Image

പിറവത്തെ രാഷ്‌ട്രീയ സമവാക്യങ്ങള്‍

Published on 05 March, 2012
പിറവത്തെ രാഷ്‌ട്രീയ സമവാക്യങ്ങള്‍
രാജകീയ പദവിയിലാണ്‌ ഇപ്പോള്‍ പിറവത്തെ ജനങ്ങള്‍. സമീപകാല കേരള രാഷ്‌ട്രീയത്തില്‍ ഒരു മണ്‌ഡലത്തിലെയും ജനങ്ങള്‍ക്ക്‌ കിട്ടിയിട്ടില്ലാത്ത പരിഗണന ഇപ്പോള്‍ പിറവംകാര്‍ക്ക്‌ ലഭിക്കുന്നുണ്ട്‌. ഭരിക്കുന്നവനും ഭരണം മോഹിച്ച്‌ നില്‍ക്കുന്നവനും പിറവംകാരെ വാഗ്‌ദാനങ്ങള്‍ കൊണ്ട്‌ നിറയ്‌ക്കുന്നു. പോയാല്‍ ഒന്നും നഷ്‌ടപ്പെടാനില്ലാതെ ഇടതു മുന്നണിയും, കണക്കൊന്ന്‌ പിഴച്ചാല്‍ ഒരു മന്ത്രിസഭ തന്നെ ഭീഷിണിയിലാകുമെന്ന ഭയത്തില്‍ യു.ഡി.എഫും പിറവത്ത്‌ അങ്കത്തിനിറങ്ങുമ്പോള്‍ പ്രവചനാതീതമായ ഒരു തിരഞ്ഞെടുപ്പാണ്‌ പിറവത്തുണ്ടാകുമെന്നത്‌ ഉറപ്പ്‌. അതുകൊണ്ടു തന്നെയാണ്‌ കേരള രാഷ്‌ട്രീയം ഇപ്പോള്‍ പിറവത്ത്‌ ക്യാംപ്‌ ചെയ്യുന്നത്‌.

മുന്നണിയിലെ രാഷ്‌ട്രീയ അസ്വാരസ്യങ്ങള്‍ മറന്ന്‌ ഇടതുപാര്‍ട്ടികള്‍ ഒരുമിച്ച്‌ പിറവത്തെ ബലപരീക്ഷണത്തിന്‌ തയാറായിരിക്കുമ്പോള്‍ യു.ഡി.എഫിനെ സംബന്ധിച്ചിടത്തോളം ഇത്‌ ജീവന്‍മരണ പോരാട്ടമാണ്‌. പിറവത്ത്‌ തോറ്റാല്‍ പിന്നെ ഒരു എം.എല്‍.എയുടെ മാത്രം ബലത്തിലാകും സര്‍ക്കാര്‍ നില്‍ക്കുന്നത്‌. മുന്നണി യു.എഡി.എഫ്‌ ആയതിനാല്‍ പിന്നീടുള്ള കാര്യങ്ങള്‍ ഒന്നും പറയാന്‍ പറ്റില്ല. ഒരു ചെറിയ കാറ്റു വീശിയാല്‍ പോലും താഴെ വീണേക്കാം. യു.എഡി.എഫ്‌ ഭരിക്കുമ്പോള്‍ ഉപതിരഞ്ഞെടുപ്പുകളില്‍ മിക്കപ്പോഴും വിജയം നേടിയത്‌ പ്രതിപക്ഷം തന്നെയായിരുന്നുവെന്നതാണ്‌ ഇവിടെ ഉമ്മന്‍ചാണ്ടിയെയും മറ്റും ഭയപ്പെടുത്തുന്നത്‌. ചരിത്രത്തെ കൂട്ടുപിടിച്ച്‌ ഒരു പ്രവചനം നടത്തിയാല്‍ വിജയം ഇടതന്‍മാര്‍ക്ക്‌ തന്നെ.

പക്ഷെ പിറവത്ത്‌ അങ്ങനെയൊന്നും സംഭവിക്കില്ലെന്ന്‌ കോണ്‍ഗ്രസ്‌ ഉറപ്പിച്ചു പറയുന്നു. ടി.എം ജേക്കബ്ബിന്റെ സ്ഥിരം മണ്‌ഡലമായിരുന്നു പിറവം എന്നത്‌ ശരി തന്നെ. പക്ഷെ കേരളാ കോണ്‍ഗ്രസ്‌ ജേക്കബ്ബ്‌ ഗ്രൂപ്പിനേക്കാള്‍ പിറവത്ത്‌ കൂടുതലുള്ളത്‌ കോണ്‍ഗ്രസ്‌ തന്നെയാണ്‌. മണ്‌ഡലത്തിലെ പ്രാദേശീക കോണ്‍ഗ്രസ്‌ ഘടകവും ടി.എം ജേക്കബ്ബും തമ്മില്‍ എല്ലാകാലത്തും നല്ല ഉടക്കിലുമായിരുന്നുവെന്ന്‌ ഏവര്‍ക്കുമറിയാം. പലപ്പോഴും കോണ്‍ഗ്രസുകാര്‍ ജേക്കബ്ബിന്റെ കാലുവാരിയിട്ടുമുണ്ട്‌. കഴിഞ്ഞ നിമയസഭാ തിരഞ്ഞെടുപ്പിലും വെറും 157 വോട്ടിനാണ്‌ ടി.എം ജേക്കബ്ബ്‌ വിജയിച്ചതെന്നോര്‍ക്കണം. ഈ കണക്ക്‌ വെച്ചു നോക്കുമ്പോള്‍ പൊതുവില്‍ ഇടതിനോടോ, വലതിനോടോ ഉറപ്പിച്ചൊരു രാഷ്‌ട്രീയ ചായ്‌വില്ലാത്ത മണ്‌ഡലമാണ്‌ പിറവമെന്ന്‌ മനസിലാകും. 1987ല്‍ ഇടതുമുന്നണിയുടെ ഗോപികോട്ടമുറിക്കലും 2006ല്‍ എം.ജെ ജേക്കബ്ബും അരിവാള്‍ ചുറ്റിക നക്ഷത്രം ചിഹ്നത്തില്‍ തന്നെ പിറവത്തു നിന്ന്‌ ജയിച്ചിട്ടുണ്ട്‌. ഇതേ എം.ജെ ജേക്കബ്ബാണ്‌ കഴിഞ്ഞ തിരഞ്ഞെടുപ്പിലും ടി.എം ജേക്കബ്ബിന്‌ കടുത്ത മത്സരം നല്‍കിയത്‌.

എം.ജെ ജേക്കബ്ബിന്‌ പിറവം മണ്‌ഡലത്തിലുള്ള ആഴത്തിലുള്ള വ്യക്തി ബന്ധങ്ങളാണ്‌ ഇടതുമുന്നണിയുടെ പ്രതീക്ഷകള്‍ വര്‍ദ്ധിപ്പിക്കുന്നത്‌. പിറവത്ത്‌ സി.പി.എമ്മിന്റെ മുഖമാണ്‌ എം.ജെ ജേക്കബ്ബ്‌. തിരുമാറാടി പഞ്ചായത്ത്‌ പ്രസിഡന്റായി ഗ്രാമതലത്തില്‍ നിന്നു മുതല്‍ തന്നെ പ്രവര്‍ത്തന പരിചയവും അനുഭവ സമ്പത്തമുള്ള വ്യക്തി. ഏറ്റവും പ്രധാനപ്പെട്ടത്‌ യാതൊരു വളരെ ശാന്തമായി എം.ജെ ജേക്കബ്ബ്‌ ഇലക്ഷന്‍ ക്യാംപെയിന്‌ ഇറങ്ങിയിരിക്കുന്നു എന്നാണ്‌. കൂടെ നില്‍ക്കുന്നവരുടെ മുഖത്തുള്ള ആശങ്കകളും തിരക്കുകളും ഒരിക്കലും അദ്ദേഹത്തിന്റെ മുഖത്ത്‌ കാണാറില്ല. ഈ ശാന്തതയെ തന്നെയാണ്‌ ഉമ്മന്‍ചാണ്ടിയും കൂട്ടരും ഭയക്കുന്നതും.

മറുവശത്ത്‌ ടി.എം ജേക്കബ്ബിന്റെ മകന്‍ അനൂപ്‌ ജേക്കബ്ബും ആത്മവിശ്വാസത്തില്‍ തന്നെയാണ്‌. സാമുദായിക സമവാക്യങ്ങള്‍ ഒപ്പം നിന്നാല്‍ അനൂപ്‌ ജേക്കബ്ബ്‌ വിജയിക്കുമെന്നു തന്നെയാണ്‌ യു.ഡി.എഫിന്റെയും വിശ്വാസം. കോണ്‍ഗ്രസ്‌ - കേരളാ കോണ്‍ഗ്രസ്‌ പടലപിണക്കങ്ങള്‍ ഒഴിവാക്കാന്‍ ഉമ്മന്‍ചാണ്ടിയുടെയും, രമേശ്‌ ചെന്നിത്തലയുടെയും നിതാന്ത ജാഗ്രത പിറവത്തുണ്ട്‌. ഏറ്റവും അവസാനം അനൂപ്‌ ജേക്കബ്ബ്‌ മന്ത്രിയാകുമെന്ന ഉറപ്പു നല്‍കിയാണ്‌ പിറവംകാരെ ഉമ്മന്‍ചാണ്ടിയും കൂട്ടരും പ്രലോഭിപ്പിച്ചിരിക്കുന്നത്‌. ഇതിനു പിന്നില്‍ യാക്കോബായ സഭയെ പ്രലോഭിപ്പിക്കുക എന്ന തന്ത്രമാണെന്ന്‌ ഏവര്‍ക്കും അറിയാം.

പിറവത്തെ ഗതി നിര്‍ണ്ണയിക്കാന്‍ പോന്ന ഏക ശക്തി യാക്കോബായ സമുദായമാണെന്നതാണ്‌ യാഥാര്‍ഥ്യം. യാക്കോബായ- ഓര്‍ത്തോഡോക്‌സ്‌ വിഭാഗങ്ങള്‍ തമ്മിലുള്ള അവകാശത്തര്‍ക്കങ്ങളില്‍ യു.ഡി.എഫ്‌ സര്‍ക്കാര്‍ എപ്പോഴും ഓര്‍ത്തോഡോക്‌സ്‌ വിഭാഗത്തിനൊപ്പമാണെന്ന ആരോപണം യാക്കോബായ സമുദായത്തിനുണ്ട്‌. യാക്കോബായ സമുദായം പിണങ്ങിയതുകൊണ്ടു തന്നെയാണ്‌ 2006ല്‍ ടി.എം ജേക്കബ്ബിന്‌ പരാജയപ്പെടേണ്ടി വന്നത്‌. കഴിഞ്ഞ രണ്ടു നിമയസഭാ തിരഞ്ഞെടുപ്പുകളും ഇടതുമുന്നണിയോടെയാണ്‌ യാക്കോബായക്കാര്‍ താത്‌പര്യം കാട്ടിയത്‌. പിറവം ഉപതിരഞ്ഞെടുപ്പ്‌ മുന്നില്‍ കണ്ട സി.പി.എം യാക്കോബായ സമുദായത്തെ പ്രീണിപ്പിക്കാന്‍ ഒരു മുഴം മുമ്പേ കൂട്ടി എറിഞ്ഞിരുന്നുവെന്ന്‌ വ്യക്തം. യാക്കോബായ ബിഷപ്പുമാരെ സി.പി.എം നേതാക്കള്‍ പലകുറി കണ്ട്‌ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്‌. കോണ്‍ഗ്രസ്‌ ദുതനായി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനും സന്ദര്‍ശനങ്ങള്‍ മുറക്കു നടത്തുന്നുണ്ട്‌. എന്നാല്‍ അനൂപ്‌ ജേക്കബ്ബും, എം.ജെ ജേക്കബ്ബും ഒരു പോലെ യാക്കോബായ വിഭാഗക്കാരാണെന്നത്‌ വീണ്ടും ആശയക്കുഴപ്പങ്ങള്‍ക്ക്‌ വഴിവെക്കുന്നുണ്ട്‌. ആര്‍ക്കൊപ്പമാണ്‌ സാമുദായിക സമവാക്യങ്ങള്‍ നില്‍ക്കുക എന്നത്‌ ഇപ്പോഴും ഉറപ്പ്‌ പറയാന്‍ കഴിയില്ല.

പിന്നെ ഉമ്മന്‍ചാണ്ടിയെ ഏറെ കുഴയ്‌ക്കുന്നത്‌ കയിച്ചിട്ട്‌ ഇറക്കാനും മധുരിച്ചിട്ട്‌ തുപ്പാനും വയ്യാത്ത ബാലകൃഷ്‌ണ പിള്ളയാണ്‌. യാക്കോബായ സമുദായം കഴിഞ്ഞാല്‍ പിറവം മണ്‌ഡലത്തില്‍ ഒരു വോട്ട്‌ ബാങ്ക്‌ എന്നു പറയാനുള്ളത്‌ എന്‍.എസ്‌.എസാണ്‌. ക്രിസ്‌ത്യന്‍ മതമേലധ്യക്ഷന്‍മാര്‍ പറഞ്ഞാല്‍ സമുദായ അംഗങ്ങള്‍ ബഹുഭൂരിപക്ഷവും പറഞ്ഞതുപോലെ ചെയ്യുന്ന തരത്തല്‍ ഒരു ഇംപാക്‌ടൊന്നും പെരുന്നയിലിരിക്കുന്ന സുകുമാരന്‍നായര്‍ക്ക്‌ സൃഷ്‌ടിക്കാന്‍ കഴിയില്ലെങ്കിലും അല്ലറ ചില്ലറി തിരിമറിയെ ഭയപ്പെടാതിരിക്കാന്‍ പറ്റില്ലല്ലോ. പിറവത്ത്‌ യുഡിഎഫിനൊപ്പമെന്ന ശരിദൂരം സുകുമാരന്‍ നായര്‍ പ്രഖ്യാപിച്ചതാണ്‌ ഉമ്മന്‍ചാണ്ടിക്ക്‌ ആശ്വാസം നല്‍കുന്നത്‌. പക്ഷെ അത്‌ പ്രാവര്‍ത്തികമാകാന്‍ ഇലക്ഷന്‍ കഴിയുന്നത്‌ വരെ ബാലകൃഷ്‌ണപിള്ള കുഴപ്പങ്ങളൊന്നുമുണ്ടാക്കാതെ കൂടെനില്‍ക്കണം.

ഇതിനൊപ്പം നഴ്‌സിംഗ്‌ മേഖലയിലെ സമരങ്ങളും പിറവം മണ്‌ഡലത്തില്‍ അദൃശ്യമായൊരു ചലനം സൃഷ്‌ടിക്കുമെന്നുറപ്പ്‌. കാരണം നഴ്‌സിംഗ്‌ വിദ്യാര്‍ഥികളും ജോലിക്കാരും ഒരുപാട്‌ ഉള്ള മണ്‌ഡലമാണ്‌ പിറവം. കേരളത്തില്‍ പരക്കെ നടക്കുന്ന നഴ്‌സുമാരുടെ സമരം സര്‍ക്കാരിനെതിരെ ഒരു വികാരം ചിലപ്പോള്‍ ഉയര്‍ത്തിയേക്കാം. സി.പി.എം ആകെട്ട നഴ്‌സുമാരുടെ സമരം ഹൈജാക്ക്‌ ചെയ്യാനുള്ള തീവ്ര ശ്രമത്തിലുമാണ്‌. അപ്പോള്‍ കുറഞ്ഞത്‌ ചെറുപ്പക്കാരുടെ വോട്ടെങ്കിലും ബള്‍ക്കായി മാറിമറിയാന്‍ സാധ്യതയുണ്ട്‌.

ഇങ്ങനെ പലവിധ രാഷ്‌ട്രീയ സാഹചര്യങ്ങളും നിലനില്‍ക്കുമ്പോള്‍ തീവ്രമായൊരു ഇലക്ഷന്‍ ചൂടിലാണ്‌ പിറവം മണ്‌ഡലം നില്‍ക്കുന്നത്‌. സ്ഥാനാര്‍ഥികളുടെ കൂറ്റന്‍ കട്ടൗട്ടുകളും വര്‍ണ്ണപോസ്റ്ററുകളും കൊണ്ട്‌ പിറവം നിറഞ്ഞു കഴിഞ്ഞു. ഒരു വശത്ത്‌ അനൂപ്‌ ജേക്കബ്ബിനായി ഇലക്ഷന്‍ തന്ത്രങ്ങളൊരുക്കാന്‍ സംസ്ഥാന മന്ത്രിമാരുടെ തന്നെ നീണ്ട നിര. മറുവശത്ത്‌ വി.എസും പിണറായിയും ഗ്രൂപ്പ്‌ പോരും, ക്യാപിറ്റല്‍ പണിഷ്‌മെന്റും വരെ മറന്ന്‌ എം.ജെ ജേക്കബിനായി കളത്തിലിറങ്ങിയിരിക്കുന്നു. എന്തായാലും അനൂപ്‌ ജേക്കബ്ബിന്റെ കന്നയങ്കം രാജകീയം തന്നെ. എം.ജെ ജേക്കബ്ബും ഇത്ര സന്നാഹങ്ങളോടെ ഇതുവരെ മത്സരിച്ചിട്ടുണ്ടാവില്ല. വിധിയെഴുത്ത്‌ ആര്‍ക്ക്‌ അനുകൂലമായി വന്നാലും അത്‌ നിലവിലുള്ള സര്‍ക്കാരിന്റെ വിധിയെഴുത്തു കൂടിയാവുമെന്നുറപ്പ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക