സ്ത്രീ ഒരു ചരക്കോ അടിമയോ അല്ല എന്നും അവള്‍ക്കു തുല്യപദവിയും തുല്യ അന്തസ്സും ഉറപ്പാക്കാതെ ആര്‍ക്കും നിലനില്‍പ്പില്ലെന്നുമുള്ള തിരിച്ചറിവു സമൂഹത്തിന്റെ എല്ലാ തലങ്ങളിലും എത്തിത്തുടങ്ങുന്നു.

ഈ കേസില്‍ നടന്റെ അറസ്റ്റ് നീതിയിലേക്കുള്ള ഒരു പടവു മാത്രമേ ആകുന്നുള്ളൂ. ഇനി കേസ് കോടതിയിലെത്തും. അവിടെ നിയമവും നീതിയും തമ്മില്‍ ഏറ്റുമുട്ടും. അതില്‍ ആരു ജയിക്കുമെന്നും ആരു തോല്‍ക്കുമെന്നും പ്രവചിക്കുക ഈ ഘട്ടത്തില്‍ സാധ്യമല്ല. പക്ഷേ, ഈ കേസിലെ ഏറ്റവും സന്തോഷകരമായ സംഗതി ആക്രമിക്കപ്പെട്ട നടിക്ക് ഒരു പരിധിയോളം നീതി ലഭിച്ചുകഴിഞ്ഞു എന്നതാണ്. കാരണം സ്ത്രീപീഡനക്കേസുകളിലെ നീതി കോടതിയില്‍നിന്നു കിട്ടുന്ന ജയമല്ല. മറിച്ച്, അതു സമൂഹം നല്‍കുന്ന വൈകാരിക പിന്തുണയാണ്. ഓര്‍ക്കുക, കോടതിയില്‍നിന്നു മാത്രമല്ല, ചുറ്റുപാടുകളില്‍നിന്നും നീതി ലഭിക്കാതെ പോയവരാണു നമ്മുടെ നാട്ടില്‍ ഇന്നോളം ആക്രമിക്കപ്പെട്ട ബഹുഭൂരിപക്ഷം സ്ത്രീകളും. ആക്രമിക്കപ്പെട്ട നടിയോടൊപ്പം അവരുടെ ജീവിതപങ്കാളിയും സുഹൃത്തുക്കളും കുടുംബാംഗങ്ങളും സമൂഹവും ഉറച്ചു നില്‍ക്കുന്നു എന്നതാണ് അവര്‍ക്കു ലഭിച്ച യഥാര്‍ഥ നീതി. പുതിയ കാലത്തിന്റെ കാലൊച്ച മുഴങ്ങിത്തുടങ്ങുന്നു, മുറിഞ്ഞുകൊണ്ടാണെങ്കിലും
Join WhatsApp News
ഡോ.ശശിധരൻ 2017-08-07 15:45:08
ഒറ്റപ്പെട്ട സംഭവങ്ങളെ  വളരെ സങ്കിർണതയോടുകൂടി സകാമത്തോടെ  പർവ്വതീകരിച്ചു  കാണിച്ചു സ്വന്തം വ്യക്തിത്വത്തിന്റെ സമുദ്ധിഗരണം നടത്തി കെ .ആർ മീര സ്വയം സംഹരണം ചെയ്തു മറ്റുള്ള സ്ത്രീകൾക്കും ഈ ലേഖനത്തിലൂടെ സദാതനമായ അപമാന മുണ്ടാക്കിയിരിക്കുന്നു . ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ജീവിച്ചിട്ടും അർചിതമായ കേന്ദ്ര ,കേരള സാഹിത്യ അക്കാഡമി അവാർഡുകൾ  കൊണ്ട് അലംകൃതമായ മീരക്ക് എവിടുന്നു കിട്ടി ഈ കശ്മലത ,ഒന്നിനും കൊള്ളായ്മ?കുറ്റം ചെയ്തവരെ ലിംഗങ്ങളിലൂടെ ,പുരുഷനെന്നും സ്ത്രിയെന്നും വേർതിരിച്ചു കാണാതെ കുറ്റവാളിയെന്ന് വിളിക്കാൻ മീരക്ക് എത്ര അവാർഡുകൾ കൂടി  വേണ്ടിവരും?ഇന്ത്യയെ പോലുള്ള ഇത്രയും ഇതമുള്ള രാജ്യത്തിരിക്കുന്നതു കൊണ്ടാണ് ,ആണും പെണ്ണും എന്ന ഇതരം കാണിക്കാതെ കേരള സാഹിത്യ അക്കാദമിയും കേന്ദ്ര സാഹിത്യ അക്കാദമിയും അവാർഡ് നൽകി നിങ്ങളെ ആദരിച്ചിരിക്കുന്നത്.എന്തെല്ലാം ഏതെല്ലാം നേടിയാലും ആണിനേക്കാൾ തരം താണവൾ എന്ന് സ്വയം തോന്നി അതിനു അടിമപ്പെടാതെ എല്ലാറ്റിനും ഞാൻ പുരുഷനോടൊപ്പം  പുരസ്ഥിതമായി നിൽക്കാൻ തുല്യ അവകാശമുള്ളവളാണ് ഈ ഞാൻ ,ഞങ്ങൾ എന്ന പരമമായ സങ്കല്പത്തോടുകൂടി സമൂഹത്തിൽ എന്ന് ജീവിക്കാൻ കഴിയുമോ  അന്നേ ഈതരത്തിലുള്ള ഫെമിനിസം എന്ന വിവേചനത്തിൽ നിന്നും മോചനമുള്ളു .അതുവരെ ഈ അധമ ചിന്തക്ക് അടിമയായി നിങ്ങൾക്കു കഴിയേണ്ടിവരും .'ഇര എന്ന് വിളിക്കാതെ അതിനെ അതിജീവിച്ചവൾ എന്നും ,ഞാൻ സ്വയം അബലയല്ല ,ചപലയല്ല ,ചഞ്ചലയല്ല എന്നും, ഞങ്ങളുടെ എല്ലാ പരാജയത്തിനും കാരണം പുരുഷനല്ല എന്നും, ആരുടേയും സഹായമില്ലാതെ എന്നെ സ്വയം ഉയർത്താൻ എനിക്കറിയാം എന്നും എന്നാണ് നിങ്ങൾ പറയുക?ഒരു സ്ത്രീയെന്ന എന്റെ ജീവിതം ഇങ്ങനെ  ആയിരിക്കണമെന്നും  അല്ല അങ്ങനെ ആയിരിക്കണമെന്നും ഉപദേശിച്ചു തരാൻ മറ്റൊരു സ്ത്രീക്ക് പറ്റുമോ ? ഇല്ല, എന്നാൽ പുരുഷന് പറ്റുമോ ഇല്ല .പിന്നെന്താ സ്ത്രീയും പുരുഷനും തമ്മിലുള്ള വിത്യാസം ?
മീര വെളിപ്പെടുത്തിയത് പോലെ പുതിയതായി ഒന്നും ഈ സംഭവത്തിൽ നിന്നും പഠിക്കാനില്ല .എത്രോയോ ഇതിലും വലിയ സംഭവങ്ങൾ ഈ ലോകത്തിൽ സംഭവിച്ചിട്ടുണ്ട്.മനുഷ്യൻ സമൂഹത്തിൽ ഒന്നിച്ചു ജീവിക്കുന്നിടത്തോളം കാലം ഇനിയും ഇത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടാകാം ,ഉണ്ടാകാതിരിക്കാം.അനുഭവങ്ങൾ മാത്രം ഉണ്ടായാൽ പോരാ .അനുഭവങ്ങൾ വിലയിരുത്തി ആ അനുഭവങ്ങളിൽ നിന്നും പാഠങ്ങൾ പഠിക്കുമ്പോഴേ അനുഭവങ്ങൾ ഗുരുവാകുകയുള്ളു .നിരന്തരം നമ്മൾ ഏതു സംസ്കാരത്തെയാണോ കേൾവിയിലൂടെ,കാഴ്ച്ച്ചയിലൂടെ  വളർത്തന്നതു അതാണ്  നമ്മുടെ ജീവിതാനുഭവമായി വരുന്നത് .ഇതിനു ഹേതുവായ ഒരു ദൃഷ്ടാന്തമാണ് മീരയുടെ ഈ ലേഖനം.സ്ത്രീകളിലുള്ള ഏറ്റുവം വലിയ  ചെമ്മാർന്ന ചൈതന്യം എന്നത്  സ്ത്രീയിൽ എന്നും ഒരു 'അമ്മയുടെ അതിരൂപത  അതിശോഭനമായി അഭിരമിച്ചു നില്കുന്നു എന്ന സത്യമാണ് .ഈ പരമായ സത്യം പലപ്പോഴും സ്ത്രീകൾ പരിഗണിക്കാൻ മറന്നു പോകുന്നു .ഈ സംഭവത്തിൽ നിന്നും പരോക്ഷമായി ഒന്ന് അടിവരയിട്ടു പഠിക്കാനുണ്ട്.ഒരു സ്ത്രീയുടെ ഏറ്റുവും വലിയ ശത്രു പുരുഷനല്ല  മറിച്ചു സ്ത്രീ തന്നെയാണ് എന്ന പരമമായ സത്യം.
(ഡോ.ശശിധരൻ)



Sudhir Panikkaveetil 2017-08-07 19:14:18
ഡോക്ടർ ശശി സാറിനോട് പൂർണ്ണമായി യോജിക്കുന്നു.
Observer 2017-08-08 03:54:33
ഡോ. ശശി ഭഗവാൻ കൃഷ്ണന്റെ രൂപം പ്രാപിച്ചു വന്നു സംസാരിച്ചാലും സൂക്ഷിച്ചു അദ്ദേഹത്തിന്റെ കമ്മന്റ് വായിക്കുന്നവർക്ക് മനസിലാകും മീരയെ വീണ്ടും ഇടിച്ചു താഴ്ത്താനുള്ള ശ്രമമാണ് ഇവിടെ നടത്തിയിരിക്കുന്നതെന്ന്  .  മനസ്സിന്റെ അടിത്തട്ടിൽ അടിഞ്ഞുകിടക്കുന്ന 'പുരുഷ അഹന്ത' യിൽ നിന്ന് കൊണ്ട് മീര പോലും സ്വപ്നം കാണാത്ത കാര്യം വളരെ തന്ത്ര പൂർവ്വം അവരിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയുമാണ്  . അദ്ദേഹത്തിന്റ വാക്കുകൾ ശ്രദ്ധിച്ചാൽ മീരക്ക് അവാർഡ് കിട്ടിയതിലുള്ള അസൂയയാണ് ഇതിന് പ്രധാന കാരണമെന്ന്.  ഇതുപോലുള്ള പ്രവണത ഇന്ന് എവിടെയും കാണാവുന്നതാണ്. അതിന് ഉദാഹരണമാണ് ഗൂഗിളിൽ നാം കാണുന്നത്.

'Google CEO Sundar Pichai has condemned portions of a controversial memo sent by a male engineer at the company who argued that women are not biologically fit for tech roles.
Reuters and Bloomberg reported Tuesday that the engineer had been fired, citing emails they received from him. A Google spokesperson declined to comment on the reports.
In an email to Google employees on Monday, Pichai wrote that parts of the 3,300-word manifesto crossed the line by "advancing harmful gender stereotypes" in the workplace.
"Our job is to build great products for users that make a difference in their lives," he wrote in the email, which was seen by CNNMoney. "To suggest a group of our colleagues have traits that make them less biologically suited to that work is offensive and not OK."

Curious 2017-08-08 05:56:36

ശരിയാണ് ഡോ. ശശിക്ക് മീരക്ക് അവാർഡ് കിട്ടിയതിൽ കലശലായ അസൂയ ഉണ്ടെന്ന് ഇത് വായിക്കുമ്പോൾ ആർക്കും മനസിലാകും.  പിന്നെ ഡോ ശശി കൃഷ്ണന്റെ രൂപം പ്രാപിച്ചു വന്നാലും എന്ന് ഒബ്സെർവർ പറഞ്ഞത് മനസിലായില്ല.


ഗീർവ്വാണം 2017-08-08 06:56:28
അസൂയയും ഗീർവ്വാണത്തിനു കിട്ടിയ അവസരവും.
രാധിക 2017-08-08 07:19:04

വൃന്ദാവനത്തിലെ ശ്രീഷ്ണൻ സ്ത്രീകളുടെ കളിത്തോഴനായിരുന്നു പക്ഷെ യാഥാർഥത്തിലുമുള്ള കൃഷ്‌ണ ലീല തുടങ്ങുമ്പോളാണ് വിവരം അറിയുക. അതുപോലെ ഡോ. ശശിയുടെ ഉള്ളിരിപ്പ് എന്താണെന്ന് മനസിലായല്ലോ? പിന്നെ സുധീർ ചേട്ടൻ ഒരു മുപ്പത്തി അഞ്ചു  ശതമാനം പറഞ്ഞാൽ മതിയായിരുന്നു.  ഭാഷ കൊള്ളാം പക്ഷെ ആശയത്തിനകത്ത് മുഴുവൻ കുശുമ്പും കുന്നായ്മയുമാണ്. കഷ്ടിച്ച് പാസ്സാകുനുള്ള മാർക്ക് കൊടുത്താൽ മതിയായിരുന്നു 


naradan 2017-08-10 02:49:50
ഈ   ഏട്ടന്  ഈയിടെ  ആയി എന്ത്  പറ്റി ?  ചുമ്മാതെ ഒക്കെ കാണുന്ന വിവരകെടിനു  ഒക്കെ  സപ്പോര്‍ട്ട് . JACK DANIEL നു പകരം CHRISTIAN BROTHERS എങ്ങാനും  മാറി കുടിച്ചോ?
ഈ CHRISTIAN BROTHERS ഉണ്ടല്ലേ ഭയങ്കര  പ്രശ്ന കാരന്‍ തന്നെ . ഇവനെ അടിച്ചാല്‍  കുണ്ടലിനിക്ക്  പകരം കുണ്ട് എലി  തലയില്‍ കയറിയതുപോലെ  എഴുതും. പിന്നെ അതിനെ  ന്യായികരിക്കാന്‍  പുറകെ പുറകെ  കൂടുതല്‍ വിഠിതോം  എഴുതി കൂടും . എഴുത്ത് കണ്ടാല്‍ അറിയാം എന്താണ് അടിച്ചത് എന്ന് . ടോം, മാത്തുള്ള ,scheduled കാസ്റ്റ്  ഒക്കെ അടിക്കുന്നത്  തലവേദന ഉണ്ടാക്കുന്ന  christian brothers തന്നെ , ശശിയുടെ  ബ്രാന്റും  അതു തന്നെ എന്ന് തോന്നുന്നു.
   RSS  എന്ന വര്‍ഗ്ഗീയ  വാദികളെ  എതിര്‍ക്കുന്നവര്‍ തന്നെ  USA യിലെ  CHRISTIAN വര്‍ഗീയ  വാദികളെ  അനുമോദിക്കും. മലയാളിയെയും  ഇന്ത്യനെയും ഒക്കെ തൊലിയുടെ നിറം നോക്കി  അവന്‍ വെടി  വെക്കും എന്ന് അവര്‍ അറിയുന്നോ ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക