Image

മരിച്ചിട്ട് അന്ന് ആറാം നാള്‍ ; സകലരെയും സാക്ഷിയാക്കി മുത്തശി 'ഉയിര്‍ത്തെഴുന്നേറ്റു'

Published on 04 March, 2012
മരിച്ചിട്ട് അന്ന് ആറാം നാള്‍ ; സകലരെയും സാക്ഷിയാക്കി മുത്തശി 'ഉയിര്‍ത്തെഴുന്നേറ്റു'
ബെയ്ജിങ്: ചൈനയിലെ ലി സിയുഫെങ് എന്ന വൃദ്ധ മരിച്ചതായി കണ്ടെത്തിയിട്ട് അന്ന് ആറാം ദിനമായിരുന്നു. പെട്ടിയില്‍ വച്ചിരുന്ന മൃതദേഹത്തില്‍ ചൈനീസ് ആചാരമനുസരിച്ച് ബന്ധുക്കളും സുഹൃത്തുക്കളും അയല്‍ക്കാരും ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു. പിറ്റേന്നായിരുന്നു സംസ്‌കാരം. എല്ലാവരും പുറത്ത് വര്‍ത്തമാനം പറഞ്ഞും സംസ്‌കാരം ചടങ്ങുകള്‍ക്കുള്ള ഒരുക്കങ്ങള്‍ നടത്തിയും നില്‍ക്കവെ സിയുഫെങ്ങിനെ ശവപ്പെട്ടിയില്‍നിന്ന് കാണാതായി. അമ്പരന്നുപോയ ബന്ധുക്കള്‍ മൃതദേഹം അന്വേഷിക്കുമ്പോള്‍ അതാ അടുക്കളയില്‍ ഭക്ഷണം പാകം ചെയ്യുന്നു അവര്‍, യാതൊന്നുമറിയാതെ!

ഇതൊരു കഥയല്ല. കെട്ടുകഥയുമല്ല. യഥാര്‍ത്ഥ സംഭവം. സാക്ഷികള്‍ ഒന്നും രണ്ടുമല്ല, ഒരു ഗ്രാമത്തിലെ മുഴുവന്‍ പേരുമുണ്ട്.
ഗുവാന്‍ക്‌സി പ്രവിശ്യയിലെ ബെയിലുവിലണ് സംഭവം. 95 കാരിയായ സിയുഫെങ് ഒറ്റയ്ക്കായിരുന്നു താമസം. രണ്ടാഴ്ചയായി മുത്തശ്ശിയെ പുറത്തുകാണാതിരുന്ന ഒരു അയല്‍ക്കാരനാണ് അവരെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ചലനമറ്റ്, ശ്വസിക്കാതെ നിലത്തു മറിഞ്ഞുകിടക്കുകയായിരുന്നു അവര്‍. തലയില്‍ മുറിവേറ്റുമിരുന്നു. അയല്‍ക്കാരന്‍ അവരുടെ മകനെയും ബന്ധുക്കളെയും ഗ്രാമവാസികളെയും വിളിച്ചുകൂട്ടി സിയുഫെങ്ങിന്റെ മരണം സ്ഥിരീകരിച്ചു. ഉടനെ ചൈനീസ് പാരമ്പര്യമനുസരിച്ച് മൃതദേഹം ഒരു ശവപ്പെട്ടിയില്‍ കിടത്തി പൊതുദര്‍ശനത്തിനുവച്ചു. വിദൂര ഗ്രാമമായതിനാല്‍ എല്ലാവര്‍ക്കുമെത്തി ആദരാഞ്ജലികള്‍ അര്‍പ്പിക്കാനായി ഏഴാംദിനത്തിലേക്ക് സംസ്‌കാരം നിശ്ചയിച്ചു. ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം വന്നുംപോയുമിരുന്നു. സംസ്‌കാരത്തലേന്ന് മുറിയില്‍ കയറിയ ഒരാള്‍ മുത്തശിയുടെ ശവപ്പെട്ടി ഒഴിഞ്ഞുകിടക്കുന്നതുകണ്ടു. ഉടനെ ബന്ധുക്കള്‍ മൃതദേഹത്തിനായി നാലുപാടും പാഞ്ഞു. പക്ഷെ അവര്‍ക്ക് അധികനേരം തെരയേണ്ടിവന്നില്ല. തൊട്ടപ്പുറത്ത്് അതാ എന്തോ വേവിച്ചുനില്‍ക്കുന്നു സിയുഫെങ്.
അമ്പരന്നുനിന്ന എല്ലാവരോടുമായി മുത്തശി പറഞ്ഞു: ' ഉറക്കം അല്‍പം നീണ്ടുപോയി. അതിനാല്‍ സഹിക്കാന്‍ പറ്റാത്ത വിശപ്പ്. എന്തെങ്കിലും വേവിക്കാന്‍ നോക്കുകയാണ് ഞാന്‍.'
ഉയിര്‍ത്തെഴുന്നേറ്റ വൃദ്ധയെ കാണാന്‍ ഇപ്പോള്‍ വന്‍ തിരക്കാണ് ഗ്രാമത്തില്‍.
സിയുഫെങ്ങിന് സംഭവിച്ചത് കൃത്രിമ മരണമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഈ സാഹചര്യത്തില്‍ 'മരിച്ച''യാള്‍ക്ക് ശ്വാസോച്ഛ്വാസമുണ്ടാകാറില്ല. എന്നാല്‍ ശരീരത്തില്‍ ചൂടുണ്ടാകുകയും ചെയ്യും.
മരിച്ച് കുറച്ചുദിവസം മൃതദേഹം കാത്തുസൂക്ഷിക്കണമെന്ന ആചാരത്തിന് നന്ദിപറയണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. അതുകൊണ്ടാണല്ലോ അവരെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞത്. എന്നാല്‍ മറ്റൊരു ആചാരം അവരെ ദരിദ്രയുമാക്കി. ചൈനീസ് ആചാരമനുസരിച്ച് മരിച്ച വ്യക്തിയുടെ എല്ലാ വസ്തുവകകളും അപ്പോള്‍ത്തന്നെ കത്തിച്ചുകളയണമത്രെ. നാട്ടുകാര്‍ അത് അനുസരിക്കുകയും ചെയ്തു. എല്ലാം പോയാലും മരിച്ച മുത്തശി തിരിച്ചുവന്നുവല്ലോ എന്നാണ് അവരുടെ ആശ്വാസം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക