Image

അവാര്‍ഡ് ദാനവും ആനുവല്‍ ഡിന്നറും (കഥ: ജോണ്‍ ഇളമത)

Published on 25 July, 2017
അവാര്‍ഡ് ദാനവും ആനുവല്‍ ഡിന്നറും (കഥ: ജോണ്‍ ഇളമത)
.....സമാജത്തിന്റെ സെക്രട്ടറിയുടെ കോള്‍!
പൊന്നച്ചന്, സമാജത്തിന്റെ സില്‍വര്‍ ജ്യൂബിലിയോടനുബന്ധിച്ച്, വിശിഷ്ട സാമൂഹ്യസേവനത്തിന് അവാര്‍ഡ് നല്‍കാന്‍ ഞങ്ങളുടെ അവാര്‍ഡ് ജൂറി തീരുമാനിച്ചിരിക്കുന്നു!
എനിക്കോ? പൊന്നച്ചന്‍ വാ പൊളിച്ചുപോയി. ഇതുവരെ ഒരു സാമൂഹ്യസേവനവും ചെയ്തതായി പൊന്നച്ചനോര്‍മ്മയില്ല. സാമൂഹ്യദ്രോഹമല്ലാതെ! എന്നു പറഞ്ഞാല്‍ ഗവണ്‍മെന്റ് ടാക്‌സ് വെട്ടിപ്പ്, ആരും ഗൗനിക്കാതെ കിടന്ന പ്രവാസി. ഞാന്‍ ടാക്‌സി ഡ്രൈവറായി തുടങ്ങി, പിശുക്കി ജീവിച്ചു. രജിസ്‌ട്രേഡ് നഴ്‌സായി സൂസമ്മയുടെ കാശും, എന്റെ ചില്ലറയുമിട്ട് പിന്നെ ചെറിയ മോര്‍ട്ട് ഗേജും അടച്ച് ഒരു പൊളിഞ്ഞ വീട് വാങ്ങി. മര്യാദക്കാരന്‍ ഒരു മെക്‌സിക്കനേം കൂട്ടി സ്വന്തമായി വീട് പരിഷ്കരിച്ച് വാടകയ്ക്ക് കൊടുത്തപ്പോള്‍ ഒരന്തസ്സു തോന്നി. അദ്ധ്വാനത്തിന്റെ ഫലം! ഒരു ലാന്‍ഡ് ലോര്‍ഡ്! ആ പദവി എനിക്കിഷ്ടപ്പെട്ടു.

അപ്പോള്‍ ഡ്രൈവര്‍ യൂണിഫോം അഴിച്ചുവെച്ചു. അല്ലെങ്കിലും ആരാന്റെ പുള്ളിന്റെ പൂട പറിച്ചിട്ടെന്നുകാര്യം! കഷ്ടപ്പെട്ട്, വിയര്‍ത്തൊലിച്ച് സിറ്റി മുഴുവനോടണം. കിട്ടുന്നത് തുച്ഛശമ്പളം! കള്ളക്കടത്തുകാരന്റേയോ, കഞ്ചാവുകാരന്റെയോ കൂടെയൊള്ള ഓട്ടം. ജീവന്‍ പണയം വെച്ച്! എപ്പഴാ കത്തിയോ, ഉണ്ടയോ നെഞ്ചത്ത് കയറുന്നതെന്ന് പറയാമ്പറ്റത്തില്ല!

വാടക വളര്‍ന്നു, എങ്ങും തൊടാതെ അതു മറ്റൊരു പൊളിഞ്ഞ വീടേ ഇന്‍വെസ്റ്റ് ചെയ്തു. ഇന്‍വെസ്റ്റ്‌മെന്റ് വളര്‍ന്നു. നഗരത്തില്‍ പത്തു വീട്! എന്നാല്‍ മറ്റൊന്നുകൂടി വളര്‍ന്നു. പിശുക്ക്! ഒണ്ടാക്കിയ കാശ് കണ്ടോണ്ടിരിക്കുന്നത് ഒരു പ്രത്യേക സുഖം! എന്നും ബാങ്ക് ബാലന്‍സ് നോക്കി സായൂജ്യമടഞ്ഞു.

അപ്പഴാ, ഈ പ്രലോഭനം! എന്റെ ഭാര്യ സൂസമ്മയ്‌ക്കെപ്പഴും പരാതിയാ! നല്ല സാരിയുണ്ടോ, മാലയുണ്ടോ. അവള്‍ക്കാഡംബരമായി കഴിയണം. ഡയമണ്ട് പതിച്ച നെക്‌ളേസ് വേണം, വൈര്യക്കല്ല് പതിച്ച കമ്മലിടണം, വിലകൂടിയ കാഞ്ചീപുരം സാരി ഉടുക്കണം. ഉപ്പൂറ്റി പൊങ്ങിയ ചെരുപ്പിട്ട് കുതിരയെപ്പോലെ നടക്കണം.!

ഞാന്‍ ചോദിച്ചു: ഇതൊക്കെ ആരെ കാണിക്കാനാണ്? പത്തു കാശുണ്ടേ ആരുടേം മുമ്പി തലയുയര്‍ത്തി നടക്കാം.

അവള്‍ ഇടഞ്ഞു. ഇതൊക്കെ പോട്ടെ. പത്തു വീട് വാടകയ്ക്ക് കൊടുക്കുന്ന നമുക്കൊരു വൃത്തീം മെനേം ഉള്ള വീടൊണ്ടോ? കാറിന്റെ കാര്യം പറഞ്ഞാല്‍ അതില്‍ക്കഷ്ടം.! നാലു പേര് കൂടുന്നിടത്ത് കാണിക്കാമ്പറ്റാത്തത്. എണ്‍പത്തിനാലിലെ ഫോര്‍ഡ്! സ്റ്റാര്‍ട്ട് ആയാല്‍ കുറെ നേരം ഞെരങ്ങി ഓടും. അല്ലേ തള്ളി സ്റ്റാര്‍ട്ടാക്കണം. പണം എന്‍ജോയ് ചെയ്യാനുള്ളതാണ്!

ഞങ്ങള്‍ക്ക് ആകെ ഒരു മകളേ ഉള്ളൂ. അവളൊരു പേര്‍ട്ടറിക്കാരന്റെ പൊറകേ പോയി. അതും എന്റെ കൊഴപ്പമെന്നാ അവളുടെ പരാതി. നാട്ടീന്ന് ഒരു മലയാളി ചെറുക്കനെ, അവടാങ്ങളേടെ നാത്തൂന്റെ മോനെ ആലോചിച്ചോണ്ടു വന്നതാ. ഒരെഎംബിഎക്കാരനെ. അവന് എന്റെ സ്വത്തിന്റെ മുക്കാലും കൊടുക്കണംപോലും! പോയി തൊലയാന്‍ പറഞ്ഞു!

എനിക്കാകെ ചിന്താക്കുഴപ്പം. ഞാന്‍ സെക്രട്ടറിയോട് ചോദിച്ചു:
എന്നെത്തന്നെയാണോ ഉദ്ദേശിക്കുന്നത്?
പിന്നെയല്ലാതെയാരാ പൊന്നച്ചന്‍ ചേട്ടാ.
സംബോധന ഒന്നു മാറ്റിയിരിക്കുന്നു. ബഹുമാനം തന്ന് "ചേട്ടാന്നന്ന്.
ആകെ ഒരു കണ്‍ഫ്യൂഷന്‍. എനിക്കെന്നാ അതിനര്‍ഹത!
ഹാ, ചേട്ടനെങ്ങനാ ചേട്ടന്റെ മഹിമ അറീന്നെ. അതു തീരുമാനിക്കുന്നത് കമ്യൂണിറ്റിയാ, ആരൊണ്ട് നമ്മുടെ കമ്യൂണിറ്റീ പത്തു വാട് വാടകയ്ക്ക് കൊടുക്കുന്നവര്‍? അതിപ്പരം എന്തു സാമൂഹ്യസേവനം!...സെക്രട്ടറി കുടഞ്ഞിട്ടൊന്നു ചിരിച്ചു. പെട്ടെന്ന് ചിരി നിര്‍ത്തി സ്വരം താഴ്ത്തി ട്യൂണൊന്നു മാറ്റി.
പക്ഷെ.....! സെക്രട്ടറി അര്‍ത്ഥവിരാമത്തില്‍ നിര്‍ത്തി.
എന്തു പക്ഷെ?
ചേട്ടാ, ഇതൊക്കെ സംഘടിപ്പിക്കാന്‍ അല്‍പ്പ ചിലവൊണ്ട്. ചേട്ടനെന്തേലും സഹായിച്ചാല്‍....!
എത്ര?
അയ്യായിരം ഡോളര്‍. ചെറിയ സഹായം. സമാജത്തിനൊരു സെന്ററുവേണ്ടേ? എന്നും സിറ്റീടെ ഈ വാടക കെട്ടടത്തി കഴിഞ്ഞാ മതിയോ? നോക്ക്, മറ്റു കമ്യൂണിറ്റിക്കാരെ, ഈവന്‍, തമിഴര്‍ക്കുവരെ കമ്യൂണിറ്റി സെന്ററുണ്ട്. നമുക്ക് എന്തോ കുന്തമാ ഉള്ളത്? കുറെ പൊങ്ങച്ചം! സെക്രട്ടറി പുച്ഛിച്ച് ചിരിച്ചു.
പൊന്നച്ചന്‍ ഓര്‍ത്തു: ങും! വാടക സെന്ററി കെട്ടന്നടിയാ! അപ്പോ പിന്നെ സ്വന്തം ഒണ്ടാക്കായാ കത്തിക്കുത്തായിരിക്കും. സെന്ററു പണി നടന്നാ കൊള്ളാം! ഈ കമ്യൂണിറ്റി സെന്ററിന്റെ കാര്യം പറയാന്‍തൊടങ്ങീട്ടെത്ര നാളായി. എല്ലാ ആണ്ടിലും പിരിവ്! എവിടെ അതിന്റെ കണക്ക്? ആരോട് ചോദിക്കാന്‍? ചോദിച്ചാ മറുചോദ്യം: താന്‍ ആയുഷ്കാല മെമ്പറാണോ? ഉത്തരംമുട്ടിക്കുന്ന ചോദ്യം!
എന്താ ചേട്ടനൊന്നും മിണ്ടാത്തെ!
അയ്യായിരമോ, അത്രേം വലിയ തുക?
ചേട്ടനൊരു പൂട പൊഴിഞ്ഞതിനു തുല്യം!
ന്നാലും, സൂസമ്മോടൊന്നു ചോദിക്കാതെ...?
അതു മതി. ചേച്ചി മഹാമനസ്കയാ.
പെട്ടെന്ന് ഉത്തരം കിട്ടാതെ വന്നപ്പം പറഞ്ഞുപോയതാണ്. "ചെന്നായുടെ വായി അകപ്പെട്ട കൊക്കിന്റെ തല' എന്ന കഥപോലെയായി!

അവാര്‍ഡും, സംഭാവനയും മനസ്സികെടന്നു മഥിച്ചു. അപ്പോ ഒരു ഭൂതോദയം! അല്ല, ഇത്രേം സമ്പാദിച്ചു കൂട്ടീട്ടും സമൂഹത്തിലെന്തു വില? അതു വെല കൊടുത്തു വാങ്ങിയാ ധനോം ആയി പ്രശസ്തീം ആയി!

വെറുതെ സൂസമ്മയോടഭിപ്രായം ആരാഞ്ഞു! കേട്ട പാതി, കേള്‍ക്കാത്ത പാതി അവളുടെ കണ്ണു വിടര്‍ന്നു.
കണ്ടോ, നിങ്ങക്കു വേണ്ടത് ദൈവം തമ്പുരാന്‍ തരുന്നു. പണത്തിന്റെ കൂടെ പത്രാപോം!
അല്ല. നിന്റെ അഭിപ്രായം എന്താ?
അതു തന്നെ. പണം ഉണ്ടായാ പോര. നാലുപേരറിയണം! അയ്യായിരത്തിനു പകരം പതിനായിരം കൊടുത്താലും തരക്കേടില്ല. എന്നിട്ടു പറേണം. നിങ്ങടെ ഒരു ഫോട്ടോ സെന്ററി വെയ്ക്കാന്‍!
അതിനു സെന്ററു പണിതില്ലല്ലോ.
ഇപ്പഴേ വാടക സെന്ററി വെച്ചു തൊടങ്ങണം. അല്ലേ, സെന്ററു പണിതു കഴിയുമ്പം പുതിയ കമ്മിറ്റി, നിങ്ങളെ അടച്ചു മാറ്റും!
ശരിയാ, പതിനായിരം കൊടുത്തേക്കാം. അല്ലേ ഫോട്ടോ പരിപാടി ഏശത്തില്ല.
അവാര്‍ഡ് വാങ്ങാനും, പതിനായിരം കൊടുക്കാനും പൊന്നച്ചനുറച്ചു. വിളംബരം സെക്രട്ടറിയെ അറിയിച്ചു. അയാക്കാദ്യം വിശ്വസിക്കാനായില്ല.
നേരോ?
അതേ, സൂസമ്മയ്ക്കുമിഷ്ടം. പക്ഷെ, എന്റെ ഒരു ഫോട്ടോ സെന്ററി വെക്കണമെന്ന് അവക്ക് നിര്‍ബന്ധം.
സെക്രട്ടറി ആശയക്കുഴപ്പത്തിലായി.
എവിടെ വെക്കണമെന്നാ? ഗാന്ധിജിയുടേയും, അമേരിക്കന്‍ പ്രസിഡന്റിന്റേയുമൊപ്പമോ?
അതു വേണമെന്നില്ല. എങ്കിലും നാലാളു കാണത്തക്കവിധമൊരു പ്രധാന സ്ഥലത്ത്.
സെക്രട്ടറി ഒരാലോചനയ്ക്കുശേഷം പറഞ്ഞു:
അങ്ങനെ ഒരു കീഴ്‌വഴക്കമില്ല. എങ്കിലും ആരും തരാത്ത ഈ വന്‍തുക തരുന്നതുകൊണ്ട് അപ്രകാരം ചെയ്യാന്‍ ശ്രമിക്കാം. കമ്മിറ്റീമായിട്ട് ആലോചിക്കട്ടെ.
അതു മതി. ആറ്റികളഞ്ഞാലും അളന്നു വേണമെന്നാ പ്രമാണം!
എന്തിന്, ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ സെക്രട്ടറിയുടെ പ്രഖ്യാപനം വന്നു.
ഫോട്ടോ വെക്കും. കമ്മിറ്റി പാസാക്കി.
പൊന്നച്ചനു പകരം സൂസമ്മ തുള്ളിച്ചാടി.
ഇനിമുതല്‍ നിങ്ങള്‍ സമൂഹത്തിന്റെ നെടുംതൂണാണ്! സമ്പത്തും ഉദാരശീലോം നിങ്ങളെ ഉടയാട അണിയിക്കും. അതോടെ എന്റെ സമൂഹത്തിലുള്ള സ്ഥാനവും!
സൂസമ്മ സന്തോഷംകൊണ്ട് പൊന്നച്ചനെ വാരി പുണര്‍ന്നു.
പൊന്നച്ചന്‍ വാപൊളിച്ചു!
അതെങ്ങനെ നിന്റെ പദവി?
അപ്പോ പഴയതുപോലെ നടക്കാമ്പറ്റത്തില്ലല്ലോ. എനിക്കും നിങ്ങള്‍ക്കും കൂടിയ കാര്‍, തിളക്കമുള്ള വസ്ത്രങ്ങള്‍, പിന്നെ എനിക്ക് വൈര മാല, വജ്രമോതിരം. നിങ്ങക്ക് നവരത്‌ന മോതിരം എന്നിവ വേണം. പണം ധൂര്‍ത്തടിക്കാനുള്ള മാര്‍ഗ്ഗങ്ങളുടെ നീണ്ട പട്ടിക. പൊന്നച്ചന്‍ നെടുവീര്‍പ്പെട്ടു. പണം ഒണ്ടാക്കാന്‍ വളരെ വിഷമം. ധൂര്‍ത്തടിക്കാന്‍ ഒരു നിമിഷം!
ഇതൊക്കെ വേണോടീ എന്റെ സൂസമ്മേ?
പൊന്നമ്മ കൊഞ്ചിക്കുഴഞ്ഞു.
വേണം, വേണം. ഇനീപ്പം മാറ്റാമ്പറ്റില്ല!
അതെന്താ?
സെക്രട്ടറി എപ്പഴേ വിളിച്ച് എന്നെ അഭിനന്ദനം അറിയിച്ചു. ഇനി മാറിയാല്‍ നിങ്ങള്‍ സമൂഹത്തിന്റെ താഴേയ്ക്കിടയിലേക്ക് പതിക്കും. നാണക്കേടു കൊണ്ട് എനിക്ക് നാലുപേരുടെ മൊഖത്ത് നോക്കാന്‍ ഒക്കുമോ? ഒടുവി, നിങ്ങളുടെ കാശ് ആരും അനുഭവിക്കാതെ പൂപ്പല്‍ പിടിച്ചുപോകും.

തേനീച്ച എന്നുകരുതി കടന്നക്കൂട്ടി കയ്യിട്ടപോലായല്ലോ എന്റെ സൂസമ്മേ?പൊന്നച്ചന്‍ ഉരുകി ഒലിച്ചു.

കാലാന്തരത്തില്‍ പ്രവാസി മലയാളികള്‍ക്ക് സ്വന്തം സെന്ററുയര്‍ന്നു. അവാര്‍ഡ് ദാനം വന്നു. വിശിഷ്ട വസ്ത്രങ്ങളണിഞ്ഞ് വില കൂടിയ കാറില്‍ പൊന്നച്ചനും ഭാര്യ സൂസമ്മയും സംഭവസ്ഥലത്തെഴുന്നെള്ളി. ഒരു കേന്ദ്രമന്ത്രിയുടെ മാതിരി തിളക്കത്തില്‍! മുന്തിയ കാഞ്ചീപുരം പട്ടുടുത്ത്, വൈര നെക്‌ലേസും കമ്മലുമിട്ട്, അരമുഴം പൊക്കമുള്ള ഹൈഹീല്‍ഡില്‍, കുതിരയെപ്പോലെ ഫോണിടെയില്‍ ചിതറിച്ച് സൂസമ്മ നടന്നു. എല്ലാ കണ്ണുകളും സൂസമ്മയുടെ ആകാരത്തിലുഴഞ്ഞു നടന്നു. സുന്ദരിയായ സെലിബ്രിറ്റിയെ കാണുംവിധം!

സെന്റര്‍ സിറ്റി മേയര്‍ ഉദ്ഘാടനം ചെയ്തു. അദ്ദേഹത്തിന്റെ ലഘു പ്രസംഗത്തിനുശേഷം കുറെ മൈക്ക് വിഴുങ്ങികള്‍ സ്വയംപ്രശംസ നടത്തി സദസ്സിനെ നാറ്റിച്ചു. തുടര്‍ന്ന് രണ്ടാം തലമുറയുടെ സ്ഥിരം കൂച്ചുപിടിയും, ബ്രേക്കും, ടിസ്റ്റും സദസ്സിനു കോലാഹലമേകി. ഒടുവില്‍ അവാര്‍ഡ് ദാനം. പത്തു ഡോളറിന്റെ പലക കൈപ്പറ്റി ഉന്നതര്‍ ചാരിതാര്‍ത്ഥ്യമടഞ്ഞു. കൂട്ടത്തില്‍ പൊന്നച്ചനും! സൂസമ്മ ഒരു പലഹാരവണ്ടി പോലെ സദസ്യര്‍ക്കിടയില്‍ ഒഴുകി നടന്നു.

എല്ലാം അവസാനിച്ചപ്പോള്‍, സ്വന്തം ഫോട്ടോ തേടി പൊന്നച്ചന്‍ പരതി നടന്നു. ഒടുവില്‍ സെക്രട്ടറിയോട് ചോദിച്ചു:
എവിടെ ഫോട്ടോ?
സാര്‍!....ആദ്യമായി, അയാള്‍ എന്നെ സാര്‍ എന്ന് സംബോധന ചെയ്തു. പിന്നെ സ്വരം താഴ്ത്തി പറഞ്ഞു:
താഴെ ബേസ്‌മെന്റിലേക്കിറങ്ങി ചെല്ലുന്നിടത്ത്, ടോയ്‌ലെറ്റിനു മുന്നിലായി വെച്ചിച്ചൊണ്ട്! അല്ല, നാലാളു കൂടുന്ന ഒരു പ്രധാനപ്പെട്ട സ്ഥലമാണല്ലോ അത്! അതുപറഞ്ഞ് സെക്രട്ടറി ഒരു വളിച്ച ചിരി ചിരിച്ചു!

കോപംകൊണ്ടും, സങ്കടംകൊണ്ടും പൊന്നച്ചനുരുകി. പതിനായിരം ഡോളറുകൊടുത്ത് പത്തു ഡോളറിന്റെ ഒരു പലക കിട്ടി! ആ പലക വെച്ച്, സെക്രട്ടറി എന്ന മഹാമനുഷ്യസ്‌നേഹീടെ കഷണ്ടി തല എറിഞ്ഞു പൊട്ടിച്ചാലോ എന്നു തോന്നി.

അപ്പോഴും സൂസമ്മ മന്ദസ്മിതം തൂകി സമൂഹത്തിലലിഞ്ഞൊഴുകുകയായിരുന്നു. ഒരു ലഹരി പോലെ!
Join WhatsApp News
പൊന്നച്ചന്‍ 2017-07-27 07:44:04
കൊതി കെറുവ്  ആണെന്ന് തോന്നുന്നല്ലോ  മാഷേ !
കുറെ കൂടി പിടിച്ചു നിലക്ക് , ലക്ക്  ഉണ്ടെങ്കില്‍  മാഷിനും കിട്ടും 
പലകയും പഴംതുണിയും .
 പിന്നെ  ആ  സാഹിത്യ  സല്ലപക്കരോട്  ഒന്ന്  പറയു  ഒരു അവാര്‍ഡു സംഗടിപ്പിക്കാന്‍ ,
പിശുക്കന്‍മാര്‍  ആര്‍ക്കും ഒന്നും കൊടുക്കില്ല .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക