Image

മലയാള സിനിമയുടെ വളര്‍ച്ചയും തളര്‍ച്ചയും ജീര്‍ണ്ണതയും (പൊന്നോലി)

Published on 30 July, 2017
മലയാള സിനിമയുടെ വളര്‍ച്ചയും തളര്‍ച്ചയും ജീര്‍ണ്ണതയും (പൊന്നോലി)
മലയാള സിനിമ കേരളത്തിന്റെ സാമൂഹ്യ സാംസ്കാരിക നവോത്ഥാനത്തിനു വേണ്ടി 1960 കള്‍ക്ക് ശേഷം നാലു പതിറ്റാണ്ടുകളോളം വിപ്ലവകരമായ ഒരു പങ്കു വഹിച്ചിട്ടുണ്ട്. അന്ന് സിനിമയെ താങ്ങി നിര്‍ത്തിയിരുന്നത് സാഹിത്യകാരന്മാരും, സാഹിത്യകൃതികളും, നാടകത്തില്‍ നിന്നും സിനിമയിലേക്ക് വന്ന കലാകാരന്മാരും കലാകാരികളുമായിരുന്നു. ഇന്ന് സിനിമ ഒരു കച്ചവടമായി മാറിയിരിക്കുന്ന സാഹചര്യത്തില്‍ മലയാള സിനിമ വളര്‍ച്ചയിലേയ്ക്കോ തളര്‍ച്ചയിലേയ്ക്കോ എന്ന ചോദ്യം ഉദിക്കുന്നു. താര രാജാക്കന്മാരുടെയും അധോലോകത്തിന്റെയും പിടിയില്‍ അമര്‍ന്ന മലയാള സിനിമാലോകത്തിന്റെ ഇന്നത്തെ അവസ്ഥ അവലോകനം ചെയ്യുവാനുള്ള ഒരു ശ്രമമാണ് ഈ ലേഖനം.

തിരിഞ്ഞു നോക്കുമ്പോള്‍

1930 ലാണ് ജെ. സി. ഡാനിയേല്‍ "വിഗത കുമാരന്‍' എന്ന ശബ്ദ രഹിത സിനിമ മലയാളത്തില്‍ റിലീസ് ചെയ്തത്. അതിനു ശേഷം 1933 ല്‍ സി.വി. രാമന്പിള്ളയുടെ നോവലിനെ ആസ്പദമാക്കി "മാര്‍ത്താണ്ഡ വര്‍മ്മ' എന്ന സിനിമ റിലീസ് ചെയ്യപ്പെട്ടു. 1938 ല്‍ ഇറങ്ങിയ "ബാലന്‍' എന്ന സിനിമ ആയിരുന്നു മലയാളത്തിലെ ആദ്യത്തെ ശബ്ദമയ സിനിമ. 1947 ല്‍ ആര്ടിസ്‌റ് പി.ജെ. ചെറിയാന്‍ ആണ് "നിര്‍മ്മല' എന്ന സിനിമയിലൂടെ മലയാള സിനിമയെ തമിഴ് പ്രൊഡ്യൂസര്‍മാരുടെ കുത്തകയില്‍ നിന്നും രക്ഷിച്ചത്.

1960, 70, 80, 90 കളില്‍ കലാ മൂല്യമുള്ള പല സിനിമകളും പുറത്തിറങ്ങിയതി ന്റെ പിന്നില്‍ പ്രശസ്ത സാഹിത്യകാരന്മാര്‍ക്കു പങ്കുണ്ടായിരുന്നു. തോപ്പില്‍ ഭാസി, തകഴി, കേശവദേവ്, പൊന്‍കുന്നം വര്‍ക്കി, മുട്ടത്തു വര്‍ക്കി, എം. ടി. വാസുദേവന്‍ നായര്‍, എന്‍.പി. മുഹമ്മദ്, ഓ.എന്‍. വി. കുറുപ്പ്, വയലാര്‍, പി ഭാസ്കരന്‍, ശ്രീകുമാരന്‍ തമ്പി എന്നിവരുടെ പേര് എടുത്തു പറയേണ്ടത് തന്നെ. 1954 ല്‍ ഇറങ്ങിയ "നീലക്കുയില്‍' എന്ന ചിത്രത്തിന് തിരക്കഥ എഴുതിയത് ഉറൂബ് എന്ന പി.സി. കുട്ടികൃഷ്ണന്‍ ആയിരുന്നു. മലയാള സിനിമകില്‍ എക്കാലത്തെയും നല്ല ചിത്രങ്ങളില്‍ ഒന്നായിരുന്നു 1955 ല്‍ ഇറങ്ങിയ പി. രാംദാസിന്റെ ന്യൂസ്പേപ്പര്‍ ബോയ്. പക്ഷേ ആ സിനിമ ഒരു ബോക്‌സ് ഓഫീസ് പരാജയമായിരുന്നു.

1960 കളില്‍ ഇറങ്ങിയ എടുത്തു പറയേണ്ട സിനിമകള്‍ ആണ്: ഓടയില്‍ നിന്ന്, ഭാര്‍ഗവി നിലയം (1964), ചെമ്മീന്‍ (1965), മുറപ്പെണ്ണ് (1965), ഇരുട്ടിന്റെ ആത്മാവ് (1966).

1970 കളില്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ സ്വയംവരം (1972) അന്തര്‍ദേശീയ ബഹുമതി മലയാള സിനിമയ്ക്കു നേടി കൊടുത്തു. ഈ കാലഘട്ടത്തില്‍ എടുത്തു പറയേണ്ട സിനിമകള്‍ ആണ് എം.ടി. വാസുദേവന്‍ നായരുടെ നിര്‍മാല്യം (1973). ജി. അരവിന്ദന്റെ "ഉത്തരായനം' (1974). തമ്പു് (1979 ), ചിദംബരം.

ഫാസില്‍ സംവിധാനം ചെയ്ത "മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍' (1981), അടൂര്‍ ഗോപാലകൃഷ്ണന്റെ "എലിപ്പത്തായം' ((1981), കെ. ജി. ജോര്‍ജിന്റെ "യവനിക', എം. ടി. വാസുദേവന്‍ നായരും ഹരിഹരനും ചേര്‍ന്ന് നിര്‍മിച്ച "പഞ്ചാഗ്‌നി, "നഖക്ഷതങ്ങള്‍, "ആരണ്യകം', "ഒരു വടക്കന്‍ വീരഗാഥ', ജോണ്‍ അബ്രഹാമിന്റെ ''അമ്മ അറിയാന്‍', ഇവ 1980 കളിലെ എടുത്തു പറയേണ്ട സിനിമകള്‍ ആണ്.
1990 കളില്‍ തിളങ്ങി നിന്ന സിനിമകളില്‍ ചിലതാണ് അടൂര്‍ ഗോപാലകൃഷ്ണന്റെ "മതിലുകള്‍' (1990), പി. ജി. വിശ്വംഭരന്റെ "കാട്ടു കുതിര' (1990), ഭരതന്റെ "അമരം' (1991), കമലിന്റെ ഉള്ളടക്കം (1992), പ്രിയദര്‍ശന്റെ "കിലുക്കം ' (1991), സിബി മലയിലിന്റെ "കമലദളം ' (1992), അടൂര്‍ ഗോപാലകൃഷ്ണന്റെ "വിധേയന്‍' (1993), ഐ. വി. ശശിയുടെ "ദേവാസുരം' (1993), ഫാസിലിന്റെ "മണിച്ചിത്രത്താഴ്' (1993), ടി.വി. ചന്ദ്രന്റെ "പൊന്തന്‍ മാട ' (1993), ഭദ്രന്റെ "സ്പടികം' (1995), കളിയാട്ടം (1997) എന്നിവ. രാജീവ് അഞ്ചലിന്റെ ' ഗുരു' (1997) ഓസ്കാര്‍ നോമിനേഷന്‍ നേടുകയുണ്ടായി.

2000 നു ശേഷം മലയാള സിനിമയുടെ അധഃപതനം തുടങ്ങി എന്ന് വേണം കരുതാന്‍. കലാമൂല്യമുള്ള ഒരു സിനിമയും ഇന്ന് ഇറങ്ങുന്നില്ല. സിനിമ വെറും വിനോദത്തിനു വേണ്ടിയാണ് എന്നാണ് ന്യൂ ജനറേഷന്‍ സിനിമകള്‍ തരുന്ന സന്ദേശം. ഉസ്താദ് ഹോട്ടല്‍, പത്തേമാരി, ബാംഗ്ലൂര്‍ ഡേയ്‌സ്, ആദാമിന്റെ മകന്‍ അബു എന്നിവ അപവാദമായി വേറിട്ടു നില്‍ക്കുന്നു എന്നു പറയാം.
(ഇവിടെ എടുത്തു പറഞ്ഞിരിക്കുന്ന സിനിമകളുടെ ലിസ്റ്റ് പൂര്‍ണമല്ല. വിവരങ്ങള്‍ക്ക് കടപ്പാട്: വിക്കിപീഡിയ)

ജനകീയ സിനിമ

നൂറും, ഇരുനൂറും, ആയിരം കോടി രൂപ വരെ ഒരു സിനിമയുടെ നിര്മാണത്തിനുവേണ്ടി ഇന്ന് ചിലവഴിക്കുമ്പോള്‍ സിനിമാലോകം കള്ളപ്പണത്തിന്റെയും, അധോലോകത്തിന്റെയും പിടിയില്‍ അമരാതെ നിവൃത്തിയില്ല.

കലാമൂല്യമുള്ള സിനിമാ ചെലവ് കുറഞ്ഞു നിര്മ്മിക്കുവാനും സംവിധാനം ചെയ്യുവാനും മലയാള സിനിമയില്‍ ഇതിനു മുന്‍പ് ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. ജോണ്‍ എബ്രഹാം, അടൂര്‍ ഗോപാലകൃഷ്ണന്‍, കെ.ജി. ജോര്‍ജ്, പദ്മരാജന്‍, ഭരതന്‍, അരവിന്ദന്‍ എന്നിവര്‍ ഈ രംഗത്ത് പ്രവര്‍ത്തിച്ചത് മലയാളികള്‍ക്ക് മറക്കാന്‍ സാധിക്കുകയില്ല.

ജോണ്‍ എബ്രഹാം നേതൃത്വം കൊടുത്തു കലാമൂല്യമുള്ള ജനകീയ സിനിമാ നിര്‍മ്മിക്കുവാനുള്ള ഒരു ശ്രമം ആയിരുന്നു 1984 ല്‍ രൂപം കൊണ്ട "ഒഡേസ കംബൈന്‍സ്'. അവരുടെ ആദ്യത്തെ സിനിമയായിരുന്നു ജോണ്‍ എബ്രഹാം സംവിധാനം ചെയ്ത ''അമ്മ അറിയാന്‍' (1986). 87 ല്‍ ജോണ്‍ എബ്രഹാം എന്ന പ്രതിഭ അകാല ചരമം അടഞ്ഞതോടെ, ഒഡേസ സത്യനും മറ്റും ആ ശ്രമം തുടര്‍ന്നെങ്കിലും മുഖ്യധാര കൊമേര്‍ഷ്യല്‍ സിനിമ ആ ശ്രമങ്ങള്‍ക്ക് തടസ്സം നിന്നു.

സിനിമാ വ്യവസായം

2016 ല്‍ 675 കോടി രൂപ ബോക്‌സ് ഓഫീസില്‍ വരുമാനം ഉണ്ടാക്കി 134 സിനിമകള്‍ കേരളത്തില്‍ റിലീസ് ചെയ്യപ്പെട്ടു എന്ന് ഔദ്യോഗിക കണക്ക് പറയുന്നു. ഈ സിനിമകളില്‍ എത്ര എണ്ണം കലാ മൂല്യം ഉള്ളതായിരുന്നു? ഇന്ന് ഇറങ്ങുന്ന സിനിമകളില്‍ മിക്കതിലും സെക്‌സ്, വെട്ട്, കുത്തു, കൊല, റോക്ക് ഡാന്‍സ് ഒരു ഫോര്‍മുല എന്നവണ്ണം അവതരിപ്പിച്ചു സിനിമയെ ഒരു കച്ചവടച്ചരക്കാക്കി മാറ്റുന്നു. ഇന്ന് സിനിമാ പാട്ടുകള്‍ പോലും അരോചകമാണ്. താര രാജാക്കന്മാര്‍ അമിതമായ പ്രതിഫലം ഈടാക്കി സിനിമ ഒരു വന്‍ വ്യവസായമാക്കി മാറ്റുമ്പോള്‍ സിനിമയില്‍ ജീര്‍ണത അനിര്‍വാര്യമായി തീരുന്നു.

സിനിമാ അധോലോകം

സിനിമ ഒരു കലയല്ല വെറും തൊഴിലാണ്, വ്യവസായമാണ്, നടന്മാര്‍ സൂപ്പര്‍ സ്റ്റാറുകള്‍ ആണ്, അവര്‍ക്കു ചുറ്റും അധോലോക ഉപഗ്രഹങ്ങള്‍ ഉണ്ട് എന്ന് കൊട്ടി ഘോഷിക്കുകയാണ് ഇന്ന് സിനിമാ ലോകം. അവരുടെ ശക്തിപ്രവാഹം രാഷ്ട്രീയത്തിലേക്കും പടര്‍ന്നിരിക്കുന്നു.

ഈ അടുത്ത കാലത്തു ഒരു ജനപ്രിയ നായകന്‍ ഒരു നടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ അധോലോകത്തിനു കരാര്‍ കൊടുത്തു പീഡിപ്പിച്ചു, അതിന്റെ വീഡിയോ കൈക്കലാക്കിയ സംഭവത്തില്‍ അറസ്റ്റ് ചെയ്യപ്പെടുകയുണ്ടായി.

ഭൂ മാഫിയ, ഗുണ്ടായിസം, ലൈംഗിക അതിക്രമങ്ങള്‍, അശ്‌ളീല ചിത്രങ്ങളുടെ നിര്‍മാണം, മയക്കു മരുന്ന്, ചതി, വഞ്ചന, കള്ളപ്പണം, സ്ത്രീ കടത്തു, മനുഷ്യക്കടത്തു, ബ്ലാക്മെയ്ല്‍, അടി, വെട്ട് , കൊല എന്നിങ്ങനെ സംഘടിത കുറ്റകൃത്യങ്ങള്‍ക്കും, അക്രമങ്ങള്‍ക്കും അടിമപ്പെട്ടു സിനിമാലോകം ഇന്ന് അധപ്പതിക്കുന്നതു ആശങ്ക ജനിപ്പിക്കുന്നതാണ്.

മലയാള സിനിമയുടെ ജീര്ണതയും മാഫിയ ബന്ധവും പ്രവര്‍ത്തനങ്ങളും ചൂണ്ടിക്കാണിച്ച തിലകന്‍ എന്ന അതുല്യ നടനെ സിനിമയില്‍ അഭിനയിക്കുന്നതില്‍ നിന്നും വിലക്കിയ സിനിമ സംഘടനകള്‍ ഇന്ന് സിനിമാലോകം ഭരിക്കുന്നത് സിനിമയുടെ തളര്‍ച്ചയെ ചൂണ്ടിക്കാണിക്കുന്നു. പാര്‍വതി എന്ന യുവ നടി സിനിമയിലെ ലൈംഗിക ചൂഷണം ഈ അടുത്ത കാലത്തു ചൂണ്ടിക്കാണിക്കുകയുണ്ടായി. ജഗതി ശ്രീകുമാറും സിനിമയിലെ കലയുടെ അഭാവവും, അവാര്‍ഡുകളുടെ മാനദണ്ഡങ്ങളെക്കുറിച്ചും അഴിമതിയെക്കുറിച്ചും അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. നടന്‍ മുരളിയും ഇത് തന്നെ സൂചിപ്പിച്ചുണ്ട്. വുമണ്‍ ഇന്‍ സിനിമ കളക്ടീവ് (ണഇഇ) എന്ന സംഘടനാ ഈ അടുത്ത കാലത്തു ഉടലെടുക്കുവാന്‍ ഉണ്ടായ സാഹചര്യം തന്നെ സിനിമയിലെ സ്ത്രീകള്‍ അനുഭവിക്കുന്ന വിവേചനവും ചൂഷണവുമാണ് സൂചിപ്പിക്കുന്നത്.

താര രാജാക്കന്മാരുടെയും, അധോലോകത്തിന്റെയും, കുടില കച്ചവടക്കാരുടെയും പിടിയില്‍ നിന്നും മലയാള സിനിമയെ മോചിപ്പിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

ഇനി എന്ത്?

സാമ്പത്തികമായി സിനിമ നിര്‍മ്മാണം വിജയിക്കേണ്ടതുണ്ട്. അതിന് ഗവണ്മെന്റ് സഹായം കൂടിയേ തീരു. ഫിലിം വികസന സാമ്പത്തിക കോര്പറേഷനുകളുടെ മേല്‍നോട്ടം പ്രൊഫഷണലുകള്‍ വഹിക്കേണ്ടതായിട്ടുണ്ട്. സിനിമാ ഒരു വ്യവസായം എന്ന് അംഗീകരിച്ചുകൊണ്ട് തന്നെ, സിനിമ കമ്പനികള്‍ കമ്പനി നിയമം പ്രകാരം രജിസ്റ്റര്‍ ചെയ്ത കമ്പനികള്‍ ആയിരിക്കണം. അവയുടെ മൂലധനം പൊതുജന നിക്ഷേപകര്‍ക്ക് തുറന്നു കൊടുക്കണം. ഫിലിം ഇന്‌സ്ടിട്യൂറ്റ്കളുടെ പ്രവര്‍ത്തനവും കാര്യക്ഷമതയും ഉറപ്പു വരുത്താനുള്ള മാര്ഗങ്ങള് സ്വീകരിക്കേണ്ടതായിട്ടുണ്ട്. സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്ന കലാകാരന്മാരുടെയും കലാകാരികളുടെയും സാങ്കേതിക വിദഗ്ധരുടെയും ക്ഷേമം ഉറപ്പുവരുത്താന്‍ രജിസ്റ്റര്‍ ചെയ്ത അംഗീകൃത സ്ഥാപനങ്ങള്‍ ഇപ്പോള്‍ നിലവിലുള്ള സംഘടനകളുടെ സ്ഥാനത്തു നിലവില്‍ വരേണ്ടിയിരിക്കുന്നു. മലയാള സിനിമയെ രക്ഷിക്കാന്‍ യുവ തലമുറ മുന്നോട്ടു വരേണ്ടിയിരിക്കുന്നു.

-പൊന്നോലി
Join WhatsApp News
Tom abraham 2017-07-30 13:22:14

Any review of Malayalam movies cannot forget actors like Thikkurissi , Satyan,  Madhu, 

Mammootty, or Mohanlal. Also, the three dance sisters. At 72, I still appreciate my friend Narendra Prasad, writer-critic-professor, who made it to movie. Kottarakara A great villain ! Not to omit Adoor Bhasi , SP or Bahadoor or P.J Anthony.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക