Image

എന്റെ നീലാകാശം(കവിത: ജയന്‍ വര്‍ഗീസ്)

ജയന്‍ വര്‍ഗീസ് Published on 31 July, 2017
എന്റെ നീലാകാശം(കവിത: ജയന്‍ വര്‍ഗീസ്)
ചിരപുരാതനമായ
ഏതൊരു  കാന്‍വാസിനോടാണ്
ഞാന്‍
ആകാശത്തെ ഉപമിക്കേണ്ടത്?

സൂപ്പര്‍ജറ്റുകള്‍
ഉഴുതു മറിക്കുന്‌പോള്‍,
അതിന്റെ മാറില്‍ നിന്ന്
വെളുത്ത ചോരയൊലിക്കുന്നത്
ഞാന്‍ കാണുന്നു!

ഹുങ്കാരവത്തോടെ
കുതിച്ചുയരുന്ന
ഭൂഖണ്ഡാന്തര
മിസ്സൈലുകളില്‍ നിന്ന്,
കറുകറുത്ത പുകത്തൂണില്‍ വിടരുന്ന
മഷ്‌റൂണ്‍ തലപ്പുകളെയോര്‍ത്തു
ഞാന്‍ നടുങ്ങുന്നു!

മുലപ്പാല്‍ മണക്കുന്ന
അതിശുഭ്രതയില്‍ നിന്ന്
മസൂരിയുടെയും, പ്‌ളേഗിന്റെയും,
ആന്ത്രാക്‌സിന്റെയും, എയിഡ്‌സിന്റെയും
ജൈവാണുക്കള്‍
പറന്നിറങ്ങുന്നതു കണ്ട്
ഞാന്‍ കരയുന്നു!

ചിരപുരാതനമായ
നറും വിശുദ്ധിയോടെ
എന്നാണിനി
എന്റെ നീലാകാശം
എനിക്ക് സ്വന്തമാവുക?

എന്റെ നീലാകാശം(കവിത: ജയന്‍ വര്‍ഗീസ്)
Join WhatsApp News
വിദ്യാധരൻ 2017-07-31 11:33:25
"അനന്തം അജ്ഞാതം അവർണ്ണനീയം
ഈ ലോകഗോളം തിരിയുന്ന മാർഗ്ഗം
അതിങ്കലെങ്ങാണ്ടൊരിടത്തിരുന്നു
നോക്കുന്ന മർത്ത്യൻ കഥയെന്തുകാണ്മൂ?"

പുത്തൻചിറ 2017-07-31 12:31:25
വിദ്യാധരൻ: അവസാനത്തെ വാക്ക് കഥയെന്തു കാണ്മൂ എന്നതു തെറ്റല്ലേ, കഥയെന്തു കണ്ടൂ എന്നതല്ലേ ശരി? ഒന്ന് നോക്കി പറയാമോ?

കണ്ണുനീര്‍തുള്ളി - Nalappaattu Narayana Menon

അനന്തമജ്ഞാതമവർണ്ണനീയം 

ഈ ലോകഗോളം തിരിയുന്ന മാർഗം
അതിങ്കലെങ്ങാണ്ടൊരിടത്തിരുന്നു 
നോക്കുന്ന മർത്യൻ കഥയെന്തു കണ്ടു
വിദ്യാധരൻ 2017-07-31 16:52:56
ശ്രീ പുത്തൻചിറ പറഞ്ഞതാണ് ശരി 

'നോക്കുന്ന മർത്യൻ കഥയെന്തു കണ്ടു' എന്നാണ് ശരി. . 

 അനന്തമായ ഈ ആകാശ മണ്ഡലത്തെ മലീമസമാക്കാൻ മനുഷ്യൻ കാട്ടികൂട്ടുന്ന പരാക്രമങ്ങൾ  കടലിലെ ഒരു മഴത്തുള്ളിപോലെയാണ്. എന്നാൽ അതിന്റ സൗന്ദര്യം അവാച്യമാണ്. ആ സൗന്ദര്യത്തിന് കളങ്കമേൽക്കുമ്പോൾ ഏതൊരു കവിഹൃദയത്തിനും വിങ്ങൽ ഉണ്ടാകുന്നു. ശ്രീ ജയന്റെ ഹൃദയം  നൊമ്പരപ്പെട്ടതിൽ അതുഭുതപ്പെടാനില്ല . ആ നൊമ്പരത്തെ മറക്കുവാൻ അനന്താകാശത്തിലെ കറുത്തപുള്ളികളെ അവഗണിച്ച് ആ  സൗന്ദര്യ കടലിൽ മുങ്ങി മുത്തുകളെ വാരുമ്പോൾ വേദനകൾക്ക് അത് ഔഷതമായി മാറുന്നു  .  വീ.സി  ബാലകൃഷ്ണപ്പണിക്കർ ആ വിശ്വരൂപത്തിന്റെ സൗന്ദര്യത്തെ  ചില   ചിത്രകാരനെപ്പോലെ  ക്യാൻവാസിലേക്ക് പകർത്തുന്നത് നോക്കു 

ചിത്രാംശുവന്നു പുകളേറിയ ചിത്രകാരൻ 
മുമ്പേ കുറിച്ച ഘനചിത്ര പടത്തെയെല്ലാം
ആകാശ ഭിത്തിയിലെടുത്തു  നിവർത്തി നേരെ 
ചായം കൊടുത്ത് മിഴിവേകി മിനുക്കിടുന്നോ!

മായാമയപ്രകൃതി വീട്ടിനു തട്ടുപോലെ 
കാണുന്ന കഞ്ജളനിറം കലരും നഭസ്സിൽ 
വർണ്ണപ്രകാശനിധി വല്ഗുകരങ്ങളാലെ 
വാർണ്ണീഷിടുന്നതിനിനൻ  തുടരുന്നുവെന്നോ 

ആകാശ, മംബുധി, വനക്കുടിലെന്നിവറ്റി-
ലൊന്നിച്ചു വഹ്നി പിടിപെട്ടു വളർന്നുവെന്നോ,
മിന്നും കതിർകനകപിഞ്ചികയിട്ടിളക്കി-
ക്കാണിക്കയോ കതിരവൻ പരമിന്ദ്രജാലം!

അങ്ങോട്ട് നോക്കുക, ചുവപ്പു, വെളുപ്പു, പച്ച-
യെന്നീനിറങ്ങളിടതിങ്ങിയൊരംബരാന്തം
ചെന്താരുമാമ്പലുമൊരേ സമയം വിരിഞ്ഞു-
പൊന്തുന്ന പൊയ്കയുടെ ചന്തമിയന്നിടുന്നോ !   
   

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക