Image

ഇന്ത്യക്ക്‌ സൗദി അറേബ്യ കൂടുതല്‍ വിസ അനുവദിക്കും

Published on 03 March, 2012
ഇന്ത്യക്ക്‌ സൗദി അറേബ്യ കൂടുതല്‍ വിസ അനുവദിക്കും
റിയാദ്‌: ഇന്ത്യക്ക്‌ സൗദി അറേബ്യ കൂടുതല്‍ വിസ അനുവദിക്കും. സൗദിയുടെ മുംബൈ കോണ്‍സുലേറ്റിലെ കോണ്‍സല്‍ ജനറല്‍ അബ്ദുല്ല അല്‍ഈസയാണ്‌ ഇക്കാര്യം വെളിപ്പെടുത്തിയത്‌. എന്നാല്‍ നേപ്പാളിലേക്ക്‌ വിസ നല്‍കുന്നത്‌ സൗദി അറേബ്യ നിറുത്തിവെച്ചു. ഇന്ത്യന്‍ വിമാനത്താവളങ്ങള്‍ വഴി സൗദിയിലേക്ക്‌ ജോലിക്കെത്തിയിരുന്ന നേപ്പാളി തൊഴിലാളികള്‍ യാത്രാ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്‌. തൊഴിലുടമകള്‍ ദീര്‍ഘകാലം കാത്തുനില്‍ക്കേണ്ട അവസ്ഥ വരുന്നതിനാലാണ്‌്‌ നേപ്പാളിലേക്കുള്ള വിസ നിര്‍ത്തിവെച്ചതെന്ന്‌ അദ്ദേഹം വിശദീകരിച്ചു. വീട്ടുവേലക്കാര്‍, സാധാരണ തൊഴിലാളികള്‍ തുടങ്ങിയ എല്ലാ വിഭാഗത്തിലുമുള്ള വിസ നിര്‍ത്തിവെച്ചിട്ടുണ്ട്‌.

നേപ്പാളില്‍ നിന്നുള്ള തൊഴിലാളികളുടെ വരവ്‌ നിലക്കുമ്പോള്‍ സൗദി തൊഴില്‍ വിപണിയില്‍ വരുന്ന കമ്മി നികത്താന്‍ ഇന്ത്യയിലേക്ക്‌ കൂടുതല്‍ വിസ അനുവദിക്കും. എന്നാല്‍ വീട്ടുവേലക്കാരെ റിക്രൂട്ട്‌ ചെയ്യാന്‍ പൂര്‍ണമായും ഇന്ത്യയെ അവലംബിക്കാന്‍ സാധിക്കാത്ത അവസ്ഥയാണുള്ളതെന്ന്‌ കോണ്‍സല്‍ ജനറല്‍ പറഞ്ഞു.

വീട്ടുവേലക്കാരെ ആവശ്യപ്പെട്ട്‌ ഇന്ത്യയിലേക്ക്‌ അനുവദിക്കുന്ന വിസയുടെ അത്ര എണ്ണം തൊഴിലാളികളെ നല്‍കാന്‍ ഇന്ത്യന്‍ വിപണിക്ക്‌ സാധിക്കുന്നില്ല. ഈ രംഗത്തെ ആവശ്യവും ലഭ്യതയും തമ്മില്‍ വന്‍ അന്തരമുണ്ടെന്ന്‌ അല്‍ഈസ ചൂണ്ടിക്കാട്ടി. വീട്ടുവേലക്കാര്‍ 40 വയസ്സ്‌ കഴിഞ്ഞവരായിരിക്കണം എന്ന നിബന്ധന ഇന്ത്യയില്‍ നിലനില്‍ക്കുന്നുണ്ട്‌.
യാത്ര ാപ്രശ്‌നങ്ങളെ തുടര്‍ന്നുള്ള കാലതാമസം കാരണം നേപ്പാള്‍, കമ്പോഡിയ എന്നിവിടങ്ങളില്‍ നിന്നുള്ള റിക്രൂട്ടിങ്‌ ഇതിന്‌ മുമ്പും സൗദി റിക്രൂട്ടിങ്‌ വിഭാഗം നിര്‍ത്തിവെച്ചിരുന്നു. വിസ നിറളത്തിവെച്ച രാജ്യങ്ങളില്‍ നിന്ന്‌ തൊഴിലാളികളെ റിക്രൂട്ട്‌ ചെയ്യാനായി അപേക്ഷ നല്‍കി ഇലക്ട്രോണിക്‌ രീതിയില്‍ പണമടച്ചവര്‍ക്ക്‌ സംഖ്യ തിരിച്ചുനല്‍കുമെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക