Image

കേരള സര്‍ക്കാറിന്റെ പാര്‍പ്പിട പദ്ധതിയെ പ്രവാസികള്‍ തുണക്കണം: മുഖ്യമന്ത്രി

Published on 04 August, 2017
കേരള സര്‍ക്കാറിന്റെ പാര്‍പ്പിട പദ്ധതിയെ പ്രവാസികള്‍ തുണക്കണം: മുഖ്യമന്ത്രി
തിരുവനന്തപുരം: ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍ ഓഫ് അമേരിക്കാസ് (ഫോമ) കേരള കണ്‍വന്‍ഷന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മാസ്‌കറ്റ് ഹോട്ടലില്‍ (ഒഎന്‍വി നഗര്‍) ഉദ്ഘാടനം ചെയ്തു.

കേരളം ഇന്നു കാണുന്ന വികസനത്തിന് ഭൂപരിഷ്‌ക്കരണം കഴിഞ്ഞാല്‍ മലയാളികള്‍ കടപ്പെട്ടിരിക്കുന്നത് പ്രവാസികളോടാണെന്നു മുഖ്യമന്ത്രി പറഞ്ഞു.  വലിയതോതില്‍ സാമ്പത്തിക പരാധീനത ഉണ്ടായ ഘട്ടത്തില്‍ നാടിനെ താങ്ങി നിര്‍ത്തിയത് പ്രവാസികള്‍ നാട്ടിലേക്കയയ്ക്കുന്ന പണമാണ്.

നമ്മുടെ നാടിന് ഒട്ടേറെ പോരായ്മയുണ്ടെങ്കിലും അഭിമാനിക്കാനും ഏറെ കാര്യങ്ങളുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു. പ്രവാസ ജീവിതം നയിക്കാന്‍ മലയാളികള്‍ക്ക് സഹായകരമായതു നമ്മുടെ നാട്ടിലെ സാര്‍വത്രിക വിദ്യാഭ്യാസമാണ്. പാവപ്പെട്ട കുടുംബത്തിലെ കുട്ടികള്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന തരത്തില്‍ പഠിക്കാനുള്ള അവസരം കേരളത്തിലുണ്ട്. ഇതു നമ്മുടെ നാടിന്റെ വലിയ പ്രത്യേകതയാണ്.

കേരളം നേടിയ വികസനത്തെ കേരള മോഡല്‍ എന്നാണു മറ്റുള്ളവര്‍ വിശേഷിപ്പിക്കുന്നത്. സാമ്പത്തിക നേട്ടം കൊണ്ടു മാത്രമല്ലിത്. നമുക്ക് നേടാന്‍ കഴിഞ്ഞ സാമൂഹിക മാറ്റവും കേരള മോഡല്‍ എന്ന വിശേഷണത്തിനു വികസിത രാജ്യങ്ങളെ പ്രേരിപ്പിക്കുന്നു.

പ്രവാസികള്‍ക്ക് അഭിമാനിക്കാവുന്നതാണു നമ്മുടെ നാടിന്റെ ജീവിത നിലവാരം. ന്യായമായ വേതനവും അതു നല്‍കുന്ന ജീവിത ഭദ്രതയും നമുടെ നാട്ടിലുണ്ട്. നാം ഉയര്‍ത്തിപ്പിടിക്കുന്ന സംസ്‌കാരം നമ്മുടെ സാമൂഹ്യ ഘടന പരിശോധിച്ചാല്‍ മനസിലാകും. മതനിരപേക്ഷതയില്‍ ഊന്നിയ പ്രവര്‍ത്തനമാണു നാട്ടില്‍ നടക്കുന്നത്. വിവിധ മതക്കാരുടെ ആരാധനാലയങ്ങള്‍ അടുത്തടുത്താണ്. ഇതൊക്കെ നമ്മുടെ നാടിനു മാത്രം അവകാശപ്പെട്ടതാണ്.

വീടില്ലാത്ത ഒരുപാട് പേര്‍ കേരളത്തിലുണ്ട്. അവര്‍ക്ക് വീട് നല്‍കാനുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ആരംഭിച്ചിരിക്കുകയാണ്. അഞ്ചുലക്ഷത്തോളം പേര്‍ക്ക് വീടില്ല. ഇതില്‍ രണ്ടുലക്ഷംപേര്‍ സ്ഥലവും വീടും ഇല്ലാത്തവരാണ്. വീടുവയ്ക്കാന്‍ ധാരാളം സ്ഥലം ആവശ്യമുള്ളതിനാല്‍ കെട്ടിട സമുച്ചയമാണ് സര്‍ക്കാര്‍ ഉദ്ദ്യേശിക്കുന്നത്. 400 ചതുരശ്രഅടി വിസ്തീര്‍ണമുള്ള കെട്ടിടത്തിന് നാലു ലക്ഷംരൂപ ചെലവാകും. ഇതിനോട് സഹകരിക്കാന്‍ പ്രവാസികള്‍ തയ്യാറാകണമെന്നു മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

സേവനപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഗതാഗത മന്ത്രി തോമസ് ചാണ്ടി നിര്‍വഹിച്ചു.

പ്രോക്‌സി വോട്ട് എന്ന ആശയം ഉരുത്തിരിഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ പ്രോക്‌സി ആരാണോ അവരുടെ ആധാറുമായി ലിങ്ക് ചെയ്താല്‍ പ്രശ്‌നം പരിഹരിക്കാന്‍ കഴിയുമെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍ പറഞ്ഞു.

വിദേശ മലയാളികള്‍ക്ക് വോട്ടെന്നത് വളരെ നാളായുള്ള ആവശ്യമാണെന്ന് ബിജെപി മുന്‍ അധ്യക്ഷന്‍ വി. മുരളീധരന്‍ പറഞ്ഞു. ജനാധിപത്യപ്രക്രിയയില്‍ പക്ഷേ പ്രവാസികള്‍ക്ക് പങ്കില്ല. ഈ ആവശ്യം ആംഗീകരിക്കുന്നതിനു തുടക്കം കുറിച്ചത് ബിജെപി സര്‍ക്കാരാണെന്നും അദ്ദേഹം പറഞ്ഞു.

ഹോമ ബിസിനസ് മാന്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് മഹാലക്ഷ്മി സില്‍ക്‌സ് മാനേജിങ് ഡയറക്ടര്‍ റ്റി.കെ.വിനോദ് കുമാറും, ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ജോണ്‍ ടൈറ്റസും, പ്രത്യക അവാര്‍ഡുകള്‍ ഇന്ദ്രനീല്‍ ഗുപ്തയും ജേക്കബ് തോമസും മുഖ്യമന്ത്രിയില്‍നിന്ന് ഏറ്റുവാങ്ങി.

ജന. സെക്രട്ടറി ജിബു തോമസ് സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ബന്നി വാച്ചാച്ചിറ അധ്യക്ഷനായിരുന്നു. രാജു എബ്രഹാം എംഎല്‍എ, മോന്‍സ് ജോസഫ് എംഎല്‍എ, നോര്‍ക്ക വൈസ് ചെയര്‍മാന്‍ കെ വരദരാജന്‍, കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്.ബാബു, ജനറല്‍ കണ്‍വീനര്‍ വര്‍ഗീസ് മാമന്‍, ഷിബു മണല തുടങ്ങിയവര്‍ സംസാരിച്ചു. 
കേരള സര്‍ക്കാറിന്റെ പാര്‍പ്പിട പദ്ധതിയെ പ്രവാസികള്‍ തുണക്കണം: മുഖ്യമന്ത്രി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക