Image

പെരുമ്പാവൂര്‍ ഭായിമാരുടെ ദുബായ്: അവരവിടെ ഒരുമാസം ചെലവിടുന്നത് അറുപത്തിനാല് കോടി (രചന, ചിത്രങ്ങള്‍ കുര്യന്‍ പാമ്പാടി)

Published on 05 August, 2017
പെരുമ്പാവൂര്‍ ഭായിമാരുടെ ദുബായ്: അവരവിടെ ഒരുമാസം ചെലവിടുന്നത് അറുപത്തിനാല് കോടി (രചന, ചിത്രങ്ങള്‍ കുര്യന്‍ പാമ്പാടി)
തിരുവന്തപുരത്തെ രാഷ്ട്രീയ കൊലയുടെ പേരില്‍ പൊടുന്നനവേ ഹര്‍ത്താല്‍ വന്നിട്ടും പെരുമ്പാവൂരിലെ ഇത്തര സംസ്ഥാന തൊഴിലാളികള്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ തടിച്ചുകൂടി പരാതികളുടെ കെട്ടഴിക്കാന്‍. അവരുടെ മലയാളം കേട്ടിട്ട് എറണാകുളം ജില്ലാ കലക്ടര്‍ മുഹമ്മദ് സഫിറുള്ള അമ്പരന്നു പോയി.

സേലംകാരനായ കലക്ടര്‍ ഒന്നാംതരം ഹിന്ദിയിലാണ് മറുനാടന്‍ തൊഴിലാളികളുടെ സംഗമം ഉദ്ഘാടനം ചെയ്തത്. ഏഴും എട്ടും വര്‍ഷമായി കേരളത്തില്‍ ജോലി ചെയ്യുന്നവര്‍ ഒന്നാം തരമായി മലയാളം പറഞ്ഞപ്പോള്‍ 'എന്റെ മലയാളം തോറ്റു പോയി, സഫിറുള്ള സമ്മതിച്ചു. ശമ്പളം, ആധാര്‍കാര്‍ഡ്, ബാങ്ക് അക്കൌണ്ട് തുടങ്ങിയ അവരുടെ പ്രശ്‌നങ്ങള്‍ക്ക് ഉടനുടന്‍ നടപടിയായി. ('പരിഹാരം 2017' എന്നായിരുന്നു സംഗമത്തിനു പേരു)

പതിനഞ്ചു വ.ര്‍ഷം മുമ്പ് ആരംഭം കൊണ്ട ഇതര ദേശ തൊഴിലാളി കുടിയേറ്റം കേരളത്തില്‍ അമ്പത് ലക്ഷത്തോടടുക്കുന്നു എന്നാണ് ഒരു ഏകദേശ കണക്ക്. ഏറ്റവും കൂടുതല്‍ എറണാകുളം ജില്ലയില്‍, ഏഴെട്ടു ലക്ഷം. അതില്‍ത്തന്നെ പെരുമ്പാവൂരില്‍ മാത്രം കുറഞ്ഞത് ഒന്നര ലക്ഷം പേര്‍. 'ഭായിമാരുടെ മിനി ഇന്ത്യ' 'ഭായിമാരുടെ ദുബായ്' എന്നൊക്കെ ആ മുനിസിപ്പല്‍ പട്ടണത്തെ വിളിക്കുന്നത് അതുകൊണ്ടാണ്.

മുനിസിപ്പാലിറ്റിയിലും തൊട്ടു ചേര്‍ന്നുള്ള രായമംഗലം, വെങ്ങോല, അശമന്നൂര്‍, വാഴക്കുളം തുടങ്ങിയ പഞ്ചായത്തുകളിലുമായി നടക്കുന്ന ആയിരത്തിലേറെ പ്ലൈവുഡ് സ്ഥാപനങ്ങളിലാണ് ഇതരര്‍ ആദ്യം ജോലിക്കെത്തിയത്.

കോടതി വിധി മൂലം പൂട്ടിയ അസ്സമിലെ പ്ലൈവുഡ് ഫാകടറികളില്‍ നിന്ന് വിദഗ്ധ തൊഴിലാളികള്‍ വന്നു. പിന്നീട് അവിദഗ്ദരും. റബ്ബര്‍ തടി ധാരാളമുള്ള കേരളത്തില്‍ പ്രശ്‌നമില്ലായിരുന്നു. പരമ്പരാഗതമായി നദികളിലൂടെയാണല്ലോ കേരളത്തില്‍ തടി കൊണ്ടു വന്നിരുന്നത്. വളപട്ടണവും കല്ലായിയും പോലെ പെരിയാര്‍ തീരത്ത് പെരുമ്പാവൂരും.

വടക്കു നിന്നും വടക്കു കിഴക്കു നിന്നും കേരളത്തിലേക്ക് വരുന്ന എല്ലാ ദീഘദൂര തീവണ്ടികളും അവരെക്കൊണ്ടു നിറഞ്ഞു. ഇന്ത്യയിലെ ഏറ്റം തിരക്കിട്ട പത്തു ട്രെയിനു കളില്‍ ഒന്നു ധന്‍ബാദ് ആലപ്പുഴയാണെന്നു അടുത്ത ദിവസം വായിച്ചു.

കെട്ടിട നിര്‍മാണ മേഖലയില്‍ അവ.ര്‍ പടര്‍ന്നു കയറി. അരിമില്ലുകള്‍, ഹോട്ടലുകള്‍, ബേക്കറികള്‍, കൃഷിയിടങ്ങള്‍ എന്നിങ്ങനെ എല്ലായിടത്തും. ദിനംപ്രതി കുറഞ്ഞത് അറുനൂറു മുതല്‍ ആയിരം രൂപ വരെ അവര്‍ വേതനം പറ്റുന്നു. അവര്‍ക്ക് വേണ്ടി ബംഗാളി, അസമിസ്, ഒഡിയ ഫിലിമുകള്‍ കാണിക്കുന്ന ലക്കി തീയേറ്റര്‍, ഒഡിയയില്‍ ആരാധന നടത്തുന്ന പള്ളി ഇതൊക്കെ ആ അധിനിവേശ സംസ്കാരത്തിന്റെ ഭാഗമായി. ബാങ്കുകളിലും ബസുകളിലും കടകളിലും ഹിന്ദി ബോര്‍ഡുകള്‍.

നഗര മധ്യത്തിലെ ഗാന്ധി ബസാര്‍ ഇന്നൊരു ഭായ് ബസാര്‍ ആണ്. ഞായറാഴ്ച ആയിരങ്ങളാണ് അവിടെ തടിച്ചു കൂടുന്നത്. റെഡിമെയ്ഡുകളും ഇലക്ട്രോണിക് സാധനങ്ങളും മൊബൈലും എല്ലാം അവര്‍ വാങ്ങിക്കൂട്ടുന്നു. അവര്‍ക്കുവേണ്ടി അവര്‍ നടത്തുന്ന റെസ്‌റ്റോറന്റുകളുണ്ട്. റെഡിമെയ്ഡുകള്‍ ആള്‍ട്ടര്‍ ചെയ്തു കൊടുക്കാന്‍ അവരുടെ തന്നെ തയ്യല്‍ക്കാരും.

സ്ഥിരം ജോലി ഇല്ലാത്തവര്‍, നല്ലൊരു പങ്കു തമിഴര്‍, പണിയായുധങ്ങളുമായി ആലുവ പെരുമ്പാവൂര്‍ റോഡിന്റെയും പെരുമ്പാവൂര്‍ പുത്തന്‍കുരിശു റോഡിന്റെയും ഓരങ്ങളില്‍ കുത്തിയിരിക്കുന്നത് പതിവ് കാഴ്ചയാണ്. ഫുട് ലൂസ് (ഹിന്ദിയില്‍ നക്ക) ജോലിക്കാര്‍. അവരുടെ മനുഷ്യ ചന്തയാണ് പെരുമ്പാവൂര്‍.

'ഒരുമാസം അവര്‍ കുറഞ്ഞത് 64 കോടി രൂപ ഇവിടെ ചെലവഴിക്കുന്നതായാണ് കണക്ക്. വരുമാനത്തിന്റെ മൂന്നിലൊന്നു ഇവിടെത്തന്നെ ചെലവഴിക്കുമ്പോള്‍ മൂന്നില്‍ രണ്ടും സ്വന്തം നാട്ടിലേക്ക് അയക്കുകയാണ്. കേരളം വേവലാതിപ്പെടേണ്ടതില്ല. ഗള്‍ഫില്‍ നിന്ന് ഇവിടെ ലഭിക്കുന്ന റെമിറ്റന്‍സിന്റെ അഞ്ചിലൊന്നേ അതുവരൂ' പറയുന്നത് കുടിയേറ്റത്തെപ്പറ്റി ആധികാരിക പഠനം നടത്തുന്ന സെന്റെര്‍ ഫോര്‍ മൈഗ്രേഷന്‍ ആന്‍ഡ് ഇന്‍ക്ലുസിവ് ഡവലപ്‌മെന്റിലെ ഡോ. ബിനോയ് പീറ്റര്‍.

ജനീവയില്‍ യു.എന്‍ല്‍ ഉന്നത ഉദ്യോഗം വഹിക്കുന്ന മുരളി തുമ്മാരുകുടി സ്ഥാപിച്ച തുമ്മാരുകുടി ഫൌണ്ടേഷന്‍ ആണു സി.എം.ഐ.ഡി. യുടെ പിന്നില്‍. കുടിയേറ്റത്തെക്കുറിച്ചു മാത്രം പഠിക്കുന്ന ഇന്ത്യയിലെ ആദ്യ സ്ഥാപനം പെരുമ്പാവൂരി.ല്‍ ആയതു ഏറ്റം ഉചിതം. ബിനോയ് പീറ്റര്‍ അതിന്റെ എക്‌സിക്യുട്ടിവ് ഡയരക്ട.ര്‍, വിഷ്ണു നരേന്ദ്രന്‍ ഡയരക്ടര്‍ (പ്രോഗ്രാംസ്). ബിനോയിയുടെ പത്‌നി ഡോ വൈശാലി ഗോസ്വാമിയും ഏഷ്യാനെറ്റ് എഡിറ്റര്‍ എം.ജി.രാധാകൃഷ്ണനും ഒക്കെ ഉള്‍പ്പെട്ടതാണ് ഡയരക്ടര്‍ ബോര്‍ഡ്.

ആയിരത്തിലേറെ പേര്‍ പങ്കെടുത്ത സംഗമത്തി.ല്‍ ബിനോയ് നടത്തിയ ഹിന്ദി ആമുഖ പ്രസംഗം ആകര്‍ഷകമായി. രാജഗിരി കോളേജിനെ പ്രതിനിധീകരിച്ചു ഏത്തിയ ജാന്‍സി മാര്‍ട്ടിനും ഹിന്ദിയില്‍ അവരെ കയ്യിലെടുത്തു. ഡോ.രമ്യാ രാമചന്ദ്രന്റെ നേതൃത്വത്തി.ല്‍ തേവര എസ്.എച്. കോളേജിലെ എന്‍.എസ്.എസ്. വിദ്യാര്‍ഥിനികളും ആശയ വിനിമയത്തില്‍ സഹായിച്ചു.

'ഇതര നാടുകളിലേക്ക് പോയ മലയാളികള്‍ക്കൊപ്പമേ ഇതര സംസ്ഥാനക്കാര്‍ ഇവിടെ എത്തിയിട്ടുള്ളു', ഡോ. ബിനോയ് പറയുന്നു. 'ഇതൊരു വിന്‍വിന്‍ സിറ്റുവേഷന്‍ ആണു. ഇവര്‍ മടങ്ങിപ്പോയാല്‍ നമ്മുടെ നാട് സ്തംഭിക്കും. അതേ സമയം നാം പറഞ്ഞു വിട്ടാല്‍ അവര്‍ മറ്റെവിടെങ്കിലും പോകും. തമിഴര്‍ ഇവിടെനിന്നു മടങ്ങിപ്പോയി എന്നത് ഒരു മിഥ്യാധാരണയാണ്. അവര്‍ പോയിട്ടില്ല. അയല്‍പക്കത്തുനിന്നും വന്നുകൊണ്ടേയിരിക്കുന്നു. ഒഡീഷക്കാര്‍ ഇവിടെ മത്സ്യ ബന്ധനത്തിലും പങ്കെടുക്കുന്നു.'

എറണാകുളം ജില്ലയിലെ സ്കൂളുകളില്‍ ഇതര സംസ്ഥാന ക്കാരുടെ 2541 കുട്ടിക.ള്‍ പഠിക്കുന്നുണ്ട്. പുതിയ കുട്ടികളെ ലക്ഷ്യമാക്കി 'സ്കൂള്‍ ചലേ ഹം' എന്ന പേരില്‍ ഈയിടെ പ്രവേശനോല്‍സവവും നടത്തി.

'തൊഴിലുടമകളുടെ ചൂഷണം ഭീകരമാണ്. ജോലിക്കാര്‍ക്ക് ശുചിയുള്ള നല്ല താമസ സ്ഥലം പലരും ഒരുക്കുന്നില്ല, 'ഇതിനു വേണ്ടി വര്‍ഷങ്ങളായി പടവെട്ടുന്ന സാമൂഹ്യ പ്രവര്‍ത്തകന്‍ റിട്ട. അധ്യാപക.ന്‍ വര്‍ഗീസ് പുല്ലുവഴി പറയുന്നു. അദ്ദേഹം ഒരു ഒറ്റയാള്‍ പട്ടാളം ആണ്. ഫാക്ടറി മലിനീകരണത്തിനെതിരെ 2013ല്‍ നടത്തിയ സമരം വിജയം കണ്ടു മദ്യഷാപ്പിനെതിരെ അടിമാലിയില്‍ നടത്തിയ സമരവും ജയിച്ചു.

പക്ഷേ പ്ലൈവുഡ് പ്രശനങ്ങളുമായി ബന്ധപെട്ട നാല് കേസുകള്‍ വിചാരണയാകാതെ കിടക്കുന്നു. അതുകാരണം വാഷിംഗ്ടനില്‍ ജോലിചെയ്യുന്ന മകള്‍ ക്ഷേമയുടെ അടുത്തു പോകാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. ഇനി ഭാര്യ റിട്ട.അധ്യാപിക സാനിയെ വിടണം

ഹര്‍ത്താല്‍ ദിനത്തില്‍ വല്ലം സെന്റ് തെരേസാസ് പരിഷ് ഹാളില്‍ മാധ്യമം ലേഖകന്‍ മുഹമ്മദ് കുഞ്ഞിന്റെ മകള്‍ മീനു ഫാത്തിമയുടെ വിവാഹ സല്‍ക്കാരത്തിനു രണ്ടായിരം പേരെങ്കിലും പങ്കെടുത്തു. മുനിസിപല്‍ ചെയര്‍ പേഴ്‌സണ്‍ സതി ജയകൃഷ്ണന്‍ ആയിരുന്നു ഒരു വിശിഷ്ടാതിഥി. അദ്ധ്യാപക നേതാവായി റിട്ടയര്‍ ചെയ്തിട്ട ്ബിസിനസ് ചെയ്യുന്ന സലിം ഫറൂക്കിയുമായി കുശലം പറഞ്ഞിട്ട് അവര്‍ തിടുക്കത്തില്‍ സ്ഥലം വിട്ടു. വേറെ കല്യാണം ഉണ്ട്.

സലിമിന്റെ തറവാടിനോദ് ചേര്‍ന്നു പെരിയാര്‍ തീരത്ത് എഴുപതു ഏക്കറില്‍ പൂട്ടിക്കിടക്കുന്നു പെരുമ്പാവൂവൂരിനു ഏറെ പ്രശസ്തി നല്‍കിയ ട്രാവന്‍കൂര്‍ റയോന്‍സ്. 1944 ല്‍ എം.ചിദംബരം ചെട്ടിയാര്‍ ബ്രിട്ടീഷ് സഹകരണത്തോടെ ആരംഭിച്ച ഇന്ത്യയിലെ ആദ്യത്തെ റയോന്‍ മില്ലില്‍ ഒരുകാലത്ത് ആയിരം ജോലിക്കാരുണ്ടായിരുന്നു. തുറക്കാനുള്ള പല ശ്രമങ്ങളും വിജയിച്ചില്ല.

തറവാട്ടില്‍ ഡ്രസ്സ്‌കോഡ് എന്നപേരി.ല്‍ ഒരു ഷര്‍ട്ട് നിര്‍മാണശാല നടത്തുന്നുണ്ട് സലിം. നഗരത്തിനു അടുത്ത് അല്ലപ്രയിലും ബേങ്കലൂരിലും ഫാക്ടറികള്‍. 170 ജോലിക്കാരില്‍ നല്ലൊരു പങ്കു ഇതരദേശക്കാര്‍. കൂടുതലും സ്ത്രീകള്‍. ഒരു പ്രശ്‌നവുമില്ല. ഗള്‍ഫിലേക്ക് കയറ്റുമതിയും തുടങ്ങിയിട്ടുണ്ട്.

ജിഷ എന്ന പെണ്‍കുട്ടിയെ 2016 ഏപ്രിലില്‍ ദാരുണമായി കൊല ചെയ്തത്തിന്റെ പേരില്‍ അറസ്റ്റിലായത് അസ്സംകാരനായ അമിരുള്‍ ഇസ്ലാം ആണെങ്കിലും ആ സംഭവം ഇതര സംസ്ഥാന ജോലിക്കാരുടെ പേരില്‍ ഒരു കളങ്കമാകരുതെന്ന അഭിപ്രായമാണ് സംഭവം നടന്ന രായമംഗലം പഞ്ചായത്തിന്റെ അധ്യക്ഷ സൌമിനി ബാബുവിനുള്ളത്. ജിഷയുടെ അയല്‍ക്കാരിയായിരുന്നു ഇരുപതാം വാര്‍ഡിലെ ഈ മെമ്പര്‍. അവരുടെ പഞ്ചായത്തില്‍ നിരവധി പ്ലൈവുഡ് മില്ലുകളുണ്ട്.

പെരുമ്പാവൂരിനോടു വിടപറയും മുമ്പ് തൊട്ടടുത്തുള്ള പുല്ലുവഴിയിലെ ഏറ്റം പ്രശസ്തമായ കാപ്പിള്ളി തറവാട്ടില്‍ ഒന്നു കയറി. പി. ഗോവിന്ദപിള്ള, പി. ഗംഗാധരന്‍ നായര്‍, എം.പി.. ഗോപാലന്‍ (ഹോങ്കോങ്ങ്), കെ.പി. ബാലകൃഷ്ണപിള്ള എന്നീ സഹോദരങ്ങളുടെ ജന്മഗൃഹം. അവരുടെ സഹോദരി ലക്ഷ്മിക്കുട്ടിയമ്മയെ വിവാഹം ചെയ്തത് മുഖ്യമന്ത്രി ആയിരുന്ന പി.കെ.വാസുദേവന്‍ നായര്‍.

പുല്ലുവഴിയിലെ ത്രിമൂര്‍ത്തിക.ള്‍ എല്ലാവരും പി.ജി.യും പി.കെ.വി.യും എം. പി നാരായണ പിള്ളയും കടന്നു പോയി. നാണപ്പന്‍ എന്ന നാരായണപിള്ള പി.ജി.യുടെ പിതൃസഹോദരിയുടെ മകളുടെ മകന്‍. പെരുമ്പാവൂര്‍കാര്‍ക്കു ജന്മസിദ്ധമായ ബിസിനസ് നടത്തിയിട്ടും പൊളിഞ്ഞു പാളീസായ കഥ നാണപ്പന്‍ എഴുതിയിട്ടുണ്ട്.

എം.സി റോഡില്‍ നിന്ന് 500 മീറ്റര്‍ അകലെ പി.കെ.വി. റോഡില്‍ പടിപ്പുരയും തൂണുമായി പ്രൌഡമായ തറവാട്. പി.കെ.വിയുടെ മകള്‍ ശാരദയുടെ ഭര്‍ത്താവ് മോഹന്‍ ബാബു സ്‌നേഹപൂര്‍വ്വം സ്വീകരിച്ചു. ബെങ്കലൂരില്‍ നടത്തിയിരുന്ന ഇന്ത്യാ ഹോട്ടല്‍ വേണ്ടെന്നു വച്ച് ഗൃഹാതുരത്വത്തോടെ മടങ്ങിവന്നിരിക്കുകയാണ് മോഹന്‍. ശാരദ അവിടെ അധ്യാപിക ആയിരുന്നു. എറണാകുളം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ആണിപ്പോള്‍. മക്കളില്‍ ലക്ഷ്മി ബെങ്കലൂരില്‍ അധ്യാപിക. പാര്‍വതി അറ്റ്‌ലാന്റയില്‍. കൊച്ചുമക്കള്‍ അഞ്ചും ആണ്‍തരികള്‍.

ഹോങ്കോങ്ങില്‍ വച്ചു ശാരദയുടെ അമ്മാവന്‍ എം.പി. ഗോപാലനെയും ബിസിനസുകാരനായ ഭാര്യാ സഹോദരന്‍ കേശുവിനെയും കണ്ടതും അവരുടെ സല്‍ക്കാരം സ്വീകരിച്ചതും പറഞ്ഞപ്പോള്‍ 'കേശു ഈയിടെ വന്നിരുന്നു' എന്ന് മറുപടി. മനസ് നിറഞ്ഞു മടങ്ങി. കുടുംബ ചിത്രം ഫോണില്‍ എത്തി.

കോട്ടയത്ത് ഷോപ്പിംഗ് മാള്‍ പണിയുന്ന ബികാസ് ദാസ് എന്ന ബംഗാളി യുവാവിന് കേരള ഗവര്‍മെന്റിന്റെ അറുപതു ലക്ഷം രൂപയുടെ ലോട്ടറി അടിച്ചു എന്നതാണ് ഏറ്റം ഒടുവില്‍ കേട്ട സദ്വാര്‍ത്ത.
പെരുമ്പാവൂര്‍ ഭായിമാരുടെ ദുബായ്: അവരവിടെ ഒരുമാസം ചെലവിടുന്നത് അറുപത്തിനാല് കോടി (രചന, ചിത്രങ്ങള്‍ കുര്യന്‍ പാമ്പാടി)
എല്ലാ ട്രെയിനുകളും കവിഞ്ഞൊഴുകുന്നു കേരളത്തിലേക്ക്
പെരുമ്പാവൂര്‍ ഭായിമാരുടെ ദുബായ്: അവരവിടെ ഒരുമാസം ചെലവിടുന്നത് അറുപത്തിനാല് കോടി (രചന, ചിത്രങ്ങള്‍ കുര്യന്‍ പാമ്പാടി)
ജീവിതം ഒരു തകരെ ഷഡിനുള്ളില്‍
പെരുമ്പാവൂര്‍ ഭായിമാരുടെ ദുബായ്: അവരവിടെ ഒരുമാസം ചെലവിടുന്നത് അറുപത്തിനാല് കോടി (രചന, ചിത്രങ്ങള്‍ കുര്യന്‍ പാമ്പാടി)
പ്ലൈവുഡ്ഫാക്ടറി; ഇന്‌സെറ്റില്‍ അവരെപ്പറ്റി പഠിക്കുന്ന ഡോ. ബിനോയ് (വലത്ത്), വിഷ്ണു
പെരുമ്പാവൂര്‍ ഭായിമാരുടെ ദുബായ്: അവരവിടെ ഒരുമാസം ചെലവിടുന്നത് അറുപത്തിനാല് കോടി (രചന, ചിത്രങ്ങള്‍ കുര്യന്‍ പാമ്പാടി)
ഹിന്ദിയില്‍ പരാതി പരിഹരിക്കുന്ന കലക്ട.ര്‍ മുഹമ്മദ് സഫിറുള്ള
പെരുമ്പാവൂര്‍ ഭായിമാരുടെ ദുബായ്: അവരവിടെ ഒരുമാസം ചെലവിടുന്നത് അറുപത്തിനാല് കോടി (രചന, ചിത്രങ്ങള്‍ കുര്യന്‍ പാമ്പാടി)
ഭായി ബസാറില്‍ ആക്ടിവിസ്റ്റ് വര്‍ഗിസ് പുല്ലുവഴി
പെരുമ്പാവൂര്‍ ഭായിമാരുടെ ദുബായ്: അവരവിടെ ഒരുമാസം ചെലവിടുന്നത് അറുപത്തിനാല് കോടി (രചന, ചിത്രങ്ങള്‍ കുര്യന്‍ പാമ്പാടി)
പാന്റും ഷര്‍ട്ടും ആള്‍ടര്‍ ചെയ്യാന്‍ ഇതരന്‍ റെഡി
പെരുമ്പാവൂര്‍ ഭായിമാരുടെ ദുബായ്: അവരവിടെ ഒരുമാസം ചെലവിടുന്നത് അറുപത്തിനാല് കോടി (രചന, ചിത്രങ്ങള്‍ കുര്യന്‍ പാമ്പാടി)
പരിഭാഷയ്ക്ക് തേവര എസ്.എച്. കോളേജ് കുട്ടികളും പ്രൊഫ. രമ്യാ രാമചന്ദ്രനും; ഇന്‌സെറ്റില്‍ ഇതരകുട്ടികള്‍ക്ക് വിദ്യ.
പെരുമ്പാവൂര്‍ ഭായിമാരുടെ ദുബായ്: അവരവിടെ ഒരുമാസം ചെലവിടുന്നത് അറുപത്തിനാല് കോടി (രചന, ചിത്രങ്ങള്‍ കുര്യന്‍ പാമ്പാടി)
ഹിന്ദി ബോര്‍ഡുള്ള ബസുകള്‍
പെരുമ്പാവൂര്‍ ഭായിമാരുടെ ദുബായ്: അവരവിടെ ഒരുമാസം ചെലവിടുന്നത് അറുപത്തിനാല് കോടി (രചന, ചിത്രങ്ങള്‍ കുര്യന്‍ പാമ്പാടി)
മുനിസിപ്പല്‍ അധ്യക്ഷ സതി ജയകൃഷ്ണന്‍, ബിസിനസ് പ്രമുഖന്‍ സലിം ഫാറൂക്കി
പെരുമ്പാവൂര്‍ ഭായിമാരുടെ ദുബായ്: അവരവിടെ ഒരുമാസം ചെലവിടുന്നത് അറുപത്തിനാല് കോടി (രചന, ചിത്രങ്ങള്‍ കുര്യന്‍ പാമ്പാടി)
പുല്ലുവഴി കാപ്പിള്ളി തറവാട്ടില്‍ പി.കെ.വി.യുടെ മകള്‍ ശാരദ, മോഹന്‍, ലക്ഷ്മി, പാര്‍വതി
Join WhatsApp News
c j jose 2017-08-06 02:43:01
this beautiful narrative throws much light on the socioeconomic aspects of migrants life at perumbavoor. kurian pampadi did it well. congrats. .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക