Image

ചതികൊണ്ടു പൊട്ടിത്തകര്‍ന്ന കിനാവുകള്‍ (വാല്‍ക്കണ്ണാടി: കോരസണ്‍)

Published on 25 July, 2017
ചതികൊണ്ടു പൊട്ടിത്തകര്‍ന്ന കിനാവുകള്‍ (വാല്‍ക്കണ്ണാടി: കോരസണ്‍)
മലയാള സിനിമയിലെ ഒരു ചതിയന്‍ ചന്തുവിനെപ്പറ്റി മത്സരിച്ചു കഥകള്‍ മെനയുമ്പോള്‍, നമ്മുടെ ജീവിതത്തിലൂടെ കടന്നു പോയ കടുത്ത ചതിയന്മാരുടെ നടുക്കുന്ന കഥകള്‍ ആര്‍ക്കും അങ്ങനെ എളുപ്പം മറക്കാനാവില്ല. കാരണം, അവര്‍ മറ്റു രൂപങ്ങളിലായി നമുക്കു ചുറ്റും ഇപ്പോഴും അവസരം പാര്‍ത്തു നില്‍പ്പുണ്ട്. സുഹൃത് സംഭാഷണത്തില്‍ ഒരു സ്‌നേഹിതന് നേരിട്ട അനുഭവം പങ്കുവയ്ക്കുകയായിരുന്നു;

ജോര്‍ജിനെപ്പോലുള്ള സുഹൃത്തുക്കളാണ് എന്‍റെ അനുഗ്രഹം എന്ന് തോന്നിയിരുന്നു. അമേരിക്കയില്‍ വന്നു ചാടി, വിസ ഒന്നും ഇല്ലാതെ ഒളിച്ചു താമസിച്ച അയാളെ മാസങ്ങളോളം കൂടെതാമസിപ്പിച്ചു ഒരു ബിസിനസ് തുടങ്ങാനുള്ള പണവും സംഘടിപ്പിച്ചു വിസയുടെ കാര്യങ്ങളും ചെയ്തു സഹായിച്ചു. അയാളെ സഹായിക്കാന്‍ കടം വാങ്ങി പണമിറക്കിയ ബിസിനസ് പൊളിഞ്ഞു , ഉള്ള പണമെല്ലാം നഷ്ട്ടപ്പെട്ടു. തന്റെ സാമ്പത്തീക പ്രയാസം മനസ്സിലാക്കി ജോര്‍ജ്ജ് വേറെ എവിടേക്കോ പോയി. കുറെ കാലത്തിനു ശേഷമാണു അറിയാന്‍ കഴിഞ്ഞത്, ആ ബിസിനസ് നീക്കം പൊളിച്ചത് ജോര്‍ജ്ജ് തന്നെ അറിഞ്ഞോണ്ടായിരുന്നു എന്നും , കൂടെ കൊണ്ടുനടന്ന സമയത്തുതന്നെ മറ്റൊരു പേരില്‍ അയാള്‍ ഒരു കമ്പനി തുടങ്ങിയിരുന്നു എന്നും, തനിക്കുണ്ടായിരുന്ന പരിചയങ്ങളും ബന്ധങ്ങളും മുതലാക്കി ലോണും മറ്റും ശരിയാക്കി, തന്നെ അതില്‍നിന്നും ഒഴിവാക്കി, ആ ബിസിനസ് അയാള്‍ സ്വന്തമാക്കി. അവിവാഹിതനായിരുന്ന അയാള്‍ ഒരു പെണ്ണിനെ പ്രേമിച്ചു അവളെ വിവിഹം ചെയ്യാം എന്ന് മോഹിപ്പിച്ചു അവളില്‍ നിന്നും കുറെ പണം തട്ടി. വിവാഹത്തിന് വാക്ക് കൊടുത്ത അയാള്‍, അവള്‍ വാങ്ങിക്കൊടുത്ത സൂട്ടും കൊണ്ട് നാട്ടില്‍ പോയി മറ്റൊരു പെണ്ണിനെ വിവാഹം ചെയ്തു കൊണ്ടുവന്നു വളരെ സമ്പന്നനായി, അറിയപ്പെടുന്ന ബിസിനെസ്സ് കാരനായി മാറി. അങ്ങനെ എത്രയോ പേരെ ഇരയാക്കിയാണ് അയാള്‍ ഉന്നത നിലയിലും വിലയിലും എത്തിയത് .

സാം, സാമ്പത്തീകമായി ഭദ്രമായ കുടുംബത്തിലെ ഏക മകന്‍, ഗള്‍ഫില്‍ ബിസിനസ് ആയിരുന്നു. തന്റെ ആടംബര ജീവിതം കൊണ്ടാണോ എന്നറിയില്ല ബിസിനസ് കടത്തില്‍ കൂപ്പുകുത്തി, കുടുംബത്തെ നാട്ടില്‍ കൊണ്ട് വിട്ടു. താമസിയാതെ അച്ഛന്‍ മരിച്ചു, അമ്മ സംസാര ശേഷി നഷ്ട്ടപ്പെട്ടു കിടപ്പിലുമായി. തന്റെ ബിസിനസ് തിരിച്ചുപിടിക്കാനുള്ള ശ്രമിത്തിനിടയില്‍ ഗള്‍ഫില്‍ ജയിലില്‍ ആയ സാം കടുത്ത പ്രതിസന്ധിയില്‍ ജീവിക്കൊമ്പോഴും സുന്ദരിയായ ഭാര്യ അടിച്ചുപൊളിച്ചു നാട്ടില്‍ ജീവിക്കുന്നുണ്ടായിരുന്നു. ഏതൊക്കെയോ ആള്‍ക്കാരുമായി അവിഹിത ബന്ധം ഉണ്ടായിരുന്നു എന്ന് കരുതപ്പെടുന്ന അവര്‍ സാമിന്റെ സംസാര ശേഷി നഷ്ട്ടപ്പെട്ട അമ്മയുടെ മുന്‍പില്‍ വച്ചുപോലും അവിഹിത ബന്ധം നടത്തിയിട്ടുണ്ട് എന്ന് നാട്ടിലെ ഒരു സുഹൃത്ത് പറഞ്ഞു. ഏറെ താമസിയാതെ സാമിന്റെ മരണവാര്‍ത്തയാണ് കേള്‍ക്കാന്‍ കഴിഞ്ഞത്, താമസിയാതെ അമ്മയും കടന്നുപോയി. കൂട്ടുകാരെ അളവിലേറെ സ്‌നേഹിച്ചിരുന്ന സാമിന്റെ ഓര്‍മ്മകള്‍ ചിലപ്പോഴൊക്കെ കടന്നുവരുണ്ട്, അപ്പോഴൊക്കെ ചതിയുടെ വികൃത മുഖങ്ങളും.

സഭയുടെ പണിക്കായി എന്നുപറഞ്ഞു ആളുകളില്‍ നിന്നും സംഭാവന വാങ്ങി സ്വന്തമായി റിയല്‍ എസ്‌റ്റേറ്റ് നടത്തിയ സഭാനേതാവ്, ആളുകളില്‍ നിന്നും പലതരം കഥകള്‍ പറഞ്ഞു ചിട്ടി നടത്തി മുങ്ങിയ വിദഗ്ധന്‍ , റോള്‍സ്‌റോയ്‌സ് കാറില്‍ നടന്നു ബാങ്ക് ലോണ്‍ കരസ്ഥമാക്കി സ്ഥലം കാലിയാക്കിയ ഇന്‍വെസ്റ്റ്‌മെന്റ്കാരന്‍, പുറം കാണാത്ത പത്രമാധ്യമങ്ങളുടെ പേരില്‍ പരസ്യം വാങ്ങി വഞ്ചിച്ച ചെറുകിട തരികിടകള്‍, ആദ്യമായി വീട് വാങ്ങുന്നവരെ പറ്റിച്ചു ഭവനവായ്പ്പ സംഘടിപ്പിച്ചു കുളത്തിലാക്കി കമ്മീഷന്‍ അടിക്കുന്ന ചെറുകിട ബാങ്കിങ് ഏജന്റുമാര്‍ തുടങ്ങി നിരവധി തട്ടിപ്പുവീരന്മാരുടെ കഥകള്‍ അമേരിക്കയിലെ മലയാളികള്‍ക്കിടയില്‍ തന്നെയുണ്ട്. അങ്ങനെ എത്രയെത്ര ചതിക്കഥകള്‍ കൂട്ടിയതാണ് ജീവിതം.

മലയാളത്തിന്റെ ഒരു ജനപ്രിയനടന്‍ ഒരുക്കി എന്നു പറയപ്പെടുന്ന ചതിക്കഥകളും അതിനെ ചുറ്റിപ്പറ്റിയ ചര്‍ച്ചകളും, മനുഷ്യന്റെ പരിണാമ പ്രക്രിയയിലെ നിര്‍ണായകമായ ചതിയുടെ പ്രാധാന്യത്തെ വെളിവാക്കുകയാണ്. ഒരുതരത്തില്‍ പ്രകൃതി ഒരുക്കിയ ചതിയുടെ പരിണാമ ഫലമാണ് നമ്മുടെ ഒക്കെ ജന്‍മം പോലും. ഒരു മിമിക്രി കലാകാരന്‍ അഭിനേതാവായി കഴിയുമ്പോഴും ഒപ്പം കൂട്ടിയ വാസന ജീവിതത്തില്‍ പകര്‍ന്നുചേരുന്നോ എന്ന് ഇനിയും കണ്ടു പിടിക്കേണ്ടിവരുന്നു. ഒരു കൊള്ളക്കാരന്‍ രാജാവായാല്‍ അവന്റെ ഇഷ്ട്ട വിനോദം കൊണ്ടുനടന്നേക്കാം. ആട്ടിന്‍തോലിട്ട ചെന്നായ് എന്ന പ്രയോഗം തന്നെ അങ്ങനെ ഉണ്ടായതല്ലേ.

മിമിക്രി എന്ന കലാശാഖ മലയാളത്തില്‍ രേഖപ്പെടുത്താന്‍ തുടങ്ങിയിട്ട് അധിക കാലമായിട്ടില്ല. ജന്തു ശാസ്ത്രപ്രകാരം, വേട്ടയാടാനും ഇരക്ക് രക്ഷപ്പെടാനും ഉള്ള ഒരു ജനിതക കൃത്രിമ ഏര്‍പ്പാടാണ് മിമിക്രി. ഓന്തിന്റെ നിറംമാറ്റവും, നീരാളിയുടെ മഷിപകര്‍ത്തലും പക്ഷികളുടെ ചില പ്രത്യേക ശബ്ദങ്ങളും ഒക്കെ ചില രക്ഷപെടാനുള്ള അടവുകളാണ്. മനുഷ്യന്റെ ജീവിത പശ്ചാത്തലത്തില്‍ അത് ലയിപ്പിച്ചപ്പോള്‍ ഒരു കലയായി മാറി . അത് മുഴുവന്‍ കൃത്രിമമാണെന്നു അറിഞ്ഞുകൊണ്ട് നാം കൈയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്നു.

ഉഗ്രപ്രതാപശാലിയായി വാണ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെയും , മലയാളം നടന്‍ കലാഭവന്‍മണിയുടെയും മരണത്തിന്റെ ദുരൂഹത, ഒരു പക്ഷെ അവര്‍ക്കറിയാമെങ്കില്‍ കൂടി ഒഴിവാക്കാന്‍ മേലാത്ത ചതികള്‍ നിറഞ്ഞു നിന്നിരുന്നു എന്ന് ചിലരെങ്കിലും വിശ്വസിക്കുന്നു. കാറുവാങ്ങാന്‍ പോകുമ്പോഴോ, ഇന്‍ഷുറന്‍സ് എടുക്കാന്‍ പോകുമ്പോഴോ മാത്രമല്ല, വെറുതെ ടി. വി. ശ്രദ്ധിച്ചിരുന്നാല്‍ പോലും അറിയാതെ നാമെല്ലാം പെട്ട് പോകുന്ന അനവധി ചതിക്കുഴികള്‍ നമുക്ക് ചുറ്റും ഉണ്ട്. ഒക്കെ തിരിച്ചറിയാമെങ്കിലും നാം അറിയാതെ ഇരയായിത്തീരുന്ന ഈ ചതിയുടെ യുഗം എന്ന് അവസാനിക്കുമോ എന്ന് അറിയില്ല.

ബൈബിളിലിലെ ഉല്‍പ്പത്തി പുസ്തകത്തില്‍, ദൈവത്തിന്റെ പുത്രന്മാര്‍ മനുഷ്യരുടെപുത്രിമാരെ സൗന്ദര്യമുള്ളവരെന്നു കണ്ടിട്ടു തങ്ങള്‍ക്കു ബോധിച്ച ഏവരെയും ഭാര്യമാരായിഎടുത്തു എന്ന് പറയുന്നു. അക്കാലത്തു ഭൂമിയില്‍ മല്ലന്മാര്‍ ഉണ്ടായിരുന്നു; അതിന്റെ ശേഷവുംദൈവത്തിന്റെ പുത്രന്മാര്‍ മനുഷ്യരുടെ പുത്രിമാരുടെ അടുക്കല്‍ ചെന്നിട്ടു അവര്‍ മക്കളെപ്രസവിച്ചു; ഇവരാകുന്നു പുരാതനകാലത്തെ വീരന്മാര്‍, കീര്‍ത്തിപ്പെട്ട പുരുഷന്മാര്‍. ഇത് ഒരുവന്‍ ചതിയാണെന്ന തിരിച്ചറിവാണ് നോഹയുടെ കാലത്തു ഒരു മഹാ പ്രളയത്തിന് ദൈവത്തെ പ്രേരിപ്പിച്ചതെന്ന് പറയപ്പെടുന്നു. അങ്ങനെ ദൈവപുത്രമാരും മനുഷ്യരുടെപുത്രിമാരും കൂടി ഉത്പാദിപ്പിച്ച സങ്കരവര്‍ഗ്ഗത്തെ പൂര്‍ണമായി ദൈവം തന്നെ ഇല്ലാതാക്കി.

ചതിയുടെ ആദ്യപാഠങ്ങള്‍ പോലും മനുഷ്യന്‍ ശ്രദ്ധിച്ചു തുടങ്ങിയത് ദൈവത്തിന്റെ ഉദ്യാനമായ ഏദന്‍ തോട്ടത്തില്‍നിന്നു തന്നെയാണ്. ദൈവത്തെപോലെതന്നെ സര്‍വ്വശക്തന്‍ ആകാനുള്ള പ്രലോഭനങ്ങള്‍ ഉരുവായതും തെറ്റിദ്ധരിക്കപ്പെട്ടതും , വഞ്ചിക്കപ്പെട്ടു ആട്ടി പുറത്താക്കപ്പെട്ടതും ഒക്കെ ഈ ദേവസന്നിധിയില്‍ നിന്ന് തന്നെയാണ്. സ്വന്തം എന്ന് കരുതി സ്‌നേഹിച്ചു കൈപിടിച്ച് കൊണ്ടുനടന്ന ജൂദാസ് മഹാ പുരോഹിതന്മാര്‍ക്കൊപ്പം ഒരുക്കിയ മഹാചതിയില്‍പെട്ട് രക്തം വിയര്‍പ്പാക്കിയ ജീസസ്, മറ്റൊരു ദൈവീക ഉദ്യാനമായ ഗത്സമനയില്‍ ഇരുന്നാണ്, കഴിയുമെങ്കില്‍ ഈ പാനപാത്രം എന്നില്‍ നിന്ന് മാറ്റണമേ എന്ന് വിലപിച്ചത്. വീണ്ടും ബൈബിളിലെ അവസാന ഭാഗമായ വെളിപാട് പുസ്തകത്തില്‍ പറഞ്ഞിരിക്കുന്ന ഒരു പുതിയ ആകാശവും ഒരു പുതിയ ഭൂമിയും എന്ന മറ്റൊരു ഉദ്യാനത്തില്‍, ഒരു ജനതയെ മുഴുവന്‍ വെണ്ണീറിന്റെ അസഹനീയ ചൂടില്‍ നിരാശപ്പെടുത്തി, സ്വര്‍ഗ്ഗത്തിന്റെ മോഹവലയങ്ങളിലൂടെ എന്തൊക്കെയോ ആക്കിത്തീര്‍ക്കാം എന്ന് പ്രലോഭിപ്പിക്കുകയാണ് ഒരിക്കല്‍ക്കൂടി .

സത്യം പോലെ തോന്നിക്കുന്ന അസത്യങ്ങളുടെ ബോധപൂര്‍വമുള്ള പ്രചാരണനം, പൊതുതാല്പര്യം എന്ന് ജനത്തെ വിശ്വസിപ്പിക്കുന്ന അടിസ്ഥാനരഹിതമായ അസത്യങ്ങളുടെനുഴഞ്ഞുകയറ്റം ഒക്കെ തിരഞ്ഞെടുപ്പുകളെ പെട്ടെന്ന് സ്വാധീനിക്കുന്നത് നാം കാണുന്നു.അമേരിക്കന്‍ തിരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍, വിക്കി ലീക്‌സ് പുറത്തുവിടുന്ന പരാമശങ്ങള്‍ഒക്കെ ഒരു വലിയ ജന കൂട്ടത്തെ വിഡ്ഢികളാക്കാന്‍ ഉള്ള ചെറിയ നമ്പറുകളാണെന്നു എന്ന് വളരെ കഴിഞ്ഞാണ് മനസ്സിലാകുന്നത്. പതിറ്റാണ്ടുകളായി നികുതി കൊടുക്കാത്ത, വായിതോന്നുന്ന എന്തും പറയുന്ന, നിമിഷങ്ങള്‍ തോറും മാറി മാറി അഭിപ്രായം പറയുന്ന ഒരു ശുദ്ധബിംബത്തെ നേതാവായി തിരഞ്ഞെടുക്കാന്‍ ലോകത്തെ ഏറ്റവും വികസിതമായ ഒരു ജനാധിപത്യത്തിന് കഴിഞ്ഞില്ലേ ?. ഇരകളുടെ അജ്ഞത മുതലെടുത്തു, വര്‍ഗീയമസാലപ്രചാരണം ചേര്‍ത്ത് വിളമ്പിയാല്‍ ഏതു സ്വതന്ത്ര ജനാധിപത്യരാജ്യത്തെയും ജന്മിത്തസമ്പ്രദായത്തില്‍തളച്ചിടാമെന്നു ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തും പരീക്ഷിച്ചു വിജയിച്ചു.

ഒരു ജനതതിയെ തന്നെ ഒരിക്കലും അഴിച്ചെടുക്കാനാവാത്ത നൂലാമാലകടക്കെണിയില്‍പെടുത്താന്‍ ബാങ്കുകളുടെ ഉദാര വായ്പ്പകളുടെ നീരാളിഹസ്തങ്ങള്‍ ശക്തമാണ്. ആവശ്യാനുസരണം സൗജന്യമായ വിവരങ്ങള്‍, വിരല്‍ത്തുമ്പില്‍ അറിവിന്റെ നിലവറ, ഗ്ലോബല്‍ പൊസിഷനിങ്ങ് സിസ്റ്റം, ജിറ്റല്‍ കറന്‍സി, ഏക നികുതി, സംരക്ഷണം കേന്ദ്രമാക്കിയ ഉടമ്പടികള്‍ , റേഡിയോതരംഗ ദൈര്‍ഘ്യംഉപയോഗിച്ചുള്ള തിരിച്ചറിയല്‍ നമ്പറുകള്‍ , പരസ്പരം ബന്ധിപ്പിക്കുന്ന ഡിജിറ്റല്‍സംവിധാനങ്ങള്‍ ഒക്കെ നമുക്ക് ആശ്വാസവും സൗകര്യവും സുരക്ഷിതത്വവും നല്‍കുന്നു എന്ന്‌നമ്മെ ഭരണകൂടം ധരിപ്പിക്കയാണ്. ഇത് ജനത്തെ ഒന്നായി നിയന്ത്രിക്കാനുള്ള വന്‍ പദ്ധതിയുടെഭാഗമാണ്. " വൈകാരികത വലിയ ജനക്കൂട്ടത്തിനു നേരെ പ്രയോഗിക്കുമ്പോള്‍ , വിവേകംഞാന്‍ ഒരു ചെറിയ കൂട്ടത്തിനായി വച്ചിരിക്കുകയാണ് എന്ന് അഡോള്‍ഫ് ഹിറ്റ്‌ലര്‍ പറഞ്ഞു.സത്യമേത് കള്ളമേത് എന്ന് തിരിച്ചറിയാന്‍മേലാത്ത അവസ്ഥ എത്ര ദുഷ്കരമാണ്.

നമ്മുടെ ചിന്തകളെയും , അഭിലാഷങ്ങളെയും , ശീലങ്ങളെയും നിയന്ത്രിക്കാനും, ഒരു ചെറിയ പ്രഭുകൂട്ടത്തിനു ഉതകുന്ന രീതിയില്‍ ഒരു വലിയ ജനതയെ അടിമപ്പെടുത്താനുമുള്ള വീരന്മാരും കീര്‍ത്തിപ്പെട്ട പുരുഷന്മാരുടെ ബുദ്ധിപരമായ നീക്കത്തിലെ ഇരകളും കരുക്കളുമാണ് നമ്മള്‍ ഒക്കെയും. മോഹിപ്പിക്കുന്ന കാഴ്ചകള്‍, ഭോഗസുഖങ്ങള്‍, ജീവനത്തിന്റെ പ്രതാപം, ഒക്കെ കാലാകാലങ്ങളായി ഈ കപട തന്ത്രങ്ങളുടെ സാങ്കേതിക വശങ്ങള്‍ മാത്രം. ഓരോ രണ്ടു വര്‍ഷവും മാറേണ്ടിവരുന്ന കൈയ്യില്‍ കൊണ്ടുനടക്കാവുന്ന ഫോണ്‍ എന്ന കെണിയില്‍ നിന്നും എങ്ങനെ രക്ഷപെടാനാവും ? അനസ്യൂതം വികസിച്ചുകൊണ്ടിരിക്കുന്ന സാങ്കേതിക വിവരങ്ങളില്‍നിന്നും പിറകില്‍ പോയാല്‍ എങ്ങനെ ജീവിതം പിടിച്ചുനിര്‍ത്താനാവും ? ഇതൊക്കെ വേണ്ടെന്നു തീരുമാനിക്കുവാനും, ഒഴുക്കിനെതിരെ നീന്തുവാനും എത്രപേര്‍ക്കാവും ? മോഹിപ്പിക്കുന്ന വിശാലമായ മനോഹാരിതക്കു മുന്‍പില്‍ സത്യത്തിനും നേരിനും വേണ്ടി പോരാടുന്ന ഒറ്റപ്പെട്ട ജീവിതം ആര്‍ക്കു താങ്ങാനാവും ?

ഏദന്‍തോട്ടത്തിലെ തിരിച്ചറിവിന്റെ വൃക്ഷത്തിന്റെ ഫലം നിഷേധ്യമായിരുന്നു മനുഷ്യന് , അത് അവനു താങ്ങാന്‍ പറ്റില്ല എന്നായിരുന്നു എന്നായിരുന്നു ദൈവം കണക്കുകൂട്ടിയത്. അറിവിന്റെ വൃക്ഷം കൈയ്യെത്താദൂരത്തു ഉണ്ട് എന്ന് ചൂണ്ടികാട്ടിയിട്ടു, തൊടരുത് എന്ന് മാത്രം പറഞ്ഞു ദൈവം എന്തേ അപ്രത്യക്ഷ്യമായത് എന്ന് ചോദിക്കരുത്. അത് ഒരു ചതിയാണെന്ന തിരിച്ചറിവ് സമ്മാനിച്ചത് പാവം സാത്താനായിരുന്നു. മരണം അതുവരെ കാണാന്‍ കഴിയാത്ത മനുഷ്യനോട് മരണത്തെപ്പറ്റി പറഞ്ഞു പേടിപ്പിക്കാതെ, ചതിയുടെ പുതിയ മാനങ്ങള്‍ തേടി ക്ലേശപൂര്ണമായ ജീവിതത്തിലൂടെ ഒരു അര്‍ത്ഥം ഉണ്ടാക്കാനാണ് സാത്താന്‍ മനുഷ്യനെ പ്രേരിപ്പിച്ചത്. പക്ഷെ ചതിക്കപ്പെട്ടു. വീണ്ടും വീണ്ടുമവന്‍ ചതിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു . ദൈവത്തിന്റെ എളിയ നിര്‍ദേശം അവനു മണ്ടത്തരമായി തോന്നി. എന്നാല്‍ പ്രാകൃത മനുഷ്യന്‍ ദൈവാത്മാവിന്റെ ഉപദേശം കൈക്കൊള്ളുന്നില്ല; അതു അവന്നു ഭോഷത്വം ആകുന്നു. ആത്മികമായി വിവേചിക്കേണ്ടതാകയാല്‍ അതു അവന്നു ഗ്രഹിപ്പാന്‍ കഴിയുന്നതുമല്ല ( 1 കൊരിന്ത്യര്‍ 2 : 14 ).

പൊയ്മുഖങ്ങളില്ലാതെ നമുക്ക് ജീവിക്കാനാവില്ല. മുഖംമൂടിയില്ലാതെ ജീവിക്കുന്നവര്‍ക്ക് ക്രൂരമായ ഒറ്റപ്പെടലും ഊരു വിലക്കുകളുമാണ് മറുപടി കിട്ടുന്നത്, അത് അസഹനീയമാണ് . ജീവിക്കാന്‍ വേണ്ടി എന്ത് ഉപായത്തിലും ഇരയെപ്പിടിക്കാന്‍ നമുക്ക് ന്യായങ്ങള്‍ കിട്ടും . ഉപദ്രവിക്കാതെ മുന്നോട്ടുപോകാന്‍ പ്രയാസമാണ് ജീവിതം , ചിലതൊക്കെ വെട്ടിനിരത്താതെ മുന്നേറാനാവില്ല. കാലാവസ്ഥയെപ്പോലും നമുക്ക് അനുകൂലമാക്കാനുള്ള വൈഭവമാണ് പ്രധാനം. അതിനു ആരെയും എന്തിനെയും കൂട്ടുപിടിക്കുക, തന്ത്രങ്ങള്‍ മെനയുക, തോല്‍വി ഒരു ചെറിയ സമയത്തേക്ക് മാത്രം കരുതുക, അടിച്ചൊതുക്കി മുന്നേറാനുള്ള അവസരത്തിനായി കാത്തിരിക്കുക. എന്റെ നില എപ്പോഴും ഭദ്രമാക്കുക അതിനായി എന്ത് വിലകൊടുക്കേണ്ടി വന്നാലും. ചിലപ്പോള്‍ പതുങ്ങി കിടക്കേണ്ടിവന്നേക്കാം, എന്നാലും ചാടിവീഴ്ത്താനുള്ള തയ്യാറെടുപ്പു കൂടിയേ കഴിയൂ, ആദ്രമായി സംസാരിക്കുക, എന്നിട്ടു പുറങ്കാലുകൊണ്ടു അടിക്കുക , ഭക്തി നിറച്ച സംസാരത്തില്‍, സ്‌നേഹത്തില്‍ പൊതിഞ്ഞ കരുതലില്‍ ഓരോ ഇരയേയും ചവിട്ടി താഴ്ത്തുക. തനിക്കു പ്രയോജനമുള്ളവരെ പൊക്കി പറയുക, ഉപയോഗം കഴിയുമ്പോള്‍ പൊക്കി എറിയുക. പരസ്പരം സ്പര്‍ദ്ധ ജനിപ്പിച്ചു ഭിന്നിപ്പിച്ചു ഭരിക്കുക, ഇരയുടെ വീഴ്ചകളെ മനോഹരമായി ആഘോഷിക്കുക. ലോകത്തുള്ള എല്ലാം നല്ലതും തനിക്കു വേണ്ടി മാത്രമാണെന്നും , അതിനായി എന്തും ചെയ്യാമെന്നും ഇപ്പോഴും മനസ്സില്‍ ചിന്തിക്കുക. വെള്ളം പൊതിഞ്ഞു തണുപ്പിക്കുന്ന ഭൂമിയുടെ ഉള്ളിലും എപ്പോള്‍ വേണമെങ്കിലും പൊട്ടി ഒഴുകാനുള്ള തിളച്ച ലാവ കരുതുക. മേഘം കുടപിടിച്ച പച്ചപുതപ്പിട്ട ഭൂമിയൊന്നും അത്ര ശാശ്വതമല്ല എന്ന തിരിച്ചറിവ് ഉണ്ടാകട്ടെ, ഇതൊക്കെയാണ് ആധുനിക ചാണക്യ പുരാണം.

നീറുന്ന പകയും ചതിയും ചേരുന്ന രസായനത്തില്‍ പൊട്ടിത്തകരുന്ന കിനാവുകൊണ്ടുള്ള പട്ടുനൂല്ഊഞ്ഞാലുകളാണ് ആണ് പല ജീവിതങ്ങളും എന്ന തിരിച്ചറിവ് ചില സംഭവങ്ങള്‍ വീണ്ടും നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ഇത്തരം ചതികളുടെ വിവിധ തന്ത്രങ്ങള്‍ അറിയാതെ നമ്മുടെ നിത്യജീവിതത്തില്‍ നുഴഞ്ഞുകയറുകയാണ്. ഒരിക്കലും രക്ഷപെട്ടു പുറത്താകുവാന്‍കഴിയാതെ പ്രകൃതിയുടെ വെറും ഇരകളായി മാത്രം നാം ആക്കപ്പെടുന്നു.

ജൂലൈ 25 , രണ്ടായിരത്തിപതിനേഴ് .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക