Image

രജത താരകം (കവിത- ജ്യോതിലക്ഷ്മി നമ്പ്യാര്‍, തയ്യൂര്‍)

ജ്യോതിലക്ഷ്മി നമ്പ്യാര്‍ Published on 05 August, 2017
രജത താരകം (കവിത- ജ്യോതിലക്ഷ്മി നമ്പ്യാര്‍, തയ്യൂര്‍)
(ജീവിതത്തില്‍ വല്ലപ്പോഴും  വീണുകിട്ടുന്ന മഞ്ഞുതുള്ളിയെപ്പോല്‍ കുളിര്‍ നല്‍കും സന്തോഷ നിമിഷങ്ങളും, നന്മ നിറഞ്ഞ നാളെയെന്ന പ്രതീക്ഷയുമാണ് ഓരോ മനുഷ്യന്റെയും  ജീവിതത്തെ മുന്നോട്ട് നയിയ്ക്കുന്നത്. ഇവിടെ ഇവള്‍ക്ക് സന്തോഷ നിമിഷങ്ങളും, പ്രതീക്ഷകളും - ദുഖങ്ങളും, പ്രതിസന്ധികളും ആകുന്ന പകല്‍ മുഴുവന്‍ കാത്തിരുന്ന കിട്ടുന്ന ആകാശത്ത് തെളിഞ്ഞു മായുന്ന പ്രതീക്ഷയെന്ന, സന്തോഷമെന്ന നക്ഷത്രമായി തോന്നുന്നു)

ദീര്‍ഘമാം പകലിന്റെ നീളും വഴിത്താരയില്‍ 
താരമേ നിനക്കായ് ഞാന്‍ കാത്തിരുന്നു
 
അര്‍ക്കന്റെ പൊന്‍തൂവല്‍ കിരീട മങ്ങകലെ 
ആഴിതന്‍ പാല്‍ത്തിരയില്‍ ഒളിയ്ക്കുംവരെ

പാല്‍പുഞ്ചിരി തൂകി കയ്യെത്താദൂരത്ത്
ചന്ദ്രിക വാനിലായ് എത്തുംവരെ

കളകളാഘോഷത്തോടെ പറവകള്‍  തങ്ങള്‍തന്‍  
കുട്ടിലായ് ചേക്കേറും നേരംവരെ 

ആരുമേകാണാതെ രാവിന്റെ മെത്തയില്‍ 
നിശാഗന്ധി  മദാലസയായ് മാറുംവരെ
  
പകലിന്റെ ആടിത്തിമര്‍പ്പിന്‍ തളര്‍ച്ചയാല്‍
വൃക്ഷങ്ങള്‍ കുളിര്കാറ്റില്‍ മയങ്ങും വരെ
 
യാചിച്ചു ഞാനാ കരിമുകില്‍ കുട്ടങ്ങളോടായ്
വഴി മാറുമോ നിങ്ങളെന്‍ പൊന്‍ താരത്തിനായ് 

പെയ്യരുതേ വര്‍ഷ മേഘങ്ങളേ നിങ്ങള്‍
മിന്നും പൊന്‍ താരത്തെ ഞാന്‍ കാണുംവരെ 

വിണ്ണിന്റെയനന്തമാം  അങ്കണത്തില്‍ നിന്നും 
കാര്‍മേഘക്കൂട്ടങ്ങള്‍ അദൃശ്യരായി

നിശ്വാസമടക്കി പിടിച്ചു പേമാരിയും 
പൊന്മണി താരത്തില്‍  വരവേല്‍പ്പിനായ്

കണ്ണിമവെട്ടാതെ നോക്കി നിന്നു ഞാനും 
അനന്തമാം ആകാശ സാഗരത്തില്‍

കണ്ടു ഞാന്‍ പുഞ്ചിരി തൂകിയെത്തും 
നക്ഷത്രമേ നിന്നെ എന്‍ ജീവിതത്തില്‍

ആഹ്ലാദമാം നമ്മിലെ നിമിഷങ്ങളല്ലോ
ഈ മര്‍ത്ത്യജീവിതത്തിനുള്‍പ്രേരകം

താരമേ  നിയാം പ്രതീക്ഷയല്ലോ 
നാളെയായ്  മര്‍ത്ത്യനെ നയിച്ചിടുന്നു

കാര്‍മേഘക്കൂട്ടത്തില്‍ നീ ബന്ധിയായെങ്കിലും 
വരുമല്ലോ എനിയ്ക്കായ് നീ രജനിതോറും

രജത താരകം (കവിത- ജ്യോതിലക്ഷ്മി നമ്പ്യാര്‍, തയ്യൂര്‍)
Join WhatsApp News
James Mathew, Chicago 2017-08-05 11:21:19
വെള്ളിനക്ഷത്രമേ നിന്നെ നോക്കി
തുള്ളിത്തുളുമ്പുകയെന്യേ
മാമക ചിത്തത്തിലന്നും
ഇല്ല മാദക വ്യാമോഹമൊന്നും !!

ഇവിടെ അമേരിക്കയിൽ കവിതയുടെ
അന്ധകാരം വീണുകിടക്കുന്ന വഴിയിൽ
നിങ്ങൾ ഒരു താരമായി ഉദിച്ചു. വായിച്ചാൽ മനസ്സിലാകുന്ന കവിതകൾ ഞങ്ങൾ
ഇഷ്ടപ്പെടുന്നു.
വിദ്യാധരൻ 2017-08-06 20:16:31
ഒരമ്മ കവിത വായിച്ചു ഞാൻ 
വിഷാദ മൂകനായിരുന്നിടുമ്പോൾ  

കണ്ടു ഞാൻ ഈ -താളിനുള്ളിൽ 
ഒരു 'രജത താര'കത്തിനെത്തി നോട്ടം

കൂരിരുട്ടിൽ തപ്പി തടഞ്ഞിടുമ്പോൾ 
ഒരു കൊച്ചു താരത്തിൻ ദീപ്തി നാളം ,

'അമ്മ' തൻ കുഞ്ഞിനെ എന്നപോലെ 
വഴികാട്ടി  നമ്മെ നയിച്ചിടുന്നു.

ഒരുതാരം കാണാനായി ഞാനൊരിക്കൽ 
അനന്തമാം ആകാശത്തിലെത്തി നോക്കി  

ഒരായിരം താരങ്ങളെന്നാലെന്നെ നോക്കി 
പുഞ്ചിരി തൂകി ജ്വലിച്ചു നിന്നു

മാഞ്ഞുപോയി 'അമ്മ' കവിതിയൻ  ദുഃഖമപ്പോൾ 
എൻ മനം ആനന്ദ തുന്ദിലമായി 

'രജത താര'ങ്ങളെ ഇടയ്ക്കിടെ   നിങ്ങൾ വന്ന് 
ഞങ്ങടെ ദുഃഖം അകറ്റിടണെ 

കള്ള കവികളും കൂട്ടുകാരും
കാവ്യകാശത്തു കരിതേച്ചിടുമ്പോൾ 

മിന്നി തിളങ്ങണം നിങ്ങൾ നിന്ന് 
കള്ളന്മാർ ഓടി ഒളിച്ചുകൊള്ളും

തീപ്പന്തം കണ്ട പെരുച്ചാഴിയെപ്പോൽ 
നാലുപാടും ഓടും ജീവനേന്തി 

Prg 2017-08-06 22:51:46

കവിതയുടെ  പേരിൽ  എഴുതുന്ന പേകൂത്ത് വായിച്ചു  ഇരുട്ടിൽ  തപ്പുന്ന  സമയത്ത്  പൂനിലാവ്  പകർന്ന് രജത  താരകമായി എത്തിയ  ജ്യോതി  പ്രകാശമേ  നിനക്ക്  അഭിനന്ദനം.    രജത  താരകം   പോലെ  മിന്നി  തിളങ്ങട്ടെ ജ്യോതി  ലക്ഷ്മിയും.

Ninan Mathullah 2017-08-08 06:57:39
Very good poem. Words come flowing by like pieces in a chain. The writer shows the humility to appreciate the little blessings around us that give meaning, purpose and hope in life.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക