Image

ബന്ധുക്കളല്ലാത്തവരുടെ സന്ദര്‍ശക വിസയില്‍ സ്‌ത്രീകള്‍ ഗള്‍ഫില്‍ വരുന്നത്‌ തടയും: വയലാര്‍ രവി

Published on 03 March, 2012
ബന്ധുക്കളല്ലാത്തവരുടെ സന്ദര്‍ശക വിസയില്‍ സ്‌ത്രീകള്‍ ഗള്‍ഫില്‍ വരുന്നത്‌ തടയും: വയലാര്‍ രവി
ദോഹ: ബന്ധുക്കളല്ലാത്തവരുടെ സന്ദര്‍ശക വിസയില്‍ സ്‌ത്രീകള്‍ ഗള്‍ഫ്‌ രാജ്യങ്ങളിലേക്ക്‌ വരുന്നത്‌ തടയാന്‍ നടപടി സ്വീകരിക്കുമെന്ന്‌ കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവി പറഞ്ഞു. സ്‌ത്രീകളെ സന്ദര്‍ശകവിസയിലെത്തിച്ച്‌ ചൂഷണം ചെയ്യുന്നത്‌ തടയുന്നതിനാണ്‌ നിയമഭേദഗതിയിലൂടെ പുതിയ പരിഷ്‌കാരം നടപ്പാക്കാന്‍ ആലോചിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഖത്തറില്‍ രണ്ട്‌ ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ മന്ത്രി ഇന്ത്യന്‍ എംബസി സംഘടിപ്പിച്ച പ്രവാസി ഇന്ത്യക്കാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു.

സന്ദര്‍ശകവിസയില്‍ ഗള്‍ഫിലേക്ക്‌ വരുന്ന സ്‌ത്രീകളുടെ വിസ ഭര്‍ത്താവിന്റെയോ സഹോദരന്റെയോ സഹോദരിയുടെയോ പിതാവിന്റെയോ അല്ലെങ്കില്‍ അതുപോലുള്ള അടുത്ത ബന്ധുക്കളുടെയോ സ്‌പോണ്‍സര്‍ഷിപ്പിലുള്ളതായിരിക്കണം.

ഗള്‍ഫില്‍ വീട്ടുജോലിക്കാരായ ഇന്ത്യന്‍ സ്‌ത്രീകള്‍ നിരന്തരം പീഡനങ്ങള്‍ക്കും ചൂഷണത്തിനും വിധേയരാകുന്നതിനെത്തുടര്‍ന്ന്‌ ഇത്തരക്കാരുടെ റിക്രൂട്ട്‌മെന്റിന്‌ പ്രവാസികാര്യമന്ത്രാലയം കര്‍ശന വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തിയിരുന്നു. വീട്ടുജോലിക്ക്‌ സ്‌ത്രീകളെ കൊണ്ടുവരുമ്പോള്‍ എംബസിയില്‍ 2500 ഡോളറിന്റെ ബോണ്ട്‌ നല്‍കുക, 250 ഡോളര്‍ മിനിമം വേതനം ഉണ്ടായിരിക്കുക, മൊബൈല്‍ ഫോണ്‍ സൗകര്യം ലഭ്യമാക്കുക, മൂന്നുമാസത്തിലൊരിക്കല്‍ എംബസിയിലെത്തി കാര്യങ്ങള്‍ വിശദീകരിക്കാന്‍ അവസരമുണ്ടായിരിക്കുക എന്നിവയായിരുന്നു വ്യവസ്ഥകള്‍. എന്നാല്‍, ഇതിനെ മറികടക്കാന്‍ സ്വദേശി സ്‌പോണ്‍സര്‍മാരും ചില കമ്പനികളും സന്ദര്‍ശകവിസയില്‍ സ്‌ത്രീകളെ കൊണ്ടുവരികയും വിസയുടെ കാലാവധി കഴിയുമ്പോള്‍ അനധികൃത താമസക്കാരാണെന്ന പേരില്‍ ജയിലിലാകുകയും ചെയ്യുന്ന അവസ്ഥയുണ്ട്‌. ഈ സാഹചര്യത്തിലാണ്‌ സന്ദര്‍ശക വിസ അടുത്ത ബന്ധുക്കള്‍ നല്‍കുന്നതായിരിക്കണം എന്ന വ്യവസ്ഥ കൊണ്ടുവരുന്നതെന്ന്‌ മന്ത്രി വ്യക്തമാക്കി.
തൊഴില്‍ കരാറടക്കം ശരിയായ രേഖകളില്ലാതെ ആരും ഗള്‍ഫിലേക്ക്‌ പോകരുതെന്ന്‌ മാധ്യമങ്ങള്‍ വഴി ഇന്ത്യയില്‍ വ്യാപകമായ ബോധവത്‌കരണം നടത്തിയിരുന്നു. ഏജന്‍സികളുടെ മോഹനവാഗ്‌ദാനങ്ങളില്‍പ്പെട്ട്‌ ഗള്‍ഫിലെത്തി ദുരിതത്തില്‍ കഴിയേണ്ടി വരുന്ന അവസ്ഥ തടയാനാണിത്‌.
ഖത്തറിലെ പ്രവാസി ഇന്ത്യക്കാരുടെ പേര്‌ വോട്ടര്‍പട്ടികയില്‍ ചേര്‍ക്കാന്‍ പ്രവാസി സംഘടനകള്‍ മുന്‍കൈയ്യെടുക്കണമെന്ന്‌ മന്ത്രി അഭ്യര്‍ഥിച്ചു. ലളിതമായ നടപടിക്രമങ്ങളിലൂടെ പ്രവാസി വോട്ടര്‍മാര്‍ക്ക്‌ പട്ടികയില്‍ പേര്‌ ചേര്‍ക്കാന്‍ അവസരം നല്‍കുന്ന സംവിധാനത്തെക്കുറിച്ച്‌ തെരഞ്ഞെടുപ്പ്‌ കമീഷനുമായി ആലോചിച്ചുവരികയാണ്‌. ഇക്കാര്യത്തില്‍ വൈകാതെ അന്തിമതീരുമാനമുണ്ടാകും.

പ്രവാസികള്‍ക്ക്‌ വിദേശരാജ്യത്ത്‌ ഇലക്ട്രോണിക്‌ വോട്ടിംഗ്‌ സൗകര്യം അനുവദിക്കുന്നതില്‍ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്ന്‌ സദസ്സിന്റെ ചോദ്യത്തിന്‌ മറുപടിയായി മന്ത്രി പറഞ്ഞു. ചികില്‍സാ സഹായം, മൃതദേഹം നാട്ടിലെത്തിക്കല്‍ തുടങ്ങിയ പ്രവാസിക്ഷേമ പദ്ധതികള്‍ക്കായി പ്രവാസികാര്യ വകുപ്പ്‌ കമ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ടിന്‌ രൂപം നല്‍കിയിട്ടുണ്ട്‌. ഓരോ ഇന്ത്യന്‍ എംബസിക്കും ഇതില്‍ നിന്ന്‌ അഞ്ച്‌ ലക്ഷം രൂപ മുതല്‍ 15 ലക്ഷം രൂപ വരെ അനുവദിച്ചിരുന്നു.

ഖത്തറിലെ ഇന്ത്യന്‍ എംബസിക്ക്‌ പതിനഞ്ച്‌ ലക്ഷമാണ്‌ ലഭിച്ചത്‌. പ്രവാസികാര്യ വകുപ്പിന്‌ നിലവിലുള്ള ഫണ്ട്‌ 65 കോടി രൂപയാണ്‌. ഇത്‌ തികച്ചും അപര്യാപ്‌തമാണ്‌. ധനമന്ത്രി പ്രണാബ്‌ മുഖര്‍ജി കൂടുതല്‍ ഫണ്ട്‌ വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്‌.
ഐ.സി.സി, ഐ.സി.ബി.എഫ്‌ എന്നിവയുടെയും ഏതാനും പ്രവാസി സംഘടനകളുടെയും പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.
ഇവരുടെ ചോദ്യങ്ങള്‍ക്ക്‌ മന്ത്രി മറുപടി നല്‍കി. ഇന്ത്യന്‍ അംബാസഡര്‍ ദീപാ ഗോപാലന്‍ വാധ്വയും സംസാരിച്ചു. പ്രൊട്ടക്ടര്‍ ജനറല്‍ ഓഫ്‌ എമിഗ്രന്‍സ്‌ റൗള്‍ കുംലീന്‍ ബുഹ്‌റിലും ചടങ്ങില്‍ സംബന്ധിച്ചു.
ബന്ധുക്കളല്ലാത്തവരുടെ സന്ദര്‍ശക വിസയില്‍ സ്‌ത്രീകള്‍ ഗള്‍ഫില്‍ വരുന്നത്‌ തടയും: വയലാര്‍ രവി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക